UPDATES

എല്ലാ തീയും അണഞ്ഞെന്നു കരുതരുത്; ഈ പ്രതിഷേധം ഇവിടെ പടരും

Avatar

പി കെ പാറക്കടവ്

നിശബ്ദമായ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയില്‍, ഇതിനോടുള്ള പ്രതിഷേധ സൂചകമായാണ് കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം ഞാന്‍ രാജിവച്ചത്. അനീതി കണ്ടിട്ടും മിണ്ടാതിരിക്കുന്ന എഴുത്തുകാരന്‍ എഴുത്തുകാരനെന്ന പേരിന് അര്‍ഹനല്ല. മൗനം പാലിക്കുന്നവര്‍ സ്വാര്‍ത്ഥലക്ഷ്യങ്ങളില്‍ നോട്ടംവയ്ക്കുന്നവരാണ്. എന്നാല്‍ ഇവരിപ്പോള്‍ തുടരുന്ന ഈ മൗനം കുറ്റകരമായ ആനാസ്ഥയാണ്. ധീരമായി പ്രതികരിക്കേണ്ട സമയമാണിത്.

ഞങ്ങള്‍ നടത്തിയ പ്രതിഷേധത്തിനെതിരെ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. അടിയന്തരാവസ്ഥയെ അനുകൂലിച്ച എഴുത്തുകാരും നമുക്കുണ്ടായിരുന്നു എന്നത് മറക്കരുത്. അധികാരക്കസേരയില്‍ കണ്ണുനട്ടിരിക്കുന്ന എഴുത്തുകാര്‍ ഇന്നും നമുക്കിടയില്‍ ഉണ്ടെന്നത് വ്യക്തമാവുകയാണ്.

രാജിവച്ചു പുറത്തു വന്നതിലെ ആത്മാര്‍ത്ഥയെ ചിലര്‍ ചോദ്യം ചെയ്യുന്നൂ. ഞാന്‍ പറയുന്നൂ; ഇതൊരു പ്രതിഷേധ സൂചനയാണ്. ഇന്നല്ലെങ്കില്‍ നാളെ ഇത് പടരും. എല്ലാം തീയും അണഞ്ഞുപോയി എന്ന് കരുതരുത്. അക്കാദമിക്ക് അകത്തു നിന്നുകൊണ്ട് പ്രതികരിക്കാമായിരുന്നില്ലേ എന്നു ചിലര്‍ ചോദിക്കുന്നൂ, അകത്തു നിന്നു പോരാടണമെന്നൊക്കെ പറയുന്നത് ഭീരുത്വമാണ്. അകത്തു നില്‍ക്കുക എന്നത് സ്ഥാനമാനങ്ങളെ പുല്‍കി നില്‍ക്കുന്നതിന് തുല്യമാണ്. സ്വാതന്ത്രസമരകാലത്ത് എല്ലാ സ്ഥാനങ്ങളും അധികാരങ്ങളും അലങ്കാരങ്ങളും ത്യജിച്ചു പ്രതിഷേധം രേഖപ്പെടുത്തിയവരുടെ വലിയ ചരിത്രം നമുക്കുണ്ട്. സ്ഥാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് മാത്രമല്ല പ്രതികരണങ്ങള്‍ നടത്താവുന്നത്, വേണ്ടന്നു വയ്ക്കുന്നതും ധീരതയാണ്.

എല്ലാവരും ഇപ്പോള്‍ ഭയന്നു കഴിയുന്ന കാലമാണ്. ആ ഭയത്തെ ഭേദിക്കാന്‍ എഴുത്തുകാര്‍ മുന്നോട്ടുവരണം. ആ ചുവടുവയ്പ്പാണ് ഞാന്‍ നടത്തിയിരിക്കുന്നത്. അത്ഭുതകരമായ പിന്തുണയാണ് ഈകാര്യത്തില്‍ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. സാഹിത്യലോകത്തും നിന്നും പൊതുസമൂഹത്തില്‍ നിന്നും ലഭിക്കുന്ന ഈ പിന്തുണ മനസ്സിലാക്കി കൊണ്ടു തന്നെയാണ് ഞാന്‍ പറയുന്നത്; ഈ പ്രതിഷേധാഗ്നി ഇവിടെ പടര്‍ന്നു പിടിക്കുക തന്നെ ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍