UPDATES

പമ്പ വേമ്പനാട്ട് കായലില്‍ ലയിച്ചിട്ട് അത് അറബിക്കടലില്‍ ചേര്‍ന്നാല്‍ ആ കടലിനെ ആരെങ്കിലും പമ്പ എന്നു വിളിക്കുമോ?

ശബരിമല; ദേവസ്വം പ്രസിഡന്‍റിനെതിരെ ആഞ്ഞടിച്ച് പന്തളം രാജ കുടുംബാംഗവും കൊട്ടാരം നിര്‍വാഹകസംഘം വൈസ് പ്രസിഡന്‍റുമായ പി രവിവര്‍മ്മ

ശബരിമല ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും പ്രസിഡന്റിന്റെയും നടപടികളെക്കുറിച്ച് പന്തളം കൊട്ടാരം പ്രതിനിധിയും സാഹിത്യകാരനുമായ പി രവിവര്‍മ്മ സംസാരിക്കുന്നു. 

നൂറ്റാണ്ടുകളായി ഭക്തര്‍ ശ്രീ ധര്‍മ്മാശാസ്താ ക്ഷേത്രം എന്ന് ഭക്തിപൂര്‍വ്വം കരുതി ആരാധിച്ചു പോന്ന ക്ഷേത്രത്തിന്റെ പേര് മാറ്റുവാന്‍ ദേവസ്വംബോര്‍ഡിന് അധികാരമുണ്ടോ? അങ്ങനെയാണെങ്കില്‍ ഒരോ തവണയും ദേവസ്വംബോര്‍ഡ് അധികാരികള്‍ മാറുമ്പോള്‍ അവരവര്‍ക്ക് ഇഷ്ടമുള്ള പേര് മാറ്റാന്‍ സാധിക്കുമല്ലോ. കാലകാലങ്ങളില്‍ മാറി വരുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമാര്‍ തനിക്ക് തോന്നിയതുപോലുള്ള നടപടികള്‍ ശബരിമലയില്‍ നടപ്പാക്കുന്നത് ശരിയല്ല. ശബരിമലയിലെ ചരിത്രവും രീതികളും വിവരിക്കുന്ന ഏറ്റവും ആധികാരികവും പഴക്കം ചെന്നതുമായ ഒരു ഗ്രന്ഥമാണ് വിദ്വാന്‍ നാരായണന്‍ കുറുമള്ളൂരിന്റെ ‘ശ്രീ ഭൂതനാഥ സര്‍വ്വസ്വം’. ഈ ഗ്രന്ഥത്തിലും ശബരിമല ശസ്താവെന്നാണ് പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് ക്ഷേത്ര നാമം മാറിയതെന്നുള്ള ദേവസ്വംബോര്‍ഡിന്റെ വിശദീകരണം ബോധ്യമാവുന്നില്ല. ക്ഷേത്രങ്ങള്‍ക്ക് ഒരു നാമം ഉണ്ടാവുന്നത് ഐതിഹ്യപരമായും ചരിത്രപരവുമായുമുള്ള അവിടുത്തെ പ്രത്യേകതകള്‍ കാരണമാണ്.

pandalam

ദേവസ്വം ബോര്‍ഡ് രൂപീകൃതമാകുന്നതിന് മുമ്പും അതിനുശേഷവുമുള്ള അധികാരികള്‍ക്ക് ശബരിമല ശ്രീ ധര്‍മ്മാശാസ്താ ക്ഷേത്രം എന്ന പേരിനോട് യതൊരു പോരായ്മയും തോന്നിയിരുന്നില്ല, ഭക്തന്മാര്‍ക്കും പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. അവതാര പുരുഷനായ ശ്രീ അയ്യപ്പന്‍ തന്റെ ദൗത്യം പൂര്‍ത്തിയായതിന് ശേഷം ശ്രീ ധര്‍മ്മാശാസ്താവില്‍ വിലയം പ്രാപിക്കുകയായിരുന്നതിലാണ് പേര് മാറ്റുന്നതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ശ്രീ ധര്‍മ്മാശാസ്താവ് എന്ന ആദി മൂര്‍ത്തിയിലേക്ക് ശ്രീ അയ്യപ്പന്‍ അലിഞ്ഞ് ചേര്‍ന്നുവെന്നാണ് ഐതിഹ്യം. ധര്‍മ്മശാസ്താവ് അയ്യപ്പനില്‍ ലയിക്കുക അല്ലായിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം കാണിക്കുന്നത് ധര്‍മ്മശാസ്താവില്‍ അയ്യപ്പന്‍ ലയിച്ചതിനാല്‍ ധര്‍മ്മശാസ്താവ് ഇല്ലാതായി അയ്യപ്പന്‍ മാത്രമായി എന്നാണ്.

ഉദാഹരണത്തിന് പമ്പ നദി വേമ്പനാട്ട് കായലില്‍ ലയിച്ചിട്ട് അത് അറബി കടലില്‍ ചേര്‍ന്നാല്‍ ആ കടലിനെ ആരെങ്കിലും പമ്പ എന്നു വിളിക്കുമോ? അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഐതിഹ്യപ്രകാരം പന്തളം രാജാവ് ശബരിമല ക്ഷേത്രം നിര്‍മ്മിച്ചത് പെരുനാട്ടില്‍ നിന്നുകൊണ്ടാണ്. അക്കാലത്ത് പെരുനാട്ടിലും രാജാവ് ഒരു ക്ഷേത്രം പണിയിച്ചു. അതിന്റെ പേര് പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രമെന്നാണ്. അയ്യപ്പസ്വാമിയുടെ മൂലക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്ന പന്തളത്തെ ക്ഷേത്രത്തിന്റെ പേര് വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രമെന്നാണ്. ഈ രണ്ടു ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍പ്പെട്ടതും നാളിതുവരെ ആ ക്ഷേത്രങ്ങളെ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന് രേഖകളാക്കി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ഇതേ ഗണത്തില്‍പ്പെടുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റുവാന്‍ മൂന്നാലുകൊല്ലം മാത്രം ഭരണാനുമതിയുള്ള ഒരു സമിതിക്ക് എന്താണാവകാശം. പേര് മാറ്റുവാന്‍ ആരാണ് അവര്‍ക്ക് അധികാരം നല്‍കിയത്. ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കണമെന്ന് ഉറച്ചു വാദിക്കുന്ന ബോര്‍ഡിന്റെ നടപടികള്‍ വിരോധാഭാസമാണ്. ബോര്‍ഡിന്റെ നടപടികള്‍ പലതും ഇങ്ങനെയാണ്. ബോര്‍ഡിന്റെ അടുത്ത ഉത്തരവ് പമ്പയില്‍ സ്ത്രീകള്‍ കുളിക്കരുതെന്നാണ്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ ഒഴുക്കുന്ന പമ്പ നദിയിലാണോ അതോ നീലിമലയുടെ താഴെയുള്ള പമ്പ കടവിലാണോ സ്ത്രീകള്‍ കുളിക്കരുതെന്ന് ബോര്‍ഡ് ഉദ്ദേശിച്ചിരിക്കുന്നത്. എവിടെയായാലും സ്ത്രീകള്‍ പമ്പയില്‍ കുളിക്കരുതെന്ന് പറയാന്‍ ദേവസ്വം ബോര്‍ഡിനോ അതിലെ അംഗങ്ങള്‍ക്കോ ഒരു അവകാശവുമില്ല, അധികാരവുമില്ല. മറ്റൊന്ന് അവിടുത്തെ അചാരങ്ങളെയും കീഴ്‌വഴക്കങ്ങളെയും തോന്നിയപടി മാറ്റുന്ന നടപടികളാണ്. തിരുവാഭരണങ്ങളുമായി ബന്ധപ്പെട്ട പല ആചാരങ്ങളും ബോര്‍ഡ് ഇപ്പോള്‍ മാറ്റികൊണ്ടിരിക്കുകയാണ്.

palace

ശബരിമല ശാസ്താവിന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ കൊണ്ടു പോകുന്നത് മൂന്ന് പേടകത്തിലാണ്. ഒന്നാം പേടകത്തിന് നെട്ടൂര്‍ പെട്ടിയുടെ മാതൃകയാണുള്ളത് (മുകള്‍ വശം കൂര്‍ത്ത പഴയ ആഭരണ പെട്ടി മാതൃക). മകരവിളക്ക് ഉത്സവത്തിന് ഭഗവാന് ചാര്‍ത്താനുള്ള തിരുമുഖം ഉള്‍പ്പടെയുള്ള ആഭരണങ്ങളാണ് ഇതിലുള്ളത്. ഇതില്‍ ശാസ്താവിന്റെ പത്‌നിമാരായ പൂര്‍ണ, പുഷ്‌കല എന്നീ ദേവിമാരുടെ രൂപങ്ങളുമുണ്ട്. സമചതുരാകൃതിയിലുള്ള രണ്ടാം പേടകത്തില്‍ കളഭാഭിഷേകത്തിനുള്ള തങ്കക്കുടമാണ്. നീളവും വീതിയും കൂടുതലുള്ള പെട്ടിയില്‍, മകരം ഒന്ന് മുതല്‍ അഞ്ച് വരെ മാളികപ്പുറത്ത് മണിമണ്ഡപത്തില്‍ നിന്ന് 18-ാം പടി വരെ ആനപുറത്ത് ഭഗവാനെ എഴുന്നെള്ളിക്കുന്നതിനുള്ള ജീവിതയും കൊടികളും അലങ്കാരങ്ങളും ആനച്ചമയങ്ങളുമാണ്. ഈ പെട്ടിയിലുള്ളത് തന്നെയാണ് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലും പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നത്. അമ്പലപ്പുഴ ആലങ്ങോട് കരക്കാരുടെ എഴുന്നെളിപ്പിനും ഇത് ഉപയോഗിക്കാറുണ്ട്.
sabari
ഇപ്പോള്‍ ഈ എഴുന്നെള്ളിപ്പിനെ (സന്നിധാനത്തെ) മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളിപ്പായിട്ടാണ് ദേവസ്വം അധികൃതര്‍ പ്രചരിപ്പിക്കുന്നത്. അവരാണ് ചടങ്ങുകളെ മാറ്റിയത്. ഇത് മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളിപ്പല്ല. മാളികപ്പുറത്തമ്മ മധുര മീനാക്ഷിയാണെന്നാണ് സങ്കല്‍പ്പം. അല്ലാതെ അയ്യപ്പസ്വാമിയുടെ പ്രണയിനിയാണെന്ന വാദങ്ങള്‍ തെറ്റാണ്. ധര്‍മ്മശാസ്താവാണ് എഴുന്നെള്ളുന്നത്. കാലകാലങ്ങളായി തിരുവാഭരണങ്ങളുടെ കൂട്ടത്തില്‍ കൊണ്ടുവരുന്ന ‘ജീവിത’ മാറ്റി ഇക്കൊല്ലം മുതല്‍ ഒരു ഭക്തന്‍ സമര്‍പ്പിച്ച പുതിയ ‘ജീവിത’യാണ് ഉപയോഗിക്കുന്നതെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടിരുന്നു. ഈ വിവരം പന്തളം കൊട്ടാരത്തനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇങ്ങനെയുള്ള ഏകപക്ഷീയമായ തീരുമാനം എന്തടിസ്ഥാനത്തിലാണ് ബോര്‍ഡെടുക്കുന്നത്. ഇനി ധാരാളം പണമുള്ള ഒരു ഭക്തന്‍ ഭഗവാന് ചാര്‍ത്താനുള്ള തിരുമുഖം പുതിയത് സമര്‍പ്പിച്ചാല്‍ പഴയ തിരുമുഖം ഒഴുവാക്കുമോ? ഭക്തര്‍ക്ക് ഭഗവാന് എന്തുവേണമെങ്കിലും സമര്‍പ്പിക്കാം അതില്‍ എതിര്‍പ്പില്ല. എന്നാല്‍ നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരങ്ങളെ പാടെ അവഗണിച്ച് പുതിയ നടപടികളെടുക്കുന്നത് എന്തുകൊണ്ടാണ്?

അതുപോലെ ഇക്കൊല്ലം മുതല്‍ ആന എഴുന്നെളിപ്പ് ഇല്ല എന്നുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടതാണ്. പന്തളത്തു നിന്ന് തിരുവാഭരണങ്ങളോടൊപ്പം എത്തുന്ന രാജ പ്രതിനിധി ശരംകുത്തിയില്‍ വച്ച് എഴുന്നള്ളിപ്പിനുള്ള ആനപ്പുറത്ത് കസവുമുണ്ടിടുന്ന ആചാരങ്ങളും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ ആചാരങ്ങള്‍ തുടര്‍ന്നും നടത്തണമെന്നാണ് പന്തളം രാജകുടുംബത്തിലെ പ്രതിനിധിയായി പറയാനുള്ളത്.

(പന്തളം കൊട്ടാരം നിര്‍വാഹകസംഘം വൈസ് പ്രസിഡന്റാണ് പി രവിവര്‍മ്മ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍