UPDATES

സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങള്‍ക്ക് സിപിഎം സഹകരിക്കും; കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍

അഴിമുഖം പ്രതിനിധി

സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങള്‍ക്ക് സിപിഎം സഹകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി ജയരാജന്‍ നിലപാട് അറിയിച്ചത്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വെറും ക്രമസമാധാന പ്രശ്‌നമായി കാണുന്ന പോലീസ് നിലപാട് സിപിഎം തള്ളി. കണ്ണൂരിലെ അക്രമ സംഭവങ്ങള്‍ക്ക് കാരണം ആര്‍എസ്എസുകാരാണെന്നും അവരുടെ കേരള അജണ്ടയുടെ ഭാഗമായാണ് അക്രമങ്ങള്‍ നടത്തുന്നതെന്നും പി ജയരാജന്‍ പറയുന്നു. കൂടാതെ സമാധാനം പാലിക്കാനായി പോലീസ് സ്വീകരിക്കുന്ന നടപടികള്‍ക്കെതിരേ പ്രതികരിക്കരുതെന്ന നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നും പോലീസ് ഉദ്യോഗസ്ഥരില്‍ എല്ലാവരും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നവരല്ല. അവരില്‍ തെറ്റായ നടപടികള്‍ സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിക്കേണ്ടത് ആവശ്യമാണെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി കണ്ണൂര്‍ എസ് പി നല്‍കിയ 24.10.16 ന്റെ കുറിപ്പ് വായിച്ചു.കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന് അദ്ദേഹം മുന്നോട്ട് വെച്ച അഞ്ച് നിര്‍ദ്ദേശങ്ങള്‍ സിപിഐ(എം) ചര്‍ച്ച ചെയ്യുകയുണ്ടായി.അതേ കുറിച്ച് ഞങ്ങളുടെ അഭിപ്രായം താഴെ ചേര്‍ക്കുന്നു.

1.കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കേവലമൊരു ക്രമസമാധാന പ്രശ്‌നം മാത്രമായാണ് ജില്ലാ പോലീസ് മേധാവി കാണുന്നത്.പാര്‍ട്ടിയുടെ അഭിപ്രായത്തില്‍ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷം ആര്‍ എസ് എസിന്റെ കേരള അജണ്ടയുടെ ഭാഗമായി ഉണ്ടാവുന്നതാണ്.

2.പ്രസംഗങ്ങളിലും മറ്റും കായിക ആക്രമണങ്ങള്‍ പ്രോല്‍സാഹിപ്പിക്കത്തക്ക നിലയില്‍ ഏതെങ്കിലും ഭാഗം ഉണ്ടെങ്കില്‍ അത് ഒഴിവാക്കുന്നത് ഉചിതമായ കാര്യമാണ്. ജില്ലയില്‍ പലയിടത്തും സംഘപരിവാറിന്റെ ഭാഗമായി നടത്തുന്ന പരിപാടികളില്‍ മതസ്പര്‍ദ്ദ ഉളവാക്കുന്ന നിലയിലുള്ള പരാമര്‍ശങ്ങള്‍ വരുന്നുണ്ട്. ആധ്യാത്മിക പ്രഭാഷണങ്ങളുടെ പേരിലും ഒറ്റപെട്ട ചിലയിടങ്ങളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇങ്ങനെ മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന നിലയിലുള്ള പ്രസംഗം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. ക്ഷേത്രങളിലും സര്‍ക്കാര്‍ സ്ഥലങ്ങളിലും ആര്‍ എസ് എസ് ശാഖകള്‍ നടക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കണം.

3.സമാധാന പാലനത്തിന്റെ പേരില്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ പ്രതികരിക്കരുതെന്ന നിര്‍ദ്ദേശം ഞങ്ങള്‍ തള്ളിക്കളയുന്നു. കാരണം പോലീസ് ഉദ്യോഗസ്ഥരില്‍ എല്ലാവരും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നവരല്ല. അവരില്‍ തെറ്റായ നടപടികള്‍ സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിക്കേണ്ടത് ആവശ്യമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് ഏത് ഉദ്യോഗസ്ഥന്റെയും തെറ്റും നിയമവിരുദ്ധവുമായ നടപടികളെ എതിര്‍ക്കുക എന്നത് ജനാധിപത്യപരമായ അവകാശമാണ്. അതല്ലെങ്കില്‍ പോലീസിന്റെ ഏകാധിപത്യ നടപടികളായിരിക്കും ഫലം. ഇത് അംഗീകരിക്കാനാവില്ല.

4.കേരളത്തിലെ പൊതു ഇടങ്ങളിലെ പ്രചരണപ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ ഭാഗം കൂടിയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങളില്‍ കാണാത്ത കാര്യമാണത്. ഇതിന്റെയെല്ലാം ഫലമായിട്ടാണ് ജാതിമത വ്യത്യാസം കൂടാതെ സാമൂഹ്യബോധവും വര്‍ഗ്ഗ ബോധവും ഉണ്ടായത്.ഇതിനെ പോലീസ് നടപടികളിലൂടെ എതിര്‍ക്കുന്നത് ആശാസ്യമായ കാര്യമില്ല. ഇത്തരം പ്രചരണങള്‍ എവിടെയെങ്കിലും സമാധാനഭംഗം ഉണ്ടാക്കുന്നുണ്ടെങ്കില്‍ അത് പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്ത് ഒഴിവാക്കാവുന്നതാണ്. ഇതില്‍ നേതൃത്വം ഇടപെടേണ്ട വിഷയം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇടപെടുന്നതാണ്.

5.കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് തെരഞെടുപ്പ് സമയത്ത് അന്നത്തെ എസ് പി എവിടെയെങ്കിലും അക്രമസംഭവങള്‍ ഉണ്ടായാല്‍ മല്‍സരിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുക്കുമെന്ന നോട്ടീസ് നല്‍കിയിരുന്നു. ഇത്തരം നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായ നീക്കങള്‍ക്കെതിരെ ജനങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതും ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. സമാധാനം നിലനിര്‍ത്തുന്നതിന് ഭരണകൂടം സ്വീകരിക്കുന്ന എല്ലാ ന്യായമായ നടപടികളുമായി സിപിഐ(എം) സര്‍വ്വാത്മനാ സഹകരിക്കും.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍