UPDATES

കോട്ടയം സീറ്റ് നല്‍കാത്തതില്‍ കെ എം മാണി പിന്നീട് ഖേദം പ്രകടിപ്പിച്ചുവെന്ന് പി ജെ ജോസഫ്, അട്ടിമറിച്ചത് ജോസ്, പാര്‍ട്ടി പിളരും, പുതിയ പാര്‍ട്ടിക്ക് ഡിസംബറോടെ കമ്മിറ്റിയെന്ന് വെളിപ്പെടുത്തല്‍

ബിഷപ്പുമാർ നടത്തിയ അനുരഞ്ജന ശ്രമവും പരാജയപ്പെടുത്തിയെന്ന് ജോസഫ്

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് നല്‍കാത്തതില്‍ കെ എം മാണി പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നതായി കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. കോട്ടയം സീറ്റ് തനിക്ക് നല്‍കാത്തതിന് പിന്നില്‍ ജോസ് കെ മാണിയാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പി ജെ ജോസഫ് ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ചത്. ലോക്‌സഭ സീറ്റ് നിര്‍ണയ വേളയില്‍ മറ്റാരുടെയും പേര് പരിഗണനയില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ജോസ് കെ മാണിയുമായി ചേർന്നുപോകാനാകില്ലെന്നും പാർട്ടി പിളരുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മിറ്റികളെല്ലാം ഡിസംബറിൽ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു

ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയതിനാല്‍ കോട്ടയം സീറ്റ് തനിക്ക് നല്‍കാമെന്ന ധാരണയുണ്ടായിരുന്നു. ഈ ധാരണ എല്ലാവരും അംഗീകരിച്ചിരുന്നു. അന്നത്തെ യോഗത്തില്‍ തലയില്‍ കൈവെച്ച് കെ എം മാണി പിതൃസ്ഥാനത്തുനിന്ന് തന്നെ അനുഗ്രഹിച്ചിരുന്നതായും ജോസഫ് അവകാശപ്പെട്ടു. എന്നാല്‍ സീറ്റ് നല്‍കാത്തതില്‍ പിന്നീട് അടുത്ത ഒരാളോട് കെ എം മാണി ഖേദം പ്രകടിപ്പിച്ചതെന്നാണ് ജോസ്ഫ് അഭിമുഖത്തില്‍ അവകാശപ്പെട്ടത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് സംബന്ധിച്ച് കേരള കോണ്‍ഗ്രസില്‍ വലിയ തര്‍ക്കം നടന്നിരുന്നു. പാര്‍ട്ടി കമ്മിറ്റികളുടെ യോഗം വിളിച്ചാണ് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ജോസ് കെ മാണിക്കെതിരെ രൂക്ഷമായ ആരോപണമാണ് ജോസഫ് ഉന്നയിച്ചത്. പക്വതയില്ലാത്ത നേതാവാണ്  ജോസ് കെ മാണിയെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തമായി തീരുമാനം എടുക്കാനുള്ള കഴിവില്ല.

കേരള യാത്രമുതല്‍ ജോസ് കെ മാണിക്ക് തന്നോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ചരല്‍ക്കുന്നില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍കൂട്ടി തീരുമാനമില്ലാതെയാണ് കേരള യാത്ര നിശ്ചയിച്ചത്. ഇക്കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസം കെ എം മാണിയെ അറിയിച്ചിരുന്നു. യാത്ര നയിക്കാന്‍ ജോസ് കെ മാണിയ്ക്ക് മാത്രമെ കഴിയുവെന്നായിരുന്നു പ്രമേയമെന്നും ജോസഫ് പറഞ്ഞു. മാണി സാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ പാര്‍ട്ടിയുടെ നേതൃത്വത്തിലെത്താനാണ് ജോസ് കെ മാണി ശ്രമിച്ചത്. ബിഷപ്പുമാരുടെ അനുരഞ്ജന ശ്രമത്തെയും പരാജയപ്പെടുത്തി. 24 മണിക്കൂറിനുള്ളില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചാണ് പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ മാണി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചതെന്നും ജോസഫ് ആരോപിച്ചു.

ഇനി ജോസ് കെ മാണിയുമായി ചേര്‍ന്നു പോകാന്‍ കഴിയില്ലെന്ന കാര്യവും ജോസഫ് വ്യക്തമാക്കി. ഡിസംബറാകുമ്പോഴെക്കും എല്ലാ ജില്ലകളിലും കമ്മിറ്റി ഉണ്ടാക്കി, പാര്‍ട്ടി പിളരുമ്പോഴുള്ള നടപടികള്‍ എല്ലാം സ്വീകരിക്കുമെന്നും ജോസഫ് വെളിപ്പെടുത്തി. ഇതോടെ കേരള കോണ്‍ഗ്രസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും പിളരുകയാണെന്ന കാര്യമാണ് പി ജെ ജോസഫ് സ്ഥിരികരിച്ചിരിക്കുന്നത്. എല്‍ഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരിക്കെ രാജിവെച്ചാണ് ജോസഫ് തന്റെ പാര്‍ട്ടിയെ കെ എം മാണി വിഭാഗത്തില്‍ ലയിപ്പിച്ചത്.

Read: സ്വവര്‍ഗ ചുംബനം ചിത്രീകരിച്ച ഗ്രാഫിക് നോവല്‍ സുവിശേഷകനായ റിയോ മേയര്‍ക്ക് നിരോധിക്കണം; ചിത്രം പ്രസിദ്ധീകരിച്ച് ബ്രസീല്‍ പത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍