UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി ജയരാജനെ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം

Avatar

അഴിമുഖം പ്രതിനിധി

ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അറസ്റ്റ് പ്രതിരോധിക്കാന്‍ സിപിഐഎം നീക്കം തുടങ്ങി. ഇന്ന് വീണ്ടും തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നുണ്ട്. ഇതിന്റെ ഫലം അറിഞ്ഞതിന് ശേഷമാകും അറസ്റ്റ് എങ്ങനെ പ്രതിരോധിക്കണമെന്ന് തീരുമാനിക്കുന്നത്. ഇതോടൊപ്പം ജില്ലയിലെ മുഴുവന്‍ ഏര്യാ കമ്മിറ്റികളുടേയും ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുവാന്‍ സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഐഎമ്മിന്റെ ഭരണത്തിലേക്കുള്ള പ്രയാണത്തിന് തടയിടുന്നതിനുവേണ്ടി ബിജെപിയും സിബിഐയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയായാണ് സിപിഐഎം ജയരാജന് എതിരായ കേസിനെ വിശദീകരിക്കുന്നത്. ഈ ഒത്തുകളിയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും യുഡിഎഫ് സര്‍ക്കാരിനും പങ്കുണ്ടെന്നും സിപിഐഎം ആരോപിക്കുന്നു.

2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. ഈ കേസില്‍ 25-ാം പ്രതിയായാണ് സിബിഐ ജയരാജനെ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്യല്‍ പ്രതികളെ സംരക്ഷിക്കല്‍ തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചേര്‍ത്ത് യുഎപിഎ ചുമത്തിയാണ് കേസ്. മുമ്പ് ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് മനോജ്.

ഇപ്പോള്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയരാജന് പാര്‍ട്ടി മൂന്നാഴ്ചത്തെ അവധി നല്‍കിയിട്ടുണ്ട്. എം വി ജയരാജനാണ് പകരം ചുമതല. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ഈ തീരുമാനങ്ങള്‍ എടുത്തത്.

അതിനിടെ ജയരാജനെ ആശുപത്രിയില്‍ നിന്നും അറസ്റ്റ് ചെയ്യാന്‍ നീക്കം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കുന്ന കാര്യവും സിപിഐഎം നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിച്ചതു പോലെ പി ജയരാജനെ സ്ഥാനാര്‍ത്ഥിക്കാനുള്ള നീക്കവും സജീവമാണ്. എന്നാല്‍ പി ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് കൊലപാതക രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാക്കുമെന്നും അത് സംസ്ഥാന തലത്തില്‍ സിപിഐഎമ്മിന് തിരിച്ചടിയാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ജയരാജന് എതിരായ നീക്കം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐഎം നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറയുമ്പോള്‍ ബിജെപി നേതാക്കള്‍ ഈ വാദത്തെ പൂര്‍ണമായും തള്ളിക്കളയുന്നു. ജയരാജനെ പ്രതി ചേര്‍ത്തതില്‍ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നും ജയരാജന്‍ കേസുമായി സഹകരിക്കുകയാണ് വേണ്ടതെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേസിനെ സിപിഐഎം നിയമപരമായും രാഷ്ട്രീയപരമായും നേരിടട്ടെ എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ കണ്ണൂര്‍ കലാപ ഭൂമിയാകുമെന്ന ഭീതി ഇതിനകം പരന്ന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ജില്ലയില്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്റെ വിമോചന യാത്ര ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലാണ് എന്നതും സംഘര്‍ഷ ഭീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

ഇതിനിടെ ആര്‍എംപി നേതാവ് കെ കെ രമ ഇന്നലെ വീണ്ടും മുഖ്യമന്ത്രിയെ കണ്ട് ഭര്‍ത്താവ്  ടി പി ചന്ദ്രശേഖരന്റെ കൊലപാതകം സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇതേ ആവശ്യം രമ രണ്ടാഴ്ചയ്ക്ക് മുമ്പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുന്നിലും വച്ചിരുന്നു. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉന്നത തല ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് രമയുടേയും ആര്‍എംപിക്കാരുടേയും ആരോപണം. ഈ കേസുമായി ബന്ധപ്പെട്ടും നേരത്തെ പി ജയരാജന്റെ പേര്‍ ഉയര്‍ന്നു വന്നിരുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍