വിനോദ് എനിക്കറിയാവുന്ന പയ്യനാണ്. വലിയൊരു ബിസിനസ് കുടുംബം. പൂത്ത കാശ് അടുക്കിയടുക്കി വച്ചിരിക്കുന്നു. മൂന്നു ചേട്ടന്‍മാരും പലപല കച്ചവടമേഖലകളില്‍ രാജാക്കന്‍മാരായി വിഹരിക്കുന്നു. പൊടുന്നനെ അവന്റപ്പനൊരു മോഹം – ഇളയവനെ ഡോക്ടറാക്കണം. പണമുണ്ട്, പക്ഷേ പത്രാസ് പോര. സ്റ്റെതസ്‌കോപ്പിലൂടെ കുടുംബ മഹിമ കൂട്ടാം. വിനോദാണെങ്കില്‍ കഷ്ടിച്ച് അമ്പതു ശതമാനം വാങ്ങി പന്ത്രണ്ട് പാസ്സായി നില്‍ക്കുന്നു.
ഒന്നു രണ്ടു കോടികള്‍ പൊടിച്ചാല്‍ സീറ്റ് റെഡി. വെള്ളക്കോട്ടും കഴുത്തില്‍ ക്ണാപ്പുമിട്ട് വിനോദ് മനസ്സില്ലാ മനസ്സോടെ മെഡിക്കല്‍ കോളേജില്‍. പാരാവാര സമാനമായ സിലബസ്. പഠനം ഒരു പീഢനം തന്നെ. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ വിനോദിനെ കാണാനില്ല. മുങ്ങിയതാണ്.
മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു തട്ടുകടയില്‍ ചായയടിപ്പു തൊഴിലാളിയായി നിന്ന വിനോദിനെ അപ്പനും ചേട്ടന്‍മാരും ചേര്‍ന്ന് പൊക്കി. തിരിച്ച് മെഡിക്കല്‍ കോളേജില്‍ കൊണ്ടുചെന്നാക്കി.
എം.എസിനും പൊടിച്ചു കോടികള്‍.
മൂന്നുകൊല്ലം കോഴി കഞ്ചാവടിച്ചതുപോലെ വാര്‍ഡിലും ഓപ്പറേഷന്‍ തീയേറ്ററിലും കറങ്ങി നടന്നു.
പരീക്ഷയായപ്പോള്‍ പ്രൊഫസര്‍ പറഞ്ഞു:
”നീ കത്തി കൈകൊണ്ട് തൊടില്ലെന്ന് സത്യം ചെയ്താല്‍ നിന്നെ പാസാക്കാം.”
ഈയടുത്ത് വിനോദിനെ കണ്ടിരുന്നു. സ്വന്തം പെട്രോള്‍ പമ്പിലെ കൗണ്ടറില്‍ കാശെണ്ണിക്കൊണ്ടിരിക്കുന്നു. മുഖത്ത് രക്ഷപ്പെട്ട ഒരു ഭാവം.
ഇല്ല. ഞാന്‍ എന്റെ മോളെ ഡോക്ടര്‍ ആക്കില്ല. പല കാരണങ്ങളുണ്ട്.
കോടികള്‍ കൊടുക്കാന്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ കൊടുക്കില്ല. പിന്നെ ഉപരിപഠനത്തിനും കൊടുക്കേണ്ടി വരുമല്ലോ.
ഇതൊന്നും കാശുകൊണ്ടു മാത്രം കിട്ടുന്ന ഒന്നാണെന്ന് അവള്‍ ധരിക്കരുതല്ലോ. പിന്നെ കാശു കൊണ്ട് എല്ലാം നേടാമെന്നും അപ്പന്റെ കാശുപരത്തിയുണ്ടാക്കിയ തണലില്‍ കാലാകാലം കഴിയാമെന്നുമുള്ള അപകടകരമായ മിഥ്യാധാരണ അവളെ ബാധിച്ചാലോ?
അവസരങ്ങള്‍ പണം കൊണ്ടു മാത്രം നേടാവുന്നതാണ് എന്നു വന്നാല്‍ പാവപ്പെട്ട മിടുക്കന്‍മാരും മിടുക്കികളും ഹതാശരാവും. അവരില്‍ പലരും തീവ്രവിപ്ലവപ്രസ്ഥാനങ്ങളില്‍ ചേര്‍ന്നു എന്നു വരാം. വിനാശകരമായ സാമൂഹ്യസംഘട്ടനങ്ങള്‍ ഭാവിയില്‍ എന്നേയും അവളേയും ബാധിക്കും. പൊതുവേയുള്ള അസന്തുഷ്ടിക്കും അസംതൃപ്തിക്കും നമ്മള്‍ എന്തിന് കാരണക്കാരാവണം?
പിന്നെ ആരേയും ആരെങ്കിലും ‘ആക്കു’ന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. എന്നെ അങ്ങനെയൊന്നും ‘ആക്ക’ണ്ട എന്നവള്‍ പറഞ്ഞാലോ? അപ്പന്‍ ‘ആക്കി’യതു കൊണ്ട് ഞാന്‍ ഈ നിലയിലായി എന്ന് പിന്നീട് പരിതപിച്ചാലോ?
‘ടീച്ചറോ, സാമൂഹ്യപ്രവര്‍ത്തകയോ, പത്രമാധ്യമജോലിക്കാരിയോ, ശാസ്ത്രജ്ഞയോ, രാഷ്ട്രീയക്കാരിയോ, ബ്യൂട്ടീഷനോ, ഫാഷന്‍ ഡിസൈനറോ വേറെന്തെങ്കിലും ലക്ഷോപലക്ഷം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരാളോ ആകാനാണ് അവളുടെ നിയോഗമെങ്കിലോ? അതോ വീട്ടമ്മയായി ഒതുങ്ങിക്കഴിയാനാണ് അവളുടെ ആഗ്രഹമെങ്കില്‍?
നാട്ടുകാരെ സേവിക്കാനാണ് ഡോക്ടറാകുന്നത് എന്ന് പറയുന്നവരില്‍ തൊണ്ണൂറുശതമാനം പേര്‍ക്കും അതൊരു ഡാവാണ്. അത്യാവശ്യത്തിനു പണവും പ്രശസ്തിയും മാന്യതയും ലഭിക്കും എന്നതു മാത്രമാണ് മിക്ക മനുഷ്യരേയും ഡോക്ടറാവാന്‍ പ്രേരിപ്പിക്കുന്നത്. വേറെ ഏതു രീതിയിലും സമൂഹസേവനം നടത്താന്‍ നൂറുകണക്കിന് അവസരങ്ങളുണ്ട്.
ബെസ്റ്റ് ഓഫ് അഴിമുഖംഞങ്ങള്ക്ക് നിങ്ങളുടെ മകള്‍ ഡോക്ടറാവണം എന്നില്ല; ഡോ.റോഷന്‍ രാധാകൃഷ്ണന് ഒരു മറുപടി
|
പത്തോ പന്ത്രണ്ടോ, പതിനഞ്ചോ വര്‍ഷക്കാലം കഷ്ടപ്പെട്ടു പരിശീലിച്ചാലേ ഏതെങ്കിലും വൈദ്യമേഖലയില്‍ ആവശ്യത്തിന് നൈപുണ്യം നേടി അത്യാവശ്യ സൗകര്യമുള്ള ഒരു സ്ഥലത്ത് ഇനിയുള്ള കാലം സേവനം നടത്താന്‍ സാധിക്കൂ.
ഒന്നു മനസ്സിലാക്കുക. നമ്മുടെ ഈ രാജ്യത്ത് സ്‌കില്‍സ് (പ്രാവിണ്യം) ചീപ് ആണ്. വലിയ വിലയൊന്നുമില്ല. ഒരു കാര്‍ഡിയോളജിസ്റ്റ് പോയാല്‍ മറ്റൊരാളെ കിട്ടാന്‍ ഒരു നക്ഷത്ര ആസ്പത്രിക്ക് വിരല്‍ ഒന്നു ഞൊടിച്ചാല്‍ മതി. സ്‌പെഷ്യലിസ്റ്റുകളുടെ എണ്ണം കൂടും തോറും ശമ്പളം ഇനിയും കുത്തനെ കുറയും.
പൊതുജന അവബോധം, കോടതികളുടെ ഇടപെടല്‍, ശാസ്ത്രത്തിന്റെ വ്യക്തത വര്‍ദ്ധിക്കുന്നത്, മെഡിക്കല്‍ കൗണ്‍സില്‍, ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ ഇവയുടെ മേല്‍നോട്ടം ഇവ മൂലം ഞഞ്ഞാപിഞ്ഞാ പ്രാക്ടീസൊന്നും വരുംകാലത്ത് പറ്റില്ല. പൂര്‍ണ്ണ ഉത്തരവാദിത്തം എടുത്ത് കൃത്യമായ ചികിത്സ കഷ്ടപ്പെട്ടു നല്‍കേണ്ടി വരും. അതു നല്ല കാര്യം തന്നെ.
പക്ഷേ ഈ കഷ്ടപ്പാടിനുള്ള പ്രതിഫലമൊന്നും ഭാവിയില്‍ കിട്ടാനിടയില്ല എന്നതാണ് സത്യം. മറ്റേതു ജോലിക്കാരേയും പോലെ വ്യവസ്ഥിതിയുടെ അടിമകളായി ചൂഷണം ചെയ്യപ്പെടാനാണ് സാധ്യത. മറ്റു മിക്ക ജോലികളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ എന്നതില്‍ തര്‍ക്കമില്ല. പക്ഷേ വൈദ്യ ജോലിയില്‍ പ്രതീക്ഷകള്‍ വളരെ കൂടുതലാണ്.
– ഭയങ്കര ശമ്പളം, ഭീകര കാറ്, ബ്രഹ്മാണ്ഡ വീട് എന്നിവ ഒരു സമൂഹം ഒരു ഡോക്ടറില്‍ പ്രതീക്ഷിക്കുന്നു. ബന്ധു മിത്രങ്ങളും – അതി പ്രശസ്തി, സമ്പന്നത, സമൂഹത്തില്‍ അനര്‍ഹമായ വിധം ഉയര്‍ന്ന സ്ഥാനം എന്നിവയൊക്കെ പാസായി വരുന്ന ഓരോ ഡോക്ടറും പ്രതീക്ഷിക്കുന്നു.
– വൈദ്യശാസ്ത്രം അതീവ കൃത്യതയുള്ള മേഖലയാണെന്നും പണം കെട്ടുകെട്ടായി കൊടുത്താല്‍ മന്ത്രം ചൊല്ലിയപോലെ രോഗങ്ങള്‍ ഞൊടിയിടയില്‍ മാറുമെന്നും ഒരു രോഗിയും ഒരിക്കലും മരിക്കാന്‍ പാടില്ലെന്നും കുറേ ജനങ്ങളെങ്കിലും വിശ്വസിക്കുന്നു.
പ്രതീക്ഷകള്‍ എണ്ണിയെണ്ണി കയറുമ്പോള്‍ മുഞ്ഞിയും കുത്തി വീഴാനാണ് സാദ്ധ്യത.
അമിത പ്രതീക്ഷ അസന്തുഷ്ടിക്ക് കാരണമാകുന്നു.
ഇനി എം.ബി.ബി.എസ്. കഴിഞ്ഞ് ഏതെങ്കിലും ഒരു മൂലക്ക് കൂടാം എന്നു വച്ചാല്‍, ഈ അമിത പ്രതീക്ഷ ആരേയും അനുവദിക്കുന്നില്ല. മാത്രമല്ല, പരിമിത സൗകര്യങ്ങള്‍ വച്ച് സര്‍ക്കാര്‍, ചെറുകിട മേഖലകളില്‍ ജോലി ചെയ്യുക ആധുനിക വൈദ്യത്തില്‍ വളരെ ദുര്‍ഘടമാണ്.
ഇതൊക്കെയാണെങ്കിലും കുറേയേറെ ഡോക്ടര്‍മാര്‍ വിജയത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തും. പല രീതിയില്‍ ധാരാളം കാശുണ്ടാക്കും. വിലയും നിലയും നേടും.
ബഹുഭൂരിപക്ഷം സാധാരണ ഭിഷഗ്വരന്‍മാര്‍, മുന്നിലിരിക്കുന്ന പാവപ്പെട്ട രോഗിയെ നോക്കുന്നതിനു പകരം, ഉയരത്തിലിരിക്കുന്ന ഈ മഹാസംഭവങ്ങളെ നോക്കി വെള്ളമിറക്കി കഷ്ടപ്പെടും. നെഞ്ചു തിരുമ്മി ജീവിക്കും.
അതുകൊണ്ടുതന്നെ, ഒരു സാധാരണ ജീവിതമാര്‍ഗ്ഗമായി ഇതിനെ കാണാമെന്നുണ്ടെങ്കില്‍, അധികം ഒന്നും ഇച്ഛിക്കാതെ കുറച്ചൊക്കെ ചെയ്യണമെന്നുണ്ടെങ്കില്‍, പഠിച്ച് സര്‍ക്കാര്‍ കോളേജില്‍ അഡ്മിഷന്‍ തരപ്പെടുത്താമെന്നുണ്ടെങ്കില്‍, നീ ആയിക്കോ. ആക്കാനൊന്നും എന്നെ കിട്ടില്ല.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക