UPDATES

ട്രെന്‍ഡിങ്ങ്

സിപിഎമ്മിലെ പുതിയ ‘ബിംബം’ പി ജയരാജന്‍? കണ്ണൂരില്‍ നിന്നുള്ള ‘വിഭാഗീയ’ വാര്‍ത്തകള്‍

ആന്തൂരിലും പി ജയരാജന്റെ നിലപാട് പാര്‍ട്ടി തള്ളി.

തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സിപിഎമ്മിന് പ്രതിസന്ധികള്‍ അകന്നിട്ടില്ല. തലശ്ശേരിയില്‍ സിഒടി നസീറിന് നേരെ ഉണ്ടായ വധശ്രമത്തില്‍ തുടങ്ങി, ആന്തൂരില്‍ പ്രവാസി ബിസിനസ്സുകാരന്റെ ആത്മഹത്യയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ലൈംഗിക പീഡന ആരോപണവുമെല്ലാം പാര്‍ട്ടിയെ ഉലയക്കുകയാണ്. എന്നാല്‍ ഇതില്‍ ചിലതിലെങ്കിലും വിവാദങ്ങള്‍ ആളിക്കത്താന്‍ കാരണം കണ്ണൂരിലെ വിഭാഗീയതയാണ് എന്നാണ് പാര്‍ട്ടിക്കാര്‍ തന്നെ നല്‍കുന്ന സൂചന.

കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജനെ മുന്‍നിര്‍ത്തിയാണ് വിഭാഗീയത എന്ന ആരോപണം ഉണ്ടാകുന്നത്. നേരത്തെ ചില ബിംബങ്ങളെ ഉയര്‍ത്തിക്കാട്ടി പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതുപോലെ, ജയരാജനെ ബിംബമാക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയും ചെയ്തു. വിഎസ് അച്യുതാനന്ദനെ കേന്ദ്രീകരിച്ച് നടന്ന വിഭാഗീയതയെ ഓര്‍മ്മിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതേ തുടര്‍ന്ന് തന്റെ പേരില്‍ പ്രചരിക്കുന്ന പി ജെ എന്ന ഫേസ്ബുക്ക് ഗ്രുപ്പുകള്‍ അതിന്റെ പേരില്‍ മാറ്റം വരുത്തണമെന്നാണ് പി ജയരാജന്‍ ആവശ്യപ്പെടുകയും ചെയ്തു. നേതാക്കളെ വ്യത്യസ്ത തട്ടില്‍നിര്‍ത്തി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പാര്‍ട്ടി ശത്രുക്കളാണെന്ന കാര്യവും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി കഴിഞ്ഞതിന് ശേഷമാണ് പി ജയരാജന്‍ ഇത്തരമൊരു പോസ്റ്റ് ഇട്ടതെന്ന കാര്യം ശ്രദ്ധേയമാണ്.സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനിടെയാണ് പിണറായി വിജയന്‍ പി ജയരാജനെ ബിംബമാക്കാന്‍ ശ്രമിക്കേണ്ടെന്ന് പറയുകയും ചെയ്തത്.

ഇതാദ്യമല്ല പി ജയരാജനുമായി സംസ്ഥാന നേതൃത്വം അകലുന്നത്. പയ്യന്നൂരില്‍ ധനരാജ് എന്ന സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജയരാജന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിനെതിരായ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ജില്ലാ കമ്മിറ്റി ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അന്ന് മുതലാണ് പി ജയരാജന്‍ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുതുടങ്ങിയത്.

കണ്ണൂരില്‍ ആര്‍എസ്എസ്സിനെതിരെ ചെറുത്തുനില്‍ക്കുന്നതില്‍ നടത്തുന്ന ഇടപെടലും മറ്റും സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ക്കിടയില്‍ ജയരാജന് വലിയ സ്വീകാര്യതയാണ് നല്‍കിയത്. ആര്‍എസ്എസിനെ പ്രതിരോധിക്കുന്ന ധീരനായകന്‍ എന്ന പ്രതിച്ഛായയാണ് ജയരാജന് പാര്‍ട്ടിയിലെ ഒരു വലിയ വിഭാഗങ്ങള്‍ക്കിടയില്‍. അതേസമയം തന്നെ നിരവധി രാഷ്ട്രീയ കേസുകളില്‍ ജയരാജന്‍ അകപ്പെടുകയും ചെയ്തു. പാര്‍ട്ടി ശത്രുക്കള്‍ ബോധപൂര്‍വം ജയരാജനെ ലക്ഷ്യമിടുന്നുവെന്നതിന്റെ ഭാഗമായാണ് ഈ കേസുകള്‍ എന്നാണ് സിപിഎം പ്രവര്‍ത്തകരിലും അനുഭാവികളിലുമുള്ള വലിയൊരു വിഭാഗം കരുതുന്നത്.

ജയരാജന്റെ പേരില്‍ ഒരു വീഡിയോ ഇറങ്ങിയത് ഇതിന്റെയൊക്കെ ഭാഗമായിട്ടായിരുന്നു. ജയരാജന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ശ്ലാഘിച്ചുകൊണ്ടായിരുന്നു വിഡിയോ ആല്‍ബം. എന്നാല്‍ സംസ്ഥാന സമിതി ഇതില്‍ വ്യക്തിഗത രാഷ്ട്രീയം കണ്ടെത്തുകയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജയരാജനോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. വ്യക്തിമഹാത്മ്യം പ്രചരിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നായിരുന്നു അന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഇങ്ങനെ സംസ്ഥാന നേതൃത്വവുമായി അകന്നുകഴിയുന്നതിനിടയിലാണ് വടകരയില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായി ജയരാജനെ അവതരിപ്പിക്കുന്നത്. വടകര പിടിക്കാന്‍ കരുത്തനെ രംഗത്തിറക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും, ഇതിന് പിന്നില്‍ ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയെന്ന ഉദ്ദേശം കൂടിയുണ്ടായിരുന്നുവെന്നായിരുന്നു ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ ആക്ഷേപം. സ്ഥാനാര്‍ത്ഥിയായതോടെ പി ജയരാജനെ മാറ്റി എം വി ജയരാജന്‍ ജില്ലാ സെക്രട്ടറിയാവുകയും ചെയ്തു. ജയരാജന്‍ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം പി ജെ പേജുകളില്‍ ചിലര്‍ ഉന്നയിക്കുകയും ചെയ്തു.

കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ജയരാജന്റെ സാധാരണക്കാരായ മക്കളെക്കുറിച്ചും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുകയുണ്ടായി. ഇതിനിടയിലാണ് ജയരാജനെ ബിംബമാക്കേണ്ടെന്ന പ്രസ്താവന മുഖ്യമന്ത്രി നടത്തിയത്. ആന്തൂര്‍ പ്രശ്‌നത്തിലും ജയരാജന്റെ നിലപാടുകളെ പൂര്‍ണമായും തള്ളുകയാണ് സിപിഎം നേതൃത്വം ചെയ്തത്.

 

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യമളക്ക് തെറ്റുപറ്റിയെന്ന നിലപാടായിരുന്നു ജയരാജനും കണ്ണൂരിലെ പാര്‍ട്ടിയും സ്വീകരിച്ചിരുന്നത്. എന്നാല്‍ മുനിസിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവാദിയെന്ന സമീപനമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. ശ്യാമളയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയാണ് പി ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത്. ഇത് തളളികളയുകയാണ് സിപിഎം നേതൃത്വം ഇന്നലെ ഫലത്തില്‍ ചെയ്തത്.

സിഒടി നസീര്‍ ആക്രമിക്കപ്പെട്ട കേസില്‍ പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ തലശ്ശേരിയില്‍ ചേര്‍ന്ന വിശദീകരണ യോഗത്തില്‍ പി ജയരാജന്‍ സംസാരിച്ചിരുന്നു. തലശ്ശേരി സ്റ്റേഡിയം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട സിഒടി നസീര്‍ ഉന്നയിച്ച ആക്ഷേപങ്ങളില്‍ ചില വസ്തുതകളുണ്ടെന്ന നിലപാടാണ് ജയരാജന്‍ അന്ന് പരസ്യമായി സ്വീകരിച്ചത്. സ്‌റ്റേഡിയം നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് ആരോപണമുണ്ടായിരുന്നു. എംഎല്‍എയുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സിഒടി നസീര്‍ തന്നെ പിന്നീട് പറയുകയും ചെയ്തു. ജയരാജനെതിരായ നീക്കത്തിന് പിന്നില്‍ ഈ ജനപ്രതിനിധിയാണെന്ന ആക്ഷേപവും ചില പാര്‍ട്ടിക്കാര്‍ ഉന്നയിക്കുന്നുണ്ട്.

ഇങ്ങനെ ഇപ്പോള്‍ സിപിഎം കണ്ണൂരില്‍ നേരിടുന്ന പല പല പ്രതിസന്ധികളില്‍ ബോധപൂര്‍വമോ അല്ലാതെയോ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍ സ്ഥാനത്ത് നിര്‍ത്തുകയോ നില്‍ക്കുകയോ ചെയ്യുന്ന നേതാവായി പി ജയരാജന്‍ മാറുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മലപ്പുറം സമ്മേളനത്തോടനുബന്ധിച്ചും പിന്നീടും സിപിഎമ്മിലുണ്ടായ
വിഭാഗീയത നിലനിന്ന കാലത്ത് പിണറായി വിജയന്റെ അടുത്തയാളും വിഎസ്സിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു പി ജയരാജന്‍. ‘ബിംബം ചുമക്കുന്ന  കഴുതയെന്ന് പി ജയരാജന്‍ അന്ന് വിഎസ്സിനെ ഉദ്ദേശിച്ച് സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. ഒരു ദശാബ്ദത്തിനിപ്പുറം സിപിഎമ്മില്‍ ചരിത്രം മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കുന്നതിന്റെ സൂചനകളാണുണ്ടാകുന്നത്. പഴയ പ്രത്യയശാസ്ത്ര പുകമറ ഇതില്‍ കാണാനില്ലെങ്കിലും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍