UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിപ്-ഹോപ് കൊള്ളാം; പക്ഷേ ഈ പാട്ടുകാരെ കൊല്ലുന്നതാരാണ്?

Avatar

ജസ്റ്റിന്‍ മോയര്‍
(വാഷിംഗ്ടണ്‍)

1996 ല്‍ ലാസ് വേഗാസില്‍ വച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും വെടിയേറ്റ് മരിച്ച തുപാക് ഷക്കൂറിന്റെ മരണത്തില്‍ ഏറെ ദുരൂഹതയുണ്ട്. ഷക്കൂറിന്റെ കൊലപാതകത്തില്‍ എന്തെങ്കിലും അധോലോക ബന്ധം ഉണ്ടോ? ഈസ്റ്റ് കോസ്റ്റ് വെസ്റ്റ് കോസ്റ്റ് ഹിപ്‌ഹോപ് ശത്രുതയുമായി ബന്ധപ്പെട്ടതാണോ അത്? ഒരു പക്ഷെ ബിഗ്ഗി സ്‌മോള്‍സ് എന്നറിയപ്പെടുന്ന ക്രിസ്റ്റഫര്‍ വല്ലാസിന്റെ തെളിയിക്കപ്പെടാത്ത കൊലപാതകവുമായി അതിന് ബന്ധമുണ്ടോ? 

ഷക്കൂറിന്റെ കൊലപാതകം തൊഴില്‍പരമായ സാഹസത്തിന്റെ ഭാഗമാണെന്ന് ചിലരെങ്കിലും കരുതുന്നു. 

പക്ഷെ അത്, സിഡ്‌നി സര്‍വകലാശാലയിലെ മനഃശാസ്ത്രവും സംഗീതവും വിഭാഗത്തില്‍ പ്രൊഫസറായ ഡയാന തിയോഡര്‍ കെന്നി കോണ്‍വര്‍സേഷനില്‍ എഴുതിയ ‘മരിക്കാന്‍ വേണ്ടിയുള്ള സംഗീതം: പോപ്പുലര്‍ സംഗീതകാരന്മാരുടെ ജീവല്‍ദൈര്‍ഘ്യത്തെ സംഗീതരൂപങ്ങള്‍ എങ്ങനെ ബാധിക്കുന്നു,’ (‘Music to die for: how genre affects popular musicians’ life expectancy) എന്ന ലേഖനത്തില്‍ ഉന്നയിക്കപ്പെടുന്ന ഒരു സിദ്ധാന്തം മാത്രമാണ്. 13,000 പോപ്പ് ഗായകരുടെ മരണം പരിശോധിച്ച കെന്നി, നിശ്ചിത മാതൃകകള്‍ക്ക് വണ്ടി അന്വേഷണത്തിലായിരുന്നു. മെറ്റല്‍ ഗായകരെക്കാള്‍ ചെറിയ ഇടവേളകളിലാണോ ബ്ലൂസ് സംഗീതകാരന്മാര്‍ സ്വയം കൊല്ലുന്നത്? പങ്കുകളെക്കാള്‍ ചെറുപ്പത്തിലാണോ കണ്ട്രി ഗായകര്‍ മരിക്കുന്നത്?

കെന്നിയുടെ ഞെട്ടിക്കുന്ന കണ്ടെത്തലുകളില്‍ ഒന്ന്: അവരുടെ പട്ടികയില്‍ ഉണ്ടായിരുന്ന ഹിപ്പ്‌ഹോപ് സംഗീതകാരന്മാരില്‍ അമ്പത് ശതമാനത്തിലേറെയും കൊല്ലപ്പെടുകയായിരുന്നു. 

‘മൊത്തം സാമ്പിളില്‍ 6.0 ശതമാനത്തിലേറെ പേര്‍ കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍, ഇതുവരെ റാപ്പ് സംഗീതകാരന്മാരില്‍ 51 ശതമാനവും ഹിപ്പ് ഹോപ്പ് സംഗീതകാരന്മാരില്‍ 51.5 ശതമാനം പേരും കൊല്ലപ്പെടുകയായിരുന്നു,’ എന്നവര്‍ എഴുതി. ‘ഇത്തരം സംഗീതരൂപങ്ങളുടെ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമായും അധോലോക സംസ്‌കാരവുമായുമുള്ള ആഴത്തിലുള്ള ബന്ധങ്ങളുടെ ഫലമാകാം ഇത്.’ 

‘ഒരു പരിധിവരെ ഇതൊരു മുന്നറിയിപ്പ് കൂടി നല്‍കുന്നുണ്ട്,’ വാഷിംഗ്ടണ്‍ പോസ്റ്റിന് അനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തില്‍ കെന്നി പറഞ്ഞു. ‘റാപ്പ് സംഗീതത്തിലേക്കോ ഹിപ്പ് ഹോപ്പിലേക്കോ പങ്കിലേക്കോ പോകുന്നവരെ സംബന്ധിച്ചിടത്തോളം, യുദ്ധത്തെക്കാള്‍ വര്‍ദ്ധിച്ച തൊഴില്‍പര സാഹസമാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. യുദ്ധങ്ങളില്‍ പോലും നമ്മുടെ പകുതിയിലേറെ സൈനികരുടെ ജീവന്‍ അപകടത്തില്‍ പെടാറില്ല.’

കാലമെത്തും മുന്‍പ് ജീവിതത്തിന്റെ ഹാജര്‍ പട്ടികയില്‍ നിന്ന് ഗായകരുടെ പേരുകള്‍ വെട്ടിമാറ്റപ്പെടുന്നത് ഭീതിദമാണ്. 

ബഡ്ഡി ഹോളി, റിച്ചി വാലെന്‍സ്, പാസ്റ്റി ക്ലൈന്‍, ആലിയാ: വിമാന ദുരന്തങ്ങള്‍. കുര്‍ട്ട് കോബൈന്‍ സ്വയം വെടിവെച്ചു മരിച്ചു. മര്‍വിന്‍ ഗേയുടെ പിതാവ് അദ്ദേഹത്തെ വെടിവെച്ച് കൊന്നു. ചാര്‍ളി പാര്‍ക്കര്‍, ജിം മോറിസണ്‍, ജിമ്മി ഹെന്റിക്‌സ്, ജാനിസ് ജോഫ്‌ലിന്‍, ഡീ ഡീ റാമോണ്‍ മറ്റ് നിരവധി, നിരവധി പേരെപോലെ അമിത മയക്കുമരുന്ന് ഉപയോഗത്തിന്റെ ഇരകളായി. മെറ്റാലിക്കയുടെ ക്ലിഫ് ബര്‍ട്ടണ്‍: ബസപകടത്തില്‍ മരിച്ചു. മിനിട്ട്‌മെന്‍സിന്റെ ഡി ബൂണ്‍; ടി റെക്‌സിന്റെ മാര്‍ക്ക് ബോലാന്‍, ഡുവാനെ അള്‍മാന്‍: കാറപകടം. 

പക്ഷെ റോക്ക് അല്ലെങ്കില്‍ റാപ്പ് കൊല്ലും എന്ന് ഇത്തരം ഉപാഖ്യാനപരമായ തെളിവുകള്‍ സൂചന നല്‍കുന്നുണ്ടോ? 

ഇല്ല. കാര്യകാരണ ബന്ധങ്ങളിലേക്കല്ല മറിച്ച് പൂര്‍വകാല ബന്ധത്തിലേക്കാണ് തന്റെ പഠനം വെളിച്ചം വീശുന്നതെന്ന് ക്ലാസിക്കല്‍ സംഗീത ആരാധികയായ കെന്നി അവകാശപ്പെടുന്നു. തന്റെ പക്കലുള്ള രേഖകള്‍ നല്‍കുന്ന നിരവധി മുന്നറിയിപ്പുകളെ കുറിച്ചും അവര്‍ സൂചനകള്‍ തന്നു. ഉദാഹരണത്തിന്, ബ്ലൂ സംഗീതത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കം അവകാശപ്പെടാന്‍ സാധിക്കുമ്പോള്‍, പങ്ക് തുടങ്ങുന്നത് 1970 കളില്‍ മാത്രമാണ്. സ്വാഭാവിക കാരണങ്ങള്‍ മൂലമാണ് പ്രായമായ സംഗീതകാരന്മാര്‍ അന്തരിക്കുന്നത്. 

‘പുതു സംഗീതരൂപങ്ങളുടെ കാര്യമെടുക്കുമ്പോള്‍, ഇത്തരം സംഗീതരൂപങ്ങളിലെ അംഗങ്ങള്‍ പ്രായമായവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ഹൃദയ, കരള്‍ സംബന്ധിയായ അസുഖങ്ങള്‍ ബാധിക്കാനുള്ള പ്രായമായില്ല എന്ന് പറയേണ്ടിയിരിക്കുന്നു,’ എന്ന് അവര്‍ എഴുതി. ‘അതുകൊണ്ട് തന്നെ, അത്തരം അസുഖങ്ങള്‍ ബാധിച്ചുള്ള മരണനിരക്ക് അവര്‍ക്കിടയില്‍ കുറവാണ്.’

മറ്റൊരു പ്രശ്‌നം: മരണകാരണം നിശ്ചയിക്കുന്നത് സംബന്ധിച്ച്. INXS ഗായകനായിരുന്ന മൈക്കിള്‍ ഹറ്റ്‌ച്ചെന്‍സ് ആത്മഹത്യ ചെയ്യുകയായിരുന്നോ അതോ ചിലര്‍ പറയുന്നത് പോലെ ഓട്ടോഇറോട്ടിക് ആസ്പക്‌സിയേഷന് (ലൈംഗിക ഉത്തേജനത്തിനായി ശ്വസം മുട്ടിക്കുന്ന രീതി) ഇരയാവുകയായിരുന്നോ? ആമീ വൈന്‍ഹൗസ് ആത്മഹത്യ ചെയ്യുകയായിരുന്നോ അതോ അമിത മദ്യപാനം കാരണം മരിച്ചതാണോ? 

‘ഒരു വിവാദം ഉണ്ടാവുമ്പോള്‍ ഞാന്‍ കൊറോണറുടെ കണ്ടെത്തലിനെ പിന്തുടരും,’ കെന്നി പറയുന്നു. 

മറ്റൊരു സങ്കീര്‍ണത കൂടി: മരിച്ച റോക്ക് സംഗീതകാരന്മാരുടെ ഒരു റജിസ്റ്റര്‍ ലഭ്യമല്ല.

‘പോപ്പ് സംഗീതകാരന്മാര്‍ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്ന് അറിയുന്നതിനുള്ള ഒരു വിവരവും ലഭ്യമല്ല,’ കെന്നി പറയുന്നു. ‘അതുകൊണ്ട് തന്നെ എനിക്ക് ഇന്റര്‍നെറ്റ് മുഴുവന്‍ പരതേണ്ടി വന്നു.’

പക്ഷെ കെന്നി വെറുതെ വിക്കിപ്പീഡിയ മാത്രം തപ്പുകയായിരുന്നില്ല. രണ്ട് സ്വതന്ത്ര സ്രോതസുകളില്‍ നിന്നും മരണകാരണം ഉറപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. സ്റ്റുഡിയോ സംഗീതകാരന്മാരെയും മാനേജര്‍മാരെയും പോലെ പൊതുജനത്തിന് മുന്നില്‍ പരിപാടികള്‍ അവതരിപ്പിക്കാത്തവരെ അവര്‍ ഒഴിവാക്കി. ജോണ്‍ ലെനനെ ഉള്‍പ്പെടുത്തിയപ്പോള്‍ ബീറ്റില്‍സ് മാനേജര്‍ ബ്രയാന്‍ എപ്സ്റ്റണെ ഒഴിവാക്കി. പാട്ടുപാടുന്ന ടിവി താരങ്ങളെയും ഡാന്‍സ് ജോക്കികളെയും വരെ ഒഴിവാക്കി. 

കൗതുകകരമായ രൂപരേഖകള്‍ ഉടലെടുത്തു. അന്തരിച്ച മെറ്റല്‍ സംഗീതകാരന്മാരില്‍ 19 ശതമാനവും സ്വയം ജീവനൊടുക്കുകയായിരുന്നു. രണ്ട് ശതമാനം മാത്രം ബ്ലൂ സംഗീതകാരന്മാര്‍ ആത്മഹത്യ ചെയ്തപ്പോള്‍, പങ്കുകളുടെ ഇടയില്‍ ഇത് 11 ശതമാനമായിരുന്നു. 

‘ബാന്റ് അംഗങ്ങളുടെ മാനസികനിലയുടെ സാക്ഷാത്കാരമാണ് ഹെവിമെറ്റല്‍ പോലെയുള്ള സംഗീത വിഭാഗങ്ങളെന്ന് ഞാന്‍ ദീര്‍ഘകാലമായി ഊഹിച്ചിരുന്നു,’ ‘വ്യക്തിത്വവും തൊഴിലിടവും തമ്മിലുള്ള ഐക്യപ്പെടല്‍: വിമര്‍ശനാത്മക സംഭവങ്ങളോടും മാനസിക പ്രതിസന്ധിയോടുമുള്ള പ്രതികരണം,’ (Coping, Personaltiy and the Workplace: Responding to sPychological Crisis and Critical Events) എന്ന പ്രസിദ്ധീകരണ സജ്ജമായ പുസ്തകത്തില്‍ അവര്‍ എഴുതി. ഇത്തരം സംഗീതരൂപങ്ങള്‍ ജോ സ്ട്രമ്മറെ പോലയുള്ളവര്‍ക്ക് ‘തങ്ങളുടെ രോഷവും ദൗര്‍ബല്യവും നിരാശയും പ്രകടിപ്പിക്കാനുള്ള അവസരം നല്‍കുകയും സ്വീകരിക്കുന്നവരിലേക്കും വിമര്‍ശിക്കുന്നവരിലേക്കും ഒരു പോലെ എത്തപ്പെടാന്‍ വികാരങ്ങള്‍ മുറിപ്പെട്ട സംഗീതകാരന്മാര്‍ക്ക് ഒരു മാധ്യമം പ്രദാനം ചെയ്യുകയും ചെയ്യുന്നു.’ 

മറ്റ് കണ്ടെത്തലുകള്‍: 
അപ്രതീക്ഷിത മരണത്തിന്റെ അപകടസാധ്യത ഏറ്റവും കൂടുതല്‍ ഉള്ളത് മെറ്റല്‍, പങ്ക് സംഗീതകാരന്മാരിലാണ്. നാടന്‍പാട്ട്, ജാസ് കലാകാരന്മാരില്‍ അധികം പേരും കാന്‍സര്‍ മൂലമാണ് മരിക്കുന്നത്.

ബ്ലൂ സംഗീതകാരന്മാരില്‍ അധികം പേര്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍ മൂലമാണ് മരിക്കുന്നത്.ഗോസ്പല്‍ സംഗീതകാരന്മാര്‍ക്കിടയിലാണ് ഏറ്റവും കുറവ് ആത്മഹത്യ നിരക്ക് ഉള്ളത്. ‘ഒരു പക്ഷെ അവരുടെ മതവിശ്വാസം അവരെ സംരക്ഷിക്കുന്നുണ്ടാവാം,’ എന്ന് കെന്നി എഴുതുന്നു. 

നകീയ സംഗീത വ്യവസായത്തിന് പാരമ്പര്യമായി ലഭിച്ച ഘടകങ്ങളുടെ ഒരു സങ്കലനത്തെയും (മദ്യത്തിന്റെയും മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെയും സര്‍വ്വവ്യാപിത്വം, അസമയത്ത് നടത്തുന്ന പ്രകടനങ്ങള്‍, യാത്ര, ഉയര്‍ന്ന തലത്തിലുള്ള സമ്മര്‍ദം, പ്രകടനത്തെ കുറിച്ചുള്ള ആകാംക്ഷ തുടങ്ങിയവ) തങ്ങളുടെ ദുഃഖകരമായ ബാല്യകാല സ്മരണകള്‍ തങ്ങളുടെ തൊഴിലിലേക്ക് കൊണ്ടുവരാനുള്ള യുവഗായകരുടെ പ്രലോഭനത്തെയുമാവാം ഈ കണക്കുകള്‍ പ്രതിനിധീകരിക്കുന്നത്,’ കെന്നി എഴുതി. ‘ഇതിനോടൊപ്പം, വിവിധ സംഗീതരൂപങ്ങളുടെ ഉപസംസ്‌കൃത മൂല്യങ്ങളിലും തത്വസംഹിതകളിലും യുവസംഗീതകാരന്മാര്‍ ഉത്തേജിതരാവുമ്പോള്‍, സംഗീത ധാര്‍മികതയുടെ വളരെ സങ്കീര്‍ണവും ബഹുതലങ്ങളുള്ളതുമായ ഒരു ചിത്രം നിങ്ങള്‍ക്ക് ലഭിക്കും.’

സംഗീതകാരന്മാര്‍ എങ്ങനെയാണ് മരിക്കുന്നതെന്ന് ഇതുവരെ ഇത്ര ആഴത്തില്‍ ആരും പഠിച്ചിട്ടില്ലെന്ന് വേണം കരുതാന്‍.

‘ജനകീയ സംഗീതകാരന്മാരെ കുറിച്ച് ഇത്ര വിപുലവും പ്രതിനിധാത്മകം എന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന രീതിയിലും ഒരു അപഗ്രഥനം നടക്കുന്നത് ഇതാദ്യമാണ്,’ കെന്നി പറഞ്ഞു. ‘ഇതൊരു പൊതുപ്രതിഭാസമാണ്. കുറച്ച് ആളുകള്‍ക്ക് മാത്രം ബാധകമായ ഒരു കാര്യമല്ല ഇത്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍