UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഒന്നാം ലോക മഹായുദ്ധാരംഭം, ഓക്സിജന്‍റെ കണ്ടുപിടുത്തം

Avatar

1914 ഓഗസ്റ്റ് 1
ഒന്നാം ലോക മഹായുദ്ധത്തിന് ആരംഭം കുറിച്ചുകൊണ്ട് ജര്‍മ്മനി റഷ്യയുമായുള്ള യുദ്ധം പ്രഖ്യാപിച്ചു

കൃത്യം നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജര്‍മ്മന്‍ പ്രതിനിധി ഒരു കത്ത് സെന്റ്. പീറ്റേഴ്‌സ്ബര്‍ഗിന് കൈമാറുന്നത്. ‘ആഗസ്റ്റ് 1 ഡോക്യുമെന്റ്’ എന്ന് അറിയപ്പെട്ട ആ കത്തില്‍ പറഞ്ഞിരുന്നത് ഇപ്രകാരമായിരുന്നു- ‘സമാധാനം കൊണ്ടുവരാനായി ഇങ്ങിനെയൊരു പ്രശ്‌നം ഉടലെടുത്ത നാള്‍തൊട്ട് എല്ലാവിധ പരിശ്രമങ്ങളും ജര്‍മ്മന്‍ ഭരണകൂടം നടത്തിയിരുന്നു. റഷ്യന്‍ ചക്രവര്‍ത്തിയുടെ അനുമതിയോടുകൂടിതന്നെ വിയന്നയും സെന്റ്.പീറ്റേഴ്‌സ്ബര്‍ഗും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മധ്യസ്ഥത ഇടപെടലിലൂടെ രമ്യതയിലെത്തിക്കാനുള്ള ഉത്തരവാദിത്തം ബ്രിട്ടനുമായി ചേര്‍ന്ന് ജര്‍മ്മന്‍ ഭരണകൂടം ഏറ്റെടുത്തിരുന്നതുമാണ്. എന്നാല്‍ ഫലത്തിനായി കാത്തു നില്‍ക്കാന്‍ റഷ്യ തയ്യാറായില്ല. പകരം കടല്‍ വഴിയും കരവഴിയുമുള്ള പടയൊരുക്കത്തിനാണ് തയ്യാറായത്. അതിനാല്‍ ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് റഷ്യയുമായുള്ള യുദ്ധത്തിന് തയ്യാറാണെന്ന് അറിയിക്കുന്ന ഈ പത്രം ജര്‍മ്മന്‍ ചക്രവര്‍ത്തിയുടെ പേരില്‍ സ്വീകരിക്കേണ്ടതാണ്’.- ഇതിനപ്പുറം ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചു.

ഓസ്ട്രിയ-ഹങ്കറി സഖ്യം ആര്‍ച്ച് ഡ്യൂക് ഫ്രാന്‍സ് ഫ്രെഡിനാഡിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരോപിച്ച് സെര്‍ബിയയോട് യുദ്ധം പ്രഖ്യാപിച്ചിരുന്നു. ജര്‍മ്മനി, ഓസ്ട്രിയ-ഹങ്കറി സഖ്യകഷികളുടെ ഭാഗം ചേര്‍ന്നപ്പോള്‍ റഷ്യ സെര്‍ബിയയുമായി സഖ്യത്തിലായി. സര്‍ ചക്രവര്‍ത്തിയായ നിക്കോളാസിന്റെ കീഴിലുള്ള റഷ്യയുമായി സഖ്യത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ ഫ്രാന്‍സിനോടും ജര്‍മ്മനി യുദ്ധം പ്രഖ്യാപിച്ചു. ജര്‍മ്മനി ഈ സമയം കൈസര്‍വില്‍ഹെം ചക്രവര്‍ത്തിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ജര്‍മ്മനിയുടെ ചരിത്രത്തിലെ അവസാനത്തെ ചക്രവര്‍ത്തി കൂടിയായിരുന്നു കൈസര്‍ വില്‍ഹെം.

ഈ സംഭവത്തിന് ഏകദേശം രണ്ടു ദശാബ്ദത്തിനിപ്പുറം, ജര്‍മ്മനി ഹിറ്റ്‌ലറുടെ ഭരണത്തിന്‍ കീഴിലായിരുന്ന 1936 ആഗസ്റ്റ് 1-നാണ് ആധുനിക കാലത്തെ ഏറ്റവും വിവാദപൂര്‍ണമായ ബര്‍ലിന്‍ ഒളിംപിക്‌സിന് തുടക്കം കുറിക്കുന്നത്. ഹിറ്റ്‌ലര്‍ ആയിരുന്നു ഒളിംപിക്‌സ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ബര്‍ലിനില്‍ നടന്ന പതിനൊന്നാം ഒളിംപിക്‌സ് യഥാര്‍ത്ഥത്തില്‍ ആര്യന്‍മാരുടെ അപ്രമാദിത്വത്തെ ഉയര്‍ത്തിക്കാട്ടാന്‍ മാത്രമുള്ളൊരു വേദിയായിരുന്നു.

 

1774 ഓഗസ്റ്റ് 1
ഓക്‌സിജന്റെ കണ്ടുപിടുത്തം

ജീവന്റെ നിലനില്‍പ്പിന് ആധാരമായ ഓക്‌സിജന്‍ 1772 ലാണ് കണ്ടുപിടിക്കുന്നത്. സ്വീഡിഷ് ഫാര്‍മസിസ്റ്റ് കാള്‍ വില്‍ഹെം ഷീലെ ആണ് ഈ നേട്ടത്തിന്റെ അവകാശിയായി പൊതുവെ വിലയിരുത്തപ്പെടുന്നത്. താന്‍ കണ്ടെത്തിയ വാതകത്തിന് ‘ഫയര്‍ എയര്‍’ എന്നാണ് ഷീലെ നാമകരണം ചെയ്തത്. എന്നാല്‍ ഷീലെ തന്റെ പരീക്ഷണങ്ങളെ സംബന്ധിച്ചുള്ള പേപ്പറുകള്‍ പ്രസിദ്ധീകരിച്ച 1777 ല്‍ മാത്രമാണ് ഷീലെയുടെ കണ്ടുപിടുത്തം ശാസ്ത്രം രേഖപ്പെടുത്തുന്നത്.

ഈ കാലതാമസത്തിനിടയില്‍, 1774 ഓഗ്‌സറ്റ് 1 ന് ബ്രിട്ടീഷ് പുരോഹിതനായ ജോസഫ് പ്രീസ്റ്റ്‌ലി ഓക്‌സിജന്റെ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ട ഒരു പരീക്ഷണം നടത്തിയിരുന്നു. ആ പരീക്ഷണാര്‍ത്ഥം സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ മെര്‍കുറിക് ഓക്‌സൈഡ് പുറപ്പെടുവിച്ച വാതകത്തിന് പ്രീസ്റ്റ്‌ലീ ‘ഡിഫോലോജിസ്റ്റിക്കേറ്റഡ് എയര്‍’ എന്നു പേരിട്ടു. ഈ വായുവിന്റെ സാന്നിധ്യത്തില്‍ മെഴുകുതിരി നാളം കൂടുതല്‍ ശോഭയോടെ തെളിയുന്നതായി അദ്ദേഹം കണ്ടെത്തി. ഇതിന് അന്തരീക്ഷത്തില്‍ കാണുന്ന വായുവുമായി യാതൊരു വ്യത്യാസവുമില്ലെന്നും പ്രീസ്റ്റ്‌ലിക്ക് മനസ്സിലായി.

1775 ല്‍ തന്റെ ഈ കണ്ടുപിടുത്തങ്ങള്‍ ‘ആന്‍ അകൗണ്ട് ഓഫ് ഫര്‍ദര്‍ ഡിസകവറീസ് ഇന്‍ എയര്‍’ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി. ഷീലെയ്ക്ക് മുമ്പേ ഓക്‌സിജന്റെ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട പേപ്പറുകള്‍ പ്രസിദ്ധപ്പെടുത്തിയതിലൂടെ ഓക്‌സിജന്റെ കണ്ടുപിടുത്തത്തിന് ജോസഫ് പ്രീസ്റ്റ്‌ലിയുടെ പേര് ഷീലെയെക്കാള്‍ മുന്നേ ചരിത്രത്തില്‍ പതിഞ്ഞു. ഇവരെ രണ്ടുപേരെയും കൂടാതെ അന്റോണിയോ ലൂറന്റ് ലാവോയ്‌സിയര്‍ എന്ന ഫ്രഞ്ച് കെമിസ്റ്റും ഓക്‌സിജന്‍ കണ്ടുപിടിച്ചതിന്റെ അവകാശവാദവുമായി രംഗത്ത് വന്നിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍