UPDATES

സിനിമ

ഒഴിവുദിവസത്തെ കളി ഒരു ആര്‍ട്ട് സിനിമയല്ല; ഇതൊരു കാട്ടു സിനിമയാണ്

Avatar

സനല്‍ കുമാര്‍ ശശിധരന്‍

സുഹൃത്തുക്കളെ ഒഴിവുദിവസത്തെ കളി ജൂണ്‍ 17 നു തിയേറ്ററുകളിലെത്തുകയാണ്.

അധികം പരസ്യം ചെയ്യാനുള്ള പണമൊന്നുമില്ല കയ്യില്‍. പണം ചെലവാക്കി റിലീസ് ചെയ്യാമോ എന്ന ചോദ്യവുമായി ചില വിതരണക്കാരെയൊക്കെ സിനിമ കാണിച്ചിട്ടുണ്ട്. എല്ലാവരും ചിരിച്ചു കുലഞ്ഞ് കെട്ടിപ്പിടിച്ച് പോയതല്ലാതെ വിതരണം ചെയ്യാന്‍ ആരും ധൈര്യത്തോടെ മുന്നോട്ട് വന്നിട്ടില്ല. താരങ്ങളില്ലാത്ത സിനിമ കാണാന്‍ തിയേറ്ററില്‍ ആളുകള്‍ വരില്ല എന്നതാണ് പറയുന്ന കാരണം. ഇതൊരു അന്ധവിശ്വാസമാണ്. തമിഴിലും തെലുങ്കിലും ഒക്കെ ഇറങ്ങുന്ന താരമൂല്യമില്ലാത്ത സിനിമകള്‍ ഡബ് ചെയ്ത് ഇറക്കുമ്പോള്‍ പോലും നല്ല സിനിമയാണെന്ന് കേട്ടാല്‍ കേരളത്തില്‍ തിയേറ്ററുകള്‍ നിറയാറുണ്ട്. അത് ചൂണ്ടിക്കാട്ടിയാല്‍ പറയുന്ന മറുപടി, മലയാളികള്‍ തമിഴ് സിനിമയൊക്കെ താരങ്ങളില്ലാതെ കാണുമെങ്കിലും മലയാളത്തില്‍ അത് ചെയ്യില്ല എന്നാണ്. ഈ അന്ധവിശ്വാസത്തെ പൊളിക്കാതെ മലയാള സിനിമ മുന്നോട്ട് പോകില്ല. അതുകൊണ്ട് ബിഗ് ഡ്രീം റിലീസ് തന്നെയാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഒഴിവുദിവസത്തെ കളി കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയായിരുന്നു. താരത്തിളക്കമുള്ള നിരവധി സിനിമകള്‍ക്കൊപ്പം മത്സരിച്ചായിരുന്നു അത് മികച്ച സിനിമയായത്. മലയാളത്തില്‍ അപൂര്‍വമായി കണ്ടിട്ടുള്ള മേക്കിങ്ങ് രീതികൊണ്ടും തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞു നില്‍ക്കുന്ന സിനിമാറ്റിക് അനുഭവം കൊണ്ടുമാണ് അങ്ങനെയൊരു നേട്ടം അത് കൈവരിച്ചത്. ആകെ 70 ഷോട്ടുകള്‍ മാത്രമുള്ള ഈ സിനിമയുടെ രണ്ടാം പകുതി മുഴുവന്‍ ഒറ്റഷോട്ടാണ്. അഭിനേതാക്കള്‍ പുതുമുഖങ്ങളാണെന്ന് പറയുമ്പോള്‍ സിനിമ കണ്ടുകഴിഞ്ഞവര്‍ അമ്പരക്കുന്നു. അവരൊക്കെ ശരിക്കും മദ്യപിച്ചിരുന്നോ? ആ ഷോട്ടെങ്ങനെ എടുത്തു? ശരിക്കും മഴയുണ്ടായിരുന്നോ? സ്‌ക്രിപ്റ്റില്ലാന്നു പറയുന്നത് വിശ്വസിക്കുന്നതെങ്ങനെ! തുടങ്ങി അവരുടെ അമ്പരപ്പുകള്‍ നിരവധിയാണ്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളാണ് സിനിമയിലെങ്കില്‍ പോലും ഒഴിവുദിവസത്തെ കളി നിലനില്‍ക്കുന്നത് അതില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമാറ്റിക് എക്‌സ്പീരിയന്‍സ് കൊണ്ടാണ്. ഈ സിനിമ നിങ്ങളെ അമ്പരപ്പിക്കും. ഇതൊരു പരസ്യവാചകമല്ല. സംശയമുണ്ടെങ്കില്‍ കണ്ടവരോട് ചോദിച്ചാല്‍ മതി.

നല്ല സിനിമയൊന്നും ഇവിടെ പ്രേക്ഷകര്‍ക്ക് വേണ്ട. അതുകൊണ്ടാണ് വളിപ്പ് കോമഡി പടങ്ങളിറങ്ങുന്നതെന്ന് പറയുന്നവര്‍ ഏറെയാണ്. പ്രേക്ഷകരെ കുറ്റം പറയാന്‍ ഞാനൊരുക്കമല്ല. നല്ല സിനിമ തിയേറ്ററിലെത്തിക്കുകയും അത് പരസ്യവാചകങ്ങളില്‍ മാത്രമല്ലാതെ ശരിക്കുള്ള നല്ല സിനിമ ആയിരിക്കുകയും അത് തിയേറ്ററിലെത്തി എന്ന് ജനങ്ങളെ അറിയിക്കുകയും ചെയ്യാന്‍ കഴിഞ്ഞാല്‍ തിയേറ്ററില്‍ ആളുവരും എന്നെനിക്കുറപ്പാണ്. പക്ഷെ പ്രേക്ഷകരെ കുറ്റം പറയുന്നവര്‍ അവരുടെ വിശ്വാസം ശരിയാണെന്ന് സ്ഥാപിക്കുന്നത് സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മുക്കിവെച്ചുകൊണ്ടാണ്. സിനിമ തിയേറ്ററിലുള്ളപ്പോള്‍ അതേക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കും. എന്ത് വളിപ്പുകണ്ടാലും മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്ത് കൊടുക്കുന്നവര്‍ പോലും തന്ത്രപൂര്‍വം വാര്‍ത്തകള്‍ പൂഴ്ത്തും. സിനിമ പോയിക്കഴിഞ്ഞ ശേഷം വലിയവായില്‍ പ്രേക്ഷകരെ കുറ്റം പറയും. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം.

ഇതുവരെ ഡെല്‍ഹിയിലും ബോംബെയിലും ഉള്‍പ്പെടെ ആകെ പത്ത് പ്രദര്‍ശനങ്ങളിലായി ആയിരത്തോളം ആളുകള്‍ ഈ സിനിമ കണ്ടിട്ടുണ്ട്. അതില്‍ തൊള്ളായിരം പേരും ഈ സിനിമ നല്ലതാണെന്ന് പറയുന്നു. എനിക്ക് പേഴ്‌സണല്‍ മെസേജ് അയച്ച് ഇതുപോലൊരു സിനിമ കണ്ടിട്ടില്ല എന്ന് പറയുന്നവരോട് ഞാന്‍ പറയുന്നത് നിങ്ങളത് ജനങ്ങളോട് പറയൂ എന്നാണ്. കൂടുതല്‍ പേരിലേക്ക് സിനിമ എത്തട്ടെ. തിയേറ്ററുകള്‍ നിറയട്ടെ. കൂടുതല്‍ ധൈര്യത്തോടെ വഴിമാറിസഞ്ചരിക്കാന്‍ എനിക്കും എന്റെ ഒപ്പം സിനിമയെടുക്കാന്‍ മുന്നോട്ട് വരുന്ന മറ്റുള്ളവര്‍ക്കും സാധിക്കുന്ന അന്തരീക്ഷമുണ്ടാവട്ടെ. പലരും അത് ചെയ്യാറില്ല. കാരണമറിയില്ല. സുഹൃത്തുക്കളേ ഉറക്കെ സംസാരിക്കൂ.

ജൂണ്‍ 17 നു തിയേറ്ററുകളില്‍ അതെത്തും. സുഹൃത്തുക്കളെ അറിയിക്കൂ. സ്വതന്ത്ര സിനിമയ്ക്ക് ഒരു കൈത്താങ്ങ് നല്‍കൂ.

ഒഴിവുദിവസത്തെ കളി ഒരു ആര്‍ട്ട് സിനിമയല്ല. ഇതൊരു കാട്ടു സിനിമയാണ്.

(ഒഴിവുദിവസത്തെ കളിയുടെ സംവിധായകന്‍ കൂടിയായ സനല്‍ കുമാര്‍ ശശിധരന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇട്ട കുറിപ്പ്)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍