UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കല്‍ക്കരി ഇറക്കുമതിയിലെ അഴിമതി കേന്ദ്രം കാണാതെ പോകുന്നതിനു പിന്നില്‍

ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില പെരുപ്പിച്ചു കാട്ടിയതിന് ഇന്ത്യയിലെ 40 വലിയ ഊര്‍ജ കമ്പനികള്‍ക്കെതിരെ കേന്ദ്ര ധനമന്ത്രാലയം അന്വേഷണം നടത്തുകയാണ്. കുറഞ്ഞ കണക്കനുസരിച്ചുതന്നെ തട്ടിപ്പിന്റെ മൂല്യം 29000 കോടി രൂപ വരുമെന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു. ഇതില്‍ മൂന്നിലൊന്നും ഉയര്‍ന്ന വൈദ്യുതി നിരക്കിന്റെ രൂപത്തിലാണ്. അദാനി ഗ്രൂപ്പ്, ADAG തുടങ്ങിയ വമ്പന്‍മാരും അന്വേഷണം നേരിടുന്നു.

മാര്‍ച്ച് മാസത്തിലെ അവസാന ദിവസം ധനമന്ത്രാലയത്തിന്റെ കീഴിലുള്ള Directorate of Revenue Intelligence (DRI), ഇന്തോനേഷ്യയില്‍ നിന്നും വിലകൂട്ടി കാണിച്ച് നടത്തുന്ന കല്‍ക്കരി ഇറക്കുമതിയുടെ തട്ടിപ്പുവഴികള്‍ വ്യക്തമാക്കിക്കൊണ്ട് അമ്പതോളം വരുന്ന കസ്റ്റംസ് സ്ഥാപനങ്ങള്‍ക്ക് ഒരു പൊതുജാഗ്രത നിര്‍ദേശം നല്‍കി. ഡി ആര്‍ ഐ പറയുന്നത് പണം രാജ്യത്തിന് പുറത്തേക്ക് കടത്തുന്നു എന്നും ഇറക്കുമതി കല്‍ക്കരിയുടെ കൃത്രിമമായി പെരുപ്പിച്ച വില കാണിച്ച് വൈദ്യുത ഉത്പാദന കമ്പനികള്‍ ഉയര്‍ന്ന നിരക്കിനുള്ള ഇളവ് നേടിയെടുക്കുന്നു എന്നുമാണ്. 

കഴിഞ്ഞ ഒന്നരക്കൊല്ലമായി കല്‍ക്കരി ഇറക്കുമതിയുമായി ബന്ധപ്പെട്ട ഈ അഴിമതി ഡി ആര്‍ ഐ അന്വേഷിക്കുന്നു. ഇക്കൂട്ടത്തില്‍ സ്വകാര്യ, പൊതു മേഖല കമ്പനികളും സംസ്ഥാന സര്‍ക്കാര്‍ കമ്പനികളുമുണ്ട്.

അന്വേഷണം നേരിടുന്ന കമ്പനികള്‍ 
അന്വേഷണം നേരിടുന്ന സ്വകാര്യ കമ്പനികളില്‍ ആറെണ്ണമെങ്കിലും അദാനി ഗ്രൂപ്പിന്റെ കീഴിലാണ്. -Adani Enterprises Ltd, Adani Power Ltd, Adani Power Rajasthan Ltd, Adani Power Maharasthra Ltd, AdaniWilmar Ltd and Vyom Trade Link- പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗൌതം അദാനിയാണ് ഇവയുടെ ഉടമ. Tamil Nadu Eletcrictiy Board, Gujarat State Eletcrictiy Corporation, Haryana Power Generation Corporation, Jhajjar Power Ltd തുടങ്ങിയ വൈദ്യുതി ഉത്പാദന, വിതരണ കമ്പനികള്‍ക്ക് അവര്‍ കല്‍ക്കരി നല്‍കിയിരുന്നു. 

അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന മറ്റ് കമ്പനികളില്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ADAG-യുടെ കീഴിലെ Reliance Infrastructure Ltd, Rosa Power Supply Co Ltd; റൂയിയ കുടുംബത്തിന്റെ എസ്സാര്‍ ഗ്രൂപ്പിനു കീഴിലുള്ള Essar Oil Ltd and Essar Power Gujarat Ltd, സജ്ജന്‍ ജിന്‍ഡാളിന്റെ JSW Steel Ltd, എം വെങ്കടരാമയ്യ, എം പ്രഭാകര്‍ റാവു എന്നിവരുടെ NSL Group ലെ നാല് കമ്പനികള്‍ (NSL Sugar, NSL Krishnaveni Sugar, NSL Sugar Tungabhadra, NSL Textiles) മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി (ഐസിസി) അദ്ധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ India Cements, രാജീന്ദര്‍ മിഗ്ലാനിയുടെ Uttam Galwa Steels Ltd എന്നിവയും ഉള്‍പ്പെടുന്നു.

Gupta Coal India Ltd; MBG Commodities Pvt Ltd; Knowledge Infrastructure Systems Pvt Ltd; Bhatia group, Bhatia Global Trading ലെ മൂന്നു കമ്പനികള്‍, Bhatia International (Asia Natural Resource), Bhatia Industry, Infrastructure (Hemang Resources); Gandhar group ലെ രണ്ടു കമ്പനികള്‍, Gandhar Oil and Refinery India Ltd,Gandhar Coal and Mines; Coastal Energy Ltd; Aggarwal Coal Ltd; SuryadevAlloys ,Power Pvt Ltd; Laxmi Organic Industries Ltd; Phoenix Cotmrade Pvt Ltd; Simhapuri Energy Ltd എന്നിവയും പട്ടികയിലുണ്ട്. 

അന്വേഷണം നേരിടുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതോത്പാദകരായ NTPC Ltd, MMTC Ltd, MSTC Ltd, Karnataka Power Corporation Ltd എന്നിവ ഉള്‍പ്പെടുന്നു.

2016 മാര്‍ച്ച് 31 വരെയുള്ള ഈ കമ്പനികളുടെ കല്‍ക്കരി ഇറക്കുമതിയുടെ വിവരങ്ങളാണ് ഡി ആര്‍ ഐ അന്വേഷിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

അഴിമതിയുടെ വല 
ഈ കള്ളക്കളിയില്‍ (ഇന്തോനേഷ്യയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതിയില്‍) പങ്കുണ്ടെന്ന് കരുതുന്ന ഒരാളെ ഡി ആര്‍ ഐ പിടികൂടിയതിന് ആഴ്ച്ചകള്‍ക്ക് ശേഷമാണ് ഈ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. ഹോങ്കോങ് ആസ്ഥാനമായ ഇന്ത്യക്കാരന്‍ മനോജ് കുമാര്‍ ഗാര്‍ഗിനെ 2016 ഫെബ്രുവരി 27ന് ഡി ആര്‍ ഐ പിടികൂടി. ഏതാണ്ട് 280 കോടി രൂപയുടെ വില പെരുപ്പിച്ചു കാണിച്ചു കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതിന് ദുബായില്‍ ഒരു കമ്പനി ഇയാള്‍ ഉണ്ടാക്കി. തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്ക് വേണ്ടിയായിരുന്നു ഈ കല്‍ക്കരി. 

ബാങ്ക് ഓഫ് ബറോഡയിലെ വെട്ടിപ്പിന്റെയും ബസുമതി അരിയുടെ അനധികൃത കയറ്റുമതിയുടെയും സൂത്രധാരന്‍ കൂടിയാണ് ഗാര്‍ഗെന്നു കരുതുന്നു. ആദ്യത്തെ സംഭവത്തില്‍ 2014 ഓഗസ്റ്റില്‍ അനധികൃതമായി പണം ഹോങ്കോങ്ങില്‍ അടച്ചു. ഉണക്കിയ പഴങ്ങള്‍, അരി, പയര്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യാനെന്ന പേരിലായിരുന്നു ഇത്. 2015 ഒക്ടോബറില്‍ ബറോഡ ബാങ്കിലെ ഒരു ആഭ്യന്തര അന്വേഷണത്തില്‍ ഡല്‍ഹിയിലെ അശോക് വിഹാര്‍ ശാഖയില്‍ നിന്നു മാത്രമായി ഹോങ്കോങ്ങിലെ കമ്പനികള്‍ക്ക് പുതിയ അക്കൌണ്ടുകളില്‍ നിന്നും 8000-ത്തിലേറെ വിദേശ വിനിമയങ്ങള്‍ നടന്നതായി കണ്ടെത്തി. ബാങ്ക് ഈ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. തുടര്‍ന്നുള്ള ആഭ്യന്തര അന്വേഷണങ്ങള്‍ ഇത്തരം ഇടപാടുകള്‍ എങ്ങനെ ബാങ്കിന്റെ സംവിധാനം കണ്ടെത്താതെ പോയി എന്നത് വ്യക്തമാക്കുന്നതില്‍ പരാജയപ്പെട്ടു. വലിയ ഇടപാടുകള്‍ ചെറിയ കൈമാറ്റങ്ങളായി കാണിച്ചായിരുന്നു തട്ടിപ്പ് (Sructuring, Smurfing എന്നൊക്കെ ബാങ്കിങ് വൃത്തങ്ങളില്‍ അറിയപ്പെടുന്ന ഒരേര്‍പ്പാട്).

ബാങ്ക് ഓഫ് ബറോഡയിലെ 6500 കോടി രൂപയുടെ വെട്ടിപ്പ് സുപ്രീം കോടതി നിയമിച്ച ജസ്റ്റിസുമാര്‍ എം ബി ഷാ, അരിജിത്ത് പസായത്ത് എന്നിവര്‍ അംഗങ്ങളായ പ്രത്യേക സംഘം അന്വേഷിച്ചുവരികയാണ് (ഈ ലേഖകരില്‍ ഒരാള്‍ സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച പൊതു താത്പര്യ ഹര്‍ജിയില്‍ ഹര്‍ജിക്കാരനാണ്)

2015 ഒക്ടോബര്‍ 13-നു ബാങ്ക് ഓഫ് ബറോഡ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ് കെ ഗാര്‍ഗ്, ബാങ്കിന്റെ വിദേശ വിനിമയ വിഭാഗം തലവന്‍ ജൈനിഷ് ദൂബേ എന്നിവരെ ഈ തട്ടിപ്പ് കേസില്‍ സിബിഐ പിടികൂടി. 

അടുത്തിടെ ഉണ്ടായ ഒരു അനധികൃത കയറ്റുമതിയില്‍ 1000 കോടി രൂപയിലേറെ വിലമതിക്കുന്ന 2,00,000 ടണ്‍ ബസുമതി അരി ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തില്‍ ഇറക്കുന്നതിന് പകരം ദുബായില്‍ അനധികൃതമായി ഇറക്കി.

ബസുമതി അരി കയറ്റുമതി അഴിമതി അന്വേഷിക്കുന്ന SIT തന്നെയാണ് RBI, IB, ED, CBI, ധനമന്ത്രാലയത്തിന്റെ രഹസ്യാന്വേഷണ വിഭാഗം, RAW, DRI എന്നിവയെ ഏകോപിപ്പിച്ചു വിദേശത്തേക്ക് കടത്തിയ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്നതും.

പഞ്ചാബിലെയും ഹരിയാനയിലെയും 25 വന്‍കിട അരി കയറ്റുമതിക്കാര്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. അരി ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തെത്തിക്കുന്നു. ഷിപ്പിംഗ് ബില്‍, മറ്റ് രേഖകള്‍ എന്നിവയെല്ലാം ശരിയാക്കുന്നു. എന്നാല്‍ ചരക്ക് ഇറാന്‍ തുറമുഖത്തെത്തുന്നതിന് പകരം കപ്പലുകാരുമായി ധാരണയുണ്ടാക്കി ദുബായിലേക്ക് വിടുന്നു. എന്നാലും രേഖകളില്‍ പണം ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയതായാണ് കാണുക. രണ്ടു രാജ്യങ്ങളിലേയും സര്‍ക്കാരുകള്‍ക്ക് വരുമാനം നഷ്ടമാകുമ്പോള്‍ ഈ കള്ളക്കടത്തുകാര്‍ക്ക് കിട്ടുന്ന പണം ഭീകരവാദമടക്കമുള്ള പല അനധികൃത സംഗതികള്‍ക്കും ഉപയോഗിക്കാന്‍ കഴിയും എന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തട്ടിപ്പുമാര്‍ഗങ്ങള്‍ തകര്‍ക്കല്‍ 
മനോജ് കുമാര്‍ ഗാര്‍ഗിന്റെ റിമാന്‍ഡ് അപേക്ഷയില്‍ ഡി ആര്‍ ഐ പറയുന്നത്, അയാള്‍ Glints Global Generalt rading LLC, Dubai (GGGTL), Glints Global Limited, Hong Kong (GGL) എന്നീ രണ്ടു കമ്പനികളിലെ വ്യാപാര പങ്കാളിയാണ്. ഈ കമ്പനികള്‍ MBG Commodities Pvt Ltd-നു കല്‍ക്കരി നല്കി. അവരത് പൊതുമേഖല സ്ഥാപനമായ MSTC Ltd-നു വിതരണം ചെയ്യുന്നു. അവിടെ നിന്നാണ് വൈദ്യുതോത്പാദകര്‍ക്ക് നല്‍കുന്നത്. 

ഇന്ത്യയിലെ പല കല്‍ക്കരി വൈദ്യുതി നിലയങ്ങളും ഇന്തോനേഷ്യന്‍ കല്‍ക്കരിയുടെ വില പെരുപ്പിച്ചു കാണിച്ച് പണം വിദേശത്തേക്ക് കടത്തുന്നു എന്നാണ് റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നത്. 2014 ഡിസംബറില്‍ ഡി ആര്‍ ഐ ഇന്ത്യയിലെ 80 കേന്ദ്രങ്ങളില്‍ ഇത് സംബന്ധിച്ച പരിശോധന നടത്തി. കല്‍ക്കരി ഇറക്കുമതി കമ്പനികള്‍, കപ്പല്‍ ഗതാഗതക്കാര്‍, ഇടനിലക്കാര്‍, പരിശോധനശാലകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

ഇന്തോനേഷ്യക്കും ഇന്ത്യക്കുമിടയില്‍ പല തട്ടുകളിലുള്ള വിലപട്ടിക തയ്യാറാക്കുകയാണ് ഇതിനായി അവലംബിക്കുന്ന രീതി. സിംഗപ്പൂര്‍, ഹോങ്കോങ്ങ്, ദുബായ്, മറ്റിടങ്ങള്‍ എന്നിവടങ്ങളിലെ ഇടനിലക്കാര്‍, ഔദ്യോഗിക ഇടപാട് രേഖകളില്‍ വില പെരുപ്പിച്ചു കാട്ടാന്‍ സഹായിക്കുന്നു. ഇന്തോനേഷ്യയില്‍ നിന്നുള്ള ഏത് തുറമുഖത്തുനിന്നും ഇന്ത്യയിലേക്കുള്ള കല്‍ക്കരിക്ക്, ചെലവ്, ഇന്‍ഷ്വറന്‍സ്, കടത്തുകൂലി എന്നിവയെല്ലാമടക്കം ഏതാണ്ട് 50 യു എസ് ഡോളറാണെങ്കില്‍ (2016 ഏപ്രില്‍ ആദ്യം) ഇന്ത്യയിലെത്തുമ്പോള്‍ അത് 82 യു.എസ് ഡോളറായി പെരുപ്പിച്ച് കാണിക്കുന്നു. ഈ പണം ബാങ്കിങ് മാര്‍ഗം ഇന്ത്യക്ക് പുറത്തേക്ക് കടത്തുന്നു. 2010-15 കാലത്തിലാണ് ഇത് സംബന്ധിച്ച അന്വേഷണം നടന്നത്. ഇവിടെ സൂചിപ്പിച്ച കണക്കുകള്‍ ഏകദേശ ശരാശരിയാണ്.

കല്‍ക്കരിയുടെ യഥാര്‍ത്ഥ വില ഇന്തോനേഷ്യയിലെ വില്‍പ്പനക്കാരന് നല്‍കുമ്പോള്‍ ബാക്കി തുക വിദേശത്തു സൂക്ഷിക്കുന്നു. ഇന്ത്യയിലെ കമ്പനിയുടെ കമ്മിഷന്‍ അടിസ്ഥാനത്തിലുള്ള ഇടനിലക്കാരോ അല്ലെങ്കില്‍ വൈദ്യുതി നിലയങ്ങള്‍ ഉപയോഗിയ്ക്കുന്ന കല്‍ക്കരി (Steam coal) അടിസ്ഥാന കസ്റ്റംസ് തീരുവയുടെ രണ്ടു ശതമാനവും ഇതിന് പുറമെ സബ്‌സിഡി വിരുദ്ധ തീരുവ എന്ന നിലയില്‍ വീണ്ടുമൊരു രണ്ടു ശതമാനവും തീരുവ നല്‍കേണ്ടവയാണ്.

ഇന്തോനേഷ്യയും ഇന്ത്യയും അടക്കമുള്ള പല രാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ട മുന്‍ഗണന വ്യാപാര കരാറുകള്‍ പല തീരുവയിളവുകളും നല്‍കുന്നുണ്ട്. ഇന്തോനേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്ക് (Steam coal) അടിസ്ഥാന തീരുവകളില്ല. ഈ ഇളവ് ലഭിക്കാന്‍ ഇറക്കുമതിക്കാരന്‍ കല്‍ക്കരി നല്‍കുന്ന രാജ്യത്തുനിന്നും ഒരു സാക്ഷ്യപത്രം ഹാജരാക്കണം.

ഇറക്കുമതി കല്‍ക്കരിയുടെ കഥ
വൈദ്യുതി ഉത്പാദന വിതരണ കമ്പനികളുടെ വൈദ്യുതി നിരക്ക് നിശ്ചയിക്കല്‍ നിയന്ത്രിക്കുന്നത് കേന്ദ്ര വൈദ്യുതി നിയന്ത്രണ സമിതി (CERC)യും വിവിധ സംസ്ഥാന നിയന്ത്രണ സമിതികളുമാണ്. പ്രധാനമായും രണ്ടു ഘടകങ്ങള്‍ നിരക്കിലടങ്ങിയിരിക്കുന്നു; വാര്‍ഷിക നിശ്ചിത നിരക്കുകളും ഊര്‍ജ നിരക്കും ഒപ്പം പ്രാഥമിക ഇന്ധന നിരക്ക് തിരിച്ചുപിടിക്കാനുള്ള ശേഷി നിരക്കുകളും.

ഉപയോഗിച്ച ഇന്ധനത്തിന്റെ വിലയുടെ അടിസ്ഥാനത്തില്‍ വൈദ്യുതോത്പാദന വിഭാഗങ്ങള്‍ വിതരണ കമ്പനികളില്‍ നിന്നും ഊര്‍ജ നിരക്കുകള്‍ ഈടാക്കുന്നു. അപ്പോള്‍ ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ വില കൃത്രിമമായി പെരുപ്പിച്ച് കാണിച്ചാല്‍ വൈദ്യുത വിതരണ കമ്പനികള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന വൈദ്യുതി നിരക്ക് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ പറ്റും.

ഒരു സാധാരണ ഉപഭോക്താവ് ഏതാണ്ട് 1.50 രൂപയാണ് ഇതുവഴി കൂടുതലായി ഒരു യൂണിറ്റ് വൈദ്യുതിക്ക് അടയ്‌ക്കേണ്ടി വരുന്നത്. അതായത് ഒരു കുടുംബം 1000 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുകയും യൂണിറ്റൊന്നിന് 3 രൂപ നല്കുകയും ചെയ്യുന്നെങ്കില്‍ പ്രതിമാസം 1500 രൂപയാണ് അവര്‍ അധികം നല്‍കുന്നത്. കല്‍ക്കരി ഇറക്കുമതി വില പെരുപ്പിച്ചു കാണിച്ചില്ലായിരുന്നെങ്കില്‍ നല്‍കേണ്ടിവരുന്നതിന്റെ രണ്ടിരട്ടി അധികത്തുക. 

ആഭ്യന്തര കല്‍ക്കരി ഉത്പാദനത്തിലെ അനിശ്ചിതത്വവും കോടതി ഇടപെടലുകള്‍ മൂലം ഇടക്കിടെ നേരിടേണ്ടിവരുന്ന നിരോധനവും കല്‍ക്കരി ഇറക്കുമതിയെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാക്കി. ഇന്ത്യയിലെ കമ്പനികള്‍ പൊതുവേ ഗുണനിലവാരം കുറഞ്ഞ കല്‍ക്കരിയാണ് (GAR-gross as received കല്‍ക്കരിയുടെ ഊര്‍ജമൂല്യം) ഇറക്കുമതി ചെയ്യുന്നത് (GAR38004200). 

ഈ തരത്തിലുള്ള കല്‍ക്കരിയുടെ തുറമുഖത്തെത്തിക്കുംവരെയുള്ള (FOB-Freight on board) വില ഇന്തോനേഷ്യയില്‍ 2014ല്‍ ഒരു ടണ്ണിന് 30 ഡോളറിനും 37 ഡോളറിനും ഇടയിലായിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറും കിഴക്കും തീരങ്ങളിലെത്തിക്കാനുള്ള കടത്തുകൂലി ഒരു ടണ്ണിന് 10-12 ഡോളറായിരുന്നു. അപ്പോള്‍ കല്‍ക്കരിയുടെ വില ടണ്ണിന് 40-50 ഡോളറാകണം. അപ്പോഴാണ് ഡി ആര്‍ ഐ പറയുമ്പോലെ ഇറക്കുമതി വില ടണ്ണിന് 82 ഡോളറായി കാണിച്ചത്.

പൊതുമേഖലയിലുള്ള വൈദ്യുതി ഉത്പാദന സ്ഥാപനങ്ങളും ഇറക്കുമതി കല്‍ക്കരിയുടെ വില കൂട്ടിക്കാണിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ഒരു കാര്യം 2014ല്‍ ഒന്നിലേറെ സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്ക് വൈദ്യുതി നല്‍കുന്ന, വിതരണ കമ്പനികളുമായി സ്വതന്ത്ര വൈദ്യുതി വാങ്ങല്‍ കരാറുള്ള, രണ്ടു പ്രമുഖ കമ്പനികളായ ടാറ്റ പവറും, അദാനി ഗ്രൂപ്പ് കമ്പനികളും അഞ്ച് സംസ്ഥാന വൈദ്യുത വിതരണ കമ്പനികളില്‍ നിന്നും നഷ്ടപരിഹാര നിരക്ക് ഈടാക്കാന്‍ അനുമതി നേടി. ഇന്തോനേഷ്യയിലെ കല്‍ക്കരിയുടെ വില കൂടിയെന്ന ന്യായം പറഞ്ഞു CERC ഇവര്‍ക്ക് 1,160 കോടി രൂപയാണ് നഷ്ടപരിഹാരമായി ഈടാക്കിക്കൊടുത്തത്. എന്നാല്‍ CERCയുടെ ഉത്തരവിനെ നവംബര്‍ 2014നു സുപ്രീം കോടതി താത്ക്കാലികമായി റദ്ദാക്കി.

ഇന്തോനേഷ്യയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി കപ്പലില്‍ ഇന്ത്യയിലേക്ക് നേരിട്ടെത്തിക്കുന്ന രീതിയിലായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ MBG Commodities എന്ന കമ്പനിക്കു TNEB-ക്കായി കല്‍ക്കരി ഇറക്കുമതിക്കുള്ള അനുമതി ലഭിച്ചു. MBG തുടര്‍ന്ന് ‘High sea sales’ നടത്തി (ഒരു കപ്പല്‍ തുറമുഖത്തെത്തും മുമ്പേ ചരക്ക് വില്‍പ്പന നടത്തുന്ന രീതി) കസ്റ്റംസിനുള്ള രേഖകള്‍ TNEB നല്‍കി.

ദുബായ് ആസ്ഥാനമായ മനോജ് കുമാര്‍ ഗാര്‍ഗും ഒരു ദുബായ് പൗരനും (കമ്മീഷന്‍ അടിസ്ഥാനത്തില്‍ രേഖകളില്‍ ഒപ്പുവെക്കുകയാണ് അയാള്‍ ചെയ്യുന്നത്) പങ്കാളികളായ Glitnz Global വഴിയാണ് TNEB കല്‍ക്കരി വാങ്ങിയത്. കല്‍ക്കരി ഇറക്കുമതിയുടെ ഒരു ചരിത്രവും Glitnz Globalനു ഇല്ലായിരുന്നു എന്നതാണു ശ്രദ്ധേയം. കല്‍ക്കരി മന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ ഇത് ലേഖകരില്‍ ഒരാളോട് പറഞ്ഞിട്ടുണ്ട്.

ഇന്തോനേഷ്യയില്‍ ഖനിയുള്ള സിംഗപ്പൂര്‍ ആസ്ഥാനമായ ‘B’ എന്ന കമ്പനിയില്‍ നിന്നുമാണ് Glitnz Global നു കല്‍ക്കരി കിട്ടുന്നത്. അപ്പോള്‍ എവിടെയാണ് ഇവയൊക്കെ കൂട്ടിച്ചേര്‍ക്കാനാകുന്നത്? കമ്പനി ടണ്ണിന് 45 ഡോളര്‍ നിരക്കില്‍ Glitnz Globalനു കല്‍ക്കരി വില്‍ക്കുന്നു. ഒട്ടും മൂല്യവര്‍ദ്ധനവില്ലാതെ (കാരണം കല്‍ക്കരി നേരിട്ടാണ് കപ്പല്‍ വഴി എത്തിക്കുന്നത്) Glitnz Globalനു ടണ്ണിന് 85 ഡോളറിന്റെ Invoice ലഭിക്കുകയാണ്. ഈ നിരക്കിലാണ് MBG Commodities എന്ന TNEBക്കു കല്‍ക്കരി വിതരണം ചെയ്യുന്ന ഒരു തട്ടിക്കൂട്ട് കമ്പനിക്കു കല്‍ക്കരി നല്‍കുന്നതായി രേഖയുണ്ടാക്കുന്നത്. അവര്‍ ആ കല്‍ക്കരി ഒന്നുകൂടി വിലകൂട്ടി ടണ്ണിന് 87 ഡോളറായി TNEBക്കു വില്‍ക്കുന്നു. അതായത് കമ്പനിയ്ക്കു 45 ഡോളര്‍ നല്‍കി Glitnz Global വാങ്ങി 85 ഡോളറിന് MBG commoditiesനു നല്‍കി അവര്‍ ടണ്ണിന് 87 ഡോളറിന് TNEBക്കു വില്‍ക്കുന്നു. ദുബായിലെ, വാസ്തവത്തില്‍ പ്രവര്‍ത്തിക്കാത്ത ഒരു കമ്പനിയിലെ നിശബ്ദ പങ്കാളി ചെറിയ കമ്മീഷന്‍ കൊണ്ട് തൃപ്തരാകുന്നു.

പല തലങ്ങളില്‍ ഇടപാടുകളുണ്ടാക്കുന്ന പണം വെട്ടിപ്പുപോലെയാണ് വിവിധ രാജ്യങ്ങളില്‍ ഇന്‍വോയിസ് ഉണ്ടാക്കി ഈ തട്ടിപ്പും നടത്തിയതെന്ന് ഡി ആര്‍ ഐ കരുതുന്നു. ആസിയാന്‍-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായുള്ള തീരുവ ഇളവിനായുള്ള രേഖകളുടെ പരിശോധനയില്‍ 50 ശതമാനം മുതല്‍ 100 ശതമാനം വരെ വില പെരുപ്പിച്ചു കാട്ടിയതായി കസ്റ്റംസ് അധികൃതര്‍ പറയുന്നു.

ഡി ആര്‍ ഐ കുറിപ്പില്‍ ഇങ്ങനെ പറയുന്നു, ‘വില പെരുപ്പിച്ചു കാട്ടിയ, ഇന്ത്യയില്‍ ലഭിച്ച ഇന്‍വോയിസുകള്‍ സിംഗപ്പൂര്‍, ദുബായ്, ഹോങ്കോങ്ങ്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലാന്‍റ്സ് തുടങ്ങിയ രാജ്യങ്ങള്‍ ആസ്ഥാനമായ ഇടനിലക്കാരാണ് നല്‍കിയിട്ടുള്ളത്. ഈ ഇടനിലക്കാരായ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ (കല്‍ക്കരി) ഇറക്കുമതിക്കാരുടെ ഉപകമ്പനികളോ മുന്‍നിര കമ്പനികളോ ആണ്.’

കഥ അവിടെ അവസാനിക്കുന്നില്ല. നിരവധി സംഭവങ്ങളില്‍ രണ്ടു കൂട്ടം റിപ്പോര്‍ട്ടുകള്‍ മാതൃക പരിശോധനയും വിശകലനവും ഒരേ കല്‍ക്കരി ഇറക്കുമതിക്ക് രണ്ടു വ്യത്യസ്ത പരിശോധന ഏജന്‍സികള്‍ നല്‍കിയിരിക്കുന്നു. ഒന്നില്‍ GCV കൂടുതലായി കാണിക്കുമ്പോള്‍ മറ്റൊന്നില്‍ GCV കുറവാണ്. കല്‍ക്കരിയുടെ വില രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണ് നിശ്ചയിക്കുന്നത് ചാരത്തിന്റെ അംശവും GCVയും. വൈദ്യുതോത്പാദനത്തിലും അന്തരീക്ഷ മലിനീകരണത്തിലും GCV നേരിട്ടുള്ള സ്വാധീനം ചെലുത്തുന്ന ഘടകമാണ്. അങ്ങനെ കല്‍ക്കരി വില വ്യാജ രേഖകള്‍ ഉപയോഗിച്ച് പെരുപ്പിക്കുമ്പോള്‍ സ്വാഭാവികമായും GCVയും കൂട്ടിക്കാണിക്കുന്നു.

വിവിധ തോതിലുള്ള ലംഘനങ്ങള്‍ 
കല്‍ക്കരി വില പെരുപ്പിച്ചു കാണിച്ചതില്‍ മാത്രമല്ല അഴിമതി, വൈദ്യുതോത്പാദനത്തെ ബാധിക്കുന്ന GCVയുടെ തെറ്റായ കണക്കുകള്‍ നല്കിയതിലുമുണ്ട്. ഉപഭോക്താവിനെ സംബന്ധിച്ച് രണ്ടുമടങ്ങാണ് നിരക്കുകളിലെ ആഘാതം. കൃത്രിമവും നിയമവിരുദ്ധവുമായ അധികവില നല്‍കേണ്ടി വരുന്നു. കുറഞ്ഞ നിലവാരമുള്ള കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതോത്പാദനത്തിനാണ് ഈ അധികനിരക്ക് നല്‍കേണ്ടിവരുന്നതും. ഒന്നര രൂപ അധികമായി നല്‍കുന്ന ഉപഭോക്താവ് മാത്രമല്ല പല വിഭാഗം ഉപഭോക്താക്കള്‍ക്കും വിലയിളവ് നല്‍കുന്ന പൊതുഖജനാവിനും നഷ്ടം നേരിടേണ്ടിവരുന്നു.

നേരത്തെ പറഞ്ഞതുപോലെ 29,000 കോടി രൂപ എന്നത് ഒരു കുറഞ്ഞ കണക്കാണ്. അന്വേഷണം കൃത്യമായി നടക്കുകയും വിവിധ നിയമലംഘനങ്ങളുടെ പിഴ കണക്കാക്കുകയും ചെയ്താല്‍ മൊത്തം അഴിമതിത്തുക ഗണ്യമായി വര്‍ദ്ധിക്കും. 

രാജ്യസഭയില്‍ കല്‍ക്കരി മന്ത്രി പീയൂഷ് ഗോയല്‍ ഡിസംബര്‍ 20നു നല്കിയ ഒരു മറുപടിയില്‍ 2014-15ല്‍ ഇന്ത്യ 1,04,524.1 കോടി രൂപ മതിക്കുന്ന 212.11 ദശലക്ഷം ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്തു. 201415 വര്‍ഷം കല്‍ക്കരി ഇറക്കുമതിയില്‍ 27.1% വര്‍ദ്ധനവുണ്ടായി. 

ഇതിനു മുമ്പുള്ള മൂന്നു വര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെയാണ്; 2013-14 (166.860 ടണ്‍- 92,329.2 കോടി രൂപ), 2012-13 (145.785 ടണ്‍- 86,845.5 കോടി), 2011-12 (102.853- 78,837.6 കോടി രൂപ). 

ഡി ആര്‍ ഐ അന്വേഷണത്തെക്കുറിച്ച് ഗോയല്‍ അവ്യക്തമായ മറുപടിയാണ് നല്കിയത്. ഇറക്കുമതി കല്‍ക്കരിയുടെ വില പെരുപ്പിച്ച് കാട്ടിയതുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നു എന്നു ഡി ആര്‍ ഐ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

എന്നാല്‍ ഏതെല്ലാം കമ്പനികള്‍ക്കെതിരെയാണ് അന്വേഷണം എന്ന് മന്ത്രി വെളിപ്പെടുത്തിയില്ല. അക്കൂട്ടത്തില്‍ അദാനിയും റിലയന്‍സും ഉണ്ടായിരിക്കെ.

ഈ കേസുകള്‍ എത്രയും വേഗം അന്വേഷിച്ച് കുറ്റവാളികളായ കമ്പനികള്‍ക്കും പ്രൊമോട്ടര്‍മാര്‍ക്കും ഡയറക്ടര്‍മാര്‍ക്കുമെതിരെ വിചാരണനടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമോ എന്നതാണ് ചോദ്യം. ഇവരില്‍ ചിലരെങ്കിലും ഭരണത്തിന്റെ ഏറ്റവും ഉന്നതകേന്ദ്രങ്ങളില്‍ കനത്ത പിടിപ്പാടുള്ളവരാണ് എന്നത് ചോദ്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ അമന്‍ മാലിക്കുമായി ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍