UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഴിവു ദിവസത്തെ കളി; രാഷ്ട്രീയം പറയുന്ന മലയാള സിനിമ

Avatar

സനല്‍ കുമാര്‍ ശശിധരന്‍/എം കെ രാമദാസ്

കൊച്ചാകുക എന്ന പ്രയോഗം മലയാളികള്‍ക്ക് ഇടയില്‍ പരിചിത പദമാണ്. അന്താരാഷ്ട്ര ചലച്ചിത്രോസവവുമായി ബന്ധപ്പെട്ടാണ് ഈ വാക്കിന് ഇപ്പോള്‍ പ്രസക്തി. ലോക സിനിമയ്ക്ക് മുന്നില്‍ മലയാള ചലച്ചിത്രത്തിന്റെ പ്രാധാന്യം എന്തെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക പ്രയാസം. പ്രമുഖരോട് ഇക്കാര്യം അഴിമുഖം പ്രതിനിധികള്‍ തിരക്കി. മറുപടിയും ഭൂരിഭാഗം പേരും പറഞ്ഞ വിയോജിക്കാനില്ലാത്ത ഒറ്റക്കാര്യം സിനിമകള്‍ക്കുള്ളിലെ രാഷ്ട്രീയമില്ലായ്മയെക്കുറിച്ചാണ്. രാഷ്ട്രീയ പരിസരം സൃഷ്ടിക്കാന്‍ മലയാള സിനിമാപ്രവര്‍ത്തകര്‍ക്ക് ആകുന്നില്ല. അരാഷ്ട്രീയം വേദവാക്യമായി സ്വീകരിച്ച വര്‍ത്തമാനകാല സാഹചര്യത്തില്‍ സിനിമയില്‍ മാത്രം എങ്ങനെ രാഷ്ട്രീയം ഉയര്‍ന്നു വരണമെന്ന ചോദ്യവും സ്വാഭാവികം. ലാറ്റിനമേരിക്കയില്‍ നിന്നും മറ്റു മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നും പുറപ്പെട്ടു വരുന്ന സിനിമകള്‍ ആസ്വാദനത്തിന്റെ ദേശാന്തര അതിര്‍ത്തികള്‍ മറികടന്ന് എത്തുമ്പോഴാണ് മലയാളത്തിന്റെ പരാധീനതകളില്‍ ഉത്കണ്ഠപ്പെടേണ്ടി വരുന്നത്.

സനല്‍ കുമാര്‍ ശശിധരന്റെ ‘ഒഴിവ് ദിവസത്തെ കളി’ ഒരു രാഷ്ട്രീയ സിനിമയാണ്. അരാഷ്ട്രീയവത്കരിക്കപ്പെട്ട മലയാളിയുടെ രാഷ്ട്രീയ പരിസരം സനല്‍ പറയുന്നു. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് മുതല്‍ മഴയുടെ ശബ്ദം വരെ ഒരു രാഷ്ട്രീയം ഇവിടെ ഉന്നയിക്കപ്പെടുന്നു. ജാഡയില്‍ പൊതിഞ്ഞ ജീവിതാവസ്ഥകളെ ദൃശ്യവത്കരിക്കുന്നതിലൂടെ മലയാളിയുടെ വര്‍ത്തമാനകാല ജീവിതത്തെ ഉള്ളു തുറന്ന് കാണിക്കുകയെന്ന ദൗത്യമാണ് സനല്‍ നിര്‍വഹിക്കുന്നത്.

സ്ത്രീ, ജാതി, നിറം എന്നിവയില്‍ അഭിരമിക്കുന്ന യാഥാര്‍ത്ഥ്യം ‘ഒഴിവ് ദിവസത്തെ കളി’യുടെ പ്രമേയമാണ്. മധ്യ വര്‍ഗ ധാരാളിത്തത്തിന്റെ അറിവില്ലായ്മയ ഇവിടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെടുന്നു. വാര്‍ത്താ ചാനലുകളുടെ മൗഢീകരിക്കപ്പെട്ട തെരഞ്ഞെടുപ്പ് അവലോകന പാശ്ചാത്തലം ഈ ചലച്ചിത്രം മറ്റൊരു രീതിയില്‍ കാഴ്ച്ച, കേള്‍വി അനുഭവം ആക്കുന്നു. കൊടികളുടെ സങ്കലനം സൃഷ്ടിക്കുന്ന പൊള്ളത്തരം സിനിമയുടെ മറ്റൊരു വായന സാധ്യമാക്കുന്നു.

ആര്‍ട്ട് സിനിമ, വാണിജ്യ സിനിമ അതിര്‍ത്തി ലംഘിക്കുന്ന ഒന്നാന്തരം ദൃശ്യാനുഭവമാണ് ഒഴിവ് ദിവസത്തെ കളി. അന്ത്യം വരെ നീളുന്ന സസ്‌പെന്‍സും ശബ്ദമിശ്രണത്തിലേയും വെളിച്ചക്രമീകരണത്തിലേയും ശ്രദ്ധയും ഈ ചലച്ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.

സംവിധാനം, ചിത്ര സംയോജനം, ഛായാഗ്രഹണം, ശബ്ദ മിശ്രണം എല്ലാം നന്നായി. ഇങ്ങനെ ചുരുക്കാം; വൃത്തിയുള്ള സിനിമ. സനല്‍ ശശിധരന്‍ തന്റെ സിനിമയെ കുറിച്ച് സംസാരിക്കുന്നു.

സിനിമ ഉണ്ടാക്കുന്നതിനെപ്പറ്റി?
കവിതയെഴുതുന്നത് വേറൊരാളിന്റെ കവിത പകര്‍ത്തിയെഴുതുന്നതും സ്വയം ഒരാള്‍ നില്‍ക്കുന്ന സ്ഥലത്തു നിന്നും വരുന്നതിന്റെയും വ്യത്യാസമുണ്ടല്ലോ. അത് സിനിമയിലുമുണ്ട്. നമ്മുടെ സിനിമകള്‍ ബഹുഭൂരിപക്ഷവും ഉണ്ടാകുന്നത് കാണുന്ന സിനിമയുടെ ഒരു ഇതിലാണ്. അതൊരു കൊമേഴ്‌സ്യല്‍ ഇന്‍ഫ്‌ളുവന്‍സാണ്. ഇപ്പോള്‍ വിജയിക്കുന്ന, കയ്യടി കിട്ടുന്ന സിനിമയില്‍ നിന്നും വേറൊരു സിനിമയുണ്ടാക്കുകയാണ് ചെയ്യുന്നത്. ആ സിനിമ വിട്ടിട്ട് ഞാന്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് വേറൊരു സിനിമയെടുക്കുമ്പോഴാണ് സിനിമയെന്ന നിലയില്‍ പുതിയ സാധനം വരികയുള്ളു. ഒരാള്‍പൊക്കത്തിന് എനിക്ക് അവാര്‍ഡ് കിട്ടി, സ്വീകാര്യത കിട്ടി എന്നു പറഞ്ഞുകൊണ്ട് ഒരാള്‍പൊക്കത്തിന്റെ തുടര്‍ച്ചയായിട്ട് എനിക്ക് സിനിമയുണ്ടാക്കാം. കാനില്‍ പോയ ഒരു സിനിമയുടെ എക്സ്റ്റന്‍ഷനായിട്ട് സിനിമയുണ്ടാക്കാം. അല്ലെങ്കില്‍ ഇവിടെ കോടികള്‍ വാരിയ ഒരു സിനിമയെ പോലെ ഒരു സിനിമയുണ്ടാക്കാം. അതാണ് പ്രശ്‌നമെന്ന് തോന്നുന്നു. അതല്ലാതെ നമ്മള്‍ മനപ്പൂര്‍വ്വം ഒന്നും ചെയ്യേണ്ട കാര്യമില്ല. മനപ്പൂര്‍വ്വം ചെയ്യുന്നതിനെ ഉപേക്ഷിച്ചാല്‍ മതി. 

ആര്‍ട്ടിസ്റ്റുകളെ തിരഞ്ഞെടുക്കുന്നതിനെപ്പറ്റി? 
ഒരാളിനോട് നിങ്ങള്‍ അഭിനയിക്കുമോ എന്ന് ചോദിച്ചാല്‍ ‘ആ ഞാന്‍ അഭിനയിക്കാം’ എന്നു പറയുന്നയാളിനെ കാസ്റ്റ് ചെയ്യാമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. സെലക്ട് ചെയ്യുന്നതില്‍ പ്രശ്‌നമുണ്ട്. സെലക്ട് ചെയ്യുന്നത് നമ്മുടെ ചോയ്‌സ്. ആളുകള്‍ ഇഷ്ടപ്പെടുമോയെന്നുള്ള ചോയ്‌സ്. ജനക്കൂട്ടത്തില്‍ നിന്നും റാന്‍ഡം പിക്ക് എന്ന് പറയുന്ന ഒരു സാധനമുണ്ടല്ലോ. അത് ഇതിനകത്ത് വരുന്നുണ്ടോ എന്നതാണ് പ്രശ്‌നം. അയാളെക്കൊണ്ട് ചെയ്യാന്‍ പറ്റുമോ, അയാള്‍ അഭിനയിച്ചാല്‍ ശരിയാകുമോ, അയാള്‍ക്ക് സ്‌ക്രീന്‍ പ്രസന്‍സ് ഉണ്ടോ ഇതൊക്കെ സെലക്ഷന്റെ പ്രശ്‌നമാണ്. സെലക്ഷന്‍ വരുന്നത് ആരാണ് സെലക്ട് ചെയ്യുന്നതെന്ന പ്രശ്‌നമുണ്ട്. ഞാന്‍ സെലക്ട് ചെയ്യുമ്പോള്‍ എന്റേതായ ഇഷ്ടങ്ങളെല്ലാം അതിനകത്ത് വരും. അതെല്ലാം സൊസൈറ്റി എന്ന നിലയിലുള്ള ഒരു ഡെപ്തീന്ന് നമുക്കൊരു ക്രോസ് സെക്ഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. ഇതിനപ്പുറം ആ ക്രാഫ്റ്റ് ബെയിസില്‍ രക്ഷപ്പെടണം. അഭിനയിക്കുന്നയാള്‍ നല്ലപോലെ അത് ചെയ്യണം. ഇതൊക്കെ നമുക്കറിഞ്ഞുകൂടാത്ത ഒരു ഫാക്ടറാണ്.

കേരളത്തില്‍ പലപ്പോഴും കാണുന്നയാളുകളെയാണ് ഒഴിവുദിവസത്തെ കളിയില്‍ കാണുന്നത്. അതെങ്ങനെയാണ്… 
അതൊക്കെ മനപൂര്‍വ്വമാണ്. അതൊക്കെ കഥയില്ലാത്തത്. ഒഴിവു ദിവസത്തെ കളിയെന്ന ടൈറ്റില്‍ തന്നെ മതി. ഇലക്ഷന്‍ ദിവസം നമ്മുടെ ഒരു ഹോളിഡേയാണ്. ആ ദിവസം നാം കളിക്കുകയാണ്. ആര്‍ട്ടിസ്റ്റുകളെല്ലാം പോലീസുകാരന്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. സ്ത്രീ കഥാപാത്രം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. കൂട്ടായ്മയുടെ കാര്യത്തില്‍ സിനിമയാണ് ചെയ്യാന്‍ പോകുന്നതെന്നത് മനസ്സില്‍ നിന്നെടുത്തുകഴിഞ്ഞാല്‍ ഒരു പ്രശ്‌നമില്ല. ക്യാമറയ്ക്ക് മുന്നില്‍ തെറ്റുവന്നാലോ എന്ന കണ്‍സെപ്ഷന്‍ എടുത്തു കളയുമ്പോള്‍ തന്നെ ശരിയായിക്കോളും.

പ്രകാശ് ബാരെയില്‍ നിന്നും വ്യത്യസ്തമായിട്ട് ഇതില്‍ എന്താണ് ഫീല്‍ ചെയ്തിട്ടുള്ളത് 
എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ഏത് ആക്‌ടേഴ്‌സ് ഇതില്‍ വന്നാലും ഈ സിനിമ തകിടം മറിഞ്ഞേനേ. വളരെ എളുപ്പത്തില്‍ തകിടം മറിഞ്ഞേനേ. ഇതിലെ പ്രൊഡ്യൂസറും ക്രൂ മെമ്പേഴ്‌സും പൂര്‍ണ്ണമായിട്ടും എന്നെ വിശ്വസിക്കുന്നുവെന്നുള്ളതാണ് ഈ സിനിമ വന്നതിന്റെ പ്രധാന കാരണം. എന്റെ കൈയില്‍ തിരക്കഥയില്ല. എത്ര ദിവസം കൊണ്ട് ഞാന്‍ തീര്‍ക്കുമെന്ന വിശ്വാസമില്ല. ഒരു ദിവസം ഞാന്‍ ഷാജിമാത്യുവിനെ വിളിച്ചിട്ട് മറ്റന്നാള്‍ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞത്. മറ്റൊരു തിരക്കഥയും പ്ലാനുമായിട്ടിരുന്നപ്പോഴാണ് അതു മാറ്റി ഈ ചിത്രത്തിന്റെ കാര്യം പറഞ്ഞത്. മറ്റന്നാള്‍ കൊട്ടിക്കലാശം ഉണ്ട് അത് ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞത്. അപ്പോള്‍ പുള്ളി അത് ചെയ്യാന്‍ പറഞ്ഞു. അത് എന്നിലുള്ള ഒരു വിശ്വാസമാണ്. അത് ഷൂട്ടുചെയ്യുന്നു. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ആളുകളെയൊക്കെ വിളിക്കുന്നു. ഒരു റാന്‍ഡം പിക്കാണത്. അവര്‍ക്കെന്നിലുള്ള വിശ്വാസത്തില്‍ നിന്നാണ് ഈ സിനിമ വരുന്നത്. ഒരു സീരിയല്‍ പോലും എനിക്ക് കിട്ടുമെന്ന് തോന്നുന്നില്ല. കാരണം അവര്‍ക്ക് റിട്ടേണ്‍ ആയിട്ടുള്ള സാധനങ്ങള്‍ വേണം. എന്റെ കൈയ്യില്‍ അങ്ങനെയൊരു സാധനം ഇല്ല.

ടെലിവിഷനിലെ വാര്‍ത്തകള്‍ കാണിക്കുന്നു.അതൊക്കെ കൃത്യമായിട്ടും ആ സംഭവങ്ങള്‍ തന്നെ വേണമെന്ന് കരുതീട്ട് ചെയ്തതാണോ?
ടീവിയില്‍ കാണിക്കുന്ന സുരേഷ്‌ഗോപിയുടെയും ലിജുവിന്റെയുമൊക്കെ കാര്യങ്ങള്‍ അങ്ങനെ ചെയ്തതാണ്. ഈ കാര്യങ്ങളൊക്കെ മലയാളികള്‍ക്ക് മാത്രമേ മനസ്സിലാകൂയെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ആ ടി.വി. ചര്‍ച്ച സബ് ടൈറ്റിലിന് കൊടുക്കാന്‍ പ്രശ്‌നമുണ്ടായിരുന്നു. പക്ഷേ ഭാഷ മനസിലാകാത്തവര്‍ക്കും ഇലക്ഷന്‍ ചര്‍ച്ചയാണ് നടക്കുന്നതെന്ന ഫീല്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ബുസാനില്‍ സ്‌ക്രീന്‍ ചെയ്തപ്പോള്‍ നല്ല അഭിപ്രായമാണുണ്ടായത്.

കൃത്യമായ തെളിച്ചമില്ലാത്ത ഒരു രാഷ്ട്രീയമാണല്ലോ ഉന്നയിക്കുന്നത്.. 
വേണ്ടാന്ന് വിചാരിച്ചിട്ടാണ് അങ്ങനെ ചെയ്തത്. മുദ്രാവാക്യം വിളിയെന്നത് കലയുടെ സ്വഭാവമല്ല. കലയ്ക്കകത്ത് മുദ്രാവാക്യമുണ്ട്. പക്ഷേ അത് വിളിക്കില്ല. ഉള്ളില്‍ കൊണ്ടുനടക്കും. വിളിച്ചുകഴിഞ്ഞാല്‍ അതു പോയി.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍