UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗവർണർക്കെതിരെ വാളെടുക്കുന്നതിന് മുമ്പ്- കാലിത്തൊഴുത്താകുന്ന സര്‍വകലാശാലകള്‍- ഭാഗം-6

Avatar

പി കെ ശ്യാം

കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്രാജ്യത്തിന്‍റെ ഭാവിയെ മാറ്റിമറിക്കേണ്ട ഉന്നതമായ പഠന കേന്ദ്രങ്ങള്‍ എന്ന നിലയില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും അധികാര-അവകാശ പോരാട്ടങ്ങളുടെ വിളനിലമായി സര്‍വകലാശാലകള്‍ മാറിയിരിക്കുന്നു. വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങള്‍ അടിക്കടി വിവാദങ്ങളില്‍ അകപ്പെടുന്നു. യു ആര്‍ അനന്തമൂര്‍ത്തിസുകുമാര്‍ അഴീക്കോട്കെ എന്‍ പണിക്കര്‍ തുടങ്ങി നിരവധി പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണര്‍ ഇരുന്ന സര്‍വകലാശാല ആസ്ഥാനങ്ങള്‍ ഇന്ന് കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കൂത്തരങ്ങായി തീര്‍ന്നിരിക്കുന്നു. നമ്മുടെ സര്‍വകലാശാലകള്‍ അവയുടെ ലക്ഷ്യം മറക്കുകയാണോകേരളത്തിലെ സര്‍വകലാശാലകളെക്കുറിച്ച് അഴിമുഖം പ്രതിനിധി നടത്തുന്ന അന്വേഷണ പരമ്പര തുടരുന്നു. (പരമ്പരയിലെ മുന്‍ ലേഖനങ്ങള്‍ ഇവിടെ വായിക്കാം –കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ അടിതെറ്റി കേരള സര്‍വകലാശാലപരീക്ഷയെഴുതാത്തവര്‍ പോലും റാങ്ക് പട്ടികയിൽ; അസിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തിലെ അണിയറക്കഥകള്‍കാലിക്കറ്റിലെ ‘ഹിറ്റ്ലര്‍’; കാലിത്തൊഴുത്താകുന്ന സര്‍വകലാശാലകള്‍സാമ്പത്തിക തിരിമറി നടത്തിയയാൾക്കും വി.സി ആകാം; ഇത് സംസ്‌കൃത സര്‍വകലാശാലതാന്‍ ജാതി വിവേചനത്തിന്റെ ഇര; അഭയം തേടി കേരള പി വി സി ഗവർണക്ക് മുന്നിൽ)

സർവകലാശാലകളെ ശുദ്ധീകരിച്ചെടുക്കാൻ ചാൻസലേഴ്സ് കൗൺസിൽ രൂപീകരിക്കാനുള്ള ഗവർണർ പി.സദാശിവത്തിന്റെ തീരുമാനത്തിനെതിരെ വാളെടുക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. സർവകലാശാലകളുടെ ഭരണം കൈപ്പിടിയിലാക്കാനുള്ള തന്ത്രമാണ് ഗവർണറുടേതെന്നാണ് കെ.പി.സി.സി വൈസ്‌പ്രസിഡന്റ് എം.എം.ഹസ്സൻ അടക്കമുള്ളവരുടെ ആരോപണം. എന്നാൽ സ്വയംഭരണ സ്ഥാപനമായ സർവകലാശാലകളിൽ സർക്കാരിന് കാര്യമായ റോൾ ഇല്ലെന്നതാണ് വാസ്തവം. സർവകലാശാലകളുടെ ഭരണത്തലവനും ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനുമായ ഗവർണർ അറിയാതെ സർവകലാശാലയിൽ ഒരില പോലും അനങ്ങാൻ കഴിയില്ലെന്നാണ് നിയമവും ചട്ടങ്ങളും അനുശാസിക്കുന്നത്. 

മിക്ക സർവകലാശാലകളിലും പരീക്ഷാഫലം പ്രസിദ്ധീകരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സിൻഡിക്കേറ്റ് ചേരാനാവാതെ, ബിരുദം നൽകാനാവാത്ത തരത്തിൽ സ്‌തംഭനമുണ്ടായ സാഹചര്യത്തിലാണ് ചാൻസലർ വി.സിമാരുടെ യോഗം വിളിച്ചത്. സർവകലാശാലകളിലെ ഭരണം സുഗമമാക്കാൻ മൂന്നുമാസത്തിലൊരിക്കൽ ചാൻസലേഴ്സ് കൗൺസിൽ എന്ന സമിതി വിലയിരുത്തൽ നടത്തുകയും ചെയ്യും. സർവകലാശാലകളുടെ ദൈനംദിനകാര്യങ്ങളിലടക്കം ഇടപെടാൻ നിയമപ്രകാരം ഗവർണർക്ക് സാധിക്കുമെന്നിരിക്കേ ഇപ്പോഴത്തെ വിവാദങ്ങൾ ചാൻസലേഴ്സ് കൗൺസിലിന്റെ പേരിലല്ലെന്ന് വ്യക്തം. ആരോഗ്യ സർവകലാശാലയിലെ വൈസ് ചാൻസലർ സ്ഥാനത്ത് സർക്കാർ പ്രതിനിധിയായ ഡോ.കേശവൻകുട്ടി നായരുടേയും 20 വർഷമായി മുഖ്യമന്ത്രിയുടെ ഫിസിഷ്യനായിരുന്ന ഡോ. ഡാലസിന്റേയും പേര് വെട്ടിയതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചതെന്നാണ് അറിയുന്നത്. പി.എസ്.സി അംഗമായിരുന്ന കേശവൻകുട്ടിനായർക്ക് ശമ്പളം പറ്റുന്ന തസ്തികകളിൽ പുനർനിയമനം പാടില്ലെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. സിൻഡിക്കേറ്റിലടക്കം യോഗ്യതയില്ലാത്തവരെ നിയമിക്കാനുള്ള സർക്കാരിന്റെ നീക്കം ഗവർണർ തടയുമോയെന്നാണ് രാഷ്ട്രീയനേതൃത്വത്തിന്റെ ആശങ്ക. 

ചാൻസലേഴ്സ് കൗൺസിലും സര്‍ക്കാരും
എന്നാൽ സർവകലാശാലകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചാൻലസറായ ഗവർണർ നിർദ്ദേശിച്ച ചാൻസലേഴ്സ് കൗൺസിൽ ഭരണഘടനാപരമായി രൂപീകരിക്കുന്നതോ നിയമസാധുതയുള്ളതോ ആയ കമ്മിറ്റിയായിരിക്കില്ലെന്നാണ് അറിയുന്നത്. പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം, അദ്ധ്യയനം എന്നിവയടക്കം നിരീക്ഷിക്കാനും ശുപാർശകൾ നൽകാനുമുള്ള ഉപദേശകസമിതിയായിട്ടാവും ചാൻസലേഴ്സ് കൗൺസില്‍ പ്രവര്‍ത്തിക്കുക. ആകെയുള്ള 62 സർവകലാശാലകളിലേയും വി.സിമാരെ മൂന്നുമാസത്തിലൊരിക്കൽ വിളിച്ചുചേർത്ത് ഭരണം സുഗമമാക്കുന്ന ഉത്തർപ്രദേശ് ഗവർണറുടെ മാതൃകയാണ് താൻ പിന്തുടരുന്നതെന്ന് വി.സിമാരെ ഗവർണർ പി.സദാശിവം അറിയിച്ചിട്ടുണ്ട്. ‌സർക്കാരിന്റെ അധികാരം കവരുക തന്റെ ലക്ഷ്യമല്ലെന്നാണും സർക്കാരിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നുമാണ് ഗവർണറുടെ നിലപാട്. 

സർവകലാശാലകളുടെ പരമാധികാരിയായ ചാൻസലർക്ക് നിയമ പ്രകാരം ഏപ്പോൾ വേണമെങ്കിലും അവലോകനത്തിനും പരിശോധനയ്ക്കുമുള്ള അധികാരമുണ്ട്. സർവകലാശാലയിലെ ഏത് രേഖയും വിളിച്ചുവരുത്താം, റദ്ദാക്കാം. വൈസ് ചാൻസലർ ഒഴികെയുള്ള ഉദ്യോഗസ്ഥരെല്ലാം സിൻഡിക്കേറ്റിന് താഴെയാണ്. പക്ഷേ സിൻഡിക്കേറ്റ് തീരുമാനങ്ങൾ നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെങ്കിൽ ചാൻസലർക്ക് റദ്ദുചെയ്യാം. നിയമപ്രകാരം സർവകലാശാലകളുടെ തലവനായ ചാൻസലർക്ക് ബിരുദദാന സമ്മേളനമടക്കം എല്ലാ യോഗങ്ങളിലും അദ്ധ്യക്ഷനാവാം. ചാൻസലറുടെ അനുമതിയില്ലാതെ ഒരാൾക്കുപോലും ബിരുദമോ പദവിയോ ഓണററി ബിരുദമോ പോലും നൽകാനാവില്ല. വി.സി, പ്രോ-വി.സി, സിൻഡിക്കേറ്റ് എന്നിവയുടെ നിയമന അധികാരിയും ചാൻസലർതന്നെ. ആക്ടും സ്റ്റാറ്റ്യൂട്ടും അനുശാസിക്കുന്ന ചുമതലകൾ നിർവഹിക്കുക മാത്രമല്ല, അധികാരങ്ങൾ യഥാസമയം വിനിയോഗിക്കുകയും ചാൻസലറുടെ ഉത്തരവാദിത്തമാണ്. നിയമപ്രകാരമുള്ള ഈ ഉത്തരവാദിത്തം നിറവേറ്റാനാണ് സർവകലാശാലകളിൽ ഭരണസ്‌തംഭനമുണ്ടായപ്പോൾ ഗവർണർ വൈസ് ചാൻസലർമാരുടെ യോഗംവിളിച്ചത്. മാത്രമല്ല സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കുമുള്ള സർക്കാർ പ്രതിനിധികളുടെ യോഗ്യത പരിശോധിക്കേണ്ട ചുമതലയും ഗവർണർക്കുതന്നെ. 

ബെസ്റ്റ് ഓഫ് അഴിമുഖം 

വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധി വേണ്ടതുണ്ടോ?
ഡാറ്റ സെന്‍റര്‍ വിവാദത്തിന്റെ പിന്നാമ്പുറ കഥകള്‍
കലാലയ രാഷ്ട്രീയനിരോധനം എന്ന സര്‍ക്കാര്‍ അക്രമം
മന്ത്രി മാടമ്പി ആകുമ്പോള്‍
മിസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രി, താങ്കള്‍ നഗ്നനാണ്

ചാൻസലറുടെ അഭാവത്തിലോ അദ്ദേഹത്തിന് പ്രവർത്തിക്കാൻ കഴിയാത്തപ്പോഴോ മാത്രമാണ് സർക്കാരിന്റെ ഭാഗമായ പ്രോ ചാൻസലർക്ക് ചാൻസലറുടെ അധികാരങ്ങളുള്ളത്. അല്ലെങ്കിൽ രേഖാമൂലമുള്ള ഉത്തരവിലൂടെ ചാൻസലർ അധികാരങ്ങൾ ഏൽപ്പിക്കണം. സർവകലാശാലകളുടെ മുഖ്യഭരണനിർവാഹകനും അക്കാഡമിക് ഓഫീസറുമാണ് വൈസ് ചാൻസലർ. സർവകലാശാലാ ചട്ടങ്ങളും നിയമങ്ങളും പൂർണമായി നടപ്പാവുന്നുണ്ടെന്ന് ഉറപ്പുവരുത്തി ചാൻസലറെ അറിയിക്കേണ്ടത് വി.സിയാണ്. സർക്കാരിന് അധികാരം കുറഞ്ഞ സ്വയംഭരണസ്ഥാപനങ്ങളാണെങ്കിലും സർവകലാശാലകളിലെ ശമ്പളവും പെൻഷനുമടക്കമുള്ള ബാദ്ധ്യതകൾ സർക്കാരാണ് വഹിക്കുന്നത്. കേരള, എം.ജി, കാലിക്കറ്റ്, കുസാറ്റ്, സംസ്കൃതം, കണ്ണൂർ സർവകലാശാലകൾക്ക് മാത്രം പദ്ധതിയിതര ഇനത്തിൽ 180 കോടിയാണ് സർക്കാർ നൽകുന്നത്. മറ്റെല്ലാ സർവകലാശാലകൾക്കുമായി 250 കോടിയിലേറെരൂപ സർക്കാർ നൽകുന്നുണ്ട്. സർവകലാശാലകളിലെ മൊത്തംചിലവിന്റെ 75 ശതമാനവും സർക്കാരാണ് വഹിക്കുന്നത്.

വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങാൻ ഗവർണർ
സർവകലാശാലകളെ ശുദ്ധീകരിച്ചെടുക്കാനുള്ള ചാൻസലറായ ഗവർണറുടെ ദൗത്യം തുടങ്ങുന്നത് വിദ്യാർത്ഥികളിൽ നിന്നാണ്. സെമസ്റ്ററിൽ 90 ദിവസത്തെ അദ്ധ്യയനവും കൃത്യസമയത്ത് പരീക്ഷയും ഫലപ്രഖ്യാപനവും ഉറപ്പാക്കുകയാണ് ആദ്യഘട്ടം. അടുത്ത വർഷം മുതൽ എല്ലാ സർവകലാശാലകൾക്കും ഏകീകൃത അക്കാഡമിക് കലണ്ടർ ഏർപ്പെടുത്തുന്നത് ഇതിന്റെ ഭാഗമാണ്. പ്രതിവർഷം 15,000 പരീക്ഷകൾ വരെനടത്തുന്ന സർവകലാശാലകളുടെ ഭാരം കുറയ്ക്കാൻ അപ്രധാന പരീക്ഷകളുടെ മൂല്യനി‌‌ർണയം കോളേജുകൾക്ക് കൈമാറുന്നതാണ് രണ്ടാംഘട്ടം. ചട്ടങ്ങൾക്ക് വിരുദ്ധമായി സിൻഡിക്കേറ്റ് കൈക്കൊള്ളുന്ന തീരുമാനങ്ങൾ നടപ്പാക്കേണ്ടതില്ലെന്നും ചാൻസലർക്ക് റിപ്പോർട്ട് ചെയ്യാനും വി.സിമാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

അക്കാഡമിക് കലണ്ടർ
വിദ്യാർത്ഥി സമരങ്ങളും മറ്റും കാരണം അദ്ധ്യയനം മുടങ്ങിയാലും ഏകീകൃത അക്കാഡമിക് കലണ്ടർ വരുന്നതോടെ അവധി ദിവസങ്ങളിൽ ക്ലാസെടുത്തിട്ടാണെങ്കിലും 90 ദിവസം തികയ്ക്കേണ്ടിവരും. കേരള സർവകലാശാലയില്‍ ഒരു സെമസ്റ്ററിൽ വെറും 55 ദിവസം മാത്രമാണ് ക്ലാസുള്ളത്. 90 ദിവസം ക്ലാസെടുക്കാനായില്ലെങ്കിൽ സെമസ്റ്റർ നീട്ടേണ്ടിവരും. അക്കാഡമിക് കലണ്ടർ തെറ്റിയാൽ അദ്ധ്യാപകരും വൈസ് ചാന്‍ൻസലറും വിശദീകരണം നൽകേണ്ടിവരും. 75 ശതമാനം ഹാജരില്ലാത്തവർക്ക് പരീക്ഷയെഴുതാനാവില്ലെന്നത് നിർബന്ധമാക്കും. കാർഷികം, വെറ്ററിനറി സർവകലാശാലകളിൽ നിലവിൽ ഇതിന് സമാനമായ സംവിധാനമാണുള്ളത്. ബിരുദ,ബിരുദാനന്തര കോഴ്സുകളിലെ പ്രവേശനം എല്ലാ സർവകലാശാലകളിലും ഒരേ സമയത്ത് പൂർത്തിയാക്കണം. എല്ലാ സർവകലാശാലകളിലും ഒരേസമയത്ത് പരീക്ഷ നടത്താൻ കഴിയും വിധത്തിലാണ് അക്കാഡമിക് കലണ്ടർ രൂപീകരണം. 

പരീക്ഷാ നടത്തിപ്പ് കോളേജുകൾക്കും
ബിരുദ പരീക്ഷകളാണ് ആദ്യഘട്ടമായി ക്രമപ്പെടുത്തുന്നത്. പരീക്ഷ നടത്താനായില്ലെങ്കിലും സർവകലാശാല വിശദീകരണം നൽകേണ്ടതുണ്ട്. കാലിക്കറ്റിൽ ആകെയുള്ള മൂന്നു ലക്ഷം കുട്ടികളിൽ രണ്ടര ലക്ഷവും ബിരുദ കോഴ്സുകളിലാണ്പഠിക്കുന്നത്. കേരളയിൽ ഒരു ലക്ഷത്തോളം കുട്ടികൾക്കായി പതിനായിരത്തിലേറെ പരീക്ഷയാണ് എല്ലാവർഷവും നടത്തുന്നത്. അഞ്ചു കോടിയിലധികം രൂപയാണ് പരീക്ഷാ നടത്തിപ്പിനുള്ള ചിലവ്. പരീക്ഷാ നടത്തിപ്പിൽ സർവകലാശാലകളുടെ ഭാരം കുറയ്ക്കാൻ ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഗവർണർ പരിഗണിക്കുന്നതായാണ് അറിയുന്നത്. എയ്ഡഡ് കോളേജുകളിൽ ഒന്നിടവിട്ട സെമസ്റ്റർ പരീക്ഷാ നടത്തിപ്പും മൂല്യനി‌ർണയവും കോളേജുകളെ ഏൽപ്പിക്കുക, പ്രധാന പരീക്ഷകൾ മാത്രം സർവകലാശാലകൾ നേരിട്ട് നടത്തുക, അപ്രധാനമായ പരീക്ഷകൾ ഒഴിവാക്കി അസൈൻമെന്റുകൾ, സ്വയംവിലയിരുത്തൽ എന്നിവ ഏർപ്പെടുത്തുക എന്നിങ്ങനെ നിരവധി സാദ്ധ്യതകളാണ് പരിഗണനയിൽ. പഠിപ്പിക്കുന്നവർതന്നെ കോഴ്സ് രൂപപ്പെടുത്തുകയും പരീക്ഷ നടത്തുകയും ഫലം സർവകലാശാലയെ അറിയിക്കുകയും ചെയ്യുന്ന സംവിധാനമാണ് ആഗോളതലത്തിലുള്ളത്.

പരീക്ഷ കഴിഞ്ഞ് നിശ്ചിത ദിവസങ്ങൾക്കകം ഫലം പ്രഖ്യാപിച്ചിരിക്കണം. ടാബുലേഷൻ, മാർക്ക് സമാഹരണം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് തയ്യാറാക്കൽ എന്നിവയ്ക്കായി ഐ.ടി അധിഷ്ഠിത സംവിധാനം ഏർപ്പെടുത്തണം. കേരളയിൽ കോമേഴ്സ്, മാനേജ്മെന്റ് വിഷയങ്ങൾക്കും വിദൂര പഠനത്തിനും ഒന്നര വർഷം വരെ വൈകിയാണ് ഫലം പ്രഖ്യാപിക്കുന്നത്. ഈ രീതി അവസാനിപ്പിക്കാനാണ് ഗവർണർ ഒരുങ്ങുന്നത്. ഇപ്പോൾ നവംബറിൽ ആരംഭിക്കുന്ന പി.ജി കോഴ്സുകൾ ജൂലായിൽ തുടങ്ങാനാവും വിധത്തിലാവും അക്കാഡമിക് കലണ്ടർ. ഫലപ്രഖ്യാപനം വൈകുന്നതിനാൽ ഉപരിപഠനത്തിനും ജോലിക്കുമുള്ള അവസരം നഷ്‌ടമായതായി അറിയിച്ചുകൊണ്ടുള്ള വിദ്യാർത്ഥികളുടെ നൂറുകണക്കിന് പരാതികളാണ് ചാൻസലർക്ക് ലഭിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് ഏത് സർവകലാശാലകളിലേയും കോഴ്സുകളിൽ പ്രവേശനം നേടാനും ഇതിലൂടെ സാധ്യമാവും.

മൂന്നു മാസത്തിലൊരിക്കൽ വിലയിരുത്തൽ
സർവകലാശാലകളുടെ സ്വയംവിലയിരുത്തൽ റിപ്പോർട്ട് മൂന്നു മാസത്തിലൊരിക്കൽ ചാൻസലർ അവലോകനം ചെയ്യും. കേരളയിലൊഴികെ മിക്കയിടത്തും രണ്ട് മാസത്തിലൊരിക്കലാണ് സിൻഡിക്കേറ്റ് ചേരുന്നതെന്നിരിക്കെ എല്ലാ സിൻഡിക്കേറ്റ് യോഗങ്ങളിലേയും തീരുമാനങ്ങൾ ഗവർണർ പരിശോധിക്കാനും സാഹചര്യമൊരുങ്ങും. സിൻഡിക്കേറ്റ് ചട്ടവിരുദ്ധമായെടുക്കുന്ന തീരുമാനങ്ങൾ ചാൻസലർക്ക് വി.സിമാർ ഇപ്പോഴും റിപ്പോർട്ട്ചെയ്യാറുണ്ടെങ്കിലും മറുപടിപോലും ലഭിക്കാറില്ല. അഞ്ചു മാസംകൊണ്ട് അക്കാഡമിക് കലണ്ടറിന് രൂപംനൽകി അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കാനുള്ള കർശന നിർദ്ദേശമാണ് സർവകലാശാലകൾക്ക് ചാൻസലർ നൽകിയിട്ടുള്ളത്. സർവകലാശാലകളുടെ പ്രവർത്തനം വിലയിരുത്താൻ തുടങ്ങിയത് ഷീലാ ദീക്ഷിത് ഗവർണറായിരുന്നപ്പോഴാണ്. പ്രവർത്തന അവലോകന റിപ്പോർട്ട് എല്ലാ മാസവും വി.സിമാർ തനിക്ക് അയയ്ക്കണമെന്നായിരുന്നു ഷീലാ ദീക്ഷിത്തിന്റെ ഉത്തരവ്. രണ്ടു മാസം ഇത്തരത്തിൽ അവലോകനം നടത്തിയശേഷമാണ് അവര്‍ രാജിവച്ചത്. വി.സിമാരുടെ അപേക്ഷ പരിഗണിച്ചാണ് അവലോകനം മൂന്നു മാസത്തിലൊരിക്കലാക്കാൻ ഗവർണർ പി.സദാശിവം തീരുമാനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍