UPDATES

സിനിമ

ഒഴിവുദിവസത്തെ മൃഗയാവിനോദങ്ങള്‍

Avatar

പ്രമോദ് പുഴങ്കര

ഡി വൈ എഫ് ഐയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രഞ്ജിത് ആദരിച്ചാനയിക്കപ്പെടുന്ന കാലത്ത്, ബി ഉണ്ണിക്കൃഷ്ണപ്പിള്ളയും ഷാജി കൈലാസും ഇടതുപക്ഷ കലാകാരന്മാരാകുന്ന കാലത്ത് ഒഴിവുദിവസത്തെ കളി എന്ന സിനിമയെടുത്ത സനല്‍ കുമാര്‍ ശശിധരന്‍ പൊതുസമ്മതനായ ഇടതുപക്ഷക്കാരനാകാന്‍ വഴിയില്ല. കാരണം ഒഴിവുദിവസത്തെ കളി ഒരു ഇടതുപക്ഷ സിനിമയാണ്. എന്തിന്, അതിനു ഒരു ഇടതുപക്ഷ സിനിമയുടെ പ്രകടനാത്മകമായ രാഷ്ട്രീയപ്രതീകങ്ങളുടെ ആഖ്യാനദോഷം പോലുമുണ്ട്. പക്ഷേ അതിനെ വ്യത്യസ്തമാക്കുന്നത് അത് നല്ല സിനിമയാകാനുള്ള മികച്ച ശ്രമങ്ങള്‍ നടത്തുന്നു എന്നതുകൊണ്ട് മാത്രമല്ല, ആ ശ്രമത്തിനിടയില്‍ ഉള്ളടക്കത്തിലെ രാഷ്ട്രീയം കൈമോശം വരാതിരിക്കാന്‍ ധീരമായ ശ്രദ്ധ പുലര്‍ത്തുന്നു എന്നതുകൊണ്ടു കൂടിയാണ്.

ഒരു തെരഞ്ഞെടുപ്പ് ദിവസം വീണുകിട്ടിയ അവധി ആഘോഷിക്കാന്‍ ഒരു വനപ്രദേശത്തെ അതിഥി മന്ദിരത്തില്‍ ഒന്നിച്ചുകൂടുന്ന അഞ്ചു സുഹൃത്തുക്കളുടെ സംഭാഷണങ്ങളിലൂടെയും തര്‍ക്കങ്ങളിലൂടെയും ഒടുവില്‍ അവര്‍ കളിക്കാന്‍ തീരുമാനിക്കുന്ന, രാജാവും മന്ത്രിയും പോലീസും ന്യായാധിപനും കള്ളനുമൊക്കെയുള്ള ഒരു കളിയിലൂടെയുമാണ് ചിത്രത്തിന്റെ ആഖ്യാനം മുന്നോട്ടുപോകുന്നത്. ഈ കളി നമ്മുടെ നാട്ടിലെ അധികാരവ്യവസ്ഥയുടെയും അതിന്റെ ശ്രേണീബന്ധങ്ങളുടെയും അതില്‍ ഒളിഞ്ഞിരിക്കുന്ന ഹിംസയുടെയും കളികൂടിയാണ്.

സിനിമയില്‍ മുഴുവനും അതിസുന്ദരമായ, ഒരുപക്ഷേ മത്തുപിടിപ്പിക്കുന്ന വന്യമായ ഹരിതാഭ നിറഞ്ഞുനില്ക്കുവന്നുണ്ട്. വനമൌനം ദൃശ്യങ്ങളെ മൂടുന്നുണ്ട്. എന്നാല്‍ ആ പച്ചപ്പില്‍ മുഴുവനും മറഞ്ഞിരിക്കുന്നതും ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും ദംഷ്ട്രകള്‍ നീട്ടുകയും ചെയ്യുന്ന അധീശബോധത്തെക്കുറിച്ചാണ്, അതിന്റെ അദൃശ്യമായ കാമനകളെക്കുറിച്ചാണ് ഈ സിനിമ നമ്മളോട് സംവദിക്കുന്നത്. അതുകൊണ്ടാണ് ആ പച്ചപ്പിന്റെ ദൃശ്യങ്ങള്‍, പ്രസന്നവും ശാന്തവുമായ ദൃശ്യങ്ങള്‍, അതിനോടു ഒട്ടും ചേര്‍ച്ചയില്ലാത്ത ഹിംസയുടെ പശ്ചാത്തലമാകുന്നതിലെ വൈരുദ്ധ്യം ഒരേപോലെ രാഷ്ട്രീയപ്രാധാന്യമുള്ളതാകുന്നതും പ്രമേയവും പശ്ചാത്തലവും തമ്മിലുള്ള വൈരുധ്യം സിനിമയെ കൂടുതല്‍ ശക്തമാക്കുന്നതില്‍ വിജയിക്കുന്നതും.

 

 

കൂട്ടുകാരില്‍ ഒരാള്‍ ദളിതനാണ്, കറുത്തവനാണ്, പേരും ദാസനെന്നാണ്. സവര്‍ണ ഹിന്ദുവും സര്‍ക്കാര്‍ ജീവനക്കാരനുമൊക്കെയടങ്ങുന്ന ആ സംഘത്തില്‍ അയാള്‍ ഒരേ നിലയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന തോന്നല്‍ അയാള്‍ക്കും നമുക്കും മറ്റുള്ളവര്‍ക്കും വേണമെങ്കില്‍ ഉണ്ടാകുന്നുണ്ട്. അതൊരു കപടമായ തോന്നലാണെന്ന് ഇഴപിരിയും വരെ. ഇത് ആധുനികതയിലേക്ക്, അതിന്റെ ജ്ഞാനമാര്‍ഗങ്ങളിലേക്ക് പല ചരിത്ര കാരണങ്ങളാലും എടുത്തുചാടിയ ഒരു സമൂഹത്തില്‍ ജാത്യാധികാരത്തിന്റെ പ്രകടരൂപങ്ങള്‍ ഇല്ലാതായിട്ടും അതിന്റെ സാംസ്കാരിക അധീശത്വം എങ്ങനെ ശക്തമായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ കാഴ്ച്ചകളാണ്.

 

ആഘോഷവേളയില്‍ ഒരു കോഴിയെ കൊല്ലാന്‍ നിയോഗിക്കപ്പെടുന്നതും ദാസനാണ്. അയാള്‍ അതിനു പറ്റിയ ആളാണെന്ന് മറ്റെല്ലാവരും കൂടി തീര്‍പ്പാക്കുന്നു. ദാസന്‍  വലിയ മടിയുണ്ടായിട്ടും ഒടുവില്‍ അത് ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു. കീഴടക്കപ്പെട്ടവര്‍, അടിമകള്‍, വിധേയര്‍ എന്നിവരെല്ലാം എങ്ങനെയാണ് ഒരു അധീശപ്രത്യയശാസ്ത്രത്തെ തങ്ങളുടെ സ്വാഭാവികജീവിതാവസ്ഥകളായി സ്വീകരിക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ ഏറെയുണ്ട്.

 

അതിഥിമന്ദിരത്തില്‍ ഭക്ഷണമുണ്ടാക്കാനുള്ള സഹായി സ്ത്രീയെ മൂരിശൃംഗാരവുമായി കൂട്ടത്തിലെ പലരും സമീപിക്കുന്നു. അവരതിനെ ആദ്യം അവഗണിച്ചും പിന്നെ വെട്ടുകത്തിയെടുത്ത് വീശിയും ചെറുക്കുന്നു. ദാസന്റെ അവസ്ഥയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ആ സ്ത്രീയുടെ അവസ്ഥയും. പണിയെടുക്കുന്ന ഒരു സ്ത്രീ ധനികര്‍ക്ക് കിടന്നുകൊടുക്കും എന്ന അശ്ലീലമായ മുന്‍വിധി സിനിമയുടെതല്ല, നമ്മുടെ സമൂഹത്തിലുള്ളതാണ്.

 

സ്ത്രീകളെക്കുറിച്ചുള്ള കേരളീയ സമൂഹത്തിന്റെ മനോഭാവത്തെക്കുറിച്ച്, അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്, ജനാധിപത്യാവകാശത്തെക്കുറിച്ച്, ഇതിലെല്ലാം നാം കാണിക്കുന്ന ഇരട്ടത്താപ്പിനെക്കുറിച്ച് എല്ലാം കഥാപാത്രങ്ങള്‍ ഏതാണ്ട് ദീര്‍ഘമായി സംസാരിക്കുന്നു. ഒരു ആഖ്യാനരീതി എന്ന നിലയില്‍ അത് ഈ സിനിമക്ക് വലിയ മെച്ചമൊന്നും ഉണ്ടാക്കുന്നില്ല. ആശയങ്ങള്‍, രാഷ്ട്രീയാഭിപ്രായങ്ങള്‍ എന്നിവയൊക്കെ എഴുതിവായനയുടെ പരുവത്തില്‍ ചലച്ചിത്രഭാഷയിലേക്ക് കൊണ്ടുവരുമ്പോള്‍ അനുഭവിക്കുന്ന ചില പരിമിതികളാണിത്. എന്തായാലും ആ പരിമിതി വെച്ചും അത് സിനിമയുടെ രാഷ്ട്രീയദൌത്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.

 

ഒടുവില്‍ നേരമ്പോക്കിന് അവര്‍ ഒരു കളി കളിക്കുന്നു. ആ കളിയിലും യാദൃശ്ചികമെന്നപോലെ ന്യായാധിപനാകുന്നത് ബ്രാഹ്മണനാണ്. കള്ളനാകുന്നതും കളിയിലെ അധികാരരൂപങ്ങളുടെ ഹിംസയുടെ ഇരയാകുന്നതും ഇതേ യാദൃശ്ചികതയില്‍ ദളിതനായ, കറുത്തവനായ  ദാസനാണ്. ഈ യാദൃശ്ചികതയ്ക്കൊരു രാഷ്ട്രീയമുണ്ടെന്നാണ് ഒഴിവുദിവസത്തെ കളി പറയുന്നത്. ഈ യാദൃശ്ചികതയുടെ രാഷ്ട്രീയമാണ് നമ്മുടെ സമൂഹത്തില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നതെന്നും അത് നമ്മോടു പറയുന്നു.

 

ജാതിവ്യവസ്ഥ നിലനിര്‍ത്തുന്ന സാംസ്കാരിക മൂല്യങ്ങളുടെയും തീവ്ര ഹിന്ദുദേശീയതയുടെയും രാഷ്ട്രീയ സംരക്ഷകരായ ബി ജെ പിക്ക് തെരഞ്ഞെടുപ്പില്‍ ഉണ്ടാകുന്ന നേട്ടത്തെക്കുറിച്ച് പശ്ചാത്തലത്തിലെ ടെലിവിഷനില്‍ നിന്നും വാര്‍ത്തകള്‍ കേള്‍ക്കാം. തീര്‍ച്ചയായും അത് കേരളത്തിന്റെ ഒരാകുലതയാണ്. കടുത്ത പരിമിതികളോടെയെങ്കിലും ഈ പ്രതിലോമമൂല്യങ്ങളെ മറികടക്കാന്‍ ശ്രമിച്ച ഒരു സമൂഹം തങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരുന്ന അത്തരം ബോധത്തെ ഒരു രാഷ്ട്രീയപ്രതിനിധാനത്തിന്റെ തലത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നു എന്ന വിപത്സന്ദേശത്തെ അതിനിടയിലൂടെ നമുക്ക് കേള്‍ക്കാം.

 

മദ്യക്കുപ്പിക്കു ചുറ്റും തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന പുരോഗമനനാട്യങ്ങള്‍ക്കിടയിലാണ് ഇതത്രയും നടക്കുന്നത്.

 

 

ഈ സിനിമയുടെ ആഖ്യാനചാരുതയെക്കുറിച്ചല്ല, അത് മുന്നോട്ടുവെക്കുന്ന  രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചാണ് പ്രധാനമായും സംവാദം ഉണ്ടാകേണ്ടത്. നാരായണഗുരുവും അയ്യങ്കാളിയും സാര്‍വത്രിക വിദ്യാഭ്യാസവും ദേശീയ സ്വാതന്ത്ര്യ മുന്നേറ്റവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും യുക്തിവാദി പ്രസ്ഥാനങ്ങളും എല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് കേരളത്തിന്റെ ഏതാണ്ടൊരുതരത്തില്‍ പുരോഗമനപരമായ കാലാവസ്ഥ. എന്നാല്‍ അതിനു പരിമിതികള്‍ ഉണ്ടായിരുന്നു എന്നു മാത്രമല്ല പല നിര്‍ണായകഘട്ടങ്ങളിലും മുന്നോട്ടുപോകാനുള്ള സാധ്യതകളെ  നിരസിച്ച് ബോധപൂര്‍വമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുകയായിരുന്നു ഈ പുരോഗമനധാര. അത്തരം ഒത്തുതീര്‍പ്പുകളുടെ വിത്തുകള്‍ മുളച്ച് വലുതായി പൂവും കായുമാകാന്‍ തുടങ്ങുന്നു എന്നതാണ് കേരളത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയാവസ്ഥ. നായാടി മുതല്‍ നമ്പൂതിരി വരെ എന്ന വിശാലഹിന്ദുവിന്റെ ഉത്സവത്തിലാണ് ദാസനും പങ്കുചേരുന്നത്. ഇടക്കയാള്‍ ക്ഷോഭിക്കുന്നുണ്ട്. തന്റെ നിറത്തിന്റെ, ജന്മത്തിന്റെ, ആത്മാഭിമാനത്തിന്റെ വിക്ഷോഭങ്ങള്‍. പക്ഷേ അതിനെയൊക്കെ നിശ്ചിതമായ ആ വ്യവഹാരവ്യവസ്ഥക്കുളില്‍ തളച്ചിടാന്‍ മറ്റുള്ളവര്‍ക്ക് കഴിയുന്നു എന്നതാണ് അയാളെ പരാജയപ്പെടുത്തുന്നത്. അതിനവര്‍ ഹിംസ പ്രയോഗിക്കുന്നതുപോലും സൌമ്യവും മധുരവുമായാണ് എന്നതത്രേ ക്രൂരം!

 

താന്‍ ഈ കളിക്കേയില്ല എന്ന് ദാസന്‍ പറയുന്നു. പക്ഷേ അത്തരമൊരു സാധ്യത പോലുമില്ല എന്ന് മറ്റുള്ളവരും. കളിക്കണമെന്ന് തീരുമാനിക്കപ്പെട്ടു കഴിഞ്ഞു; കളിനിയമങ്ങളും. കളിക്കുക എന്നതുമാത്രമാണ് ഇനി ചെയ്യാനുള്ളത്. ആ കളിയില്‍ വേഷങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടില്ല. പക്ഷേ കറങ്ങിത്തിരിഞ്ഞു ദാസന് കള്ളന്റെ വേഷം കിട്ടുന്ന, അയാള്‍ ശിക്ഷിക്കപ്പെടുന്ന, അയാളുടെ എതിര്‍പ്പുകള്‍ നിരസിക്കപ്പെടുന്ന യാദൃശ്ചികത മുന്‍നിശ്ചയിക്കപ്പെട്ട ഒരു രാഷ്ട്രീയമാണെന്ന് ഈ സിനിമ പറയാന്‍ ശ്രമിക്കുന്നു. അതൊരു നിസാരകാര്യമല്ല.

 

ഒരു ചലച്ചിത്രം എന്ന നിലയില്‍ നല്ല ചിത്രങ്ങളുടെ നിരയില്‍ ശരാശരിയാണ് ഈ ചിത്രം. ദൃശ്യങ്ങളെ അഥവാ ഉള്ളടക്കത്തിന്റെ പുരോഗതിയെ സംവിധായകന്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നില്ല എന്ന പ്രതീതിയില്‍ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞത് മികവായിക്കാണാം. അതേസമയം സ്വാഭാവികമെന്നോണം വരുത്തുന്ന സംഭാഷണസംവാദങ്ങള്‍ ഏച്ചുകെട്ടിയപ്പോലെ മുഴച്ചുനില്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഒരുപാട് പ്രശ്നങ്ങളെ കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും വരുന്ന ഒരു രൂപഭദ്രതാ പ്രശ്നം ഈ സിനിമയിലുമുണ്ട്. പക്ഷേ ചില ചരിത്രഘട്ടങ്ങളില്‍ രൂപഭദ്രന്‍മാരെക്കാള്‍ പ്രസക്തമാകുന്നത് ഇതുകൂടി പറയാതെവയ്യ എന്ന രാഷ്ട്രീയബോധമാണ്.

 

മറ്റൊരു തെരഞ്ഞെടുപ്പ്. മറ്റൊരു ഒഴിവുദിവസം. ഏത് കാടിളക്കിയാണ് നാം മൃഗയാവിനോദത്തിനിറങ്ങുന്നത്? പച്ചിലപ്പടര്‍പ്പുകള്‍ക്കിടയില്‍ ഏത് ദൈന്യത്തിന്റെ കണ്ണിലേക്കാണ് നാം വില്ല് കുലയ്ക്കുന്നത്? നമുക്ക് സ്നേഹപൂര്‍വം കെട്ടിത്തൂക്കാന്‍ ഏത് കറുത്ത ഉടലാണ് തെരഞ്ഞെടുക്കുന്നത്? ഈ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുകൊണ്ടാണ് ഒഴിവുദിവസത്തെ കളി അതിന്റെ വെള്ളിത്തിരയിലെ കാഴ്ച്ചക്കുശേഷവും പ്രസക്തമാകുന്നത്. അഥവാ വെള്ളിത്തിരയ്ക്ക് പുറത്താണ് അതിന്റെ എല്ലാ പ്രസക്തിയും.

 

(കോളമിസ്റ്റും രാഷ്ട്രീയനിരീക്ഷകനുമാണ് ലേഖകന്‍. ന്യൂഡല്‍ഹിയില്‍ താമസം)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍