UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കമ്മ്യുണിസം പുതിയ കാലത്തെ മതം; പി വത്സല ടീച്ചറുടെ എഴുത്തും ചിന്തകളും വയനാടും

Avatar

മാങ്ങാട് രത്നാകരന്‍

മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ ഒരു കവിതയില്‍ ഇങ്ങനെ പാടി. തുടുവെള്ളാമ്പല്‍ പൊയ്കയല്ല… ജീവിതത്തിന്‍ കടലേ കവിതയ്ക്കു ഞങ്ങള്‍ക്കു മഷിപ്പാത്രം. പി.വത്സലയുടെ മഷിപ്പാത്രവും ജീവിതത്തിന്റെ കടലാണ്. ആ മഷിപാത്രത്തില്‍ തൂലിക മുക്കിയാണ് അവര്‍ സ്വന്തം കഥാസരിത്‌സാഗരം തീര്‍ക്കുന്നത്. 25 കഥാസമാഹാരങ്ങള്‍, 20 നോവലുകള്‍, ബാലസാഹിത്യരചനകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, യാത്രാവിവരണങ്ങള്‍ അങ്ങനെ വിവിധ ശാഖകളിലായി അറുപതോളം പുസ്തകങ്ങള്‍… പി.വത്സല എന്ന പ്രിയപ്പെട്ടവരുടെ വത്സല ടീച്ചര്‍ എഴുതിത്തുടങ്ങിയ കാലംതൊട്ട് ഇന്നുവരെയും എഴുതാതിരുന്നിട്ടില്ല. എഴുത്തിന് ഇടവേളകളുണ്ടായില്ലെന്ന് സാരം. കാരണം, ജീവിതത്തിന്റെ കടല്‍ എല്ലായ്‌പ്പോഴും അവരെ ചൂഴ്ന്നുനിന്നു. ഔദ്യോഗിക വെബ്‌സൈറ്റില്‍ പി.വത്സല തന്നെത്തന്നെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ: ഞാന്‍ പലരുമായി സംസാരിച്ചിട്ടുണ്ട്. സാധാരണക്കാരുമായി. സുഹൃത്തുക്കളുമായി. അപരിചിതരുമായി. വായനക്കാരുമായി. എഴുത്തുകാരുമായി. എല്ലാ തരത്തിലും നിറത്തിലുംപെട്ട രാഷ്ട്രീയക്കാരുമായി. യാഥാസ്ഥിതികരുമായി. ആധുനികരുമായി. കുട്ടികളുമായി. മുതിര്‍ന്നവരുമായി. പല ദേശങ്ങളില്‍ പല ഭാഷകള്‍ സംസാരിക്കുന്നവരുമായി. അതുകൊണ്ട് ദേശഭാഷാ വ്യത്യാസമോ, ജാതിമതവര്‍ഗ്ഗ വ്യത്യാസമോ, സ്ത്രീപുരുഷ വ്യത്യാസമോ എന്നെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്നില്ല.

പി.വത്സല വയനാട്ടുകാരിയല്ല. കോഴിക്കോട്ടുകാരിയാണ്.  ഉറൂബിനെയും എം.ടി.യേയും പോലെയുള്ള വലിയ എഴുത്തുകാര്‍ കോഴിക്കോടിനെ സ്വന്തം ദേശം പോലെ സ്വീകരിച്ചപ്പോള്‍ വത്സല ടീച്ചര്‍ അതേ മട്ടില്‍ വയനാടിനെ ഹൃദയത്തോട് ചേര്‍ത്തു.   അവരുടെ കഥാസാഗരത്തിലെ ദ്വീപ് സമൂഹങ്ങള്‍ക്ക് വയനാടിന്റെ നിറവും മണവുമാണ്. അതുകൊണ്ടാണ് വയനാട്ടിന്റെ പശ്ചാത്തലത്തില്‍ അവരെ അവതരിപ്പിക്കാന്‍ യാത്ര ആശിച്ചത്.  

പി വത്സല: എന്റെ കുട്ടിക്കാലത്ത് അച്ഛനും അമ്മാവന്‍മാരും ചെറിയച്ഛന്‍മാരുമൊക്കെ ഇവിടെ വന്നിട്ട് പോവാറുണ്ട്. എസ്റ്റേറ്റുകളിലെ ജോലിക്കായിട്ട്… പല തരത്തിലുള്ള ജോലിക്കായിട്ട്. അപ്പോള്‍ ക്ഷാമകാലത്തൊക്കെ ഇവിടുന്നു കൊണ്ടുവരുന്ന സാധനങ്ങളാണ് ഞങ്ങളുടെ വീട്ടില്‍ കിട്ടിയിരുന്നത്. സെക്കന്റ് വേള്‍ഡ് വാര്‍ കഴിഞ്ഞകാലമാണത്. അതൊരറിവു തന്നെയല്ലേ.. എല്ലാവര്‍ക്കും ഭക്ഷണം കിട്ടാത്ത കാലത്ത് നമ്മള്‍ക്ക് ഭക്ഷണം കിട്ടുന്നുവെന്നുള്ളത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ അയല്‍പക്കത്തുള്ള മൂന്നാല് കുടികിടപ്പുകാരുണ്ടായിരുന്നു. അവര്‍ക്കൊക്കെ പകല് ഭക്ഷണം ഞങ്ങളുടെ വീട്ടിന്നായിരുന്നു. ഞങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട്. അങ്ങനെ ചെറുപ്പത്തിലെ ആളുകളുമായിട്ടുള്ള സമ്പര്‍ക്കം കിട്ടിയതാണ്. അതെന്റെ എഴുത്തിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. അമ്മാവനും അച്ഛനും വലിയച്ഛനുമൊക്കെ കാടിനെപ്പറ്റി പറയുന്ന അനുഭവങ്ങളുണ്ടല്ലോ… ഇവിടുന്ന് ആദിവാസികളുടടുത്തുനിന്ന് വാങ്ങീട്ട് കാട്ടുതേന്‍ കൊണ്ടുവരും. ഞെട്ടിത്തെങ്ങ് എന്നൊരു സാധനമുണ്ട്. ഔഷധമായിട്ടാണ്. ഭക്ഷണത്തില്‍കൂടിയായിരിക്കും ആദ്യം ഈ നാടിനെ അറിഞ്ഞതെന്ന് തോന്നുന്നു.   

വായനയുടെയും രാഷ്ട്രീയത്തിന്റെയും അന്തരീക്ഷം വീട്ടില്‍ കുട്ടിക്കാലം തൊട്ടേ അനുഭവിച്ചറിഞ്ഞു. അമ്മ കിട്ടിയതെന്തും വായിക്കുന്ന പ്രകൃതക്കാരിയായിരുന്നു. അച്ഛനാണെങ്കില്‍ രാമായണമോ കവിതയോ അല്ലാതെ നോവലും കഥയും വായിച്ചാല്‍ കുട്ടികള്‍ ചീത്തയായിപ്പോകുമെന്ന പക്ഷക്കാരനായിരുന്നു.   

എന്റെ തറവാട്ടിന്റെ സ്ഥിതി… ഞങ്ങള്‍ ഇന്ത്യന്‍ റൂട്ടില്‍ വിശ്വസിക്കുന്ന ആളുകളാണ്. തറവാടിന്റെ വരാന്തയില്‍ എല്ലാ ദൈവങ്ങളുടെയും തമിഴ് ചിത്രങ്ങള്‍… അക്കാലത്ത് തമിഴര് വരച്ചിട്ടുള്ള ചിത്രങ്ങളാണ്. അതിന്റെ ഇടയില്‍ സ്റ്റാലിന്‍, ലെനിന്‍, മാര്‍ക്‌സ്… രണ്ടും ഇടകലര്‍ന്ന് നില്‍ക്കുന്ന ചുമരുകളാണ്. പടിഞ്ഞാറ്റെ ചുമരില്‍ തന്നെ ഒരറ്റം മുതല്‍ ഒരറ്റം വരെ യുണ്ടാവും. ഇത് എന്റെ മനസ്സില്‍ ഒരുതരം ഡബിള്‍ ഇന്‍ഡിവിഡ്വാലിറ്റി ഉണ്ടാക്കിയിട്ടുണ്ടെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. മനസ്സ് ഒരുതരം ക്ലാസിക്കല്‍ ഏജില്‍ നില്‍ക്കുന്നതും ബുദ്ധിപ്രവര്‍ത്തിക്കുന്നത് പ്രസന്റ് ഡേയിലാണ്. അത് എന്റെ എല്ലാ പുസ്തകത്തിലും നിങ്ങള്‍ക്ക് കാണാന്‍ പറ്റും. എന്തായാലും നമ്മുടെ പാരമ്പര്യത്തിനെ മറക്കാന്‍… അല്ലെങ്കില്‍ തള്ളിക്കളയാന്‍ എനിക്ക് കഴിയില്ല. കാരണം സ്പിരിച്ച്വാലിറ്റി എന്നുപറയുന്നൊരംശം ഇല്ലാതെ കലാകാരന്‍ ഉണ്ടാവില്ല. ആത്മാവുമായിട്ട് ബന്ധപ്പെട്ടതാണ് ശരിക്കും രചനകളൊക്കെ. ദൈവം പൂര്‍ണ്ണമാക്കാതെ നമുക്ക് വേണ്ടി ഉപേക്ഷിച്ചുപോയ കാര്യങ്ങളാണ് സര്‍ഗ്ഗാത്മക കലാകാരന്‍മാര്‍ പൂര്‍ത്തീകരിക്കുന്നതെന്നാണ് അന്നും ഇന്നും ഞാന്‍ വിശ്വസിക്കുന്നത്.    

എഴുത്തുകാരനും വിഖ്യാതവിവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന എം.എന്‍.സത്യാര്‍ത്ഥിയെ പരിചയപ്പെടുന്നതുതൊട്ടാണ് തന്റെ ഉള്ളിലെ എഴുത്തിന്റെ തീവ്രവികാരങ്ങള്‍ അന്ന് കൗമാരക്കാരിയായ വത്സല തിരിച്ചറിയുന്നത്. സത്യാര്‍ത്ഥിയുടെ വ്യക്തിത്വവും അദ്ദേഹത്തെ കുറിച്ചുള്ള വീരകഥകളും അവരെ സ്വാധീനിച്ചു.   

പി വത്സല: ഞങ്ങളുടെ നാട്ടില്‍ ഒരു എഴുത്തുകാരന്‍ വന്നു താമസിക്കുക എന്ന് പറഞ്ഞു കേട്ടപ്പോള്‍ തന്നെ… അന്ന് ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം ആദ്യം വന്നത്. വല്യ അത്ഭുതമായിരുന്നു. അതുമാത്രമല്ല.. ബംഗാളില്‍ നിന്നും പഞ്ചാബില്‍ നിന്നുമൊക്കെ വരുന്നയാളാണ്. അദ്ദേഹത്തിന്റെ നോവല്‍ ഞാന്‍ ആദ്യമേ വായിച്ചിട്ടുണ്ട്. ഒരു ദിവസം വീട്ടില്‍ കയറി വന്നു. നാനൂറ് പേജില്‍ എഴുതിയിട്ടുള്ള ഒരു നോട്ടുബുക്ക്… അങ്ങനത്തെ രണ്ട് നോട്ടുബുക്കുകള്‍ അത് നോവലിന്റെ തര്‍ജ്ജമയാണ്. വത്സല ഇതൊന്നു വായിച്ചുനോക്കിയിട്ട് അതിലെന്തെങ്കിലും പിഴവുകളുണ്ടെങ്കില്‍ തിരുത്തണമെന്ന്…  ഞാന്‍ വിചാരിച്ചു. ഇദ്ദേഹം പഞ്ചാബില്‍ നിന്നൊക്കെ വന്ന ആളല്ലേ… മലയാളം അത്ര വശമില്ലായിരിക്കും… അതുകൊണ്ടാണെന്ന് വിചാരിച്ചു. അന്ന് ഞാന്‍ ഒമ്പത് ജയിച്ചിട്ടേള്ളു.   ഒറ്റ തെറ്റുമില്ല…അതെനിക്ക് വലിയ അതിശയമായി. പ്രയോഗപരമായിട്ടുള്ള ചില തെറ്റുകള്‍. മലബാര്‍ ഏരിയയിലുള്ളതും ഹിന്ദിയില്‍ നിന്ന് നേരിട്ടിങ്ങോട്ടെടുത്തിട്ടുള്ള ചില തെറ്റുകള്‍ മാത്രമേയുള്ളു. എങ്ങനെയുണ്ടെന്ന് ചോദിച്ചതിന് ഒറ്റതെറ്റുമില്ലായിരുന്നെന്ന് ഞാന്‍ പറഞ്ഞു. പിന്നെ അദ്ദേഹം എല്ലാ സ്‌ക്രിപ്റ്റും എന്നെ കാണിക്കാന്‍ തുടങ്ങി. കോളേജിലായപ്പോഴും സ്‌ക്രിപ്റ്റ് അയച്ചുതരും. പ്രിന്റ് കിട്ടിയാല്‍ ഒരു കോപ്പിയും തരും.  

പി.വത്സലയുടെ ഏതാണ്ട് അയല്‍ക്കാരന്‍ തന്നെയായ എസ് കെ പൊറ്റക്കാട്ടിനെ കാണുന്നതും പരിചയപ്പെടുന്നതും പിന്നീടാണ്. എസ് കെയുടെ കഥാലോകവും യാത്രാലോകവും അവരെ വശീകരിച്ചു. 

പി വത്സല: എന്റെ നാട്ടുകാരനാണെന്ന് പറയാം. അദ്ദേഹം വലിയ സഞ്ചാരിയല്ലേ. അങ്ങനെ ഒരു എഴുത്തുകാരന്റെ വീട്ടിലൊന്നും പോകുന്നതിന് സ്വാതന്ത്ര്യമുള്ള കാലമല്ലല്ലോ. കല്യാണം കഴിഞ്ഞപ്പോള്‍ ഹസ്‌ബെന്റിനോട് പറഞ്ഞപ്പോള്‍ നമുക്ക് പോയി കാണാമെന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം ബോംബെയില്‍ നിന്ന് വന്ന കാലമാ. ചെന്നപ്പോള്‍ തന്നെ അദ്ദേഹം കാണാന്‍ കാത്തിരിക്കുകയായിരുന്നെന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞു. ഞാന്‍ ചോദിച്ചു എന്താണെന്ന്. അപ്പോള്‍ അദ്ദേഹം അദ്ദേഹത്തിന്റെ സ്ഥിരമൊരു ഡയറിയുണ്ട്. ഡയറിയില്‍ മടക്കിവച്ചിരുന്ന ഒരു മാസിക എടുത്തെനിക്ക് തന്നു. ചട്ടയില്ലാത്ത പ്രപഞ്ചം മാസിക. അത് കോഴിക്കോട്ടുനിന്ന് ഇറങ്ങിയിരുന്ന ടി കെ വിയുടെ എഡിറ്റോറിയലില്‍ ഇറങ്ങിയിരുന്നതാണ്. അതില്‍ ഞാന്‍ കഥയെഴുതിയിട്ടുണ്ട്. കവിതയെഴുതിയിട്ടുണ്ട്… പിന്നെ ലേഖനങ്ങളുമെഴുതിയിട്ടുണ്ട്. ഇതൊക്കെയെഴുതിയെങ്കിലും നിരൂപണം എഴുതിയിരുന്നില്ല. എസ് കെയുടെ പുസ്തകത്തിനാണ് ഞാന്‍ ജീവിതത്തിലാദ്യമായിട്ട് നിരൂപണം എഴുതിയത്. തെരുവിന്റെ കഥ. അദ്ദേഹം അത് വായിച്ചതൊന്നും എനിക്കറിയില്ലായിരുന്നു. അദ്ദേഹം ലോകസഞ്ചാരം കഴിഞ്ഞ് മടങ്ങിവന്ന സമയത്താണ് അത് പ്രസിദ്ധീകരിച്ചത്. അതുകൊണ്ടാണ് അദ്ദേഹം എന്നെ കാണണമെന്ന് ആഗ്രഹിച്ചത്. പക്ഷേ പൊറ്റക്കാട്ട് പരിചയപ്പെട്ടതിനു ശേഷം പൊറ്റക്കാട്ട് കാരണമാണ് ഞാന്‍ എസ് പി സി എസില്‍ മെമ്പറായത്. എക്‌സിക്യൂട്ടീവ് മെമ്പറായി. വൈസ് പ്രസിഡന്‍റായി. കാരണം അദ്ദേഹത്തെ ജയിപ്പിക്കാനായിട്ട് ഒരു പാനലുണ്ടാക്കി സി പി ശ്രീധര്‍, കോണ്‍ഗ്രസുകാരന്‍. പൊറ്റക്കാട്ടും കോണ്‍ഗ്രസ് തന്നെയായിരുന്നു. പൊറ്റക്കാട്ടിന് വോട്ട് ചെയ്യാന്‍ വേണ്ടി മാത്രമാണ് ഞാന്‍ പോയത്. പൊറ്റക്കാട്ട് വളരെ നന്നായിട്ട് ജയിച്ചുവന്നു.  

നെല്ല് എന്ന നോവലാണ് പി വത്സലയെ കോഴിക്കോടന്‍ ചുറ്റുവട്ടങ്ങളില്‍ നിന്ന് മലയാളഭാവനയുടെ വിശാലലോകത്തിലേക്ക് നയിക്കുന്നത്. അന്നത്തെ പ്രശസ്ത പുരസ്‌കാരമായ കുങ്കുമം അവാര്‍ഡ് നേടിയ ആ നോവല്‍ അന്നത്തെ വയനാടെന്ന ഇരുളടഞ്ഞ ഭൂമികയിലേക്ക്, അപരിചിതമായ അനുഭവങ്ങളിലേക്ക് വായനക്കാരെ വിളിച്ചുണര്‍ത്തി.

പി വത്സല: തിരുനെല്ലിയെ അടിസ്ഥാനമാക്കിയിട്ടാണ് ആ നോവല്‍ മുഴുവന്‍ എഴുതിയിരിക്കുന്നത്. ഞാന്‍ വരുമ്പോള്‍ രണ്ടാമത് നമ്മുടെ നാട്ടിലുള്ള ഭക്ഷ്യക്ഷാമം. എനിക്കു തോന്നുന്നത് ചൈനീസ് യുദ്ധകാലം കഴിഞ്ഞയുടനെയാണെന്ന്. ഇവിടെ യാതൊരുല്‍പ്പന്നവും വരുന്നില്ലായിരുന്നു. ‘നെല്ലെ’ന്നല്ലാതെ നോവലിന് പേരിടാന്‍ വേറൊന്നുമില്ല… 

നെല്ലിന്റെ തുടര്‍ച്ചയായിരുന്നു ആഗ്നേയം എന്ന നോവല്‍. വയനാട്ടില്‍ വിപ്ലവത്തിന്റെ അഗ്നി പടര്‍ന്ന കാലമാണ് അതിന്റെ പ്രമേയം. അടിയോരുടെ പെരുമന്‍ വര്‍ഗ്ഗീസ് എന്ന വിപ്ലവകാരിയെ ഒരിക്കല്‍ കണ്ടിട്ടുമുണ്ട് ഈ കഥാകാരി.  

പി.വത്സല: നെല്ല് എഴുതാന്‍ വന്ന കാലത്തുതന്നെ വര്‍ഗ്ഗീസിനെ ഈ പുഴക്കരയില്‍ വച്ച് കാണുകയും ആദിവാസികളുമായി കൂടിയാലോചന നടത്തുമ്പോള്‍ സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. വര്‍ഗ്ഗീസ് പറഞ്ഞു. നിങ്ങള്‍ വന്നിട്ടുണ്ടെന്നറിഞ്ഞിട്ടുണ്ട്. കാണാന്‍ കഴിഞ്ഞത് ഇപ്പോഴാണെന്ന് പറഞ്ഞു. അന്ന് വര്‍ഗ്ഗീസിന് 24 വയസ്സൊക്കെയുണ്ടാവൂ. നെല്ല് എഴുതുമ്പോള്‍  ഇങ്ങനെ ചിലതിവിടെ സംഭവിക്കുമെന്ന് ഒരു ദൂരദര്‍ശനം എന്റെ മനസ്സിലുണ്ടായിരുന്നു. സംഭവിക്കാതിരിക്കാന്‍ പറ്റില്ല. അത്രയും അണ്‍സൈന്റിഫിക്കായിട്ടുള്ള ഒരു ജീവിതം. നമുക്ക് വിശ്വസിക്കാന്‍ പറ്റില്ല. അങ്ങനെയൊരു കാലം ഇവിടെയുണ്ടെന്നുള്ളത്. അത് മാത്രമല്ല, നമ്മുടെ ഗവണ്‍മെന്റ് പോലും ഇങ്ങനെയുള്ള ആള്‍ക്കാരുള്ള കാര്യം അറിഞ്ഞില്ല. ചൂഷണമെന്ന് പറയാന്‍ പറ്റില്ല. കാരണം വളരെ വിരലിലെണ്ണാവുന്ന ആള്‍ക്കാരെ പണക്കാരുള്ളു. ബാക്കിയെല്ലാം അടിത്തട്ടിലുള്ള ആളുകളും, അമ്പലവാസികളായുള്ളവരും പിന്നെ കുടിയേറ്റക്കാരായിട്ട് വന്നവരൊക്കെയാണ്. ദാരിദ്ര്യം തന്നെയാണ് എല്ലാവര്‍ക്കും. ഒരു ജന്മിയുടെ വീട്ടില്‍ നിന്ന് കിട്ടുന്ന വല്ലികൊണ്ടാണ് ബാക്കിയെല്ലാവരും ജീവിക്കുന്നത്. 

ഇടതുപക്ഷത്തിനോട് ചേര്‍ന്നുനിന്ന ഈ എഴുത്തുകാരി കണ്ണുമടച്ച് അതിനെ പിന്തുടര്‍ന്നില്ല. സ്വാനുഭവങ്ങളും ചരിത്രാനുഭവങ്ങളും അവരെ വീണ്ടുവിചാരത്തിലേക്ക് നയിച്ചു.

പി വത്സല: മതം തന്നെയാണ് കമ്മ്യൂണിസത്തെക്കെറുച്ച് പറയാവുന്നത്. കമ്മ്യൂണിസം പുതിയ കാലത്തുണ്ടായ മതമെന്നല്ലാതെ മറ്റു മതങ്ങളില്‍ നിന്ന് വളരെ വലിയ വ്യത്യാസമൊന്നുമില്ല. ആചാരത്തിലാണെങ്കില്‍ കടുത്ത നിഷ്ഠകള്‍. അതില്‍ വിട്ടുവീഴ്ച്ചയില്ലാത്ത സമരം. ഇതൊക്കെ എസ്റ്റാബ്‌ളിഷ് ചെയ്തിട്ടുള്ള എല്ലാ മതങ്ങളും നമ്മുടെ നാട്ടിലുണ്ടാക്കിയത്. ഹിന്ദുതീവ്രവാദം പോലെ അങ്ങേപ്പുറത്തു നില്‍ക്കുന്ന വേറൊരു തീവ്രവാദമാണ് കമ്മ്യൂണിസം. അല്ലാന്ന് നമുക്ക് പറയാന്‍ പറ്റില്ല. അവരും മതത്തിനെപ്പോലെയല്ലേ കമ്മ്യൂണിസത്തോട് പെരുമാറുന്നത്. 

കുറച്ചുവര്‍ഷഷം മുമ്പ് അമതാനന്ദമയിയെ കുറിച്ചുള്ള അനുകൂല പരാമര്‍ശങ്ങളുടെ പേരില്‍ വത്സല ടീച്ചര്‍ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി. യാത്ര വിവാദം ആഗ്രഹിച്ചില്ലെങ്കിലും ടീച്ചറിന്റെ നിലപാടിനെക്കുറിച്ച് ചോദിച്ചു.

പി വത്സല: അമൃതാനന്ദമയിയെ ഞാന്‍ കാണുന്നത് കീഴേക്കിടയിലുള്ള ഒരു സമൂഹത്തില്‍ അവഗണിക്കപ്പെട്ടിട്ടുള്ള ഒരു കടലോര ജീവിതത്തിലെ ആളുകളുടെ ഇടയില്‍ നിന്ന്, വളരെ ദാരിദ്ര്യമുള്ള ഒരു മേഖലയില്‍ നിന്ന് വന്ന ആ പെണ്‍കുട്ടിക്ക് എന്തോ ചില ആത്മീയ ശക്തികളില്ലാതെ… അവര് ഇങ്ങനെയാവില്ല. വിദ്യാഭ്യാസം വേണ്ട ആത്മീയശക്തിയുണ്ടാവാന്‍. അല്ലെങ്കില്‍ ദൈവത്തിന്റെ രൂപങ്ങളും വേണ്ട. അത് സ്വതസിദ്ധമായിട്ടുള്ള ഒരു ചിന്ത തന്നെയാണ്. അല്ലെങ്കില്‍ പഴയകാലത്തൊക്കെ ഇതുണ്ടാവുമോ. പഴയകാലത്തും സൗന്ദര്യാത്മകമായിട്ടുള്ള അല്ലെങ്കില്‍ ദര്‍ശനപരമായിട്ടുള്ള കാഴ്ച്ചപ്പാടുകളുണ്ടായിട്ടുണ്ട്. ആവരെ ആശ്രയിച്ചിട്ട് മാത്രം ജീവിതത്തിന് ആശ്വാസം കാണുന്ന ലക്ഷം ലക്ഷം പെണ്ണുങ്ങള്‍ നമ്മുടെ കേരളത്തിലുണ്ട്, കേരളത്തില്‍ മാത്രമല്ല അമേരിക്കയില്‍ അവര് വന്നപ്പോഴും ഞങ്ങള്‍ ന്യൂയോര്‍ക്കിലുണ്ട്. ഈ കഴിഞ്ഞ കൊല്ലം. അന്നും അവരുടെ മീറ്റിംഗിലൊക്കെ എത്രയോ ആയിരം വന്നുവെന്നാണ് അവിടുത്തെ വാര്‍ത്തകളിലൊക്കെ കണ്ടത്. അവര് അങ്ങനെ എല്ലാ രാജ്യങ്ങളിലും സഞ്ചരിച്ച് വിദ്യാഭ്യാസം തീരെയില്ലാത്ത ഒരു പെണ്‍കുട്ടി ഇത്രയും ഉന്നതമായിട്ടുള്ള ഒരു ചിന്താഗതി ആര്‍ജ്ജിക്കണമെങ്കില്‍ അവര്‍ക്ക് മാനസികമായിട്ടുള്ള ചില കഴിവുകളുണ്ട്. മനുഷ്യന്റെ മാനസികമായിട്ടുള്ള കഴിവിനെപ്പറ്റി എനിക്ക് നല്ല ബോധമുണ്ട്. മനുഷ്യനെന്ന് പറഞ്ഞാല്‍ മനസ്സാണ്. മനസ്സിന്റെ പുറമെയൊരു ശരീരമുണ്ടെന്ന് മാത്രമേയുള്ളു.

അതിനിടയില്‍ ടീച്ചറുടെ നെല്ല് മലയാളത്തിന്റെ വെള്ളിത്തിരയിലും നമ്മള്‍ മനം നിറഞ്ഞു കണ്ടു. 

പി വത്സല:  രാമുകര്യാട്ട് ചെമ്മീന്‍ സിനിമയെടുത്തയാളല്ലേ. പിന്നെ എന്റെ നാട്ടുകാരനാണ്. നാട്ടുകാരെന്നു പറഞ്ഞാല്‍ മലബാര്‍ ഏരിയയില്‍ ഉള്ള ഒരു പരിചയക്കാരനാണല്ലോ. നല്ല ഭാവനയുള്ള ആളാണ്. അല്ലെങ്കില്‍ ചെമ്മീന്‍ അങ്ങനെ നന്നാവില്ലല്ലോ. ആ നിലവാരം ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. അങ്ങനെ കൊടുക്കാന്‍ തീരുമാനിച്ചു. തുക അപ്പോള്‍ നോക്കിയതേയില്ല. ജോര്‍ജ്ജ് ആണ് എന്നോട് പറഞ്ഞത് ടീച്ചര്‍ ഒരു സ്‌ക്രിപ്റ്റ് എഴുതണമെന്ന്. നമ്മള്‍ കമ്പയിന്‍ ചെയ്തിട്ട് ഡിസ്‌കസ് ചെയ്തിട്ടേ എടുക്കുള്ളുവെന്ന്. എഴുതിക്കൊടുത്തത് കണ്ടിട്ട് ജോര്‍ജ്ജ് പറഞ്ഞു ടീച്ചര്‍ക്ക് ഈ രംഗത്ത് തന്നെ പിടിച്ചുനില്‍ക്കാന്‍ പറ്റും. സ്‌ക്രിപ്റ്റ് എഴുതുന്നതില്‍…  ഞാന്‍ പറഞ്ഞു അതെനിക്കിഷ്ടമല്ല….നോവല്‍ തന്നെയാണ് ഇഷ്ടമെന്ന്.  

ചലച്ചിത്ര സംവിധായകരംഗത്ത് ഒരുകൈ നോക്കാന്‍ ടീച്ചര്‍ ഒരുങ്ങിയതാണ്. എഴുത്ത് പിന്നോട്ട് വലിച്ചതാകാം അത് നടന്നില്ല. 

പി വത്സല: ആഗ്നേയം സിനിമയായിട്ടെടുത്താല്‍ കൊള്ളാമെന്നുണ്ടായിരുന്നു. ഒരു സ്ത്രീയായതുകൊണ്ടു മാത്രം എടുക്കാതെ പോയതാണത്. കാരണം അന്ന് സ്ത്രീകള്‍ക്ക് ഒരുപാട് പരിമിതികളുണ്ടല്ലോ. ഇപ്പോള്‍ എത്ര സ്ത്രീകളാണ് ആ രംഗത്തുള്ളത്. അന്ന് എടുക്കണമെന്ന് തീരുമാനിച്ചതാണ്. പിന്നെ ഒത്തുവന്നില്ല. നോവലിന് നല്ല ഡിമാന്റുള്ളതുകൊണ്ട്  നിരന്തരം എഴുത്ത് തന്നെയായി. ജീവിതകാലം മുഴുവന്‍ എഴുത്തില്‍ മുഴുകിപ്പോയി. അതുകൊണ്ട് സിനിമയൊക്കെ വളരെ നിസ്സാരമായി തോന്നി.  

എസ്.കെ.പൊറ്റക്കാട്ടിന്റെ നാട്ടുകാരിയായ ഒരു എഴുത്തുകാരിക്ക് യാത്ര നിത്യനൂതനവും ജീവിതാനുഭവങ്ങളെ സാന്ദ്രമാക്കുന്നതുമായ ഒരു അനുഭവമായി തീരുന്നതില്‍ അതിശയിക്കാനില്ല. മകനോടൊപ്പം താമസിക്കാന്‍ അമേരിക്കയില്‍ ചെല്ലുമ്പോഴും നഗരത്തിന്റെ പളപളപ്പുള്ള കാഴ്ചകളല്ല ടീച്ചര്‍ തേടിയത്.   

പി വത്സല: ഇത്രയും കൊല്ലം കഴിഞ്ഞിട്ട് ഞാന്‍ അമേരിക്കയില്‍ പോയപ്പോഴും ആദ്യം പോയി സന്ദര്‍ശിച്ചത് അമേരിക്കയിലെ ആദിവാസി മേഖലയായിട്ടുള്ള നാല് സ്റ്റേറ്റുകളാണ്.  റെഡ് ഇന്ത്യന്‍, അപ്പലാച്ചി, അപ്പാഷെ എന്നീ പേരുകളിലുള്ള വിഭാഗം… ഇവിടുന്ന് കിട്ടിയ ഒരു പ്രചോദനമായിരിക്കാം. അല്ലെങ്കില്‍ പൊതുവേ ആളുകളോടുള്ള ഒരു മമതയായിരിക്കാം അതിന്റെയൊക്കെ കാരണം.

സായാഹ്നം തിരുനെല്ലിയിലെ കാനനഛായയുമായി നേരത്തെയെത്തി. കൂമന്‍കൊല്ലി എന്നു പേരിട്ട വീട്ടില്‍ നിന്നും വത്സലടീച്ചര്‍ക്കും ഭര്‍ത്താവ് അപ്പുക്കുട്ടി മാസ്റ്റര്‍ക്കുമൊപ്പം തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോയി. തിരുനെല്ലിയില്ലാതെ ടീച്ചറുടെ ജീവിതവൃത്താന്തമോ സാഹിത്യവീക്ഷണമോ പൂര്‍ത്തിയാകില്ല. വത്സലടീച്ചര്‍ക്ക് തിരുനെല്ലിയില്‍ അറിയാത്തവരായോ ടീച്ചറെ അറിയാത്തവരായോ ആരുമില്ലെന്നു തന്നെ പറയാം. തങ്ങളുടെ നാടിനെ സാഹിത്യഭൂപടത്തില്‍ സവിശേഷമായി അടയാളപ്പെടുത്തിയ എഴുത്തുകാരിയോടുള്ള ആദരവ് അവരുടെ നോക്കിലും വാക്കിലും കണ്ടു. ഇത്രയേറെ സമൃദ്ധവും വിപുലവുമായ കഥാലോകമൊരുക്കിയ കഥാകാരിക്ക് തന്നെക്കുറിച്ചും തനിക്കുചുറ്റുമുള്ള സമൂഹത്തെക്കുറിച്ചും ഒരു തീര്‍പ്പുണ്ട്. അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം അവര്‍ അത് പറഞ്ഞു.  

പി വത്സല: ഞാനെഴുതിയതൊക്കെ ഒരു പുരുഷനാണ് എഴുതിയിരുന്നതെങ്കില്‍. അയാളുടെ സ്റ്റാറ്റസ് തന്നെ മാറിപ്പോകുമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യവും കൂടുതലുണ്ട്. ആ ഒരു പരാധീനത കേരളത്തിലെ എല്ലാ സ്ത്രീ എഴുത്തുകാര്‍ക്കും ഉണ്ട്. ഒന്നാമത് നമുക്ക് സഞ്ചാരസ്വാതന്ത്ര്യം ഇല്ല.  എഴുത്തുള്ള ആള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം എന്തായാലും വേണം. സഞ്ചാരസ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ പല കാഴ്ചകള്‍ കാണുകയും പല ജനങ്ങളെ അറിയുകയുമൊക്കെ ചെയ്യാന്‍ പുരുഷന്‍മാര്‍ക്ക് കഴിയുന്നത്ര സ്വാതന്ത്ര്യം നമുക്കൊരിക്കലും കിട്ടുന്നില്ല.   

മഷിയുണങ്ങാത്ത പൊന്‍പേനയുള്ളിടത്തോളം എഴുത്തിന്റെ വഴികള്‍ അവസാനിക്കുന്നില്ല. വായനക്കാരും ആ വഴിയിലൂടെ ഒപ്പം നടക്കുന്നു. അംഗീകാരങ്ങളുടെ കാര്യം പിന്നീട് മാത്രമേ വരുന്നുള്ളു.

(കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍