UPDATES

സിനിമ

ഒഴിവുദിവസത്തില്‍ ഒളിപ്പിച്ചു വെച്ച ജാതിക്കളികള്‍

Avatar

ജിഗീഷ് കുമാരൻ 

‘ഓര്‍ഗാനിക് ആയി സംഭവിക്കുന്നതാണ് എന്റെ സിനിമ. അങ്ങനെ സംഭവിക്കുന്ന സിനിമ നല്‍കുന്ന തൃപ്തിയാണ് എന്റെ ആഹാരം.’ സനൽകുമാർ ശശിധരൻ

കണ്ണിൽച്ചോരയില്ലാത്ത ഒരു കോർപ്പറേറ്റ് കാലത്ത് കലയും കലാകാരനും അതിജീവിക്കുമോ എന്ന തീവ്രമായ പ്രശ്നത്തിന്റെ പരിസരത്താണ് നാമിപ്പോൾ നിൽക്കുന്നത്. വിപണിയുടെ അതിരില്ലാത്ത ആർത്തികൾ അതിനിണങ്ങുന്ന വിധത്തിൽ സമസ്തമേഖലകളുടെയും മൂല്യവ്യവസ്ഥകളെ തച്ചുടയ്ക്കുകയോ മാറ്റിപ്പണിയുകയോ ചെയ്യുന്നു. ഈയൊരു അന്തരാളഘട്ടത്തിൽ നിരുപാധികമായി കലയോടും കാലത്തോടും സംവദിക്കുന്നവന് ആരാണു രക്ഷ? നിർമ്മിക്കപ്പെട്ടാൽത്തന്നെ ആ സൃഷ്ടികൾക്കു ജനങ്ങൾക്കിടയിലെത്തിച്ചേരാനുള്ള അവസരങ്ങളുണ്ടോ? ആ കലയും കലാകാരനും തിരിച്ചറിയപ്പെടുമോ? ഒരുവേള, പലതരത്തിലുള്ള പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ചു പുലർന്നു പോരുന്ന മലയാളത്തിലെ കലാസിനിമയെ സംബന്ധിച്ചാണ് ഈ പ്രശ്നങ്ങൾ ഏറെ പ്രസക്തമായിട്ടുള്ളതെന്നു തോന്നുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഒഴിവുദിവസത്തെ കളി ഇന്ന് (ജൂണ്‍ 17) റിലീസാവുകയാണ്. 2015-ലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം. കേരളത്തിന്റെ അന്തർദ്ദേശീയമേളയിൽ മികച്ച മലയാളസിനിമയ്ക്കുള്ള ഫിപ്രസ്കി പുരസ്കാരം. കല, സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ രംഗങ്ങളിലെ പ്രമുഖരുടെ പ്രശംസകൾ. ഏറ്റവുമൊടുവിലായി ആഷിക് അബുവെന്ന മുഖ്യധാരാസംവിധായകന്റെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും. തീയേറ്ററിലെ വിധി എന്തുമാവട്ടെ ചരിത്രത്തിലേക്കു പിന്തിരിഞ്ഞുനോക്കിയാൽ വളരെക്കാലത്തെ ആലസ്യത്തിനും കെട്ടിക്കിടപ്പിനും ശേഷമാണ് നമ്മുടെ സിനിമയിൽ ഇതുപോലെ ചലനാത്മകമായ ഒരു ടോട്ടൽ സിനിമ പുറത്തുവരുന്നത്. 

കല കലയായി മാറുന്നത് ചരിത്രവും വർത്തമാനവും പ്രവചനസ്വഭാവത്തോടെ അതിൽ രേഖപ്പെടുത്തപ്പെടുമ്പോഴാ‍ണ്. നടപ്പുകാലത്തെയും സ്ഥലത്തെയും രാഷ്ട്രീയധ്വനികൾ ചോർന്നു പോകാതെ കരുതലോടെ പകർത്തിയ സിനിമയാണ് ഒഴിവുദിവസത്തെ കളി. ഒരു ദിവസത്തെ കളിയെങ്കിലും അതിൽ പല കളികളുണ്ട്. പല തലങ്ങളുണ്ട്. സമകാലികമായ ഇന്ത്യനവസ്ഥയെ കാലികമായി പ്രതിഫലിപ്പിക്കുന്നതും എന്നാൽ കലാപരമായി ഒരൊത്തുതീർപ്പിനും വഴങ്ങാത്തതുമായ സിനിമയാണിത്. കേരളത്തിലെ പ്രബുദ്ധരായ ആസ്വാദകവൃന്ദം ക്രിയാത്മകമായി പ്രതികരിക്കുമെങ്കിൽ നമ്മുടെ സിനിമാചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി ഇതു മാറിയേക്കാം. ഒരുപക്ഷേ നാളത്തെ സിനിമയുടെ ഭാഷയെയും ഭാവത്തെയും നിർണ്ണയിച്ചേക്കാം. കലാസിനിമയെക്കുറിച്ചു പൊതുവിൽ നിലവിലുള്ള എല്ലാ മുൻവിധികളെയും എഴുതിത്തള്ളുന്ന ഒരു സിനിമ കൂടിയാണിത്. സ്ലോ പേസും ലോങ്ങ് ഷോട്ടുകളും നീണ്ടുപോകുന്ന മൗനവും ഈ സിനിമയിലില്ല. മറിച്ച് താരതമ്യേന ചടുലമായ പേസും സംഭാഷണത്താൽ നിറഞ്ഞു കവിയുന്ന സീനുകളും ആരെയും പൊട്ടിച്ചിരിപ്പിക്കുന്ന കറതീർന്ന നർമ്മവും ചിന്തിപ്പിക്കുന്ന സറ്റയറും ഒത്തുചേർന്നിരിക്കുന്നു. ഒരു വൻതാരനിരയുടെ സാന്നിധ്യമില്ലാത്തപ്പോഴും താരങ്ങളെ വെല്ലുന്ന മിന്നുന്ന പ്രകടനവുമായി ചില പുതിയ താരങ്ങൾ രംഗത്തുവരുന്നു.

ശുദ്ധമായ രാഷ്ട്രീയസിനിമകൾ പൊതുവിൽ രാഷ്ട്രീയം പറയാറില്ല. ലോകത്തെ നമുക്കു മുൻപിൽ നിർവ്യാജം പ്രദർശിപ്പിച്ച് നിശ്ശബ്ദമായി മാറിനിൽക്കുകയേ ഉള്ളു. ആ നിശ്ശബ്ദതയ്ക്ക് പക്ഷേ ഒരു അണുബോംബിന്റെ വികിരണശേഷിയുണ്ടാവും. അതിശയോക്തിയല്ല ഒഴിവുദിവസത്തിൽ ഇതിനു സമാനമായ ഒരു കളിയുണ്ട്. കാര്യമുണ്ട്. ഇതൊരു രാഷ്ട്രീയസിനിമയാണ്. പിന്നിലേക്കു നോക്കിയാൽ ഒരുപക്ഷേ നമ്മൾ ഒടുവിൽ കണ്ട രാഷ്ട്രീയസിനിമയേതെന്ന് ഓർമ്മവരികയില്ല. കുറച്ചുകൂടി ആലോചിച്ചാൽ ഒരുപക്ഷേ ചില പേരുകൾ ഓർമ്മവരും. എലിപ്പത്തായം, വാസ്തുഹാര, പിറവി, ആദാമിന്റെ വാരിയെല്ല്, ആലീസിന്റെ അന്വേഷണം തുടങ്ങിയ ചില പേരുകൾ. ഒരു താരതമ്യം അനുവദിക്കുമെങ്കിൽ എലിപ്പത്തായം എന്ന സിനിമയെടുക്കാം. എല്ലാ അഹങ്കാരവും ശമിച്ചൊടുങ്ങിയ ജന്മിത്വത്തിന്റെ ശിഷ്ടജീവിതമായിരുന്നു അതിൽ നാം കണ്ടത്. വിശേഷിച്ചൊരു കമന്റും പറയാതെ ശ്വാസംമുട്ടിക്കുന്ന ഒരു സത്യദർശനത്തിലേക്കാണ് അടൂർ നമ്മെ കൂട്ടിക്കൊണ്ടുപോയത്. ഇതിലാകട്ടെ പുതിയ കാലമാണ്. അഴിമതിയിലും കള്ളത്തരത്തിലും മുങ്ങിയ ഒരു സമൂഹമാണ്. മദ്യത്തിൽ തുടിച്ചുകുളിക്കുന്ന ഒരു കേരളമാണ്. സ്വത്വബോധങ്ങൾ ഉണർന്നെഴുന്നേൽക്കുന്ന സമയമാണ്. അപ്പോഴാണ് അഞ്ചു കൂട്ടുകാർ കള്ളുകുടിക്കാൻ പോകുന്നത്. വെറുതെ രാഷ്ട്രീയം പറഞ്ഞിരിക്കുന്നത്. പറഞ്ഞിരിക്കെ അവരുടെ തനിരാഷ്ട്രീയം പുറത്തുവരുന്നത്. കണ്ണാടിയിലെന്നപോലെ നമ്മൾ നമ്മളെ കണ്ടു ഞെട്ടുന്നത്.

ക്ലാസ്സിക് സിനിമകളിൽ പൊതുവിൽ കണ്ടുവരുന്നതുപോലെ ഏതൊരുവനും മുന്നിൽ അതൊരു ദർശനം തുറന്നിടുന്നു. കള്ളുകുടിയന് മദ്യപാനത്തെക്കുറിച്ചുള്ള ഒരു ഗുണപാഠമുണ്ട്. പള്ളീലച്ചനാവട്ടെ സദാചാരത്തെക്കുറിച്ചുള്ള ഒരു സാരോപദേശമുണ്ട്. ക്ഷോഭിക്കുന്ന യുവാവിന് തോൽക്കുന്ന ജനതയെക്കുറിച്ചുള്ള ഒരു പ്രസ്താവമുണ്ട്. സ്ത്രീയ്ക്ക് ഒരു പ്രതിരോധമുണ്ട്. ദളിതന് ഒട്ടും ശുഭകരമല്ലാത്ത ഒരുൾക്കാഴ്ചയുണ്ട്. ഒരു മാറ്റത്തിനുള്ള പ്രബോധനമുണ്ട്. ഒരു കലാസ്വാദകനു മുന്നിൽ അധികാരം, ജനാധിപത്യം, രതി, വർഗ്ഗം, വർണ്ണം തുടങ്ങി സങ്കീർണ്ണമായ വിവിധ തലങ്ങളുണ്ട്. എന്നാൽ അപ്പോഴും കലാകാരൻ നിശ്ശബ്ദനാണ്. അയാൾ ഒന്നും വിളിച്ചുപറയുന്നില്ല. തന്റെ ക്യാമറ കാവ്യാത്മകമായി പ്രവർത്തിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. അത്രമേൽ മുഷിഞ്ഞ ഒരു കാലത്തെ ലോകത്തിനു മുന്നിൽ സത്യസന്ധമായി തുറന്നുവെച്ചുകൊണ്ട് കലാകാരൻ മാറിനിൽക്കുമ്പോൾ കല യൂണിവേഴ്സലായിത്തീരാതെ വയ്യ. അതിന്റെ നിരുപാധികമായ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടാതെ വയ്യ. ഈ വസ്തുതയാണ് ഒരുപക്ഷേ ഈ സിനിമയുടെ പ്രസക്തിയെ നിർണ്ണയിക്കുന്നതും.

ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള കഥയുടെ സ്വതന്ത്രാവിഷ്കാരമാണ് ഒഴിവുദിവസത്തെ കളി.  ഒരു തെരഞ്ഞെടുപ്പുദിവസത്തിന്റെ ആനുകൂല്യത്തിൽ ഇരുൾ മൂടിയ ഒരു വനമേഖലയിൽ അടിച്ചുപൊളിക്കാനെത്തിയ അഞ്ചു പേരാണു സിനിമയിൽ. അവരുടെ ഒരു പകൽ അസ്തമിക്കുന്നതിനു മുൻപു നടക്കുന്ന സംഭവങ്ങളിലൂടെ ഒരു സമൂഹത്തിന്റെ യഥാർത്ഥ അന്തസ്സത്തയിലേക്കു ക്യാമറ തിരിച്ചുവെയ്ക്കുകയാണ് സംവിധായകൻ. നാലു പുറത്തിൽ കവിയാത്ത ഉണ്ണിയുടെ കഥയെ രാഷ്ടീയമാനങ്ങൾ നിറഞ്ഞ ഒരു പൂർണ്ണസിനിമയായി സനൽ വളർത്തിയെടുത്തിരിക്കുന്നു. വരികൾക്കിടയിലെ നിശ്ശബ്ദതകളെല്ലാം പൂരിപ്പിച്ചിരിക്കുന്നു. ഒരു സാമൂഹ്യപരിഷ്കർത്താവിനെപ്പോലെ അയാൾ ആശയങ്ങളും സിദ്ധാന്തങ്ങളും ഉദ്ധരിക്കുന്നില്ല. മുദ്രാവാക്യങ്ങൾ വിളിച്ചുപറയുന്നില്ല. ഒരു പരിഹാരവും നിർദ്ദേശിക്കുന്നില്ല. മറിച്ച് കാര്യങ്ങൾ അടുത്തുനിന്നു വീക്ഷിക്കുന്നു. ആഴത്തിൽ നിരീക്ഷിക്കുന്നു. ഇരുട്ടിൽ തപ്പുന്ന ഒരു അവികസിതജനതയോട് ദാ ഇതാണു നിന്റെ സത്യമെന്നും സ്വത്വമെന്നും പറയുന്നു. ഫിലിംമേക്കർ ഒരു കവിയും ദാർശനികനുമായി മാറുന്നു.

ചരിത്രമെന്നത് ഒരു സവര്‍ണ്ണനിര്‍മ്മിതിയാണെന്ന സത്യം പണ്ടേ അറിയാമെങ്കിലും അതിന്റെ കൊടുംക്രൂരതകൾ പരസ്യമായിപ്പറയാൻ നമുക്കിപ്പോഴും ഭയമാണ്. അപ്രിയ സത്യത്തോടുള്ള പരമ്പരാഗതമായ ഭയം. സ്വാതന്ത്ര്യം ലഭിച്ച് എഴുപതു വർഷങ്ങൾ പിന്നിടുമ്പോഴും നമ്മുടെ സമൂഹത്തിൽ ജാതി ഇന്നും ഒരു മർദ്ദനോപാധിയാണ്. ഒരിക്കലും അവസാനിക്കുകയില്ല എന്ന തോന്നൽ ജനിപ്പിച്ചുകൊണ്ട്, ദുർബലമായ പ്രതിരോധങ്ങൾ ക്കിടയിലൂടെ അത് ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

രാഷ്ട്രീയപ്രബുദ്ധരും തത്വജ്ഞാനികളുമായിരിക്കെത്തന്നെ ദളിതരോടും സ്ത്രീകളോടും മൃഗങ്ങളോടും അത്രമേൽ കാടത്തം പുലർത്തുന്ന ഒരു സമൂഹത്തെപ്പറ്റിയുള്ള വ്യക്തമായ സൂചനകൾ സിനിമയിലുണ്ട്. ഒരു സൈദ്ധാന്തികചർച്ചയിലും സെമിനാറിലും വിഷയമായിത്തീരാതെ എപ്പോഴും പുറത്തുനിർത്തപ്പെടുന്ന അഥവാ അതിക്രൂരമായി ഇരയാക്കപ്പെടുന്ന ദളിതനാണ് അതിന്റെ ഫോക്കസ്.  ഒരു പുസ്തകസിദ്ധാന്തത്തിന്റെയും മുദ്രാവാക്യത്തിന്റെയും അകമ്പടിയില്ലാതെ ഒരൊഴിവു ദിവസത്തെ സംഭവങ്ങളിലൂടെ ഇതു ദൃശ്യവൽക്കരിക്കുന്നതിലെ കല ഒന്നു കാണേണ്ടതു തന്നെയാണ്. കൃത്യമായ രാഷ്ട്രീയധ്വനികൾ ഈ സിനിമയെ പ്രാദേശികതയിൽ നിന്നടർത്തി ദേശീയ അന്തർദ്ദേശീയമാനങ്ങളിലേയ്ക്ക് ഉയർത്തി പ്രതിഷ്ഠിക്കുന്നു. ചക്കയിടാനും കോഴിയെ കൊല്ലാനുമെന്ന പോലെ കൊല്ലപ്പെടാനും കറുത്തവൻ തന്നെ നിയുക്തനാവുന്നതിന്റെ രാഷ്ടീയം മാത്രമല്ല ഇരയുടെ റോളിലകപ്പെട്ട സ്ത്രീയുടെ പ്രതിരോധവും അതിജീവനവും മാത്രമല്ല അധികാരരതി മാത്രമല്ല ഓരോ വ്യക്തിക്കും അവനവനോടു തന്നെയുള്ള സമീപനവും അതിലെ ആന്തരികവൈരുദ്ധ്യങ്ങളും രാഷ്ടീയമാനമാർന്ന് നമ്മളെ ചിന്തിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നു.

ഒഴിവുദിവസത്തെ ഉന്മാദം നിറഞ്ഞ ഒരു കളിയെ പുതിയ ജീവിതാവസ്ഥയുടെ രൂപകമായി കൺസീവ് ചെയ്യുന്നതിൽ ഒരു വലിയ സിനിമ അടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പു വാർത്തകൾ ഒരു പാരഡിയായി പശ്ചാത്തലത്തിൽ മുഴങ്ങവെ, കളി നടക്കുന്ന മട്ടുപ്പാവ് പതിയെപ്പതിയെ ഒരു രാജ്യമായി രൂപാന്തരപ്പെടുകയാണ്. ഓരോ നിമിഷവും പിരിമുറുക്കം കൂടിക്കൂടി വരുന്നു. ഒടുവിൽ കളി കാര്യമാവുന്നു. രാജാവും മന്ത്രിയും ന്യായാധിപനും കള്ളനും പോലീസും തങ്ങളുടെ റോളുകൾ ഭംഗിയായി നിർവഹിച്ചുകൊണ്ടു മുന്നേറുന്ന കളിയുടെ ദുരന്തപൂർണ്ണമായ ക്ലൈമാക്സ് 105 മിനിറ്റുകൾ മാത്രമുള്ള ഈ ദൃശ്യപദ്ധതിയെ ഒരു സാമൂഹ്യവ്യവസ്ഥയുടെ തന്നെ ഗഹനപ്രതീകമാക്കി മാറ്റുന്നു.

ദൃശ്യശൈലിയിലും ദർശനത്തിലും ആദ്യചിത്രമായ ഒരാൾപ്പൊക്കത്തിൽ നിന്നു തീർത്തും വേറിട്ട ഒരു രചന നിർവഹിച്ചതിലാണ് സനലിന്റെ കലാപ്രതിഭയും മാധ്യമത്തിനു മേലുള്ള കയ്യടക്കവും കൃത്യമായി വെളിപ്പെടുന്നത്. ഒരു നിമിഷം പോലും വഴുതിപ്പോകാതെ തുടക്കം മുതൽ ഒടുക്കം വരെ അയാൾ ടോട്ടൽസിനിമയെ ഹൃദയത്തോടു ചേർത്തുപിടിച്ചിരിക്കുന്നു. കട്ടില്ലാത്ത സ്റ്റെഡിക്യാം ഷോട്ടിന്റെ സൗന്ദര്യവും വനഹൃദയത്തിലെ വാചാലമായ ബിംബസമ്യദ്ധിയും സംഭാഷണത്തിലെ നാട്ടുചന്തവും ശബ്ദലേഖനത്തിലെ സൂക്ഷ്മതയും ചില ഉദാഹരണങ്ങൾ മാത്രം. ഈ അപൂർവതയുടെ രൂപവും ഭാവവും നിർണ്ണയിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സിനിമറ്റോഗ്രാഫർ ഇന്ദ്രജിത്തിനെയും സംഗീതസംവിധായകൻ ബേസിൽ ജോസഫിനെയും അത്രമേൽ അർത്ഥവത്തായി ഫ്രെയിമുകൾ രൂപകല്പന ചെയ്ത മുരുകനെയും കൃതജ്ഞതാപൂർവം ഓർക്കുന്നു. ദൃശ്യശൈലിയിലും ദർശനത്തിലും ഒരാൾപ്പൊക്കത്തിൽ നിന്നു വേറിട്ട ഒരു രചന നിർവഹിച്ചതിൽ സനലിന്റെ കലാപ്രതിഭയും പ്രൊഫഷണലിസവും കൃത്യമായി വെളിപ്പെടുന്നുണ്ട്. ക്യാമറയുടെ വിദഗ്ദ്ധമായ അസാന്നിധ്യത്തിൽ, സംഭാഷണത്തിലെ അന്യാദൃശമായ ജീവിതഗന്ധത്തിൽ, സംഗീതത്തിന്റെ വശ്യമായ ഒതുക്കത്തിൽ ഒരു ലാൻഡ് മാർക്ക് കൂടിയാണീ ചിത്രം.

പൊളിറ്റിക്കലി കറക്റ്റാവാതെ തന്നെ മികച്ച പൊളിറ്റിക്കൽ സിനിമയുണ്ടാക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഒഴിവുദിവസം. സ്വന്തം സാഹചര്യങ്ങളോടു സഹജമായി സംവദിക്കുന്ന ആരുടെയും ഒരു ദിവസത്തെ ഉറക്കം കെടുത്താൻ കഴിയുന്ന ഒന്ന്. വെറുമൊരു കാഷ്വൽ രംഗചിത്രീകരണത്തിലൂടെ ഈ രാഷ്ട്രീയത്തിലെ ധ്വനിസമ്പന്നത വ്യക്തമാക്കാം. വനപ്രദേശത്തെ വസതിയിൽ ഒത്തുചേരുന്ന ചങ്ങാതിസംഘത്തിലെ ഒരാൾ മൊബൈലിനു റെയ്ഞ്ചില്ലാത്തതിനാൽ പുറത്തേക്കിറങ്ങുന്നു. അപരനെ ഫോണിൽ കിട്ടുന്നില്ല. ‘ഞാൻ നമ്പൂതിരിയാണ്..’ എന്നു പറയുന്നുണ്ട്. മറുപടി വ്യക്തമല്ലാത്തതിനാൽ നമ്പൂതിരിയാണ്..’ എന്നു വീണ്ടും വീണ്ടും ആവർത്തിക്കുന്നു. സ്വന്തം പേരിനെ തോൽപ്പിച്ചുകൊണ്ട് ജാതി അത്രമേൽ നിഷ്കളങ്കമായി നമ്മുടെ ജീവിതങ്ങളെ സ്വാധീനിച്ചുകഴിഞ്ഞതിനെ ഇതിലും കാവ്യാത്മകമായി എങ്ങനെയാണ് പറയാൻ കഴിയുക? അന്ത്യത്തിലെത്തുമ്പോൾ ജാതിയെന്ന ആശയവും അതിന്റെ പീഡനസ്വഭാവവും സമൂഹമനസ്സിനെക്കുറിച്ചുള്ള ഒരു പുതിയ പാഠമായി പ്രേക്ഷകമനസ്സിൽ ചേക്കേറുന്നു. 

കലയും ചരിത്രവും അഥവാ സിനിമയും ജീവിതവും പരസ്പരം കൊള്ളുകയും കൊടുക്കുകയും ചെയ്യുന്നതിന്റെ രീതികൾ പലപ്പോഴും വിസ്മയം ജനിപ്പിക്കുന്നതാണ്. വടക്കേ ഇന്ത്യയിലെ അഭൂതപൂർവമായ പ്രകൃതിക്ഷോഭവും മറ്റും ഒരാൾപ്പൊക്കം എന്ന സിനിമയുടെ ദൃശ്യഭാഷയായി മാറിയത് വലിയ കൌതുകത്തോടെയാണ് നാം കണ്ടത്. ഇന്ത്യൻ ജാതിവ്യവസ്ഥയുടെ തീരാത്ത ക്രൂരതകൾ പ്രതീകാത്മകമായി ആവിഷ്കരിച്ച ഒഴിവുദിവസത്തെ കളിയിലെ രംഗങ്ങൾ മൂർത്തരൂപമാർന്ന് ഇപ്പോൾ നമ്മുടെ അയൽപക്കത്ത് ആവർത്തിക്കുന്നുവെന്നത് കലയുടെ അത്ഭുതകരമായ പ്രവചനസ്വഭാവത്തെപ്പറ്റി ഓർമ്മിപ്പിക്കുന്നു.  ഒരു സയൻസ് റൈറ്ററാകാനാഗ്രഹിച്ച രോഹിത് എന്ന ഗവേഷകവിദ്യാർത്ഥിയെപ്പറ്റി ഇപ്പോൾ ഓർമ്മവരുന്നത് ഒട്ടും യാദൃശ്ചികമല്ല. ഒരു വഴിത്തിരിവിൽ പൊടുന്നനെ തന്റെ ജീവിതം അവസാനിപ്പിച്ചുകൊണ്ട്  അയാൾ ലോകത്തോടു പറഞ്ഞ വാക്യം ഈ കുറിപ്പവസാനിപ്പിക്കാൻ എന്തുകൊണ്ടും അനുയോജ്യമാണെന്നു തോന്നുന്നു. കാരണം ഒരു മനുഷ്യന്റെ ചുരുങ്ങിയ ജീവിതചക്രത്തിനിടയിൽ അയാൾക്കു വായിക്കാൻ കിട്ടുന്ന ഏറ്റവും മഹത്തായ കവിതയായിരിക്കണം അത്. അതിങ്ങനെയാണ്. ‘എന്റെ ജനനമായിരുന്നു എനിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധം.’

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍