UPDATES

വായന/സംസ്കാരം

തസ്രാക്കല്ല ഖസാക്ക്: ഒ.വി വിജയന്‍റെ ഭൗമകല്‍പ്പനകളുടെ പുതിയ വായന

Avatar

ആനന്ദ് സച്ചിന്‍                                                                                             

 

“Those who are redeemed from history are not vanished from time, as history is a pattern and time is moments”- TS Elliot

 

“And if out of this turning-within, out of this immersion in your own world, poems come, then you will not think of asking anyone whether they are good or not. Nor will you try to interest magazines in these works: for you will see them as your dear natural possession, a piece of your life, a voice from it. A work of art is good if it has arisen out of necessity. That is the only way one can judge it.”

“For the creator must be a world for himself and must find everything in himself and in Nature, to whom his whole life is devoted.” -Rilke, letters to a young poet

 

“…I am rather fatalist; but I do know that I have a horror of passion- because I have experienced it, with all its degradation…”-Baudelaire, from the letter to Apollonie Sabatier

 

രായിരം ചോദ്യങ്ങള്‍കൊണ്ട് ചരിത്രത്തിലേക്ക് (അവനവന്റെ ചരിത്രം, ഈഴവ ചരിത്രം, അവഗണിക്കപ്പെട്ടവന്റെ, അധ:കൃതന്റെ ചരിത്രം) ചൂട്ടു മിന്നിച്ചുകൊണ്ടാണ് ‘തലമുറകള്‍’ എന്റെ വായനാമണ്ഡലത്തിലെക്ക് കുടിയേറിയത്. ചൂട്ടില്‍ മിന്നുന്ന ചോദ്യങ്ങള്‍ തീയാണ്, അവനവന്റെ ഉത്പത്തിയിലേക്കുള്ള വെളിച്ചം പതനത്തിലേക്ക് കൂടിയാണ് വീശുന്നതെന്ന് കഥാകാരന്‍ പറയുന്നു…

 

ചന്ദ്രനാണ് ‘തലമുറകള്‍’ ലെ നറേറ്റര്‍. ബീജിങ്ങിലെ, ആയുധക്കച്ചവടക്കാരനായ ചന്ദ്രന്‍ തന്റെ കാമുകിയോട് തന്റെ ചരിത്രം, പൂര്‍വീകം പറയുകയാണ്. ഒന്നാമധ്യായം തുടങ്ങുന്നത് ചന്ദ്രന്റെ കുട്ടിക്കാലത്ത് പൊന്മുടിത്തറവാട്ടിലെ മുറ്റത്തിരുന്നുകൊണ്ട് ചന്ദ്രന്‍ ചോദിക്കുകയാണ്, ഉത്തരങ്ങള്‍ കണ്ടെത്തുന്നത് ചാമിയാരപ്പന്‍, ചന്ദ്രന്റെ മുത്തച്ഛന്‍. കഥയിലെ അന്വേഷി ഒരര്‍ഥത്തില്‍ ഈ മുത്തച്ഛന്‍ ആണ്. മുത്തച്ഛന്‍ ചന്ദ്രന്റെ ഓര്‍മതന്നെയാണ്. ചന്ദ്രന്റെ കളക്ടീവ് മെമ്മറിയയിലേക്ക് ചന്ദ്രന്‍ പറഞ്ഞയയ്ക്കുന്ന ചന്ദ്രന്റെ ആള്‍ട്ടര്‍ ഈഗോ. അങ്ങനെ വായിക്കുമ്പോഴാണ് ചന്ദ്രനെ protagonist ആയി സങ്കല്‍പ്പിക്കുന്നതില്‍ കഥാകാരന്‍ ചെയ്ത ഇന്ദ്രജാലം നമുക്ക് വെളിവാകുന്നത്.

 

കഥ നാല് തലമുറകള്‍ പുറകില്‍ നിന്നും കഥ നടക്കുന്ന കാലത്തില്‍ എത്തുമ്പോഴേക്കും, കാലം (time) ഒരു spiral graph-ലൂടെ കറങ്ങിക്കറങ്ങി ഭൂതകാലത്തിലൂടെയും ഭൂതകാലത്തിന്റെ ഭൂതകാലത്തിലൂടെയും കടന്നു വര്‍ത്തമാനകാലത്തിലെത്തി വീണ്ടും ആവര്‍ത്തിക്കുന്ന ഒരു ‘loop’ലേക്ക് വീഴുകയും പിന്നീട് ഓര്‍മയുടെ തുരുമ്പിലേക്ക് (ruptures of memory) മറയുന്നതായും കാണാം. ഈ കാഴ്ച പൂര്‍ണമാവണമെങ്കില്‍, വിജയനില്‍ ഉത്തരാധുനികതയുടെ വേരോട്ടം പടര്‍ന്നു കേറുന്നത് മനസിലാക്കണമെങ്കില്‍, ഇവിടെനിന്നും വീണ്ടും തലമുറകളിലെ ഒന്നാം അദ്ധ്യായത്തിലേക്ക് പോകണം.

 

‘അന്ന് പാതിരയ്ക്ക്, പടിഞ്ഞാറ്റയ്കകത്ത്, ഉറക്കം ഞെട്ടി ചന്ദ്രന്‍ കിടക്കയില്‍ ഉണര്‍ന്നു കിടന്നു, പുറത്ത് തൊകില്‍ചിറകുകളുടെ താളവാദ്യവുമായി കടവാതില്‍പ്പടകള്‍ പാതിര മുറിച്ചുനീന്തി. അവര്‍ എങ്ങോട്ട് പറക്കുകയാണ്? പിറവി തേടുന്ന ജീവന്മാരാണ് അവരെന്ന് ചന്ദ്രന് തോന്നി. മുത്തശ്ശി തൊട്ടടുത്ത് കിടന്നുറങ്ങുന്നു, വിളിച്ചുണര്‍ത്തിയാലോ? വേണ്ട,ഈ പരേതന്മാര്‍ ഭാഗ്യവാന്മാര്‍, അവര്‍ നിലാവിലൂടെ പറക്കുകയാണല്ലോ; രാമിയും തമ്പിമാരുമാകട്ടെ, അവര്‍ കൊണ്ട നിലങ്ങളുടെ അതിരില്‍ നന്നങ്ങാടിയുടെ ഇരുട്ടില്‍ തടവുകാരായി കഴിയുന്നു. ഉറക്കം അന്വേഷണത്തെ മയക്കി.‘ (തലമുറകള്‍)

 

രാമിയുടെയും പിന്മുറക്കാരുടെയും ചരിത്രകഥനത്തിനു മുമ്പ് ഇങ്ങനെയൊരു മയക്കം, അതിനു മുന്നേ സ്വപ്നമെന്നോണം കടവാതിലുകളുടെ, പിറവി തേടുന്ന പരേതരുടെ പ്രയാണം, എഴുത്തുകാരന്റെ തമാശയല്ല, പിന്നെയോ? ഈ ചരിത്രകഥനത്തില്‍ സ്വപ്നത്തെ, ഭാവന കലര്‍ന്ന ഓര്‍മയെ (corrupted memories), യാഥാര്‍ത്ഥ്യത്തെ, ഇവ മൂന്നിനെയും ഇഴപിരിച്ചെടുക്കേണ്ടതില്ലെന്ന് പറയാതെ പറയുകയാണ് കഥാകാരന്‍. ഓര്‍മയും യാഥാര്‍ത്ഥ്യവും ഭാവനയും ചരിത്രത്തില്‍ വേര്‍തിരിച്ചറിയാനാവാത്ത വിധം കലര്‍ന്നു കിടക്കുന്നു എന്ന ഉത്തരാധുനിക കണ്ടെത്തലിന്റെ സാഹിത്യ ഭാഷ്യം. ഈ ഘടനാപരമായ നിലപാടിനകത്ത് കഥാകാരന്‍ ഒളിപ്പിച്ചുവെച്ച അന്വേഷണം എന്തായിരുന്നു എന്നതാണ് എന്റെ അന്വേഷണം. ആ അന്വേഷണത്തില്‍ ഉത്തരാധുനികോന്മുഖമായ എഴുത്തുകാരന്റെ ഭാഷയെ മനസിലാക്കുന്നതിന്റെ ഔചിത്യം വഴിയെ പറയാം.

 

അന്വേഷണം പുരാതനമാണ്. തന്റെ സ്വന്തം വേരുകളിലേക്ക് നോക്കുമ്പോള്‍ കാല്‍പനികമായ ഒരു രതിമൂര്‍ചയ്ക്ക് പകരം ദു:സ്വപ്നങ്ങള്‍ നിറഞ്ഞ ഒരു കാളരാത്രിയെയാണ് എഴുത്തുകാരന്‍ വരച്ചു കാണിക്കുന്നത്.

 

‘മഹാകവി ജോണ്‍ മില്‍ട്ടന്റെ പറുദീസാ പതനത്തില്‍ നിന്നുമുള്ള ഒരു ബിംബകല്പന ചാമിയാരപ്പനെ അന്ധാളിപ്പിച്ചു. പാപവും മരണവും, മരണം മരണം, അമ്മയും പാപം സന്തതിയും, മരണവും പാപവും നിഷിദ്ധ മിഥുനങ്ങള്‍, സന്തതിയും പുനര്‍സന്തതിയും; അലതല്ലുന്ന പ്രാചീന സമുദ്രങ്ങള്‍ക്ക് മേല്‍ അലയുന്ന പ്രജാപതിയുടെ ത്രാസം എന്തായിരുന്നു, സരസ്വതിയുടെ സൃഷ്ടിക്കു ശേഷം ബ്രഹ്മാവിന്റെ പ്രകമ്പനം എന്തായിരുന്നു?

തന്റെ വിക്ഷോഭത്തില്‍ ചാമിയാരപ്പന്‍ തലകുത്തിനില്‍ക്കുന്ന ഒരു ആല്‍മരത്തെ സങ്കല്പ്പിച്ചു. ഇലകള്‍ മണ്ണില്‍ ചിതറി കരിവാളിച്ച് ഒടുങ്ങുന്നു. വേരുകള്‍ ആകാശത്തേക്ക് അവസാനമില്ലാതെ നീളുന്നു. ഇപ്പോള്‍ അവ സൗരമണ്ഡലങ്ങളെ പിന്നിട്ട് ഭ്രാന്തമായി കയറിപ്പിടിക്കുകയാണ്, തങ്ങളുടെതന്നെ ഉല്‍പത്തിയറിയാന്‍, അന്തിമസമാധിയറിയാന്‍. സൗരമണ്ഡലങ്ങള്‍ക്ക് മുകളില്‍ സൃഷ്ടിയുടെ ഇരുട്ട്, അപാരമായ ജൈവമേഘം, മേഘരൂപിയുടെ മതിഭ്രമം. അപ്പോള്‍ അറിയുന്നു, തലതിരിഞ്ഞ ഈ ബോധിവൃക്ഷം തനിച്ചല്ല, പ്രപഞ്ചത്തിലത്രയും വേദനിക്കുന്ന ഓരോ ജീവിയും തലകുത്തി നിന്നുകൊണ്ട് പിറപ്പിന്റെ വ്യര്‍ഥത അനുഭവിക്കുകയാണ്, തലമുറകളുടെ നിഷ്ഫലത. ഭ്രാന്തിന്റെ സങ്കീര്‍ണ്ണമായ ചങ്ങല. പൊന്മുടിയുടെ ഇരുട്ടിലൂടെ പലായനം ചെയ്ത അഭയാര്‍ത്ഥികള്‍, ശപ്തശരീരികള്‍, സോഫോക്ളീസിന്റെ വചനസരിത്തിലൂടെ അറിഞ്ഞിട്ടും അറിയാത്തപോലെ വിഷത്തിന്റെ അവസാന തുള്ളിയും നുകരാന്‍ കൊതിച്ചവര്‍, മണ്ണില്‍ തലകുത്തി നിന്നുകൂടാ. ഈ അന്വേഷണം ഉപേക്ഷിക്കണം…’ (തലമുറകള്‍)

 

 

Sisyphus-ന്റെ നിരര്‍ത്ഥകമായ പ്രയത്‌നത്തില്‍ Camus കണ്ടെത്തിയ നിഷ്ഫലതയുടെ രഹസ്യം തന്നെയാണ് വിജയന്‍ തലമുറകളുടെ നിഷ്ഫലതയെകുറിച്ച് പറയുമ്പോള്‍ വെളിവാകുന്നത്. അസ്തിത്വവാദം വിജയനെ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നു എന്ന് ഓര്‍ത്തുപോകുകയാണ്. ഈ സ്വാധീനം തന്നെയാണ് വിജയന്റെ കഥാപാത്രങ്ങള്‍ക്ക് മലയാള സാഹിത്യത്തിലെ മറ്റു കഥാപാത്രങ്ങളെക്കാളും ആഴവും തീക്ഷ്ണതയും കൊടുക്കുന്നത്.

സ്വന്തം ഭൂതകാലത്തിലൂടെയുള്ള അവരുടെ അന്വേഷണങ്ങള്‍ അവനവന്റെതന്നെ ജീര്‍ണതയാണ്. (The past is hence essentially his rupture) അവനവന്റെ നാശത്തിലേക്ക് മാത്രമായ ഈ മാരകമായ അന്വേഷണം പക്ഷേ അസ്തിത്വപരമായ ഒരു രതിമൂര്‍ച്ച തന്നെയാണ് നല്കുന്നത്, അതിലേക്കായിത്തന്നെയാണ് ഇവിടെ ഈഡിപ്പസിനെ ഉദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ ഈഡിപ്പല്‍ ആയ ഈ അന്വേഷണത്തെ പാപബോധത്തിന്റെ, കുറച്ചുകൂടി ക്രിസ്തീയമായ ഒരു പശ്ചാത്താപത്തിന്റെ ചില്ലിലൂടെയാണ് ‘സ്‌നേഹത്തിന്റെ കൂട്ടിലിട്ടു വളര്‍ത്തിയ അച്ഛന്‍’ന്റെ’ (‘തലമുറകള്‍’ ഇങ്ങനെ വിശേഷിപ്പിച്ചുകൊണ്ടാണ് സ്വന്തം അച്ഛനു വിജയന്‍ സമര്‍പ്പിച്ചിരിക്കുന്നത്.) മകന്‍ നോക്കിക്കാണുന്നത്.

 

പാപവും മരണവും തമ്മിലുള്ള ഈ അനിഷേധ്യമായ, അവിഹിത ബന്ധം, തലമുറകള്‍ എന്ന നോവലിലെ ഒരു കേന്ദ്രബിന്ദു എന്നതിലുപരി, എഴുത്തുകാരന്റെതന്നെ ആന്തരിക പ്രക്ഷുബ്ദതയുടെ പ്രതിഫലനമാണ് എന്ന് വേണം മനസിലാക്കാന്‍. തലമുറകളില്‍ തെളിഞ്ഞു കാണുന്ന ഈ അന്വേഷണത്തിന്റെ തന്നെ മറുപുറമാണ് 28- ഓളം വര്‍ഷങ്ങള്‍ക്കു പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഖസാക്കിന്റെ ഇതിഹാസത്തിലും കാണുന്നത്. തലമുറകളില്‍ കൃത്യമായ ഒരു അസ്തിത്വവാദപരമായ ഘടന ഈ അന്വേഷണത്തിന് (പാപബോധത്തിന്) കൈവന്നിരിക്കുന്നു എങ്കില്‍, ഖസാക്കില്‍ കുറച്ചുകൂടി ആ Baudelaireian ആസ്വാദനത്തിന്റെ സ്വാധീനം അതിനെ (ആ അന്വേഷണത്തെ, പാപബോധത്തിനെ) എഴുത്തുകാരന്റെ അസ്തിത്വതില്‍നിന്നും പിടിച്ചകറ്റുന്നു.

 

തലമുറകള്‍ വിജയന്റെ ഭൗമധാരണയെ (mental landscape) ചരിത്രവുമായി, സാമൂഹിക പശ്ചാത്തലങ്ങള്‍ക്ക് വഴങ്ങിക്കൊടുത്തുകൊണ്ടുള്ള ഒരു ഭൂമിശാസ്ത്ര കല്പനയായി വരയ്ക്കുന്നുവെങ്കില്‍, ഖസാക്കില്‍ അതിനു കുറേക്കൂടി tendency towards abstraction ആണുള്ളത്. ഖസാക്ക് ചരിത്രത്തിന് (objective history) പുറത്തു നില്ക്കുന്ന, സമൂഹത്തിന്റെ കാലഗണനയ്ക് അതീതമായ ഒരു stagnant time-ലാണ്, തളംകെട്ടിക്കിടക്കുന്ന കാലത്തിലാണ്. ഇത്തരത്തിലുള്ള, ഒരു അസ്തിത്വവാദപരമായ, ഉത്തരാധുനികാവബോധത്തോടെയുള്ള ഒരു വായനയുടെ അഭാവം വിജയനെ വായിക്കുമ്പോള്‍ പൊതുവെ നമുക്കുണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. മലയാള സാഹിത്യ നിരൂപണത്തില്‍ തന്നെ സ്വയംകൃതമായ ഒരു വൃത്തത്തിനകത്ത് കൂടി മാത്രം നോക്കിക്കാണാനുള്ള പ്രവണതയുടെ ബാക്കിപത്രമായാണ് ഇതിനെ മനസിലാക്കാന്‍ കഴിയുന്നത്.

 

ഇവിടെയാണ് ഓ വി വിജയനെപ്പോലെ ഒരു സ്വപ്നജീവിയുടെ സൃഷ്ടികളെ കൂടുതല്‍ ആഴത്തില്‍ വായിക്കേണ്ടതിന്റെ, അന്വേഷണാത്മകമായ പുനര്‍വായനയുടെ, പ്രസക്തി ഉദിക്കുന്നത്. പുതിയ വായനകള്‍ കൃതികളിലൂടെ എഴുത്തുകാരന്റെ പ്രചോദനങ്ങളിലേക്ക്, എഴുത്തിനാസ്പദമായ മാനസിക ഭൌമമണ്ഡലത്തിലേക്ക് കൂടി കടന്നു ചെല്ലണം. എഴുത്തുകാരനില്‍ നിന്നും വിഭിന്നമല്ലാതെ കൃതികളെ മനസിലാക്കാനുള്ള retrospective readings ആവാം ഈ പുതിയ വായനകള്‍. ഉത്തരാധുനികതയിലൂടെ മരിച്ചുപോയ സൃഷ്ടാവിനെ അയാളുടെ കൃതികളിലൂടെ, അയാളുടെ അസ്തിത്വത്തിലൂടെ, അയാളുടെ അവശിഷ്ടങ്ങളിലൂടെ, അയാള്‍ വരച്ചു കാണിച്ച അയാളുടെ ലോകത്ത് പുനര്‍സൃഷ്ടിക്കാനുള്ള കലാപരത പുതിയ വായനകള്‍ക്ക് വേണം.

 

ഇതുവരെ ശീലിച്ച വായനകളില്‍നിന്നെല്ലാം പുറത്തുകടന്ന്, പുതിയ കാലത്തിന്റെ പുതിയ കണ്ണുകളിലൂടെ ചരിത്രാവശിഷ്ടങ്ങളെ പഠിക്കുന്ന അന്വേഷണകുതുകിയാവണം പുതിയ വായനക്കാരന്‍. പുതിയ കാലം എന്നത് ഇരുപതാം നൂറ്റാണ്ടിനു ശേഷം വന്ന ഇരുപത്തൊന്നാം നൂറ്റാണ്ടല്ല, വ്യാവസായിക വിപ്ലവത്തിനു ശേഷം വന്ന വികസിത സമൂഹത്തിന്റെ കാലവുമല്ല. കാലദേശാന്തരങ്ങളെ അതിജീവിക്കാന്‍ കെല്‍പ്പുള്ള, യാഥാര്‍ഥ്യത്തോടൊപ്പം ഓര്‍മകളെയും ഭാവനകളെയും സ്വപ്നങ്ങളെയും ഒരുമിച്ചിരുത്താന്‍ കഴിയുന്ന, അനന്തമായ കാലത്തില്‍ കറങ്ങിത്തിരിഞ്ഞു വരുന്ന, ഭൂതകാലത്തെയും ഭാവികാലത്തെയും ആവാഹിച്ച് അകത്താക്കുന്ന അച്ചടക്കമില്ലാത്ത വര്‍ത്തമാനകാലത്തെ സ്വീകരിക്കുന്നതാണ് ഈ പുതിയ കാലം.

 

ഈ പുതിയ വായനയില്‍ വിജയന്റെ കലാപരതയിലെ സോഫിസ്റ്റിക്കേഷന്‍ മനസിലാകുന്നു. ഈ നാള്‍വരെയും പരിചിതമായ ആശയസംഹിതകളിലൂടെ മാത്രം പുതിയതിനെ നോക്കിക്കണ്ട് ശീലിച്ചതാണ് മലയാളി ബുദ്ധിജീവിമണ്ഡലത്തിന്റെ വലിയ പാളിച്ചകളിലൊന്ന്. പുരോഗമനം എന്ന ആശയത്തിന് മേല്‍ പതിച്ച മാര്‍ക്സിയന്‍ ദൃഷ്ടിദോഷവും ഒരു പരിധിവരെ ഈ പാളിച്ചയ്ക് വഴിയൊരുക്കി.

 

മലയാളി അക്കാദമിക്സിന്റെ ഒരു അപജയം എന്ന് പറയാന്‍ കഴിയില്ലെങ്കിലും, പുതിയ വായനകളെ ഒരു പരിധിവരെ ചെറുത്തു നിന്നത് ഈ ‘marxian fixation’ ആണ്. Marxian fixation എന്ന് പറയുന്നത്, commune എന്ന reference point-ല്‍ നിന്നുകൊണ്ട് രൂപീകൃതമാകുന്ന ഏത് അന്വേഷണങ്ങളും കാഴ്ച്ചപ്പാടുകളുമാണ്. ഈ reference point-ല്‍ നിന്നും പുറത്തു കടക്കാന്‍ കഴിയാതെ വരുമ്പോളാണ് നമ്മള്‍ അറിയാതെതന്നെ നമ്മുടെ കാഴ്ച്ചപ്പാടുകള്‍ പരിമിതമാകുന്നത്. Marxian fixation-നെ അതിജീവിച്ച് communal reference point-നു അതീതമാകുമ്പോള്‍ മാത്രമാണ് നിലപാടുകള്‍ subjective reference point-ല്‍ ഉള്ള അനേകമായ സാദ്ധ്യതകളെ അറിയുന്നത്. Communal reference point-കള്‍ എപ്പോഴും ‘universal’-കളെയാണ് ആശ്രയിക്കുക. ഉദാഹരണത്തിന് ‘സ്ത്രീയും പുരുഷനും സമത്വം അര്‍ഹിക്കുന്നു’ ഈ ധാരണ തത്വത്തിലാണ് ഉള്ളത്. ആശയങ്ങളുടെ തലത്തില്‍ നിന്നുമാണ് ഈ പ്രസ്താവന നമ്മുടെ ബോധമണ്ഡലവുമായി സംവദിക്കുന്നത്. ആശയവിനിമയത്തിനായി, (ആശയ ശേഖരണത്തിനും -knowledge archival) ഈ universal-ലുകള്‍ സഹായകമാവുന്നു എങ്കിലും, ആശയങ്ങളുടെ (concepts) ലോകത്തിനു പുറത്ത് ഇതിനു നിലനില്‍പ്പില്ല. യഥാര്‍ത്ഥത്തില്‍ ‘സ്ത്രീ’ എന്നതോ ‘പുരുഷന്‍’ എന്നതോ ആയ ഒരു സങ്കല്‍പ്പത്തിനും നിലനില്‍പ്പില്ല. നമ്മള്‍ ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിഞ്ഞ അനേകം പുരുഷന്മാരെയും സ്ത്രീകളെയും സംബന്ധിച്ച അറിവിലൂടെയാണ് (through individuals) ഈ സങ്കല്‍പം ബോധമണ്ഡലത്തില്‍ നിലനില്‍ക്കുന്നത്. വസ്തുനിഷ്ഠമായ സങ്കല്‍പങ്ങളുടെ (objective) നിലനില്‍പ്പിനാവശ്യമായ ഈ വ്യക്തികേന്ദ്രീകൃതമായ (subjective) അറിവിന്റെ തലങ്ങള്‍ subjective reference point-കളെ കേന്ദ്രീകരിച്ചാണ് നിലനില്ക്കുന്നത്. വികാരങ്ങളുടെ തലത്തിനും (affect/emotion) ഈ വ്യക്തികേന്ദ്രീകൃതമായ reference point തന്നെയാണ് ആധാരം. ഇത് subjectivity-യുടെ തലമാണ്. ഈ subjectivity-യെയാണ് marxian fixation (communal reference point) -നു പകരം പുതിയ വായന ആശ്രയിക്കുന്നത്.

 

 

Communal reference point-നു പുറത്തിറങ്ങി, marxian fixation-നെ അതിജീവിച്ചുള്ള subjective ധാരണയുടെ അഭാവമാണ് മലയാളി അക്കാദമിക്സിന്റെ (വിജയനെ വായിക്കുന്നതിലെങ്കിലും) പരിമിതിയായി ചൂണ്ടിക്കാണിക്കാന്‍ ഉള്ളതെന്ന് നേരത്തെ പറഞ്ഞല്ലോ, ആ പരിമിതികളിലെക്കുള്ള ഒരു പ്രധാന ചൂണ്ടുപലകയാണ് തസ്രാക്ക് എന്ന ഒരു പാവം പാലക്കാടന്‍ ഗ്രാമത്തെ കാല്പ്പനികവത്കരിക്കാനുള്ള ശ്രമങ്ങളത്രയും. ഖസാക്കിനു തസ്രാകിന്റെ ഛായയാണ് എന്ന് കഥാകാരന്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ തസ്രാക്കല്ല ഖസാക്കെന്നു പറയുന്നതിന്റെ ഉത്തരവാദിത്തം ഞാന്‍ മനസിലാക്കുന്നു. തസ്രാക്ക് ആണ് ഖസാക്കിനു ആസ്പദമായത് എന്ന് വിജയന്‍ പറയുമ്പോള്‍ പുതിയ വായനയില്‍ മനസിലാക്കുന്നത് ഖസാക്ക് എന്ന മെറ്റഫറിന് തസ്രാക്ക് എന്ന material landscape കാരണമായി എന്നാണ്. തസ്രാക്ക് പ്രചോദനമായിരുന്നു. പ്രചോദനം മാത്രമായിരുന്നു.

 

പുതിയ വായന subjective ആണ്, ആസ്വാദനവും. അതുകൊണ്ട്തന്നെ ഇത് ‘ഒരു’ ആസ്വാദനം എന്നതിലുപരി വിജയന്റെ സൗന്ദര്യശാസ്ത്രത്തിനു മേല്‍ അവകാശപ്പെടുന്ന അവസാന വാക്കൊന്നുമല്ല. controdicting-ഉം complementing-ഉം ആയ അനേകം വായനകളുടെ സാദ്യതകള്‍ തുറന്നിടുന്നത് തന്നെയാണ് പുതിയ വായനയുടെ രീതി. അതുകൊണ്ടുതന്നെ പുതിയ വായന ‘വായനകള്‍’ ആണ്. ആ ബഹുസ്വരത തന്നെയാണ് പുതിയ വായന ലക്ഷ്യമാക്കുന്നത്. വിജയനെ സംബന്ധിച്ചിടത്തോളം കൂടുന്ന വായനകള്‍ ഓരോന്നും ഒരു വജ്രത്തിന്റെ വശങ്ങള്‍ കണക്കെ വിജയന് മാറ്റ് കൂട്ടുകയെ ഉള്ളു. വായനയെ എണ്ണത്തിലും സാധ്യതകളിലും പരിമിതപ്പെടുത്തുന്നത് മാത്രമാണ് ഒരു കലാകാരനോടുള്ള അവഗണന. ഇത്തരത്തില്‍ ആലോചിച്ചാല്‍ തമസ്‌കരണം ആവോളം അനുഭവിച്ചവ കൂടിയാണ് വിജയന്റെ കൃതികള്‍.

 

തസ്രാക്ക് muse ആയിരുന്നു. ആ മഹത്വവും ഭംഗിയും ആ പ്രദേശത്തിന് ഉണ്ട് എന്നതിലും തര്‍ക്കമില്ല. പക്ഷെ ഒരു മെറ്റഫറിനെക്കാള്‍ പ്രാധാന്യം ആ മെറ്റഫറിനു കാരണമായതിനുണ്ടാവണം എന്ന് വാശി പിടിക്കാമോ? തസ്രാക്ക് എന്ന ആ പ്രചോദനത്തെ ആഘോഷിക്കുന്നവര്‍ ഖസാക്ക് എന്നമെറ്റഫറിനെ കുറിച്ച് സൗകര്യപൂര്‍വ്വം മറന്നുപോകുന്നു എന്നതാണ് സങ്കടകരം. ഇതാണ് മലയാളി അക്കാദമിക്സിന്റെ പരിമിതിയായി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നതും. മലയാളത്തിന്റെ ഒരു പ്രശസ്ത കവി (പേര് പറയുന്നില്ല) കള്ള് കുടിച്ച് പൂസായി തസ്രാക്കിലൂടെ, കയ്യില്‍ നീല ഞരമ്പോടിയ മൈമുനയെ അന്വേഷിച്ചു ബഹളമുണ്ടാക്കിയത് ഓര്‍ത്തു പോകുകയാണ്.

 

തലമുറകള്‍ എന്ന കൃതി അര്‍ത്ഥങ്ങളുടെ (കാലത്തിന്റെയും) എണ്ണമറ്റ തലങ്ങള്‍ സൃഷ്ടിക്കുകയാണ്. മുങ്ങാങ്കോഴിക്കു മുന്നില്‍ തുറന്ന വില്ലീസു ജാലകങ്ങളെപോലെ, ബോധത്തിന്റെ അപരിചിത മണ്ഡലങ്ങളിലൂടെ ചന്ദ്രന്‍, ചാമിയാരപ്പനിലൂടെ നടന്ന്, പൂര്‍ണ തകര്‍ച്ചയിലെത്തിയ സ്വന്തം അസ്തിത്വത്തെ കണ്ടെത്തുന്നു. ആ അന്വേഷണത്തില്‍, കാലവും യാഥാര്‍ത്ഥ്യവും വ്യവസ്ഥാപിതമായ നിര്‍വചനങ്ങള്‍ക്കു പിടികൊടുക്കാതെ, പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന പരസഹസ്രം സര്‍പ്പങ്ങള്‍ കണക്കെ കണ്ടെത്തപ്പെടുന്നു. ആ കണ്ടെത്തലുകളില്‍ നിസ്സാരത്വവും അര്‍ത്ഥശൂന്യതയും ജീര്‍ണതയും സമ്മേളിക്കുന്നു. മഹത്തായ ഒരു ഭൂതകാലം അന്വേഷിച്ച് ഗൃഹാതുരത്വത്തിന്റെ പരകോടിയിലെത്താനും, സ്വയം ദൈവത്തിന്റെ ബീജമാണെന്ന് തിരിച്ചറിയാനും കൊതിക്കുന്നവര്‍ക്ക് വിജയന്‍ നിരാശയാണ് സമ്മാനിക്കുന്നത്. ഈ കാഴ്ച്ചപ്പാടാകട്ടെ, കൃതിയെക്കാളുപരി കഥാകാരന്റെതാണ് എന്ന് തിരിച്ചറിയുന്നിടത്താണ് വിജയന്റെ കൃതികളിലൂടെ വിജയനെ മനസിലാക്കാനും, അങ്ങനെ മനസിലാക്കിയ വിജയനിലൂടെ വിജയന്റെ കൃതികളെ പുനരന്വേഷിക്കാനും പുതിയ വായന ശ്രമിക്കുന്നത്.

 

തസ്രാക്കിനെ ഒരു മെറ്റഫറിന്റെ പ്രചോദനമാണെന്ന് മനസിലാക്കി, ഖസാക്കിനെ തസ്രക്കിനതീതമായ ഒരു മെറ്റാഫര്‍ ആയി കാണുകയാണ് പുതിയ വായന. വിജയന്റെ സൗന്ദര്യശാസ്ത്രത്തെ അസ്തിത്വവാദപരമായി കൂടി മനസിലാക്കുകയാണ് ഇവിടെ.

 

ഒ.വി വിജയന്‍ വളരെ സൂക്ഷ്മധാരണയോടെ ലാന്‍ഡ്സ്കേപ്പുകളെ ആവിഷ്‌കരിക്കുന്ന ഒരു സൃഷ്ടാവാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ അവരെക്കാള്‍ സോഫിസ്റ്റിക്കേറ്റഡ് ആയ ഒരു ഭൂമികയുമായി ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്നു. കഥയുടെ ഭൂമിശാസ്ത്രം തന്നെ ഒരു കഥാപാത്രമാകുന്ന മഹേന്ദ്രജാലം കണ്ട് അത്ഭുതപ്പെട്ടത് ഖസാക്കിന്റെ ഇതിഹാസത്തിലാണ്. ഖസാക്ക് രവിയെ സംബന്ധിച്ചിടത്തോളം ഒരു വഴിയമ്പലമാണ്. അലഞ്ഞുതിരിഞ്ഞ് , കഴിഞ്ഞകാലത്തില്‍ നിന്നും ഒളിച്ചോടിയെത്തിയ ഒരു ഇടത്താവളം. എന്നാല്‍ പുതിയ വായനയെ സംബന്ധിച്ചിടത്തോളം ഖസാക്ക് രവിയില്‍ നിന്നും വിഭിന്നമല്ല. ചിറ്റമ്മയോടുള്ള പ്രണയവും അച്ഛനോടുള്ള കുറ്റബോധവും കലര്‍ന്ന് കലുഷിതമാക്കപ്പെട്ട ആ Baudelaireian psyche-യുടെ ചരിത്രത്തില്‍ നിന്നും, വ്യവസ്ഥാപിതമായ കാലത്തില്‍ നിന്നും ഓടിയൊളിക്കാനുള്ള ഒരു surreal .

രവിയുടെ പലായനത്തിനും ബോദ്‌ലെയരുടെ ജീവിതത്തിനും അസാമാന്യമായ സാദൃശ്യമുണ്ട്. അമ്മയോടുള്ള ഈഡിപ്പല്‍ അഭിനിവേശവും അച്ഛനോടുള്ള അടങ്ങാത്ത ഭക്തിയും contradict ചെയ്ത് കുറ്റബോധം ഉണര്‍ത്തുന്ന കലുഷിതമായ മനസാണ് രവിയുടെ ഒളിച്ചോട്ടങ്ങള്‍ക്ക് നിദാനം. സംഘര്‍ഷഭരിതമായ ജീവിതകാലം മുഴുവന്‍ ഈ ദ്വന്ദം ബോദ്‌ലെയറുടെ ജീവിതത്തിലും നിഴലിച്ചു കാണാം, അമ്മയോടുള്ള പ്രണയവും അച്ഛനോടുള്ള ഭക്തിയും. അപ്രാപ്യമായ (സാമൂഹിക വ്യവസ്ഥിതികളാലും) ഒന്നിനോടുള്ള അടങ്ങാത്ത ആഗ്രഹവും, തന്മൂലം സംഭവിക്കുന്ന ദ്വന്ദവും (conflict) സ്വയം ആവാഹിക്കുന്ന ജീര്‍ണതയും തന്നെയാണ് ബോദ്‌ലെയറുടെ പ്രണയസങ്കല്‍പ്പങ്ങളെ ഇത്ര കോണ്‍ഫ്ലിക്റ്റ് ആക്കുന്നത്. റില്‍കെയാവട്ടെ, ഒരു സ്ത്രീയോടുള്ള പ്രണയത്തില്‍ അമ്മയോടുള്ള പ്രണയം ഉള്ളടങ്ങിയതായി പറയുന്നു. മതത്തിന്റെ (church) ethical ചട്ടക്കൂടുകള്‍ക്കതീതമായി രതിയെ മനസിലാക്കുന്ന സമൂഹത്തില്‍ അദ്ദേഹം പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുന്നു. ഏകാന്തതയില്‍ ഉയരുന്ന ചോദ്യങ്ങളുമായി, ജീവിതം തരുന്ന വേദനകളുമായി ജീവിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ചൂണ്ടുപലകകള്‍ പോലെ, ഖസാക്കിലെത്തുന്ന രവി റില്‍കെയുടെയും ബോദ്‌ലെയറുടെയും പുസ്തകങ്ങള്‍ തന്റെ മുറിയിലെ റാക്കില്‍ വെയ്ക്കുന്നുവെന്നു വിജയന്‍ എഴുതുന്നു. പ്രിന്‍സ് തിരുവാങ്കുളം ആരാണെന്ന് എനിക്ക് യാതൊരു അറിവുമില്ല.

 

 

റില്‍കെയെയും ബോദ്‌ലെയറിനെയും കൂട്ടിക്കുഴച്ച് ഖസാക്കിലേക്ക് എടുത്തെറിയുന്നതെന്തിനെന്നു ചോദ്യങ്ങളുണ്ടായേക്കാം. ഈ സാദൃശ്യങ്ങള്‍ തികച്ചും ആകസ്മികങ്ങളും ആയേക്കാം. ഇരുപതിലധികം അധ്യായങ്ങള്‍ ഉള്ള, തികച്ചും തനതായ, പാലക്കാട്ടുകാര്‍ സ്വന്തമെന്നു കൊട്ടിഘോഷിക്കുന്ന ഒരു പുസ്തകത്തില്‍, എവിടെയോ ഒരിക്കല്‍ മാത്രം പരാമര്‍ശിക്കപ്പെട്ട ഈ പേരുകള്‍ യാദൃശ്ചികമായി സംഭവിച്ചതാണ് എന്നേ എഴുത്തുകാരന്‍ പോലും സമ്മതിക്കുകയുള്ളു എന്നും നിങ്ങള്‍ പറഞ്ഞേക്കാം. എങ്കില്‍ ഒന്ന് ആദ്യമേ പറയട്ടെ, ഖസാക്കും പാലക്കാടുമായി അതിലെ കഥാപാത്രങ്ങളുടെ സംസാരശൈലിയില്‍ കവിഞ്ഞ് യാതൊരു ബന്ധവുമില്ല. പാലക്കാടിലെ കാറ്റിനും അള്‍ജീരിയയിലെ കാറ്റിനും തമ്മില്‍ ആശയപരമായി വലിയ വ്യത്യാസങ്ങളുമില്ല. വിജയന്‍ നിലനിന്നിരുന്ന കാലഘട്ടത്തെ കുലുക്കിമറിച്ച ദര്‍ശനങ്ങളുടെയും ആശയ സംഹിതകളുടെയും പ്രതിഫലനങ്ങള്‍ ഖസാക്കില്‍ വ്യക്തമായും ഉണ്ട്. (വിജയന്‍ നിലനിന്നിരുന്ന കാലഘട്ടം എന്ന് ഞാന്‍ പറയുമ്പോള്‍, കേരളത്തിനകത്ത് മാറ്റൊലി കൊണ്ട കമ്മ്യുണിസ്റ്റ് കാലഘട്ടമല്ല, മറിച്ച്, ആഗോളതലത്തില്‍ സാഹിത്യത്തിലും കലയിലും വീശിയടിച്ച അസ്തിത്വവാദത്തിന്റെയും ഉത്തരാധുനികതയുടെയും കാലഘട്ടം തന്നെയാണ്) ഇത്തരത്തില്‍ ഇത് വായിക്കാനുള്ള പഴുതുകള്‍ വിജയന്‍ മന:പൂര്‍വ്വം തുറന്നിട്ടതാണെന്നു വേണം കരുതാന്‍. ഖസാക്കിന്റെ ഈ subjective സ്വഭാവം കൊണ്ടുതന്നെയാണ്, പുറംലോകത്തു നടക്കുന്ന സംഭവവികാസങ്ങള്‍, തൊഴിലാളിസമരങ്ങളും രാഷ്ട്രീയവുമെല്ലാം കൂമന്‍കാവില്‍ വച്ചുതന്നെ തീരുന്നത്. അതുകടന്നാല്‍ സെയ്യിദ് മിയാന്‍ ഷൈക്കിന്റെ ലോകമാണ്, ചെതലിമല വരെയും. അതും കടന്നാല്‍പ്പിന്നെ ലോകാരംഭം മാത്രം. ഖസാക്കിനു സ്വന്തം ചരിത്രമുണ്ട്, ഇതിഹാസവും വിശ്വാസങ്ങളും. പള്ളി പുതുക്കിപ്പണിയാന്‍ ഋഷിദൈവാദികളോട് ചോദിക്കുന്ന പോതിയും, ചടച്ച പാണ്ടന്‍കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ഷൈക് തങ്ങളുമൊക്കെ ഖസാക്കിന്റെ മാത്രമാണ്.

 

ഖസാക്ക് surreal ആണ്, abstract ആണ്. ഖസാക്ക് രവിയുടെ psychic landscape ആണ്. രതിയും (കൃസ്തീയമായ കാഴ്ച്ചയില്‍ ‘പാപം’ മരണവും ‘പാപബോധം’) സംഘര്‍ഷഭരിതമാക്കിയ രവിയുടെ മനസു പോലെതന്നെ വരണ്ടതും, ഒട്ടും polished അല്ലാത്തതുമാണ് ഖസാക്ക്. പ്രാകൃതമാണ് ഖസാക്കിന്റെ നിയമങ്ങള്‍. പാപത്തിനും മരണത്തിനും വിധിക്കാന്‍ കഴിയാത്ത പ്രണയത്തിന്റെ സൂഫി സിംബലുകള്‍ തകര്‍ന്നിടിഞ്ഞിരിക്കുന്നത് കാണാം, ഖസാക്കിലുടനീളം. Redemption നു ഒട്ടും സാധ്യതയില്ലാത്ത, പാപബോധത്തിന്റെ അവസാനത്തെ ഒളിത്താവളമാണ് ഖസാക്ക്. അതിന്റെ കാലം 12 പള്ളികള്‍ക്കിടയില്‍ തളം കെട്ടിക്കിടക്കുന്നു. ഒഴുക്കില്ലാത്ത കാലം. Stagnent time. 

 

ഖസാക്ക് ഒരു വഴിയമ്പലമാണ്. ചരിത്രത്തില്‍ നിന്നും രക്ഷപ്പെട്ടു വരുന്നവരുടെ ഒളിത്താവളം. ചരിത്രത്തില്‍ സ്ഥാനമില്ലാത്തവരുടെ അവസാനത്തെ അഭയസ്ഥാനം. പെട്രോപരാമോവിലെ മരിച്ചവരുടെ നാടായ കൊമാലയെ പോലെ, ആരോ മറന്നു വെച്ചത് പോലെ ഖസാക്കും ഖസാക്കുകാരും 12 പള്ളികള്‍ക്കിടയില്‍ തളം കെട്ടിനില്‍ക്കുന്ന കാലത്തോടൊപ്പം കെട്ടിനിന്നു ജീര്‍ണ്ണിച്ചു. അള്ളാപ്പിച്ച മൊല്ലാക്കയും അപ്പുക്കിളിയും കുപ്പുവച്ചനുമൊക്കെ ഈ ജീര്‍ണ്ണതയുടെ ഭാഗങ്ങളായി.

 

ഖസാക്ക് ഭൂപടത്തിലുള്ള ഒരിടമല്ല. ഓര്‍മകളുടെ മരുഭൂമിയില്‍, ഭയവും സങ്കല്‍പവും ഇഴപിരിച്ചുണ്ടാക്കിയ ഒരു മരീചികയാണ്. ഈ കാലവും ദേശവും രവിയുടെതു മാത്രമായിരുന്നു. പുറംലോകത്തു നിന്നും ആകെ കടന്നു വന്നത് പദ്മയാണ്. പൂര്‍വജീവിതത്തില്‍ നിന്നുമുള്ള ആ വരവില്‍ തകര്‍ന്നു പോയത് രവിയുടെ ചീട്ടുകൊട്ടാരമാണ്. സ്വന്തം ഓര്‍മയുടെ (യാഥാര്‍ത്ഥ്യവും സങ്കല്‍പവും ഇടകലര്‍ന്ന ഓര്‍മ) ചിത്രങ്ങളാല്‍ പടുത്തുയര്‍ത്തിയ ഒളിത്താവളം പൂര്‍വജീവിതത്തിലെ ഒരു ബിന്ദുവിന്റെ സാന്നിധ്യത്തോടുകൂടി മലിനമാവുകയാണ്. ഇനി അവിടെനിന്നും പോയേ പറ്റൂ. രതിയുടെയും പശ്ചാത്താപത്തിന്റെയും പലായനത്തിന്റെയും ഓര്‍മകള്‍ക്ക് അപ്പുറമുള്ള രവിയുടെ ആ യാത്ര തുടങ്ങുന്നത് മരണമെന്ന പടിവാതില്‍ കടന്നാണ്. അവിടെയും യാത്ര പറയാന്‍ അച്ഛന്‍ മാത്രമേയുള്ളൂ. സായാഹ്നയാത്രകളുടെ അച്ഛന്‍… ഒരു ദുമൂര്‍ത്തിയുടെ സാന്നിദ്ധ്യം പോലെ അച്ഛന്റെ ഓര്‍മ (പാപബോധത്തിന്റെയും) അവസാനനിമിഷം വരെയും രവിയെ പിന്‍തുടരുന്നു.

ഖസാക്കിന്റെ ഇതിഹാസവും തലമുറകളും പരസ്പരപൂരകങ്ങള്‍ ആണെന്ന് വേണം പറയാന്‍. ഒരേ വിഷയത്തിന്മേലുള്ള പരസ്പരപൂരകങ്ങളായ രണ്ടു നിലപാടുകള്‍. ഈഡിപ്പല്‍ ആയ ഒരു സമസ്യയുടെ രണ്ടു തലങ്ങള്‍.

തലമുറകളും ഖസാക്കിന്റെ ഇതിഹാസവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്, രണ്ടു വിരുദ്ധ ധ്രുവങ്ങളിലേക്കു ഉത്തരമന്വേഷിച്ചു പോയ ഒരേ ചോദ്യങ്ങള്‍.

 

ഈഡിപ്പല്‍ ആയ ഒരു പാപബോധത്തില്‍ നിന്നും പലായനം ചെയ്ത്, ജീര്‍ണ്ണതയിലെക്ക് കൂപ്പുകുത്തുന്ന, തളം കെട്ടിക്കിടകുന്ന കാലത്തിന്റെ അബ്സ്ട്രാക്റ്റ് ആയ ഒരു surreal ഭൂമികയാണ് ഖസാക്കെങ്കില്‍, തലമുറകള്‍ ആ പാപബോധത്തിന്റെ വേരുകളിലേക്ക് അന്വേഷിച്ചിറങ്ങി, ആ അന്വേഷണത്തിന്റെ തീക്ഷ്ണതയിലാണ് ജീര്‍ണ്ണിച്ച് ഇല്ലാതാകുന്നത്. ഈ നാശോന്മുഖമായ അന്വേഷണത്തില്‍ വ്യവസ്ഥാപിതമായ, ചരിത്രപരമായ കാലഗണനയെയും, ഭൌമസങ്കല്‍പത്തെയും അരാജകമായ ഒരു ചൂഷണത്തിന് വിധേയമാക്കിയാണെങ്കിലും ആശ്രയിക്കുന്നുണ്ട്. ഈഡിപ്പല്‍ ആയ ആ പശ്ചാത്താപത്തെ കൂടുതല്‍ ആഴത്തില്‍ മനസിലാക്കാനും പക്വമതിയായ ഒരു നിലപാട് കൊണ്ട് ഓരോ മനുഷ്യന്റെയും subjective ബോധമണ്ഡലത്തിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനും തലമുറകള്‍ക്ക് കഴിയുന്നുണ്ട്. ഖസാക്കില്‍ നിന്നും പൊന്മുടിയിലെക്ക് കഥാകാരന്‍ നടന്ന ദൂരങ്ങള്‍ സമ്മാനിച്ച പ്രായവും, അതില്‍ പൊതിഞ്ഞ അനുഭവങ്ങളും പുരാതനമായ ആ ചോദ്യത്തെ നൂതനമായ ആശയക്കുഴപ്പങ്ങളില്‍ പൊതിഞ്ഞുകൊണ്ട് ഉള്‍ക്കൊള്ളാന്‍ കഥാകാരനെ പ്രാപ്തമാക്കിയെന്നു വായിക്കാം. അതെന്തുതന്നെയായിരുന്നാലും, ഇക്കാലമത്രയും ഉള്ളില്‍ കൊണ്ടുനടന്ന ഒരു ചോദ്യമായി ഈ ഈഡിപ്പല്‍ പാപബോധം വിജയനെ വായിക്കുമ്പോള്‍ ഓര്‍മയുടെ മണ്ഡലത്തിലേക്ക് ചെറുത്തുനില്‍ക്കാനാവാത്ത ഒരു വെളിപാട് പോലെ ഇറങ്ങിവരുന്നു.

 

(Anand Sachin is a graduate in Arts and Aesthetics from Jawaharlal Nehru University. He has considerable experience in drama and theatre and has also organised film festivals in his home town, Palakkad. Having read philosophy at college, his works bear the influences of literary philosophers and mystics. His love for the work of OV Vijayan stems from the deep connection he senses between landscapes and the socio-political life of a region.)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍