അഴിമുഖം പ്രതിനിധി
‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചതിനും അതേ പുസ്തകത്തിന്റെ കവര്‍ചിത്രം വാട്സാപ് പ്രൊഫൈല്‍ ചിത്രമാക്കിയതിനെയും തുടര്‍ന്ന് യുവ എഴുത്തുകാരന് പി. ജിംഷാറിനെതിരെ ആക്രമണം.
കഴിഞ്ഞ ദിവസം പാലക്കാട് കൂനംമൂച്ചിയിലുള്ള ഉമ്മൂമ്മയെ കണ്ട ശേഷം വീട്ടിലേക്ക് തിരികെ വരുന്നവഴിയാണ് ജിംഷാര്‍ ആക്രമിക്കപ്പെട്ടത്. ബസ് ഇല്ലാഞ്ഞതിനാല്‍ ബൈക്കില്‍ ലിഫ്റ്റ് വാങ്ങി കൂറ്റനാട് എന്ന സ്ഥലത്ത് നില്ക്കവേ നാലോളം പേര് എത്തുകയും നീ പടച്ചോനെക്കുറിച്ച് എഴുതുമല്ലേടാ എന്ന് ചോദിക്കുകയും ആക്രമിക്കുകയുമായിരുന്നു. ക്രൂരമായ മര്‍ദ്ധനമേറ്റ ജിംഷാറിനെ അവര്‍ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ കൂട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ജിംഷാറിനെ കൂറ്റനാട് മോഡേണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
കരുതിക്കൂട്ടിയുള്ള ഒരു ആക്രമണമാണ് ഇതെന്ന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ലാസര്‍ ഷൈന്‍ അഭിപ്രായപ്പെട്ടു. ലാസര്‍ ഷൈന്‍ ഫേസ്ബുക്കില്‍ ചേര്‍ത്ത പോസ്റ്റിലാണ് ഈ വിവരമുള്ളത്. സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസുകാര്‍ മൊഴിയെടുക്കാന്‍ രാത്രി എത്തിയതായും മദ്യപിച്ച ഒരു യുവാവിനെ സുഡാപ്പികള്‍ ആക്രമിച്ചുവെന്ന നിലയില്‍ സ്റ്റേഷനില്‍ ഒരു കോള്‍ വന്നിരുന്നു, അത് ഈ കേസാണോ എന്നറിയില്ല എന്ന് വ്യക്തമാക്കിയതായും ലാസര്‍ ഷൈന്‍ പോസ്റ്റില്‍ പറയുന്നു.കൂടാതെ രാത്രി വീണ്ടും അക്രമം ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ജിംഷാറിന് സംരക്ഷണം കൊടുക്കണമെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് കാവല്‍ നിന്നിരുന്നു.
എന്നാല്‍ ജിംഷാര്‍ മദ്യപിച്ചിരുന്നില്ല. അത് വേറെ സംഭവമാണോയെന്ന് അന്വേക്ഷിക്കാമെന്ന് അവര്‍ അഭിപ്രായപ്പെട്ടതായും ലാസര്‍ ഷൈന്‍ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് വ്യക്തമായ കണക്കുകൂട്ടലോടുകൂടി നടപ്പിലാക്കിയ ഒരു ആക്രമണമാണ് എന്നു സംശയിക്കുന്നതായി പോസ്റ്റില്‍ പറയുന്നു. ‘ഗൂഢാലോചനയും സ്കെച്ചും ഫീല്‍ ചെയ്യുന്നതാണ് അക്രമം. ലിഫ്റ്റ് നല്കിയ യുവാവ് മുതല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചതു വരെ പ്ളാനിങ് മണക്കുന്നു. ജിംഷാറിനെ അക്രമിച്ചവര്‍ തന്നെ സ്റ്റേഷനില്‍ വിളിച്ചതാകാനാണ് സാധ്യത’- ലാസര്‍ ഷൈന്‍ അഭിപ്രായപ്പെടുന്നു.