UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പച്ചാളത്തെ 92 വയസുള്ള കുഞ്ഞുകുഞ്ഞമ്മയ്ക്കും ശീമാട്ടിക്കും എന്തുകൊണ്ട് രണ്ട് നീതി?

Avatar

പച്ചാളം റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കലിനായി നടന്ന കുടിയൊഴിപ്പിക്കലിനെക്കുറിച്ചും അതിന്റെ ഭാഗമായി നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും ഈ സംഭവങ്ങള്‍ക്കെല്ലാം ദൃക്‌സാക്ഷിയും സമരസമിതി അംഗവുമായ എം ടി സ്മിത എഴുതുന്നു.

48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന കളക്ടറുടെ നോട്ടീസ് കിട്ടിയ വെള്ളിയാഴ്ച (മാര്‍ച്ച് 6) 4.30 മുതല്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരും, സമരസമിതി നേതാക്കളും, ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ്‌സ് വാച്ച് നേതാക്കളും മാറി മാറി തിങ്കളാഴ്ചകൂടി സമയം അനുവദിക്കുന്നതിനായി കളക്ടറെ അരമണിക്കൂര്‍ ഇടവിട്ട് വിളിച്ചെങ്കിലും കളക്ടര്‍ ഫോണ്‍ എടുക്കുകയുണ്ടായില്ല.  അങ്ങനെയാണ് നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാനായി കളക്ടറുടെ വീട്ടിലെത്തിയത്.  എന്നാല്‍ ആ സംഘത്തില്‍പ്പെട്ട പ്രായമായവരും, കുട്ടികളും സമരസമിതി നേതാക്കളും ഉള്‍പ്പെടെയുള്ള ഇരുപത്തിയെട്ടോളം പേരെ കരുതല്‍ തടങ്കലില്‍ വെച്ചുകൊണ്ടാണ് ഓപ്പറേഷന്‍ ഫ്യൂച്ചര്‍ എന്ന പേരിട്ട ഈ അക്രമണം ഇവിടെ നടന്നത്. 92 വയസുള്ള കുഞ്ഞുകുഞ്ഞമ്മയെ വരെ ഭക്ഷണമോ, വെള്ളമോ നല്‍കാതെ പിറ്റേദിവസം, അതായത് തിങ്കളാഴ്ച്ച ഉച്ചവരെ കരുതല്‍ തടങ്കലില്‍വച്ചു. തികച്ചും മനുഷ്യത്വഹീനമായ പ്രവര്‍ത്തി. എഴുന്നേറ്റ് നടക്കാന്‍ പോലുമാവാത്ത ആ വൃദ്ധയുടെ ദയനീയമായ മുഖം മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. 

തിങ്കളാഴ്ച രാവിലെ 4 മണിയോടെ ആയിരത്തോളം പൊലീസുകാര്‍ പച്ചാളം വളയുകയും, റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മാര്‍ക്ക് ചെയ്ത് ആറര മണിയോടെ പൊളിക്കല്‍ തുടങ്ങുകയുമായിരുന്നു. സമരത്തിന് നേതൃത്വം നല്‍കിയ നേതാക്കളുടെ വീടുകളും കടകളും ആദ്യം തെരഞ്ഞുപിടിച്ച് പൊളിക്കുകയെന്ന സ്ഥലം എംഎല്‍എ ഹൈബി ഈഡന്റെ കുത്സിത പദ്ധതി നടപ്പാക്കുകയെന്ന ദൗത്യമാണ് ആദ്യം നടന്നത്. ഒരറ്റത്ത് നിന്ന് പൊളിക്കുന്നതിന് പകരം നേതാക്കളുടെ മൂന്നു കടകളും വീടുകളുമുള്‍പ്പെടെയുള്ള കെട്ടിടം ജെസിബി ഉപയോഗിച്ച് തലങ്ങും വിലങ്ങും പൊളിക്കുകയായിരുന്നു. വീട്ടുകാര്‍ക്ക് വന്ന് അവരുടെ സാധനങ്ങള്‍ എടുത്തുമാറ്റാനുള്ള സാവകാശം നല്‍കണമെന്ന് പറഞ്ഞ സമരസമിതി നേതാവായ ജോസി മാത്യുവിന്റെ ചേട്ടനെ പൊലീസ് മൃഗീയമായി ഉപദ്രവിക്കുകയാണ് ചെയ്തത്. ഇങ്ങനെയൊരു നീക്കമുണ്ടാകുമെന്ന് അറിയാതെ കളക്ടറുടെ സഹായം പ്രതീക്ഷിച്ചിരുന്ന പട്ടിണി പാവങ്ങള്‍ക്ക് തങ്ങളുടെ സാധനങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാതെ പോവുകയും പലരുടെയും ആധാരവും ടാക്‌സ് രസീതും മറ്റുള്ള വിലപ്പെട്ട പലതും പൊളിച്ചിട്ടിരിക്കുന്നതിനിടയില്‍ നിന്ന് തപ്പിയെടുക്കേണ്ട ഗതികേടുമുണ്ടായി. പലസാധനങ്ങളും മോഷണം പോവുക വരെയുണ്ടായി. പണവും സ്വര്‍ണവും വരെ ഇങ്ങനെ നഷ്ടമായിട്ടുണ്ട്.

നഷ്ടപ്പെടുന്ന ഭൂമിക്ക് സെന്റിന് 7 ലക്ഷം രൂപയും കടമുറി ഒഴിയുന്നതിന് 30,000 രൂപയും ഷിഫ്റ്റിംഗിന് 5000 രൂപയും നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍ച്ചയായ സമരങ്ങളുടെയും ചര്‍ച്ചകളുടെയും ഫലമായി സെന്റിന് 15 ലക്ഷവും കടകള്‍ക്ക് 6.5 ലക്ഷവും വാടകയിനത്തില്‍ 6 മാസത്തേക്ക് 30,000 രൂപയും നല്‍കാന്‍ ധാരണയിലെത്തി. എന്നാല്‍ ഉപജീവനത്തിനും പുനരധിവാസത്തിനുമുള്ള പാക്കേജ് അനുവദിക്കാത്തതിനാല്‍ സമരവും കേസുമായി സമരസമിതി മുന്നോട്ടുപോയി. ഒന്നരവര്‍ഷം മുമ്പ് സെന്റിന് 19 ലക്ഷം രൂപവരെ കിട്ടിയിരുന്നിടത്താണ് അതിന്റെ പകുതിയോളം വിലമാത്രം നല്‍കി ജനങ്ങളെ പറ്റിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയത്. 

പൊന്നുംവില പാക്കേജില്‍ 15 ലക്ഷം ഒരു സെന്റിന് പരമാവധി തുകയെന്ന് പറയുമ്പോള്‍ ഈ സര്‍ക്കാര്‍ പാസാക്കിയ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ സെന്റിന് 35 ലക്ഷമാണ് വകയിരുത്തിയിരിക്കുന്നത്. ഈ 35 ലക്ഷത്തില്‍ 15 ലക്ഷം മാത്രമാണ് കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാക്കി പണം ആരുടെ കൈകളിലാണെത്തുന്നത്?

ഹൈബി ഈഡന്‍ എം എല്‍ എ, കെ വി തോമസ് എം പി, കൊച്ചി മേയര്‍ ടോണി ചമ്മിണി എന്നീ ത്രിമൂര്‍ത്തികളുടെ പല കള്ളക്കളികളും വിവരാവകാശ രേഖയിലൂടെ പുറത്ത് കൊണ്ടുവന്ന ജോസി മാത്യൂ, സമരസമിതി ജനറല്‍ കണ്‍വീനര്‍ അബിജു സുരേഷ്, പോള്‍, അനില്‍ തുടങ്ങിയവരെ തകര്‍ക്കാനുള്ള പദ്ധതികള്‍ തുടങ്ങിയിട്ട് നാളുകളായി. ഇതില്‍ ജനറല്‍ കണ്‍വീനറുടെ വാടക കെട്ടിടം ഒഴിപ്പിക്കുന്നതിനായി കോടതി നോട്ടീസ് വന്നിരിക്കുകയാണ്. മറ്റുമൂന്നുപേരുടെ വീടും കടമുറികളും തലങ്ങും വിലങ്ങും പൊളിക്കുകയായിരുന്നു എംഎല്‍എയുടെ ഗുണ്ടാസംഘങ്ങള്‍ ഉള്‍പ്പെടെയുള്ള കൂലിക്കാര്‍ ചെയ്തത്.

ഇടതുപക്ഷവും ഈ ജനകീയപ്രശ്‌നത്തില്‍ നിന്ന് മാറിനിന്ന സാഹചര്യത്തില്‍ ഈ പാവങ്ങളുടെ സംരക്ഷണം ഏറ്റെടുത്തുകൊണ്ട് ബിജെപി മുന്നോട്ടുവന്നതും നേതൃത്വം ഏറ്റെടുത്തതും എംഎല്‍എയെ ചൊടിപ്പിച്ചു. പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന പ്രദേശവാസികള്‍ ബിജെപിയില്‍ ചേര്‍ന്നത് ഹൈബിക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. സമരസമിതിയിലെ ക്രൈസ്തവ-ഹിന്ദു ഐക്യം ഇല്ലാതാക്കലും അവരുടെ അജണ്ടയായിരുന്നു.

പച്ചാളത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കിയ വീടുപൊളിക്കല്‍ അക്രമത്തിനിടയില്‍ കാലില്‍ വീണ് അപേക്ഷിച്ച പച്ചാളം ഭാസി എന്ന ചലച്ചിത്ര നടനെ ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയ എഡിഎം ശോഭന കുമാരി കാലുകൊണ്ട് തൊഴിച്ചുമാറ്റുകയായിരുന്നു. 

ചിരിയോടെ പാവങ്ങളുടെ വീട് പൊളിക്കുന്നതിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളെയും ഈ അക്രമത്തിന്റെ സന്തോഷം പങ്കിടാനായി വടുതല ഭാഗത്ത് ലഡുവിതരണം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മന:സാക്ഷി നശിച്ചിട്ടില്ലാത്ത സാധാരണ ജനങ്ങള്‍ ശാപവചനങ്ങളുമായാണ് നേരിട്ടത്. എല്ലാം നഷ്ടപ്പെട്ട് കുറെ പാവങ്ങള്‍ നില്‍ക്കുമ്പോള്‍ സന്തോഷിക്കുകയും ലഡു വിതരണം നടത്തുകയും ചെയ്തവരെ എങ്ങനെയാണ് വിശേഷിപ്പിക്കുക?

മെട്രോ റയിലിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനായി പലവട്ടം നോട്ടീസ് നല്‍കിയിട്ടും ഒഴിയാത്ത ശീമാട്ടി എന്ന വസ്ത്രവ്യാപരസ്ഥാപനത്തിനെതിരെ ബുള്‍ഡോസര്‍ പ്രയോഗം നടത്താത്തതെന്താണ്? ശീമാട്ടിയുടെ ഉടമയായ ബീന കണ്ണന്‍ പറയുന്ന തുക നല്‍കുന്നതുവരെയും അവരുടെ മറ്റ് വ്യവസ്ഥകള്‍ അംഗീകരിക്കുന്നതുവരെയും അവര്‍ക്ക് സമയം നല്‍കുന്നതിലെ ന്യായം എന്താണ്? പച്ചാളത്ത് തന്നെ കോണ്‍ഗ്രസ് നേതാവായ മുരളിയുടെ കെട്ടിടം പൊളിക്കലില്‍ നിന്ന് ഒഴിവാക്കിയതെന്തുകൊണ്ടാണ്?

ഒരേ നിയമത്തിന്റെ കീഴില്‍ പാവങ്ങളോട് കാട്ടുനീതിയും സമ്പന്നരോടും ഭരണകൂടത്തിന്റെ അനുഭാവികളോട് രാജനീതിയും കാണിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെയും ഭരണഘടനയുടെയും കടുത്തലംഘനം തന്നെയാണ്. ഈ നീതി നിഷേധത്തിനെതിരെയുള്ള ശക്തമായ സമരം ഇവിടെ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

(സമൂഹ്യപ്രവര്‍ത്തകയും അധ്യാപികയുമാണ് ലേഖിക)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍