UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിതവണ്ണമുള്ള സ്ത്രീകളെ അമേരിക്ക മാറ്റിനിര്‍ത്തുന്നു

Avatar

റോബര്‍ട്ടോ എ ഫ്രെഡ്മാന്‍
(വാഷിംഗടണ്‍പോസ്റ്റ്)

തടി കൂടുന്തോറും ഒരു സ്ത്രീക്ക് ശമ്പളക്കുറവുള്ള ജോലി ലഭിക്കാനുള്ള സാധ്യതയും കൂടുന്നുവെന്നാണ് വാന്ദര്‍ബിറ്റ് നിയമസ്‌കൂളിന്റെ പുതിയ പഠനം സൂചിപ്പിക്കുന്നത്. എന്നാല്‍ അമിതവണ്ണമുള്ള പുരുഷന്മാരുടെ കാര്യത്തില്‍ ഈ വ്യത്യാസം അത്രയധികമില്ല.

 

‘സ്ത്രീകളുടെ കാര്യത്തില്‍ കൃത്യമായ ഒരു ശൈലിയുണ്ട്.’ പഠനം നടത്തിയ ജെന്നിഫര്‍ ഷിനാല്‍ പറയുന്നു. ‘തടി കൂടിത്തുടങ്ങുമ്പോള്‍ തന്നെ ആളുകളുമായി ഇടപെടുന്ന തരം ജോലികള്‍ സ്ത്രീകള്‍ക്ക് ലഭ്യമാകാതാകുന്നു. അവയ്ക്കാണ് താരതമ്യേന കൂടുതല്‍ ശമ്പളവുമുള്ളത്. അവിടെ നിന്ന് കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയേയുള്ളൂ കൂടുതല്‍ തടിയുള്ള സ്ത്രീകളെ ഈ ജോലികളില്‍ കാണാനേ കഴിയില്ല’.

തടിയും ശമ്പളവും തമ്മിലുള്ള ബന്ധം പഠിക്കുന്ന ഗവേഷണങ്ങളില്‍ ഏറ്റവും പുതിയതാണ് ഇത്. ഏറെ പ്രധാനപ്പെട്ട മറ്റൊരു പഠനം കോര്‍ണല്‍ സര്‍വകലാശാലയിലെ ജോണ്‍ കോളി 2004ല്‍ നടത്തിയ പഠനമാണ്. ശമ്പളവും ശരീരഭാരവും തമ്മില്‍ ഇങ്ങനെയൊരു ബന്ധമുണ്ടെന്ന് പറഞ്ഞത് അദ്ദേഹമാണ്. പുതിയ വിവരങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ടുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് ഇത് ഏറെ പ്രശ്‌നമാകുന്നത് എന്നാണ്.

 

അമേരിക്കന്‍ ടൈം ആന്‍ഡ് യൂസ് സര്‍വേയും നിലവിലെ പോപ്പുലേഷന്‍ സര്‍വേയും നല്‍കുന്ന വിവരങ്ങളെ അധികരിച്ചാണ് ഷിനാലിന്റെ പഠനം. തൊഴില്‍ വിഭാഗങ്ങളും ശരീരഭാരവും തമ്മിലുള്ള താരതമ്യമാണ് അവര്‍ നടത്തിയത്. കൃത്യമായി പുരുഷന്മാരും സ്ത്രീകളും നോര്‍മല്‍ തൂക്കം, ഓവര്‍ വെയിറ്റ്, അമിതവണ്ണം, അപകടകരമായ അമിതവണ്ണം എന്നീ വിഭാഗങ്ങളില്‍ പെടുന്നവരാണോ എന്നും അവര്‍ ആളുകളുമായി ഇടപെടുന്ന തരം ജോലിയാണോ അതോ ശരീരികാധ്വാനം ഉള്ള ജോലിയാണോ ചെയ്യുന്നത് എന്നും ആണ് പഠനത്തില്‍ വിഷയമാക്കിയത്. ആളുകളുമായി ഇടപെടുന്ന തരം ജോലികളായ സേല്‍സ്, ആശയവിനിമയജോലികള്‍ എന്നീ ജോലികള്‍ക്കാണ് താരതമ്യേന ശമ്പളക്കൂടുതല്‍. കായികാധ്വാനം ആവശ്യമുള്ള ആരോഗ്യപരിപാലനം, ഡേ കെയര്‍, ഭക്ഷണം തയ്യാറാക്കുന്ന ജോലികള്‍ എന്നിവയ്ക്ക് ശമ്പളം കുറവുമാണ്.

വണ്ണം കൂടുന്നതോടെ സ്ത്രീകള്‍ കൂടുതല്‍ ശമ്പളമുള്ള ജോലികള്‍ ചെയ്യുന്നത് കുറയുകയും കുറഞ്ഞശമ്പളമുള്ള ജോലികളില്‍ ചേരുന്നത് കൂടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അമിതവണ്ണമുള്ള പുരുഷന്മാരുടെ കാര്യത്തില്‍ ഇത് കാണാനാകില്ല. ‘ജോലി എന്തുതന്നെയായാലും അമിതവണ്ണക്കാരായ പുരുഷന്മാരുടെ നിലനില്‍പ്പിനെ തടി ബാധിക്കുന്നതായി കാണുന്നില്ല.’ ഷിനാല്‍ പറയുന്നു. ‘എന്നാല്‍ തടിയുള്ള സ്ത്രീകളുടെ കാര്യം അങ്ങനെയല്ല’.

സ്ത്രീകളുടെ ശരീരഭാരത്തിന് അവരുടെ ജോലിയുമായുള്ള ബന്ധം വ്യക്തമല്ല. സൗന്ദര്യവും ആകര്‍ഷണീയതയും ഒക്കെ കൂടുതല്‍ മികച്ച ജോലിയ്ക്ക് പ്രധാനമാണെന്ന് പണ്ടേ കരുതപ്പെട്ടിരുന്നു, സ്ത്രീകളിലും പുരുഷന്മാരിലും. ഉയരം മുതല്‍ തലമുടിയുടെ നിറവും ആരോഗ്യവും ഒക്കെ ഒരാളുടെ ജോലിയെ ബാധിക്കാം. ഈ വിഷയത്തില്‍ പഠനങ്ങള്‍ നടത്തുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡാനിയല്‍ ഹാമര്‍മേഷ് ആകര്‍ഷണീയതയെയും ശമ്പളത്തെയും പറ്റിയുള്ള പുസ്തകത്തിന് നല്‍കിയ തലക്കെട്ട് ഇങ്ങനെയാണ്, ‘സൌന്ദര്യത്തിന്റെ വില: എന്തുകൊണ്ട് ആകര്‍ഷകരായ ആളുകള്‍ കൂടുതല്‍ വിജയിക്കുന്നു.’

ശമ്പളം നിര്‍ണ്ണയിക്കുന്നതില്‍ ഒരാളുടെ രൂപത്തിനുള്ള പങ്ക് ചില കേസുകളിലെങ്കിലും സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് കൂടുതല്‍ കാണുന്നത് എന്നാണ് ഹാമര്‍മേഷ് പറയുന്നത്. എന്നാല്‍ മറ്റുപല പഠനങ്ങളും നേര്‍വിപരീതമാണ് സൂചിപ്പിക്കുന്നത് എന്ന് ഷിനാല്‍ പറയുന്നു. ഒരു ജോലിയില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്ക് രൂപഭംഗി ഒരു പ്രധാനഘടകമാകുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയിലെ ലിംഗാധിഷ്ടിത വേര്‍തിരിവിന്റെ ഒരു ഭാഗം മാത്രമായിരിക്കും ഇത്.

ഈ പ്രത്യേകസാഹചര്യത്തില്‍ ‘ആളുകളെ നേരില്‍ കാണുന്ന ജോലികളില്‍ അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് ജോലി നല്‍കുന്നതില്‍ ആളുകള്‍ മടിക്കുന്നു എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. തൊഴിലുടമകളുടെ സ്വന്തം താല്‍പ്പര്യമോ തങ്ങളുടെ കസ്റ്റമര്‍മാരുടെ താല്‍പ്പര്യം എന്ന് അവര്‍ ധരിക്കുന്നതോ ഒക്കെയാകാം ഇതിനു കാരണം.’ ഷിനാല്‍ പറയുന്നു. അമിതവണ്ണമുള്ള സ്ത്രീകള്‍ തങ്ങളുടെ കസ്റ്റമര്‍മാരോട് ഇടപെടണമെന്നും തങ്ങളുടെ കമ്പനിയുടെ മുഖമായി മാറണമെന്നും തൊഴിലുടമകള്‍ ആഗ്രഹിക്കുന്നില്ല.’ എന്നാല്‍ കായികാധ്വാനം വേണ്ട ജോലികള്‍, ശമ്പളക്കുറവും ആകര്‍ഷണീയത കുറവുമുള്ള ജോലികലാണെങ്കിലും അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് ഉള്ള ഒരേയൊരു ജോലി സാധ്യത ഇവ മാത്രമായിരിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍