UPDATES

സിനിമ

ഒഴിവുദിവസത്തെ കാര്യം കളിയാകുമ്പോള്‍

Avatar

അഡ്വ. മനു സെബാസ്റ്റ്യന്‍

കാലാകാലങ്ങളായി നീണ്ടു നിന്ന ചാതുര്‍വര്‍ണ്യത്തിന്‍റെ കളികളുടെ ചരിത്രമാണ് നമ്മുടെ നാടിന്റെത്. അറിവ് കുത്തകാവകാശമായി വെച്ചിരിക്കുന്ന ബ്രാഹ്മണന്‍ അധികാരശ്രേണിയുടെ തലപ്പത്തിരിക്കുന്നു. ബ്രാഹ്മണന്റെ അനുഗ്രഹാശിസ്സുകളോടെ കയ്യൂക്കും അധികാരഭ്രമവും ഉള്ള ക്ഷത്രിയന്‍ ഭരണാധികാരിയാകുന്നു. ഇവരോട് ഒട്ടിനില്‍ക്കുന്ന വൈശ്യരും മറ്റു ജാതികളും വ്യാപാര-സാമ്പത്തിക മേഖലകള്‍ കൈയ്യടക്കി വെയ്ക്കുന്നു. ഇങ്ങനെ അധികാരവും ജീവിതസൌകര്യങ്ങളും പങ്കിട്ടെടുക്കുന്ന കളി ഇവരെല്ലാം കൂടി കളിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. കളിക്കളത്തിനു വെളിയില്‍ നിര്‍ത്തപ്പെട്ട ശൂദ്രര്‍ ഇവരുടെ അടിമപ്പണി ചെയ്യാന്‍ വേണ്ടി മാത്രം ജനിച്ചിട്ടുള്ളവരാണ്. ശൂദ്രരുടെ മര്‍ദ്ദനവും ചൂഷണവും ഈ കളിയുടെ നിയമാവലിയില്‍ ഉള്ളതാണ്.

പക്ഷെ, പാശ്ചാത്യ ലിബറല്‍ മൂല്യങ്ങളും നവോത്ഥാനചിന്തകളും അടിസ്ഥാനമാക്കിയിട്ടുള്ള ഭരണഘടന നിലവില്‍ വന്നപ്പോള്‍ കാര്യങ്ങള്‍ക്ക് മാറ്റം വന്നു. ജനാധിപത്യവും സമത്വവും തുല്യനീതിയും വാഗ്ദാനം ചെയ്യുന്ന ഒരു ക്ഷേമരാഷ്ട്രമാണ് ഭരണഘടന വിഭാവനം ചെയ്തത്. പരിഷ്കൃത സമൂഹത്തിനു യോജിക്കാത്ത ഒന്നായി ഈ ചാതുര്‍വര്‍ണ്യ കളി കണക്കാക്കപ്പെട്ടു. എന്നാല്‍, ഭരണഘടയെ വെല്ലുന്ന ഒരു ഭീകര സത്വമായി ജാതിശക്തികള്‍ നമ്മുടെ രാജ്യത്ത് വളര്‍ന്നു കഴിഞ്ഞിരുന്നു. സമൂഹത്തിന്റെ ഉപബോധത്തില്‍ അവയ്ക്കുള്ള വേരോട്ടം ശക്തമായിരുന്നു. അതുകൊണ്ട്, ഭരണഘടനയ്ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും ഒഴിവു നല്‍കിക്കൊണ്ട്, ചാതുര്‍വര്‍ണ്യത്തിന്‍റെ കളികള്‍ ഇപ്പോഴും നടക്കുന്നു.

ഈയൊരു സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ പരിഛേദമാണ് ‘ഒഴിവുദിവസത്തെ കളി’യിലും കാണുന്നത്. പ്രത്യക്ഷത്തില്‍ വളരെ ലളിതമായ ഒരു കഥയാണിത്. ഒരു ഇലക്ഷന്‍ ദിവസം കിട്ടിയ അവധി അര്‍മ്മാദിക്കാന്‍ ഉള്ള ഒരു അവസരമായി മാറ്റിയെടുക്കുന്ന അഞ്ചു പുരുഷന്മാര്‍. സ്ഥിരജോലിയും ‘മാന്യ’മായ കുടുംബജീവിതവും ഒക്കെയായി മധ്യവര്‍ഗ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന അഞ്ചു സുഹൃത്തുക്കള്‍.  തങ്ങളുടെ മാന്യതയ്ക്കും സംസ്കാരത്തിനും ഒഴിവു കൊടുത്ത്, ഹിംസയും ഭോഗവും ഒക്കെ പ്രാകൃത രീതിയില്‍ കൊതിക്കുന്ന ഉള്ളിലെ മൃഗത്തിനെ ഉണര്‍ത്തി, മദ്യലഹരിയുടെ ബോധം മറയലില്‍  ഒരു ദിവസം ഉറഞ്ഞു തുള്ളി, പിന്നെ തിരിച്ചു ഗാര്‍ഹസ്ഥ്യത്തിന്റെ സ്വസ്ഥതയിലെക്ക് മടങ്ങുക- ഇതാണ് അവരുടെ ‘അടിച്ചു പൊളി’. സ്ഥിരം വഷളത്തരങ്ങളൊക്കെ കഴിഞ്ഞു ബോറടിച്ചപ്പോള്‍ അവര്‍ ഒരു കളി കളിക്കാന്‍ തീരുമാനിക്കുന്നു. കള്ളനും പോലീസും കളി. രാജാവ്, മന്ത്രി, പോലീസ്, കള്ളന്‍ എന്നീ നറുക്കുകളില്‍ നിന്ന് ഓരോന്നെടുത്തു, അവനവനു കിട്ടുന്ന നറുക്ക് അനുസരിച്ച് കളിക്കണം. പോലീസ് കള്ളന്‍ ആരാണെന്നു ഊഹിക്കണം. ഊഹം തെറ്റി രാജവിനെയോ മന്ത്രിയെയോ കള്ളന്‍ എന്ന് വിളിച്ചാല്‍ ശിക്ഷ പോലീസിന്. കള്ളനെ പിടിച്ചാല്‍ അവനെ മറ്റുള്ളവര്‍ വിചാരണ ചെയ്തു ശിക്ഷിക്കുന്നു. കളി നന്നായി മുറുകി. ലഹരിയോടൊപ്പം. കളിച്ചു കളിച്ചു അവസാനം കളി കാര്യമായി. അങ്ങനെ ഒരു വലിയ ദുരന്തത്തില്‍ കളിയും കഥയും അവസാനിക്കുന്നു.

പക്ഷെ, പുനര്‍ചിന്തയില്‍ നമുക്ക് മനസ്സിലാകും ഇവിടെ കളി കാര്യമായതല്ല. പകരം, കാര്യം കളിയായതാണ്. ഉറങ്ങിക്കിടന്ന ജാതിബോധം ഉണര്‍ന്നു അവിടെ ചാതുര്‍വര്‍ണ്യത്തിന്‍റെ കളി നടന്നു. അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ. തിരുമേനി ന്യായാധിപന്‍ ആകുന്നതു പൂണൂലിന്റെ ബലത്തില്‍ ആണ്. കളിയില്‍ നേരിട്ട് പങ്കാളിയാകാതെ, കളിക്ക് അതീതനായി നിന്ന് കളിക്കാരുടെ ഭാഗധേയം നിര്‍ണയിക്കുന്നു പൂണൂല്‍ധാരി. രാജാവിന്‍റെ നറുക്ക് വീഴുന്നതോ, ഒരു സവര്‍ണഫാസിസത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒത്ത ധര്‍മപാലന്‍. (ഇയാള്‍ ധരിക്കുന്ന തോര്‍ത്തിന്റെ നിറം പോലും കാവിയായത് ഒരു ആകസ്മികതയാണോ?). കഥാകൃത്തായ ആര്‍. ഉണ്ണിയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ സര്‍ സി പി രാമസ്വാമി അയ്യരും ജയറാം പടിക്കലും ആണ് ധര്‍മ്മന്റെ ആരാധ്യ കഥാപാത്രങ്ങള്‍. അടിയന്തരാവസ്ഥയില്‍ ഇന്ദിരയുടെ ഫോട്ടോ പോക്കറ്റില്‍ ഇട്ടാണ് നടന്നത്. അടിയന്തരാവസ്ഥയെ ന്യായീകരിക്കാന്‍ അയാള്‍ക്ക്‌ കാരണങ്ങള്‍ ഉണ്ട്. അന്ന് എല്ലാവരും അവനവന്റെ പണി കൃത്യമായി ചെയ്തു. പോലീസ് പോലീസിന്റെ. തോട്ടി തോട്ടിയുടെ. എല്ലാവരെയും വരുതിക്ക് നിര്‍ത്താന്‍ കൊതിക്കുന്ന ഈ അധികാരമോഹി പക്ഷെ ഉപജീവനത്തിന് ഗള്‍ഫില്‍ പോയി ദാസ്യവേല ചെയ്യുന്നു എന്നത് ഒരു വൈരുദ്ധ്യം. ആകെപ്പാടെ അയാളുടെ അധികാരം ചോദ്യം ചെയ്യപ്പെടുന്നത് ഒരു പെണ്ണിന് മുന്‍പിലാണ്. ഗീത എന്ന വേലക്കാരി പെണ്ണില്‍ നിന്നേല്ക്കുന്ന പ്രഹരത്തിന്റെ അപമാനം കൂടിയാണ് അയാള്‍ തന്‍റെ രാജവേഷത്തിലൂടെ തീര്‍ക്കുന്നത്. (എല്ലാ ഫാസിസ്റ്റുകള്‍ക്കും കാലിടറുന്നത് പെണ്‍ ശക്തിക്ക് മുന്നിലാണ് എന്നത് ചരിത്രപരമായ ഒരു സത്യം കൂടിയാണല്ലോ)

വയലന്‍സിനെ മനസ്സ് കൊണ്ട് ആരാധിക്കുന്ന അശോകന്‍ പോലീസ് ആയതും ആകസ്മികതയല്ല. എല്ലാ ഭോഗത്തിലും ഹിംസയുടെ ഒരു അംശമുണ്ട് എന്ന് അയാള്‍ ഒരിടത്ത് സമര്‍ത്ഥിക്കുന്നുണ്ട്. ബലാല്‍ക്കാരത്തിലൂടെ സ്ത്രീയെ കീഴ്പ്പെടുത്തുന്നതാണ് അയാളെ സംബന്ധിച്ച് ആണത്തം. മന്ത്രിയാകാന്‍ വിധിക്കപ്പെട്ട വിനയനും അതിനു അനുയോജ്യന്‍ തന്നെ. പുരോഗമന ആശയങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ഒക്കെ വക്താവാണ്‌ അയാള്‍. ഒരു ബന്ധത്തിന് സ്ത്രീയുടെ സമ്മതം വളരെ അത്യാവശം ആണെന്ന് അശോകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി അയാള്‍ പറയുന്നുണ്ട്. അടിയന്തരാവസ്ഥയെ ധര്‍മ്മപാലന്‍ ന്യായീകരിക്കുമ്പോള്‍ അതിനെ തന്‍റെ തിക്താനുഭവങ്ങള്‍ കൊണ്ട് എതിര്‍ക്കുന്നുമുണ്ട് അയാള്‍. പക്ഷെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അയാള്‍ എല്ലാത്തിനോടും സമരസപ്പെടാനും ഒത്തുചേര്‍ന്ന് പോകാനും ശീലിച്ചു കഴിഞ്ഞിരുന്നു. വ്യവസ്ഥിതിയെ കൊണ്ട് ഉപജീവനം കഴിക്കുന്ന അയാള്‍ അതിനെ പിണക്കാതെയും ചെറുതായി പറ്റിച്ചും തന്‍റെ നിലനില്‍പ്പ്‌ സുരക്ഷിതമാക്കി. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ട് ഇലക്ഷന്‍ ഡ്യുട്ടിയില്‍ നിന്ന് അവധിയെടുത്താണ് അയാള്‍ അവിടെ ചേരുന്നത്. അങ്ങനെ പുരോഗമനവാദമൊക്കെ അവസരം നോക്കി മാത്രം പ്രയോഗിക്കുന്ന, തന്ത്രം അറിയാവുന്ന വിനയന്‍ മന്ത്രിയായതും ഉചിതമായി.

ഊഹം തെറ്റി രാജാവിനെയും മന്ത്രിയെയും കള്ളന്‍ എന്ന് വിളിക്കുന്ന പോലീസ് പക്ഷെ അടിശിക്ഷയില്‍ നിന്ന് പണം കൊടുത്തു ഊരിപ്പോരുന്നു. അവിടെ രാജാവും ന്യായാധിപനും എല്ലാവരും ഒത്തുകളിക്കുന്നു. കളിയുടെ പശ്ചാത്തലത്തില്‍ അപ്പുറത്തെ മുറിയിലെ ടീവിയില്‍ നിന്ന് ഇലക്ഷന്‍ വാര്‍ത്തകളും കേള്‍ക്കാം. ജനാധിപത്യത്തെ  പശ്ചാത്തലമാക്കി അരങ്ങേറുന്ന കള്ളക്കളികളുടെ ഒരു രൂപകം തന്നെയായി ഈ കളിയും മാറുന്നു.

അവസാനം കള്ളന്‍ ആകുന്നതു ദാസന്‍ ആണ്. നിറം കറുത്തതായതിന്റെ പേരില്‍ അവഹേളനവും അപകര്‍ഷതയും അനുഭവിക്കുന്നവന്‍ തന്നെ കള്ളന്‍ ആകുന്നു. ഈ കള്ളുകുടി സംഘത്തില്‍ ഒരല്‍പം മാന്യതയും അന്തസ്സും പുലര്‍ത്തുന്നതായി പ്രേക്ഷകര്‍ക്ക്‌ അനുഭവപ്പെടുന്നത് ദാസന്‍ ആണ്.  സ്ത്രീവിരുദ്ധ വഷളന്‍ ഫലിതങ്ങളും ജാതിചിന്തകളും കള്ളുമൂത്ത് എല്ലാവരും ഛര്‍ദ്ദിക്കാന്‍ തുടങ്ങുമ്പോള്‍ ദാസന്‍ പറയുന്നുണ്ട്, നമുക്ക് വാര്‍ത്ത കേള്‍ക്കാം, ഇലക്ഷന്‍ എന്തായി എന്ന് നോക്കാം എന്നൊക്കെ. താന്‍പോരിമയില്‍ ജനം ലക്ക് കെടുമ്പോള്‍ അവരുടെ ചിന്ത ജനാധിപത്യത്തിലേക്ക് തിരിക്കുന്ന ഒരു പ്രവാചകനെ പോലെ.  ഒരു പാട്ട് പാടാന്‍ മറ്റുള്ളവര്‍ ആവശ്യപ്പെടുമ്പോള്‍ ദാസന്‍ ചെല്ലുന്നത് “And you called me coloured?” എന്ന കവിതയാണ്. കളിയിലും വലിയ താല്‍പര്യമില്ലാതെ മാറി നില്‍ക്കുന്ന ദാസനെ കള്ളന്‍ എന്ന് വിളിച്ചു അവര്‍ കളിക്കളത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അവസാനം കളിക്കളം കൊലക്കളം ആകുന്നു. ഏകലവ്യനും ശംബൂകനും രോഹിത് വെമുലയും ഒക്കെ കുരുതി കൊടുക്കപ്പെട്ട അതേ കൊലക്കളം. ചാതുര്‍വര്‍ണ്യത്തിന്റെ രീതികളും നിയമങ്ങളും കളിയിലേക്ക് സന്നിവേശിക്കപ്പെട്ടപ്പോള്‍ സംഭവിക്കേണ്ടത്‌ തന്നെ സ്വാഭാവികമായി സംഭവിച്ചു. കാര്യം കളിയാകുന്ന ഒരു വൈപരീത്യത്തിനു പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നു.

2003ല്‍ എഴുതപ്പെട്ട ഈ ചെറുകഥയ്ക്ക്‌ ഇപ്പോഴത്തെ കാലികപ്രസക്തി തിരിച്ചറിഞ്ഞു ചലച്ചിത്രഭാഷ്യം നല്‍കിയ സനല്‍ കുമാര്‍ ശശിധരന്‍ വളരെ അഭിനന്ദനം അര്‍ഹിക്കുന്നു. ലഹരി പയ്യെ സിരകളിലൂടെ കയറി തലച്ചോറിനെ വലിഞ്ഞുമുറുക്കുന്നത് പോലെ, ക്രമേണയുള്ള മുറുക്കത്തിലൂടെ ഭയാനകമായ ഒരു നടുക്കത്തിലേക്ക് നമ്മെ തള്ളിവിടുന്നു. സമത്വത്തിനും തുല്യനീതിക്കും ഒഴിവു കൊടുത്തു നടമാടുന്ന ജാതികളികളുടെ വ്യാപ്തിയെ പറ്റി ഒരു ചോദ്യചിഹ്നം എറിഞ്ഞു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ധര്‍മങ്ങളില്‍ ഏറ്റവും പാവനമായ സമത്വത്തെ മറന്നു കൊണ്ട് നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങളുടെയും സമ്പ്രദായങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം ന്യായം വിധിക്കപ്പെടുമ്പോള്‍, മനസ്സിലും ശരീരത്തിലും അവര്‍ണത മുദ്ര കുത്തപ്പെട്ടവരുടെ ജീവിതങ്ങള്‍ ബലി കഴിക്കപ്പെട്ടു കൊണ്ടേയിരിക്കും. അത് ചിലര്‍ക്കൊക്കെ രസം പകരുന്ന ഒരു കളിയായി മാത്രം അവശേഷിക്കുകയും ചെയ്യും.

പിന്‍കുറിപ്പ്:
ഐ.എ.എസ് ഇന്‍റര്‍വ്യൂവിനു വന്ന നായാടിജാതികാരനായ ധര്‍മ്മപാലനോട് ഒരംഗം ചോദിക്കുന്നു. “നിങ്ങള്‍ ഓഫീസറായി പണിയെടുക്കേണ്ട സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത്‌ ന്യായവും മറുഭാഗത്ത്‌ ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്ത് തീരുമാനം എടുക്കും”

“ഒരു നായായടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്ത് നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം തന്നെ നായാടി അനീതിക്ക് ഇരയായി കഴിഞ്ഞു. അവന്‍ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്”

“അത് കൊലപാതകമാണെങ്കിലോ?”

“കൊലപാതകം തന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി. അവനോടു തന്നെയാണ് അനീതി കാട്ടിയിട്ടുള്ളത്”

(നായാടിയായ ഒരു കലക്ടറുടെ ജീവിതകഥ പറയുന്ന ജയമോഹന്റെ ‘നൂറു സിംഹാസനങ്ങള്‍’ എന്ന നോവലില്‍ നിന്ന്)

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍