UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഴിവുദിവസത്തെ കളി തിരുത്തുന്ന അവാര്‍ഡു സിനിമകളുടെ ജാതകം

Avatar

നിപിന്‍ നാരായണന്‍

ഫിലിം ഫെസ്റ്റിവലുകളിലെ മലയാള സിനിമകൾക്ക് ഒരു നിരന്തരവിധിയുണ്ട്. തീയേറ്ററുകളിൽ എത്തി പിന്നീട് ഫെസ്റ്റിവലിലും കൂടി ഇടം ലഭിക്കുന്ന ആഘോഷസിനിമകളല്ല. ഫെസ്റ്റിവലിലേക്ക് നേരിട്ടെത്തി മത്സരവിഭാഗത്തിലും അല്ലാതെയും ആദ്യമായി പ്രേക്ഷകരെ സാക്ഷിയാക്കി സ്ക്രീൻ തൊടുന്ന സിനിമകളെക്കുറിച്ചാണ് ! നമ്മൾ “അവാർഡ് സിനിമ”കളെന്ന് വ്യത്യസ്ഥ സാഹചര്യങ്ങളിൽ പുകഴ്ത്തുകയും തള്ളിക്കളയുകയും ചെയ്യുന്ന സിനിമകളെക്കുറിച്ച്!

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേള ( ഐ.എഫ്.എഫ്.കെ ) യിൽ വർഷാവർഷം ആവർത്തിക്കപ്പെടുന്ന ഒരു കാഴ്ചയുണ്ട്. ഒന്നിലധികം തവണ പ്രദർശിപ്പിക്കപ്പെടുന്ന ‘ഇത്തരം ‘ സിനിമകൾക്ക് തീയേറ്റർ നിറഞ്ഞ കാഴ്ചക്കാരുണ്ടാവും. നിലത്തിരുന്നും നിന്നും പരാതിപറയാതെ ഒറ്റയ്ക്കും കൂട്ടമായും വന്ന് സിനിമ ആസ്വദിക്കുന്ന പ്രേക്ഷകർ! ആ അനുഭവം കൃത്യമായി ബാക്കിയുള്ള പ്രേക്ഷകരിലേക്ക് പടരുകയും ചെയ്യും. തീർച്ചയായും സിനിമ കാണാൻ കഴിയാത്തവർ നിരാശപ്പെടുകയും ചെയ്യും. പ്രേക്ഷകരരെയും നിരൂപകരെയും തൃപ്തരാക്കുന്ന ചിത്രങ്ങൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നതോടെ “അവാർഡ് സിനിമയാവുന്ന” ചടങ്ങുകഴിഞ്ഞു. പുറം രാജ്യങ്ങളിൽ അവാർഡ് വാരിക്കൂട്ടുന്ന സിനിമകളെ നമ്മൾ നെഞ്ചിടിപ്പ് , അക്ഷമ , ഊണുറക്കമില്ലായ്മ തുടങ്ങിയ വാക്കുകൾക്കൊപ്പം കാത്തിരിക്കും. മലയാള വിധി പക്ഷേ മറ്റൊന്നാണ്! ഏറ്റവും സങ്കടകരമായ കാര്യം ഒരാഴ്ചത്തെ സിനിമാ ഉത്സവത്തിനപ്പുറത്തേക്ക് ആ സിനിമകൾ ആഘോഷിക്കപ്പെടുന്നില്ല എന്നതാണ്. പിന്നെ തീയേറ്ററുകൾ കിട്ടാനുള്ള കാത്തിരിപ്പ്, വിതരണക്കാരില്ലായ്മ, തീയേറ്ററുകൾ കിട്ടായ്മ തുടങ്ങിയ അജ്ഞാതവാസക്കാലമാണ്. അംഗീകരിക്കപ്പെട്ട ഒരു പരീക്ഷണ സിനിമ എത്ര പെട്ടെന്നാണ് ” ലാഭമില്ലാത്ത ഒരു ബിസിനസ് ” ആയി മാറുന്നത് എന്നു കാണുക!

പക്ഷേ , സിനിമകൾ കയ്യോ കാലോ പിടിച്ച് നീങ്ങിനിരങ്ങി വൈകിയെങ്കിലും എത്താറുണ്ട് തീയേറ്ററുകളിൽ. കാത്തിരിക്കാൻ ആരുമില്ലാത്തവർ ഇത്തിരി വൈകിയാലെന്താണല്ലേ ?! ഫിലിം ഫെസ്റ്റിവലുകളിൽ എത്തിച്ചേരുന്നവർ മാത്രമാണ് സിനിമയെ സഗൗരവം സമീപിക്കുന്ന പ്രേക്ഷകർ എന്നു കരുതുന്നില്ല. അതിനു പുറത്തും അകത്തുള്ളവരേക്കാൾ കൂടുതൽ സിനിമാപ്രേമികളുണ്ട്. അവരിൽ നല്ലൊരു ശതമാനം ‘ സിനിമാപ്രേമികൾ’ ഈ സിനിമകൾ തീയേറ്ററിൽ റിലീസ് ചെയ്യപ്പെടുമ്പോൾ എവിടെയാണെന്ന സംശയം തലപൊക്കി നോക്കുകയും അവരെ ഭൂപടത്തിലെവിടെയും കാണാത്തതുകൊണ്ട് മാളത്തിലേക്ക് തിരിച്ചുപോയി പ്രതിധ്വനിക്കുകയും ചെയ്യുന്നുണ്ട് . മൂന്നോ നാലോ നഗരകേന്ദ്രങ്ങളിൽ മാത്രമുള്ള ഗവണ്മെന്റ് തീയേറ്ററുകളുടെ വരാന്തകൾ മാത്രം മിക്കപ്പോഴും പതിച്ചുകിട്ടുന്ന അതീവഭാഗ്യക്കാരായ ‘അവാർഡിതർ’ (നിന്ദിതരും പീഡിതരുമെന്ന പോൽ ) മിക്കപ്പോഴും ആരോരും സന്ദർശിക്കാൻ വരാതാവുമ്പോൾ ഒരാഴ്ചയിൽ കൂടുതൽ ഒരിടത്തു തങ്ങുന്നതിലെ അനൗചിത്യമോർത്ത് ആരുമറിയാത്തിടത്തേക്ക് മറയുന്നു. നിരന്തരം തുടർന്നുവന്നിരുന്ന ഈ ശീലം തകർന്നുവീഴുന്ന കാഴ്ചയെക്കുറിച്ച് ഇനി സംസാരിക്കാം.

‘ഒഴിവുദിവസത്തെ കളി’ ഇങ്ങനെ ഫിലിം ഫെസ്റ്റിവൽ വേദികളിൽ ആടിത്തിമിർത്ത പടമാണ്. ആസ്വാദകർ ആഘോഷിക്കുകയും ആശംസിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബർ മാസത്തിലാണെന്ന് ഓർക്കണം. എല്ലാ സ്ക്രീനിംഗിനും തീയേറ്റർ നിറയെ ആളുകൾ. നിലത്തിരുന്നും നിന്നും തിങ്ങിനിറഞ്ഞ് കണ്ടവർ. എന്തു ദരിതം സഹിച്ചാണെങ്കിലും കണ്ടിട്ടേ പോവുന്നുള്ളൂ എന്ന് വാശിപിടിച്ചവർ. നേരത്തേ ക്യൂ നിന്ന് ഇരിപ്പിടമുറപ്പിച്ച് ആശ്വാസം കൊണ്ടവർ. നേരത്തേ ആവർത്തിച്ചിട്ടുള്ള മലയാളസിനിമാ സ്വീകരണങ്ങൾ പോലെ , അല്ലെങ്കിൽ അവയിൽ ചിലതിനൊക്കെ മീതേ ഒഴിവുദിവസത്തെ കളി ഏറ്റെടുക്കപ്പെട്ടു. സിനിമയുടെ അവതരണവും, എഴുത്തും, പ്രകടനങ്ങളും, രാഷ്ട്രീയവും, നീണ്ട ഷോട്ടുകൾ പോലെയുള്ള പുതുമയും കൂട്ടങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു. സിനിമ കാണാൻ കഴിയാത്തവർ എപ്പോഴത്തേയും പോലെ ബാക്കിയാവുകയും നിരാശപ്പെടുകയും ചെയ്തു. ശേഷം സമാപനവേദിയിൽ സിനിമ “പുരസ്കാരിതമായി”!

പിന്നീട് മാസങ്ങൾക്ക് ശേഷം സിനിമ പിന്നെയും പുരസ്കാരിതമായി! വീണ്ടും പുരസ്കാരിതമായി! നോക്കണം, നിരന്തരം പുരസ്കാരിതമാവാൻ വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ടതുപോലെ ഒരു സിനിമ!

ഒടുവിൽ ആ സന്ദർഭം വന്നു. തീയേറ്റർ റിലീസ്. ഫിലിം ഫെസ്റ്റിവൽ ഡിസംബറിന് അഞ്ചു മാസങ്ങൾക്ക് ശേഷം! അപ്പോഴും തീയേറ്ററുകൾ എത്രയെന്നോ എവിടെയൊക്കെയെന്നോ ഉറപ്പില്ല. വിരലിലെണ്ണാവുന്ന കാത്തിരിപ്പുകാർ ആവേശം പൂണ്ടു. ബാക്കിയുള്ളവർ അപ്പോഴും ഒന്നും അറിയാതെ ഇലമാറിവന്ന പഴയ ചോറുണ്ടുകൊണ്ടിരുന്നു.

ശേഷമാണ് നിലത്തുകിടന്ന സിനിമയെ ആരോ എടുത്ത് പൊടിതുടച്ച് മേശപ്പുറത്ത് വെച്ചത്. അത് ആഷിക്ക് അബുവായിരുന്നു. സിനിമയോളം തന്നെ ആഘോഷിക്കപ്പെടുന്ന സംവിധായകൻ! സിനിമ തന്ന പേരും സമ്പത്തും ‘തന്റെ സിനിമയുടെ മാത്രം വളർച്ചയ്ക്ക് ‘ എന്നതായിരുന്നില്ല മുദ്രാവാക്യം, ‘നല്ല സിനിമയുടെ വളർച്ചയ്ക്ക് ‘ എന്നതായിരുന്നു. ആഷിക്ക് അബുവിന്റെ പേരിനോടുകൂടി ഒഴിവുദിവസത്തെ കളി ചേർത്തുവായിക്കപ്പെട്ടു. സിനിമ അതിന്റെ അജ്ഞാതവാസത്തിന്റെ പുറന്തോട് പൊട്ടിച്ചു. ആൾക്കാർ സംസാരിക്കാൻ തുടങ്ങി, കാത്തിരിക്കുന്നവരുടെ എണ്ണം കൂടി. കൂട്ടായ്മകൾ ഉണ്ടായി. സിനിമ കാണാനും , തീയേറ്ററുകളിലെത്തിക്കാനും പ്രേക്ഷകർ തന്നെ മുന്നിട്ടിറങ്ങി. സനൽ കുമാർ ശശിധരൻ എന്ന ‘അവാർഡ് സിനിമാ സംവിധായകൻ ‘ എത്രമാത്രം ആഹ്ളാദിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിട്ടുണ്ടാവണം!

ശേഷം സ്ക്രീനിലാണ്. സമീപകാലത്ത് ഒരു സിനിമയ്ക്കും ലഭിക്കാത്ത തരം റെസ്പോൺസ്. മിക്ക ഷോയും ഹൗസ്ഫുൾ. നീണ്ട ക്യൂ. ഫെസ്റ്റിവൽ സ്ക്രീനിംഗിൽ കയ്യടിച്ച, ചിരിച്ച , നിശബ്ദരായ പ്രേക്ഷകർ എല്ലാ തീയേറ്ററിലും ആവർത്തിക്കുന്നു. സിനിമ കണ്ടിറങ്ങുന്നവർ സംസാരിക്കുന്നത് ഇനിയുമൊരാൾ സിനിമ കാണാൻ ആഗ്രഹിക്കുന്ന രീതിയിൽ മാത്രം! മലയാള സിനിമയുടെ പുതിയ മുഖം കാണുകയാണ് ആൾക്കാർ. ഇങ്ങനെയും സിനിമ ഉണ്ടാക്കാമല്ലേ! ഇതെന്തൊരു സിനിമയാണ്!

ഒരു സിനിമയുടെ വിധി മാറുന്നത് എങ്ങനെയൊക്കെയാണല്ലേ?!

ഒഴിവുദിവസത്തെ കളി അങ്ങനെ ശീലങ്ങളെ തിരുത്തി, ശീലക്കേടുകളെ മൂലയ്ക്കിരുത്തി തീയേറ്ററുകളിൽ ആഘോഷിക്കപ്പെടുമ്പോൾ സിനിമയെ സ്നേഹിക്കുന്നൊരാൾ അനുഭവിക്കുന്ന സന്തോഷം ചെറുതല്ല. ഒരുപാടൊരുപാട് പേർ പുറത്ത് കാത്തിരിപ്പുണ്ട് . മനസും ശരീരവും നിറയെ സിനിമയുമായി! ഒഴിവുദിവസത്തെ കളിയും, സനൽ കുമാർ ശശിധരൻ എന്ന ബോധവും ഇച്ഛാശക്തിയുമുള്ള പ്രതിഭയും സംഘവും, ആഷിക് അബു എന്ന സിനിമാപ്രേമിയും, തീയേറ്ററുകളിലേക്ക് കുതിച്ചെത്തുന്ന പ്രേക്ഷകരും അവർക്കു നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. ‘സാധിക്കും’ എന്ന ഒരു ആവർത്തന ബോധം മനസുകളിൽ വിത്തിട്ടുകഴിഞ്ഞിട്ടുണ്ടാവണം!

ഒഴിവുദിവസത്തെ കളി ആഷിക് അബു ഏറ്റെടുത്തതിനു തൊട്ടുപിന്നാലെയാണ് ‘ ലെൻസ് ‘ എന്നൊരു സിനിമ ലാൽ ജോസ് ഏറ്റെടുത്ത് വിതരണത്തിനെത്തിക്കുന്നത്. ലെൻസിന്റെ ആദ്യഷോ കണ്ട് പുറത്തിറങ്ങിയപ്പോൾ ലാൽജോസ് ഇല്ലായിരുന്നെങ്കിലോ എന്നൊരു ചോദ്യം മനസിലുണ്ടായിരുന്നു. അങ്ങനെയാണെങ്കിൽ എങ്ങനെയാവും ഈ സിനിമയെക്കുറിച്ച് അറിയുക? എപ്പോഴാണ് ഇത് അനുഭവിക്കുക? ഉത്തരം കിട്ടിയ ശേഷം അങ്ങനെയായില്ലല്ലോ എന്നു നമ്മൾ ആശ്വസിക്കുന്ന തരം ചോദ്യങ്ങൾ! “ആഷിക് അബു എന്തുകൊണ്ട് ഒഴിവുദിവസത്തെ കളി ? ” എന്ന അതേ ചോദ്യം “ലാൽജോസ് എന്തുകൊണ്ട് ലെൻസ് ?” എന്ന് ആവർത്തിച്ചാൽ ലെൻസിന്റെ പ്രദർശനമുറികളും നിറയും. പറഞ്ഞു പടരും . കാത്തിരിപ്പുകളുണ്ടാവും.

ഒഴിവുദിവസത്തെ കളി, ലെൻസ് എന്നീ കാഴ്ചകൾക്കപ്പുറം അടുത്ത കാത്തിരിപ്പ് ആരംഭിച്ചുകഴിഞ്ഞു! നീണ്ടു നീണ്ടു നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ആഗസ്ത് മാസം വരുന്നുണ്ട് , പ്രിയപ്പെട്ട ഡോ.ബിജുവിന്റെ ‘പേരറിയാത്തവർ’. സുരാജ് വെഞ്ഞാറമ്മൂടിന് ദേശീയപുരസ്കാരം നേടിക്കൊടുത്ത സിനിമ എന്നറിയേണ്ടവർ അങ്ങനെ അറിയുക.

തീയേറ്ററുകൾ നിറയട്ടെ , കയ്യടികളുയരട്ടെ!!

സിനിമ , അതെന്തൊരു ആനന്ദമാണ്!!

(ചിത്രകാരനും കാര്‍ട്ടൂണിസ്റ്റും ഡിസൈനറുമാണ് നിപിന്‍ നാരായണന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍