UPDATES

സയന്‍സ്/ടെക്നോളജി

സെല്‍ ഫോണ്‍ ക്യാന്‍സര്‍ ഉണ്ടാക്കുമോ?

Avatar

റേച്ചല്‍ ഫെല്‍റ്റ്മാന്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

ആദ്യം തന്നെ പറയട്ടെ: സെല്‍ ഫോണുകള്‍ കാന്‍സറുണ്ടാക്കുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ആരും ഇതുവരെ അങ്ങനെയൊരു കാര്യം സ്ഥാപിച്ചിട്ടില്ല. എന്നു മാത്രമല്ല, പല പഠനങ്ങളും മറിച്ചാണു സൂചിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച മുതല്‍ പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ അങ്ങനെയല്ല. വാള്‍ സ്ട്രീറ്റ് ജേര്‍ണലും മദര്‍ ജോന്‍സും അടക്കം പല പ്രസിദ്ധീകരണങ്ങളും സെല്‍ ഫോണുകളും ട്യൂമര്‍ വളര്‍ച്ചയും തമ്മില്‍ ബന്ധമുണ്ടെന്ന യു‌എസ് ഗവണ്‍മെന്‍റിന്‍റെ ഒരു പഠനം പ്രാധാന്യത്തോടെ വാര്‍ത്തയാക്കുന്നുണ്ട്.

വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ (WSJ) ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത് “ഗവണ്‍മെന്‍റ് പഠനത്തില്‍ അര്‍ബുദവും സെല്‍ഫോണും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി” എന്നാണ്. വാസ്തവത്തില്‍ “ആണെലികളില്‍ നടത്തിയ സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു പഠനത്തില്‍ അര്‍ബുദവും സെല്‍ഫോണും തമ്മില്‍ ബന്ധമുണ്ടാകാം എന്നു കണ്ടെത്തിയിരിക്കുന്നു” എന്നായിരുന്നു അവര്‍ പറയേണ്ടിയിരുന്നത്.

ഉദ്വേഗജനകമായി തോന്നിയേക്കില്ല അങ്ങനെ വാര്‍ത്ത കൊടുത്താല്‍. എങ്കിലും തെറ്റിദ്ധാരണയുണ്ടാകില്ല.

25 മില്ല്യണ്‍ ഡോളര്‍ ചെലവഴിച്ച്, പല വര്‍ഷങ്ങളായി നാഷണല്‍ ടോക്സിക്കോളജി പ്രോഗ്രാം (NTP) നടത്തി വന്നതാണ് ഈ പഠനം. WSJ വാര്‍ത്തയില്‍ മറിച്ചാണു സൂചനയെങ്കിലും പഠനഫലങ്ങളുടെ സൂക്ഷ്മ പരിശോധന  നടന്നിട്ടില്ല. കാരണം ഇത് ഒരു സയന്‍റിഫിക് ജേര്‍ണല്‍ ഔപചാരികമായി പ്രസിദ്ധീകരണത്തിന് സ്വീകരിച്ചിട്ടില്ല. അതിനു മുന്‍പ് പുറമേ നിന്നുള്ള വിദഗ്ദ്ധര്‍ വിവരങ്ങളിലും അതിന്‍റെ അനാലിസിസിലും ഉണ്ടായേക്കാവുന്ന തെറ്റുകളും അതിശയോക്തികളും ചൂണ്ടിക്കാണിക്കും. പ്രഖ്യാപനത്തിനു മുന്‍പ് പല വിദഗ്ദ്ധരും അവലോകനം നടത്തിയതായി പറയുന്നുണ്ടെങ്കിലും ഗവേഷകര്‍ അവരുടെ മുഴുവന്‍ ഡേറ്റയും എല്ലാവര്‍ക്കുമായി ലഭ്യമാക്കിയിട്ടില്ല.

2009ല്‍ വിരമിക്കുന്നതുവരെ ഈ ഗവേഷക സംഘത്തിലെ പ്രധാനിയായിരുന്ന റോണ്‍ മെലനിക് STAT ന്യൂസിനോട് പറഞ്ഞത് പഠനത്തിന്‍റെ ഡേറ്റ പരിശോധിക്കാന്‍ തന്നോടാവശ്യപ്പെട്ടിരുന്നു എന്നാണ്. അതുപ്രകാരം, “തലച്ചോറിലും ഹൃദയത്തിലും ട്യൂമര്‍ ഉണ്ടാക്കുന്ന തരം പ്രതികരണങ്ങള്‍ വര്‍ദ്ധിച്ചിരുന്നു” എന്നു കണ്ടു.

“സെല്‍ ഫോണുകള്‍ കൊണ്ട് റിസ്കൊന്നുമില്ല എന്നാണല്ലോ എല്ലാവരും പറഞ്ഞിരുന്നത്. ഇതോടെ ആ ധാരണകള്‍ മാറും,” അദ്ദേഹം വാള്‍ സ്ട്രീറ്റ് ജേര്‍ണലിനോട് പറഞ്ഞു.

വയര്‍ലെസ്സ് ഇലക്ട്രോണിക്സില്‍ സാധാരണ ഉപയോഗിയ്ക്കുന്ന തരം റേഡിയോ ഫ്രീക്വെന്‍സിക്കു വിധേയരാക്കിയ എലികളെയും ചുണ്ടെലികളെയുമാണ് അവര്‍ നിരീക്ഷിച്ചത്. റേഡിയേഷന്‍റെ അളവ് സാധാരണ മനുഷ്യര്‍ അനുഭവിക്കുന്നത്രയുമായിരുന്നു. ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച് റേഡിയേഷന് വിധേയരായ ആണെലികളില്‍ രണ്ടു മുതല്‍ മൂന്നു വരെ ശതമാനത്തിന് തലച്ചോറിലെ ഗ്ലിയല്‍ (glial) കോശങ്ങളെ ബാധിക്കുന്ന ഗ്ലയോമസ് ട്യൂമര്‍ (gliomas) കണ്ടു. ആറു മുതല്‍ ഏഴു ശതമാനം ആണെലികളുടെ ഹൃദയത്തില്‍ ഷ്വാനോമ (schwannoma) ട്യൂമര്‍ ബാധിച്ചു. റേഡിയേഷന്‍ ഏല്‍ക്കാതിരുന്ന എലികളില്‍ ട്യൂമര്‍ ലക്ഷണങ്ങള്‍ കണ്ടില്ല. എന്നാല്‍ STAT ചൂണ്ടിക്കാണിക്കുന്നത്, റേഡിയേഷനില്‍ കഴിയാതിരുന്ന എലികളില്‍ ഒന്നിനു പോലും സ്വാഭാവികമായ കാരണങ്ങളാല്‍ ട്യൂമര്‍ ഉണ്ടായില്ലെന്നത് അസാധാരണമാണ് എന്നാണ്. റേഡിയേഷന്‍ ഏറ്റവയില്‍ തന്നെ കാണപ്പെട്ട കാന്‍സര്‍ നിരക്ക് അല്ലാതെയുള്ള ഒരു കൂട്ടം എലികളില്‍ ഉണ്ടായേക്കാവുന്നതു തന്നെയാണ്.

റേഡിയേഷന്‍ മൂലം പെണ്ണെലികളിലെ അര്‍ബുദത്തിന്‍റെ അനുപാതത്തില്‍ പറയത്തക്ക വര്‍ദ്ധനവ് കണ്ടില്ല. ചുണ്ടെലികളെ സംബന്ധിച്ച പഠന വിവരങ്ങള്‍ ഗവേഷകര്‍ പുറത്തു വിട്ടിട്ടില്ല.

ഇത്രയും പറഞ്ഞത്, ഈ പഠനങ്ങള്‍ കണ്ട് നിങ്ങളുടെ ഫോണ്‍ വലിച്ചെറിഞ്ഞു കളയാന്‍ സമയമായില്ല എന്നു പറയാനാണ്. ഒറ്റപ്പെട്ട പഠനങ്ങള്‍ കൊണ്ട് പ്രയോജനമില്ല എന്ന് ഞങ്ങള്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. ഇപ്പൊഴും അത് അങ്ങനെ തന്നെയാണ്. ഈ ഫലങ്ങളെ പരിശോധിക്കാനുള്ള പുതിയ പ്രോജക്റ്റുകള്‍ ഇനി നടന്നേക്കും, അതാണ് വേണ്ടതും. എന്നാല്‍ പുതിയ കണ്ടെത്തലുകളെ പരമമായ സത്യമെന്ന നിലയില്‍ പ്രസിദ്ധീകരണങ്ങള്‍ കൊട്ടിഘോഷിക്കുമ്പോള്‍ കൃത്യമായ അറിവോടെയുള്ള അഭിപ്രായങ്ങളില്‍ എത്താന്‍ ജനങ്ങള്‍ക്ക് കഴിയാതെ വരുന്നു.

“പകര്‍ച്ചവ്യാധികളായ കാന്‍സറുകളുടെ തുടക്കത്തിലാണ് നമ്മളിപ്പോള്‍ എന്ന തരത്തിലുള്ള വാദങ്ങളാണ് പ്രസിദ്ധീകരണങ്ങളില്‍,” NTPയുടെ മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ ക്രിസ് പോര്‍ടിയെര്‍ മദര്‍ ജോന്‍സിനോട് പറഞ്ഞു. “അങ്ങനെയല്ല എന്ന വാദവുമുണ്ട്. ആരാണ് ശരിയെന്നത് വ്യക്തമല്ല. പഠനഫലങ്ങള്‍ ഞാനും കണ്ടു, എല്ലാം കൂടിക്കലര്‍ന്ന അവസ്ഥയിലാണ് അതിപ്പോള്‍.”

മനുഷ്യരില്‍ നടത്തിയ മിക്ക പഠനങ്ങളിലും സെല്‍ഫോണ്‍ ഉപയോഗവും കാന്‍സര്‍ നിരക്കുകളിലെ വര്‍ദ്ധനവും തമ്മില്‍ ബന്ധമൊന്നും കണ്ടെത്തിയിട്ടില്ല. ഒരു വിഭാഗം പറയുന്നത്ദൂഷ്യഫലങ്ങള്‍ പ്രകടമാകാന്‍ മാത്രം സമയമായിട്ടില്ല എന്നാണ്. യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ സൈമണ്‍ ചാപ്മാന്‍ ഈ ചിന്താഗതിക്ക് എതിരാണ്.

“കാന്‍സറിന്‍റെ കാര്യത്തില്‍ അങ്ങനെയല്ല; ക്രമേണ വര്‍ദ്ധിച്ചു തുടങ്ങിയ കാന്‍സര്‍ നിരക്ക് മൂര്‍ധന്യത്തിലേയ്ക്ക് നീങ്ങുന്നതാണ് നാം കാണുന്നത്. അവിടെയെത്താന്‍ ഏതാണ്ട് 30-40 വര്‍ഷങ്ങള്‍ എടുത്തേക്കാം (ശ്വാസകോശത്തിലെ കാന്‍സറും പുകവലിയും എന്നതുപോലെ).”   ക്വാര്‍ട്സില്‍ എഴുതിയ ലേഖനത്തില്‍ ചാപ്മാന്‍ എഴുതുന്നു. അദ്ദേഹത്തിന്‍റെയും മറ്റു ശാസ്ത്രജ്ഞന്മാരുടെയും പഠനങ്ങളില്‍ നേരത്തെ പറഞ്ഞ തരം പുതിയ പ്രവണതകള്‍ കാണാന്‍ കഴിഞ്ഞില്ല. 

സെല്‍ഫോണ്‍ ഉപയോഗത്തിലെ അപകടസാദ്ധ്യതകളെ മനസിലാക്കുന്നതില്‍ ഈ പഠനം ഒരു വഴിത്തിരിവായേക്കാം. പക്ഷേ അതു പറയാനുള്ള സമയമായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍