UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീംലീഗിന് മുഖ്യമന്ത്രിപദത്തിന് അര്‍ഹതയുണ്ട്: പി കെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു

Avatar

കേരളത്തില്‍ അടിത്തറയുള്ള രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ മുസ്ലീംലീഗിന് മുഖ്യമന്ത്രി പദം ലഭിക്കാന്‍ അര്‍ഹതയുണ്ട്.  സി എച്ച് മുഹമ്മദ്‌കോയക്കുശേഷവും ഇതിനുളള സാഹചര്യം ഉണ്ട്. വ്യക്തിപരമായി മുഖ്യമന്ത്രി സ്ഥാനത്തിന് മോഹമില്ല, ഉദ്ദേശിക്കുന്നില്ല. ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആകുന്നതാണ് നല്ലത്. സമൂഹത്തില്‍ വ്യത്യസ്ത സാമൂഹിക ഘടകങ്ങള്‍ ഉള്ളതുകൊണ്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് ഉചിതമെന്നും വ്യവസായ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി അഴിമുഖത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. (തയ്യാറാക്കിയത്: എം  കെ രാമദാസ്)

യുഡിഎഫിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെന്ന നിലയില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കേണ്ടത് കോണ്‍ഗ്രസാണെന്നും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമോയെന്ന് ആ പാര്‍ട്ടി തീരുമാനിക്കും. മുഖ്യമന്ത്രിയെ നിശ്ചയിച്ച് അഭിപ്രായം ചോദിച്ചാല്‍ മാത്രമേ ലീഗ് ഇക്കാര്യത്തില്‍ നിലപാടെടുക്കുകയുള്ളൂ. 

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികളുടെ മെരിറ്റ് സംബന്ധിച്ച് സജീവ ചര്‍ച്ച നടക്കുന്നുണ്ട്. കാന്‍ഡിഡേറ്റുകളുടെ മെരിറ്റ് ഇത്രത്തോളം ചര്‍ച്ച ചെയ്ത സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. ഗുണപരമായ മാറ്റം തന്നെയാണത്. നേതാക്കളുമായുള്ള അടുപ്പമോ, സ്വാധീനമോ പരിഗണിക്കാതെ ജനങ്ങള്‍ക്ക് അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രമിക്കുന്നത്. നല്ല സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാന്‍ കഴിഞ്ഞാല്‍ യു ഡി എഫിന് വിജയം ഉറപ്പാണ്. 

സിറ്റിംഗ് സീറ്റുകളിലാണ് ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സിറ്റിംഗ് എം എല്‍ എമാര്‍ക്കാണ് സീറ്റ് നല്‍കിയത്. അവര്‍ തന്നെ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. യു ഡി എഫിന്റെ ഗ്രീന്‍ സിഗ്നലിനുശേഷമാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ലീഗ് തീരുമാനമുണ്ടായത്. ജനങ്ങളുമായി കൂടുതല്‍ അടുക്കാന്‍ ഈ കാലയളവ് ഉപയോഗിക്കുകയാണ് ലീഗ്.

തിരുവമ്പാടി സീറ്റ് സംബന്ധിച്ചുയര്‍ന്ന വിവാദം പരസ്യ ചര്‍ച്ചയ്ക്ക് വിധേയമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. അസാധാരണ സാഹചര്യം അവിടെയില്ല. സിറ്റിംഗ് സീറ്റ് എന്ന നിലയിലാണ് തിരുവമ്പാടിയിലും സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. പ്രശ്‌നപരിഹാരത്തിന് യുഡിഎഫിനകത്ത് ചര്‍ച്ച തുടരും. ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിന് ആവശ്യമായ ഫോര്‍മുല ലീഗ് സ്വീകരിക്കും.

യുഡിഎഫിന്റെ മെരിറ്റ് ജനങ്ങളില്‍ എത്തിക്കുകയെന്ന വെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നത്. ജനങ്ങള്‍ക്ക് സുരക്ഷിതത്വം, കരുതല്‍ എന്നിവ നല്‍കുന്നതിനാണ് യുഡിഎഫ് മുന്‍ഗണന നല്‍കുന്നത്. പ്രകൃതിയെ നശിപ്പിക്കാത്ത വികസനം എന്നതിലാണ് ഊന്നല്‍. തിരുത്തേണ്ടത് തിരുത്തി, ചെയ്യേണ്ടത് ചെയ്ത് യുഡിഎഫ് മുന്നോട്ടുപോകും. സമൂഹത്തിനും ജനങ്ങള്‍ക്കും നേട്ടം ഉണ്ടാക്കുകയെന്നതാണ് ലക്ഷ്യം. 

സി പി ഐ എമ്മിന്റെ വികസന വാദം പൊളളയാണെന്ന് ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിയുന്നു. വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നുണ്ടെങ്കിലും അവര്‍ക്ക് ഡവല്‌മെന്റല്‍ അപ്രോച്ച് ഇല്ല. സി പി ഐ എം ഐഡിയോളജി തിരുത്തുന്ന നിരവധി സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. ജനങ്ങളെ നേരിടാന്‍ മറ്റുവഴികള്‍ ഇല്ലാത്തതുകൊണ്ടാണ് ഇപ്പോഴത്തെ മനംമാറ്റം. കാലഹരണപ്പെട്ട ഐഡിയോളജിയാണ് സി പി ഐ എമ്മിന്റേത്. ലോകം മുഴുവനും അത് കണ്ടതാണ്. കോണ്‍ഗ്രസിനോടുള്ള അവരുടെ സമീപനം അവര്‍ തിരുത്തിയല്ലോ? ബംഗാളില്‍ കോണ്‍ഗ്രസുമായി യോജിക്കാനാണ് സി പി ഐ എമ്മിന്റെ തീരുമാനം. വേറെ മാര്‍ഗ്ഗമില്ലെന്ന് തിരിച്ചറിയലാണിത്. 

സെന്‍സേഷണല്‍ പൊളിറ്റീഷ്യന്‍സാണ് ഉമ്മന്‍ചാണ്ടിയും കെ എം മാണിയും. അവര്‍ക്കെതിരെ കുംഭകോണം ആരോപിക്കാന്‍ കഴിഞ്ഞിട്ടില്ല. സില്ലിയായ ചില കാര്യങ്ങളാണ് ആരോപണങ്ങളായി ഉന്നയിക്കുന്നത്. ഗവണ്‍മെന്റുകള്‍ക്കെതിരെ മുന്‍പും കറപ്ഷന്‍ ആരോപണം ഉണ്ടായിട്ടുണ്ട്. ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. ജനാധിപത്യത്തില്‍ ഇത് സാധാരണമാണ്. പാര്‍ട്ടികളുടെ ഫണ്ട് പിരിവ് സംബന്ധിച്ചും വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. ജനങ്ങള്‍ എല്ലാം മനസ്സിലാക്കുന്നുണ്ട്. സത്യമേതെന്ന് കാലം തെളിയിക്കും. ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബീഫ് രാഷ്ട്രീയം മുതലെടുത്ത് സി പി ഐ എം നേരിയ നേട്ടമുണ്ടാക്കി. ഇപ്പോള്‍ ആ സാഹചര്യം നിലവിലില്ല. വേങ്ങരയില്‍ തന്റെ വിജയത്തെ ബാധിക്കുന്ന പ്രതികൂല ഘടകങ്ങള്‍ ഒന്നുമില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു ഡി എഫിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ് വേങ്ങര. 

വര്‍ഗ്ഗീയതയെ ചെറുക്കണം. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയത എന്ന വേര്‍തിരിവ് പാടില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസിനാണ് ഇതിന് നേതൃത്വം നല്‍കാനാകുക. ഇടത് പാര്‍ട്ടികളും ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍