UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണിസാറിന്റെ അനുഭവ സമ്പത്ത് അഴിമതി നടത്തുന്നതിലും അത് മൂടി വയ്ക്കുന്നതിലുമാണ് – പി.സി തോമസ്‌ തുറന്നു പറയുന്നു

Avatar

കേരളത്തെ ലജ്ജിപ്പിക്കുന്ന അഴിമതിയാരോപണം ഉയര്‍ന്നുവന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരോപണവിധേയനായ വ്യക്തിക്കെതിരെ ഒരു കേസുപോലും ചാര്‍ജ് ചെയ്യാതെ മാറി നില്‍ക്കുന്ന ഭരണസംവിധാനത്തില്‍ നിന്നുവേണം ജനാധിപത്യപരമായ പ്രതിഷേധം തുടങ്ങാന്‍. പ്രിവന്‍ഷന്‍ ഒഫ് കറപ്ഷന്‍ ആക്ട് പ്രകാരം എഴുതി സമര്‍പ്പിച്ച പരാതി ഇല്ലെങ്കില്‍ കൂടി നടപടി സ്വീകരിക്കാമെന്ന സാഹചര്യം നിലനില്‍ക്കെ തികച്ചും നിരുത്തരവാദിത്വപരമായ സമീപനം കൊണ്ട് നിയമസംവിധാനം കുറ്റാരോപിതന് രക്ഷപ്പെടാന്‍ വഴിയൊരുക്കുകയാണ്.

കുറച്ചുനാളു മുമ്പാണ് സിപിഎം നേതാവ് എം എം മണിക്കെതിരെ വിദ്വേഷപരമായ പ്രസംഗം നടത്തിയെന്ന കുറ്റത്തിന് പൊലീസ് കേസ് എടുത്തത്. ആരാണ് അന്ന് പരാതി നല്‍കിയത്? കേവലം ഒരു ചാനലില്‍ വന്ന വാര്‍ത്ത മാത്രം അടിസ്ഥാനമാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നിതാ കേരളത്തിലെ സകലമാന മാധ്യമങ്ങളും ഇടതടവില്ലാതെ പറയുന്നൊരു കുറ്റത്തില്‍ പൊലീസിന് ഇടപെടാന്‍ സാധിക്കാത്തതെന്താണ്? കൈക്കൂലി വാങ്ങുന്നതുപോലെ തന്നെ കുറ്റകരമാണ് കൊടുക്കുന്നതും. അതിനെക്കുറിച്ച് കേട്ടുകേള്‍വിയില്ലാത്തയാളൊന്നുമാകില്ല ബിജു രമേശ്. എന്നിട്ടും താന്‍ കെ എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി കൊടുത്തൂവെന്ന് പരസ്യമായി പറഞ്ഞിട്ടും എന്തുകൊണ്ട് മാണിസാറിനെതിരെ നടപടിയെടുക്കുന്നില്ല എന്നത് ജനങ്ങളോട് ഇന്നല്ലെങ്കില്‍ നാളെ മറുപടി പറയേണ്ടി വരുന്ന ചോദ്യമാണ്.

കെ എം മാണിയെന്ന കേരള രാഷ്ട്രീയത്തിലെ പരിണിതപ്രജ്ഞനായ രാഷ്ട്രീയനേതാവിനെ വ്യക്തിപരമായി അപമാനിക്കാനല്ല, അദ്ദേഹം പ്രവര്‍ത്തിച്ചതില്‍ തെറ്റുണ്ടെങ്കില്‍ അതിനെതിരെ ശബ്ദമുയര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പി ടി ചാക്കോയുടെ ആത്മാവിനോട് അല്‍പ്പമെങ്കിലും നന്ദി കാണിക്കുന്ന ഒരു കേരള കോണ്‍ഗ്രസുകാരനും ചെയ്യാത്ത കാര്യമാണ് അഴിമതി. എന്നാല്‍ അതേ അഴിമതിയുടെ കറയാണ് ഇന്ന് മാണിസാറിനുമേല്‍ വീണിരിക്കുന്നതെന്നത് ദുഃഖകരമാണ്. അദ്ദേഹം കുറ്റക്കാരനല്ലെന്നും എല്ലാം വെറും ആരോപണങ്ങള്‍മാത്രമാണെന്നുമാണ് പാര്‍ട്ടി പറയുന്നത്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഇത്തരം പ്രസ്താവനകളെന്നുമാത്രം അതിനെ കണ്ടാല്‍മതി. പക്ഷെ, ഈ പ്രവസ്താവനകള്‍ കേട്ടാല്‍ ജനം ശാന്തരാകും എന്ന് ധരിക്കരുത്.

മുഖ്യമന്ത്രി പറഞ്ഞൊരുകാര്യം, മാണിസാര്‍ അമ്പതുവര്‍ഷത്തെ അനുഭവപാരമ്പര്യമുള്ളയാളാണെന്നാണ്. എന്താണ് ആ അനുഭവം. അഴിമതി നടത്തുകയും അത് ഭംഗിയായി മൂടിവയ്ക്കുകയും ചെയ്യുന്നതാണോ! അതാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെങ്കില്‍ യോജിക്കുന്നു. കേരളത്തിലെ ഒട്ടുമിക്കപേര്‍ക്കും അറിയാവുന്നതാണ് പാലാഴി ടയേഴ്‌സില്‍ സംഭവിച്ച കാര്യങ്ങള്‍. കേരളത്തിലെ റബര്‍ കര്‍ഷകര്‍ കടുത്തപ്രതിസന്ധി നേരിട്ടിരുന്ന കാലത്ത് അവര്‍ക്കെല്ലാം രക്ഷയെന്ന പേരില്‍ കൊണ്ടുവന്ന സ്ഥാനം. സഹകരണബാങ്കുകളിലും എന്‍ആര്‍ഐകളുടെ പക്കല്‍ നിന്നുമെല്ലാം അന്നത്തെ കാലത്ത് നാലുകോടിയോളം രൂപയാണ് പിരിച്ചെടുത്തത്. എന്നിട്ടെന്തായി? പണം മുടക്കിയ ആര്‍ക്കെങ്കിലും തിരിച്ചുകൊടുത്തോ? റബര്‍ കര്‍ഷകന് ഏതെങ്കിലും തരത്തിലുള്ള നേട്ടമുണ്ടായോ? റബര്‍ കുത്തക മുതലാളിമാരെ രക്ഷിക്കാനായിരുന്നു മാണി സാര്‍ ശ്രമിച്ചത്. അന്നു നടന്ന പണമിടപാടുകള്‍ രേഖകളില്ലാത്തതൊന്നുമല്ലായിരുന്നു. എന്നിട്ടും എല്ലാം ഇപ്പോഴും മൂടപ്പെട്ടുതന്നെയിരിക്കുന്നു. ഈ ആരോപണങ്ങളൊന്നും ഇപ്പോള്‍ ഞാനായിട്ട് പറയുന്നതല്ല. അദ്ദേഹത്തിന്റെ ലഫ്റ്റനന്റായി നടക്കുന്ന പിസി ജോര്‍ജ് തന്നെ പണ്ട് നിയമസഭയില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇതെല്ലാം. ഒരു പി സി ജോര്‍ജ് മാത്രമല്ല, ഇപ്പോള്‍ മാണിക്കുവേണ്ടി പടവെട്ടാനിറങ്ങിയിരിക്കുന്ന ആന്റണി രാജുവും മാണിസാറിനൊപ്പം കസേരയിട്ടിരിക്കുന്ന പലരും അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ടുള്ളവരാണ്. ആ ആള്‍ക്കാരൊക്കെ ഇപ്പോള്‍ തങ്ങളുടെ ചെയര്‍മാനെ വെള്ളപൂശാന്‍ നടക്കുന്നതുകാണുമ്പോള്‍ ചിരി വരുന്നു. ജനങ്ങളെക്കുറിച്ച് ഇവരാരും ഓര്‍ക്കുന്നില്ല. ബാറുകാരുടെ പക്കല്‍ നിന്നുമാത്രമല്ല. ജ്വല്ലറിക്കാര്‍ , ക്വാറിമുതലാളിമാര്‍, കോഴിക്കച്ചവടക്കാര്‍ തുടങ്ങി പലരുടെ പക്കല്‍ നിന്നും പണം പാലായിലേക്ക് ഒഴുകിയിട്ടുണ്ട്. ഇതതൊന്നും വെറും ആരോപണമായിട്ട് കാണണ്ട. ഈ പറഞ്ഞ ഓരോ കച്ചവടക്കാര്‍ക്കും ഉണ്ടായിട്ടുള്ള നികുതി ഇളവുകള്‍ പരിശോധിച്ചാല്‍ മതി.

ബാറുകാര്‍ കൊടുത്ത കോടികളുടെ കഥകളും പുറത്തുവരില്ലായിരുന്നു. ഉമ്മന്‍ ചാണ്ടി-സുധീരന്‍ ഈഗോ ക്ലാഷാണ് പാരയായത്. ആദ്യഘട്ടത്തില്‍ 418 ബാറുകള്‍ പൂട്ടിയ സമയത്ത് തന്നെ മാണിസാര്‍ ഈ തീരുമാനത്തിനെതിരായിരുന്നു. പിന്നീട് പൂട്ടിയ ബാറുകള്‍ തുറപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇമേജ് യുദ്ധത്തില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ മിന്നലാക്രമണം എല്ലാ തകര്‍ത്തൂ. ബാറുകാര്‍ പണം കൊടുത്തിട്ടുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇപ്പോഴത്തെ ആരോപണത്തെ മുന്‍നിര്‍ത്തിയല്ല ഞാനിതു പറയുന്നത്. ഇതിനു മുമ്പും ബാറുടമകളില്‍പ്പെട്ട പലരും രഹസ്യമായി, തങ്ങള്‍ പണം കൊടുത്തിട്ടുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. അവരാരും ഒന്നും പുറത്തുപറയാന്‍ ധൈര്യപ്പെടില്ല. അതുപോലെ തന്നെയാണ് മറ്റുബിസിനസ്സുകാരും. നിലവില്‍ ബിജു രമേശ് ഉയര്‍ത്തിയിട്ടുള്ള ആരോപണത്തില്‍ വ്യക്തമായ തെളിവുകള്‍ അവരുടെ കൈവശം ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. അതവര്‍ വെറുതെ പറയുന്നതുമാകില്ല. പൊലീസ് ചെയ്യേണ്ടിയിരുന്നത് ബിജു രമേശിനെ അറസ്റ്റ് ചെയ്ത് അദ്ദേഹത്തിന്റെ പക്കലുള്ള തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. അനങ്ങിയോ നമ്മുടെ പൊലീസ്? നിയമവകുപ്പ് കൈകാര്യം ചെയ്യുന്നൊരു മന്ത്രിക്കെതിരെ നിയമപാലകര്‍ നീങ്ങുമോ അല്ലേ?

കെ എം മാണിയുടെ പേര് മാത്രമെ പുറത്തുവന്നിട്ടുള്ളുവെങ്കിലും മന്ത്രിസഭയിലെ പലരും കോഴവാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ വിശദമായൊരു അന്വേഷണം തന്നെ ആവശ്യമാണ്. കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം വഞ്ചിക്കുന്ന നിലപാടാണ് ഈ മന്ത്രിസഭ ചെയ്യുന്നത്. ഒരുപക്ഷേ കേരളം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ അഴിമതിയാരോപണം നേരിടുന്ന മന്ത്രിസഭയാണ് നിലവില്‍ നമ്മളെ ഭരിക്കുന്നത്. ജനതാല്‍പര്യം സംരക്ഷിക്കപ്പെടണമെന്ന് ഈ സര്‍ക്കാരിന് അല്‍പ്പമെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ പേരെടുത്തു പരമാര്‍ശിച്ചിട്ടുള്ള കെ എം മാണിക്കെതിരെയെങ്കിലും അന്വേഷണം നടത്താവുന്നതാണ്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തെ ശിക്ഷിക്കണം, അല്ലെങ്കില്‍ അദ്ദേഹം തിരിച്ചു മന്ത്രിസഭയിലേക്ക് വരട്ടെ. അതല്ലാതെ മാണി കുറ്റം ചെയ്തിട്ടില്ലെന്നും ചെയ്യത്തില്ലെന്നും വിളിച്ചു പറയേണ്ടി വരുന്നത്, ആ പാപത്തില്‍ മറ്റുപലര്‍ക്കും പങ്കുള്ളത് കൊണ്ട് കൂടിയാണ്. തങ്ങളാരും തെറ്റുചെയ്തിട്ടില്ലെന്നാണ് യുഡിഫ് നേതാക്കള്‍ പറയുന്നത്. തെറ്റുചെയ്തിട്ടില്ലാത്തവര്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനാണ്?

മാണിസാര്‍ ഇപ്പോള്‍ പറയുന്നത് തനിക്കെതിരെ ഗൂഢാലോചന നടന്നെന്നാണ്. ആരാണ് ഗൂഢാലോചന നടത്തിയതെന്നുകൂടി അദ്ദേഹത്തിന് പറഞ്ഞാല്‍ എന്താ? ആ ഗൂഢാലോചനക്കാര്‍ സ്വന്തം പാളയത്തില്‍ തന്നെയുള്ളവരാണെന്ന് അദ്ദേഹത്തിനറിയാം. പലരുടെയും ശരീരഭാഷയും സംസാരങ്ങളുമെല്ലാം വേട്ടക്കാരുടേതിനു തുല്യമാണ്. ഒപ്പം നില്‍ക്കുന്നവരും കൂടെയുണ്ടാകുമെന്ന് വിശ്വസിപ്പിക്കുന്നവരുമെല്ലാം ആ വേട്ടക്കാരുടെ ഇടയിലുണ്ടെന്ന് കെ എം മാണി മനസ്സിലാക്കിയിരിക്കുന്നു.

പ്രതിപക്ഷം മാണിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നത്? അന്വേഷണം പ്രഖ്യാപിക്കാനുള്ള അധികാരം പ്രതിപക്ഷത്തിനാണോ? അന്വേഷണം ആവശ്യപ്പെടാനല്ലേ ഞങ്ങള്‍ക്കാകൂ, അത് നടപ്പാക്കേണ്ടത് സര്‍ക്കാരല്ലെ. അതിനവര്‍ ശ്രമിക്കാതെ പ്രതിപക്ഷത്ത് ഭിന്നത എന്ന മുട്ടാപ്പോക്ക് ന്യായവുമായി ഇറങ്ങിയിരിക്കുകയാണ്. പട്ടയപ്രശ്‌നം ഉയര്‍ത്തി യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറാനുള്ള മാണിസാറിന്റെ നീക്കത്തെ കടത്തിവെട്ടാനാണ് ഞൊടിയിടയില്‍ ഈ അഴിമതിയാരോപണം ഉയര്‍ന്നുവന്നെതെന്നു പറയുന്നതില്‍ ചെറിയ അപാകതകളുണ്ട്. മാണിയെ വെട്ടാന്‍ തന്നെയാകും കോഴവിവാദം ഉയര്‍ന്നിരിക്കുന്നത്. അതുപക്ഷേ എല്‍ഡിഎഫുമായി ബന്ധപ്പെട്ടല്ല. കേരള കോണ്‍ഗ്രസ് എം പറയുന്നതുപോലെ പട്ടയം നല്‍കാന്‍ വകുപ്പില്ല. അത് മാണി സാറിനുമറിയാം ഉമ്മന്‍ ചാണ്ടിക്കുമറിയാം. പക്ഷേ കര്‍ഷക പാര്‍ട്ടിയെന്ന് വീമ്പിളക്കുന്ന മാണിസാറിന്റെ പാര്‍ട്ടിക്ക് കര്‍ഷകര്‍ക്കുവേണ്ടി ഒരു ചുക്കും ചെയ്യാനാവില്ലെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകാതിരിക്കാന്‍ സമരം പോലുള്ള ചില നാടകങ്ങള്‍ കളിക്കാന്‍ അവര്‍ തയ്യാറാകുമായിരുന്നു. ഏതറ്റംവരെ ആ നാടകം നീളുമെന്ന് അതിലും നന്നായി ഉമ്മന്‍ ചാണ്ടിക്കും അറിയാമായിരുന്നു. തനിക്ക് ഭീഷണിയാകില്ലെന്നു അറിയാവുന്നതുകൊണ്ട്, പട്ടയകാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് മാണി സാറിനെ ഭയമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തേക്ക് കൂടേറാനുള്ള നീക്കത്തിനുള്ള മറുവെട്ടായി ഈ വിഷയത്തെ കാണേണ്ടകാര്യമല്ല.

ഇത് കേവലം ആരോപണങ്ങളിലൊതുങ്ങിപ്പോകേണ്ട ഒന്നല്ല, ജനങ്ങളുടെ പണമാണ് കക്കുന്നത്. അതൊരിക്കലും ശരിയല്ല. കെ എം മാണിയാണെങ്കിലും തെറ്റുകണ്ടാല്‍ ശിക്ഷിക്കപ്പെടണം. അതിനുവേണ്ടി ക്രിയാത്മകമായ പ്രതിപക്ഷം എന്ന നിലയില്‍ ശക്തമായ പ്രക്ഷോഭം തന്നെ ഇടതുപക്ഷം പുറത്തെടുക്കും. ഇടതുപക്ഷത്ത് ഇതുസംബന്ധിച്ച് യാതൊരു ആശയക്കുഴപ്പങ്ങളുമില്ല. സിപിഐയുടേത് ഒറ്റയാള്‍ പോരാട്ടമാണെന്നുമൊന്നും വിചാരിക്കണ്ട്. അവര്‍ തങ്ങളുടെ നിലപാട് ഉറക്കെ പ്രഖ്യാപിച്ചുവെന്നെയുള്ളൂ.

ഇതുമൊരു രാഷ്ട്രീയപ്രശ്‌നമല്ല. കോടികളുടെ കോഴക്കേസാണ്. ഈ കേസ് തെളിയേക്കണ്ടതുമാണ്. കെ എം മാണി മന്ത്രിസ്ഥാനത്തു നിന്ന് മാറി കേസന്വേഷണത്തെ നേരിടുന്നതാണ് ജനാധിപത്യമര്യാദ. അതിന് തയ്യാറാകാത്ത പക്ഷം അദ്ദേഹത്തിന് ജനകീയ വിചാരണ നേരിടേണ്ടി വരും. അവിടെ ജനങ്ങള്‍ തക്കതായ ശിക്ഷ തന്നെ വിധിക്കും, സംശയമില്ല.

(തയ്യാറാക്കിയത്- രാകേഷ് നായര്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍