UPDATES

ട്രെന്‍ഡിങ്ങ്

ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരുമാകുന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തോട് എത്രനാള്‍ കണ്ണടയ്ക്കും?

സാമ്പത്തികവളര്‍ച്ചയും ജിഡിപിയും സംബന്ധിച്ച അവകാശവാദങ്ങള്‍ക്കിടയില്‍ ലോകവ്യാപകമായി ഗവണ്‍മെന്‌റുകള്‍ക്ക് വലിയ തോതില്‍ നികുതിയിനത്തില്‍ വരുമാന നഷ്ടമുണ്ടാകുന്നുണ്ട്. അതിസമ്പന്നര്‍ നികുതി വെട്ടിച്ച് കള്ളപ്പണം വിദേശത്ത് സുരക്ഷിതമായി നിക്ഷേപിക്കുന്നു.

ഇന്ത്യയിലെ 70 ശതമാനം വരുന്ന ദരിദ്രജനതയ്ക്ക് ആകെയുള്ള സ്വത്തിന് തുല്യമായതാണ് രാജ്യത്തെ 57 ശതകോടീശ്വരന്മാര്‍ കൈവശം വച്ചിരിക്കുന്നത് എന്നാണ് 18 ആഗോള സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ഓക്‌സ്ഫാമിന്‌റെ റിപ്പോട്ടില്‍ പറയുന്നത്. ലോകത്താകെയുള്ള കണക്കെടുക്കുമ്പോള്‍ ഏറ്റവും ദരിദ്രരായ 50 ശതമാനം പേര്‍ക്ക് ആകെയുള്ള സ്വത്തിന് തുല്യമായത് എട്ട് ശതകോടീശ്വരന്മാര്‍ കൈവശം വച്ചിരിക്കുന്നു. മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സും ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഇതില്‍ ഉള്‍പ്പെടുന്നു. 426 ബില്യണ്‍ ഡോളറാണ് ഈ എട്ട് പേരുടെ സമ്പാദ്യം. ഇനീക്വാലിറ്റി റിപ്പോര്‍ട്ട് എന്നറിയപ്പെടുന്ന ഓക്‌സ്ഫാമിന്‌റെ റിപ്പോര്‍ട്ട് ലോകത്ത് വര്‍ദ്ധിച്ച് വരുന്ന സാമ്പത്തിക അസമത്വങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

വരുമാന വളര്‍ച്ചയിലും വലിയ അസമത്വം കാണാം. 1988 മുതല്‍ 2011 വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ ഏറ്റവും ദരിദ്രരായ 10 ശതമാനം പേരുടെ വാര്‍ഷിക വരുമാനം ഓരാ വര്‍ഷവും പരമാവധി 2000 രൂപയാണ് വര്‍ദ്ധിക്കുന്നത്. വെറും ഒരു ശതമാനം വര്‍ദ്ധനവ്. അതേസമയം ഇതേ കാലയളവില്‍ ഏറ്റവും ധനികരായ 10 ശതമാനം പേരുടെ വരുമാനത്തില്‍ 40,000 രൂപയുടെ വര്‍ദ്ധനവുണ്ടായി. 25 ശതമാനം വര്‍ദ്ധനവ്. ചങ്ങാത്ത മുതലാളിത്തമടക്കം നിരവധി കാര്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാമ്പത്തിക അസമത്വത്തിന് കാരണങ്ങളായി ഓക്‌സ്ഫാം നിരത്തുന്നുണ്ട്. എക്‌സിക്യൂട്ടീവുകള്‍ക്കും മറ്റും ഭീമമായ ശമ്പളം നല്‍കുകയും ഏറ്റവും താഴേ തസ്തികകളിലുള്ള ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും കുറഞ്ഞ വേതനം നല്‍കുകയും ചെയ്യുന്ന വന്‍കിട കോര്‍പ്പറേഷനുകളുടെ സമീപനം ഇതില്‍ പ്രധാനമാണ്.

സാമ്പത്തികവളര്‍ച്ചയും ജിഡിപിയും സംബന്ധിച്ച അവകാശവാദങ്ങള്‍ക്കിടയില്‍ ലോകവ്യാപകമായി ഗവണ്‍മെന്‌റുകള്‍ക്ക് വലിയ തോതില്‍ നികുതിയിനത്തില്‍ വരുമാന നഷ്ടമുണ്ടാകുന്നുണ്ട്. അതിസമ്പന്നര്‍ നികുതി വെട്ടിച്ച് കള്ളപ്പണം വിദേശത്ത് സുരക്ഷിതമായി നിക്ഷേപിക്കുന്നു. യാതൊരു തടസവുമില്ലാതെ ഇത് മുന്നോട്ട് നീക്കാന്‍ രാഷ്ട്രീയ ഉപജാപങ്ങള്‍ സഹായിക്കുന്നു. ജനുവരി 10ന് ഇന്ത്യയില്‍ സാമൂഹ്യ പദ്ധതികള്‍ക്കായുള്ള ചിലവ് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് എച്ച്എസ്ബിസി പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഓക്‌സ്ഫാം റിപ്പോര്‍ട്ട് വന്നത്. നോട്ട് അസാധുവാക്കലിനും ബജറ്റിനും ഇടയില്‍ വന്നിരിക്കുന്ന ഓക്‌സ്ഫാം റിപ്പോര്‍ട്ട് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ ഗവണ്‍മെന്‌റ് ചിലവഴിക്കുന്നത് ആഗോള നിലവാരത്തിനും എത്രയോ താഴെയാണെന്ന് വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ഒരു പ്രമുഖ ഐടി കമ്പനിയുടെ സിഇഒ, അതിന്‌റെ ഒരു സാധാരണ ജീവനക്കാരനേക്കാള്‍ 416 മടങ്ങ് അധികം ശമ്പളം വാങ്ങിക്കുന്നു. രാജ്യത്ത് സമ്പത്തിന്‌റെ വിതരണത്തില്‍ ഇത് ശക്തമായി പ്രതിഫലിക്കുന്നുണ്ട്. സമ്പത്തിന്‌റെ 80 ശതമാനം 10 ശതമാനം വരുന്ന ധനികരുടെ കയ്യിലാണ്. ഇതില്‍ 58 ശതമാനവും വെറും ഒരു ശതമാനം മാത്രം വരുന്ന അതിധനികരുടെ കയ്യില്‍. സാമ്പത്തിക വളര്‍ച്ചാ നിരക്ക്, വേഗത്തിലുള്ള വളര്‍ച്ചാനിരക്ക് കൈവരിക്കുന്ന രാജ്യം എന്നിങ്ങനെയുള്ള അവകാശവാദങ്ങള്‍ എത്രത്തോളം പൊള്ളയാണെന്നറിയാന്‍ നമുക്ക് ഓക്‌സ്ഫാമിന്‌റെ കണക്ക് ആവശ്യമില്ല. ഈ രാജ്യത്തെ സാധാരണക്കാരന്‍ എങ്ങനെ ജീവിക്കുന്നു എന്നും ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ എത്രത്തോളം ഉണ്ട് എന്നും മനസിലാക്കിയാല്‍ മതി. അത് രാജ്യത്തിന്‌റെ വളര്‍ച്ചാ നിരക്ക്, ജിഡിപി തുടങ്ങിയവ പരിഹാസ്യമായ കണക്കുകളാക്കി മാറ്റും.

ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 40 ശതമാനം പേരേക്കാള്‍ സമ്പത്ത് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനുണ്ട്. 30 ശതമാന പേരേക്കാള്‍ സ്വത്ത് മുകേഷ് അംബാനിക്കുണ്ട് – 19.3 ബില്യണ്‍ ഡോളര്‍. അതേസമയം ഓക്‌സ്ഫാമിന്‌റെ കണക്കുകളില്‍ പ്രശ്‌നമുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വായ്പ എടുക്കുന്നത് വച്ച് സാമ്പത്തികസ്ഥിതി നിര്‍ണയിക്കുന്നതിലെ അപാകത ഇതില്‍ വലിയ പ്രശ്‌നമാണ്. വലിയ ലോണുകള്‍ എടുക്കുന്നവരെയൊക്കെ പാവപ്പെട്ടവരായി കണക്കാക്കുന്ന അവസ്ഥയുണ്ടാക്കുന്നു. ഇത് മൂലമാണ് ലോകത്തെ ഏറ്റവും ദരിദ്രജനവിഭാഗങ്ങളുടെ പട്ടികയില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമെല്ലാം വരുന്നത്. 2016ലെ കണക്ക് പ്രകാരം ലോകത്തെ ദരിദ്രജനതയില്‍ 14.7 ശതമാനം ഇന്ത്യയിലാണ്. അതേസമയം അമേരിക്കക്കാര്‍ 4.4 ശതമാനവും യൂറോപ്യന്മാര്‍ 13.7 ശതമാനവുമാണെന്നത് ശ്രദ്ധേയം.

ഇന്ത്യയില്‍ 20 ശതമാനത്തിലധികം പേര്‍ ജീവിക്കുന്നത് ഒരു ദിവസം 136 രൂപയില്‍ (രണ്ട് ഡോളര്‍) കുറഞ്ഞ വരുമാനത്തിനാണ്. അമേരിക്കയില്‍ ഈ ദിവസ വരുമാനത്തിന് ജീവിക്കുന്ന ആരുമില്ല. എന്നിട്ടും അമേരിക്ക പട്ടികയില്‍ വരുന്നു. കാരണം ശരാശരി കടം അമേരിക്കക്കാരന്‌റേത് 33,800 ഡോളര്‍ ആയിരിക്കുമ്പോള്‍ ഇന്ത്യക്കാരന്‌റേത് 58 ഡോളര്‍ മാത്രമാണ്. കടത്തിനനുസരിച്ച് സാമ്പത്തികനില കണക്കാക്കുന്നതിലെ അപാകതകളിലേയ്ക്കാണ് ഇത്തരം കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

ആഗോളതലത്തില്‍ സാമ്പത്തിക കണക്കുകളിലെ വൈരുദ്ധ്യങ്ങളും മാനദണ്ഡങ്ങളിലെ അപാകതകളും പ്രശ്‌നമാണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഓക്‌സ്ഫാം റിപ്പോര്‍ട്ട് പ്രധാനപ്പെട്ടതാണ്. രാജ്യത്തെ വര്‍ദ്ധിച്ച് വരുന്ന സാമ്പത്തിക അസമത്വം സംബന്ധിച്ച് നിരന്തരം പല പഠന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. നോട്ട് അസാധുവാക്കല്‍ നടപടി ഇന്ത്യയില്‍ സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരിക്കുന്നതിന് ഇടയിലാണ് ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍ 90 ശതമാനം പേരുടേതിന് തുല്യമായ സ്വത്ത് കയ്യടക്കി വച്ചിരിക്കുന്നതായി കാണിക്കുന്ന റിപ്പോട്ട് പുറത്ത് വരുന്നത്. അദ്ധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിക്കുന്നതില്‍ നിയന്ത്രണവും വിലക്കുകളും വിചിത്രമായ ഉപാധികളും മുന്നോട്ട് വയ്ക്കപ്പെടുന്നു. രാജ്യത്തെ എല്ലാ ഉല്‍പ്പാദനമേഖലയേയും ഗുരുതരമായി ബാധിച്ചിരിക്കുന്ന നോട്ട് പ്രതിസന്ധി തുടരുകയാണ്. സമ്പത്ത് കയ്യടക്കി വച്ചിരിക്കുന്നവരും കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് ആരോപണം നേരിടുന്നവരുമെല്ലാം നോട്ട് പിന്‍വലിക്കലിനെ പിന്തുണക്കുകയും കാഷ്‌ലെസ് എക്കോണമിയെ വാഴ്ത്തുകയും ചെയ്യുന്നു.

ഇന്ത്യയില്‍ ദാരിദ്ര്യത്തെയോ വര്‍ദ്ധിച്ച് വരുന്ന സാമ്പത്തിക അസമത്വങ്ങള്‍ സംബന്ധിച്ചോ പഠനങ്ങള്‍ക്കും സര്‍വേകള്‍ക്കും പഠന റിപ്പോര്‍ട്ടുകള്‍ക്കും യാതൊരു കുറവുമുണ്ടായിട്ടില്ല. പരിഹാരത്തിന് മാത്രമേ കുറവ് വന്നിട്ടുള്ളൂ. അതിനാവശ്യമായ സാമ്പത്തിക നയം മാറ്റങ്ങള്‍ ഒരിക്കലും ഉണ്ടാവാറില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയിലെ 100 വലിയ കോര്‍പ്പറേഷനുകളുടെ ലാഭം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 12 സ്വകാര്യ കോര്‍പ്പറേഷനുകള്‍ ലാഭത്തിന്‌റെ 50 ശതമാനത്തിലധികം ലാഭ വിഹിതമായി നല്‍കുന്നു. സ്വത്ത് നികുതി വര്‍ദ്ധിപ്പിക്കാനാണ് ഇന്ത്യയ്ക്കുള്ള ഓക്‌സ്ഫാമിന്‌റെ നിര്‍ദ്ദേശം. സമ്പത്തിന്‌റെ വലിയ തോതിലുള്ള കേന്ദ്രീകരണം തടയണമെന്ന് ഇതില്‍ ആവശ്യപ്പെടുന്നു.

കോര്‍പ്പറേറ്റ് നികുതി കുറയ്ക്കരുതെന്നും യാതൊരു തരത്തിലുമുള്ള ഇളവുകള്‍ അനുവദിക്കരുതെന്നുമാണ് ഇന്ത്യയുടെ പരിതാപകരമായ നികുതി വരുമാനം ചൂണ്ടിക്കാട്ടി ഓക്‌സ്ഫാം പറയുന്നത്. ഓഹരി ഉടമകള്‍ക്ക് മാത്രം ഗുണം ചെയ്യുന്ന കമ്പനികളെ പിന്തുണക്കാനുള്ള ബാദ്ധ്യത സര്‍ക്കാരിനില്ലെന്നും തൊളിലാളികള്‍ക്കും സമൂഹത്തിനും ഗുണം ചെയ്യുന്ന കമ്പനികളെ മാത്രമേ പിന്തുണക്കേണ്ടതുള്ളൂ എന്നും ഓക്‌സ്ഫാം അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് വലിയ തോതില്‍ നികുതി ഇളവുകളും സാധാരണക്കാരന് നികുതിഭാരവും എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയം. അതുകൊണ്ടാണ് കള്ളപ്പണവേട്ട എന്ന പേരിലുള്ള പരിപാടികള്‍ കള്ളപ്പണക്കാരെ ഒരു തരത്തിലും ബാധിക്കാതിരിക്കുകയും സാധാരണക്കാരുടെ ജീവിതം ദു:സഹമാക്കുകയും ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍