UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈബി ഈഡന് മറുപടി; സ്വന്തം അജണ്ട നടപ്പാക്കുന്നവര്‍ക്ക് പാവപ്പെട്ടവരോട് എന്ത് കരുണ?

Avatar

എറണാകുളം പച്ചാളത്ത് നിര്‍മിക്കുന്ന മേല്‍പ്പലവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കല്‍ നടന്നപ്പോഴാണ് അഴിമുഖം ഈ വിഷയം വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. പച്ചാളം ജനകീയ സമരസമിതി അംഗം എം.ടി സ്മിത എഴുതിയ ലേഖനത്തെ (പച്ചാളത്തെ 92 വയസുള്ള കുഞ്ഞുകുഞ്ഞമ്മയ്ക്കും ശീമാട്ടിക്കും എന്തുകൊണ്ട് രണ്ട് നീതി?) തുടര്‍ന്ന്‍ അഴിമുഖം പ്രതിനിധി തന്നെ സ്ഥലം സന്ദര്‍ശിക്കുകയും ഇതുമായി ബന്ധപ്പെട്ടവരുടെ പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് തയാറാക്കുകയുണ്ടായി. (ഹൈബി ഈഡന്‍, കെ.വി തോമസ്; നിങ്ങളൊക്കെ ആരുടെ പ്രതിനിധികളാണ്?) ഈ റിപ്പോര്‍ട്ടിനോട് സ്ഥലം എം.എല്‍.എ കൂടിയായ ഹൈബി ഈഡന്‍ പ്രതികരിക്കുകയും അത് ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. (ഇല്ലായ്മക്കാരന്റെ പ്രശ്നങ്ങള്‍ എനിക്കറിയാം; ആരോപണങ്ങള്‍ക്ക് ഹൈബി ഈഡന്‍ മറുപടി പറയുന്നു)

 

ഇതൊരു കോണ്‍ഗ്രസ് – ബി.ജെ.പി പ്രശ്നമായോ ഏതെങ്കിലും സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്നമായോ കാണുന്നതിനോടോ ആ രീതിയില്‍ ചിത്രീകരിക്കുന്നതിനോടോ ഞങ്ങള്‍ക്ക് താത്പര്യമില്ല. അതിനൊപ്പം ആരാധനാലയങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ ജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന വികസന സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുന്നതിനോടും ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. ഒരു റോഡാണ് അത്യാവശ്യമെങ്കില്‍ അതിനു തടസമായി നില്‍ക്കുന്നത് അമ്പലമോ പള്ളിയോ എന്തായാലും അത് പൊളിക്കണം; ഒരു വായനശാലയെങ്കില്‍ മാറ്റി സ്ഥാപിക്കണം എന്നാണ് ഇക്കാര്യത്തില്‍ അഴിമുഖത്തിന്റെ നിലപാട്. പച്ചാളം മേല്‍പ്പാലം പ്രശ്നവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നവര്‍ മത, വര്‍ഗീയ നിലപാടുകളിലേക്ക് വിഷയം കൊണ്ടുപോകരുതെന്ന് അഭ്യര്‍ഥിക്കുന്നു. പച്ചാളം ജനകീയ സമരസമിതി ജനറല്‍ കണ്‍വീനര്‍ കൂടിയായ ബിജെപി എറണാകുളം മണ്ഡലം സെക്രട്ടറി അബിജു സുരേഷ്, ഹൈബി ഈഡന്‍ എം.എല്‍.എയുടെ വാദഗതികളോട് വിയോജിച്ചു കൊണ്ടു നല്കിയിട്ടുള്ള ലേഖനം പ്രസിദ്ധീകരിക്കുന്നു. പള്ളിയും അമ്പലവും വിവാദത്തിന്റെ കേന്ദ്രസ്ഥാനത്ത് തന്നെ വരുന്നത് കൊണ്ട് ലേഖനത്തില്‍ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ഒഴിവാക്കിയിട്ടില്ല. 


പച്ചാളത്ത് ഒരു മേല്‍പ്പാലം വേണമെന്നത് തദ്ദേശവാസികളുടെ ചിരകാല അഭിലാഷമാണ്. ആയിരക്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന റസിഡന്‍ഷ്യല്‍ മേഖലയായ പച്ചാളം, വടുതല ഭാഗത്തെ വികസനത്തിനും, വിശാലകൊച്ചിയുടെ വികസനത്തിനും വിലങ്ങു തടിയാണ് ഇപ്പോള്‍ പച്ചാളത്ത് നിര്‍മ്മിക്കുന്ന കുഞ്ഞന്‍ പാലമെന്ന് എംഎല്‍എയ്ക്ക് നന്നായി അറിയാവുന്നതാണ്, അതാരുടെ താല്‍പര്യപ്രകാരമാണ് പണിയുന്നതെന്ന് ഇവിടുത്തെ ജനങ്ങള്‍ക്കും അറിയാം.

ഒരു റെയില്‍വേ ഗേറ്റ് ഒഴിവാക്കാന്‍ വേണ്ടി താല്‍ക്കാലികമായി പണിയുന്ന 7.5 മീറ്റര്‍ വീതിയുള്ള പാലം 3.5 മീറ്റര്‍ വീതിയുള്ള റോഡിലേക്ക് ഇറങ്ങുമ്പോള്‍, പാലത്തിനു വേണ്ടി റോഡുകള്‍ വികസിപ്പിക്കുമ്പോള്‍ എത്ര വീടുകള്‍ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നുള്ളത് വികസന നായകനായ എംഎല്‍എയ്ക്ക് അറിയാമോ? ദീര്‍ഘവീക്ഷണമില്ലാതെ പണിയുന്ന ഈ പാലം എറണാകുളത്തിന്റെ തീരാശാപമായി മാറുമെന്നതില്‍ സംശയമില്ല. ഗോശ്രീ റോഡില്‍ പണിയുന്ന 40,000 ഫ്ലാറ്റുകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്കും ബോള്‍ഗാട്ടിയില്‍ പണിയുന്ന ലുലുവിന്റെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരേ സമയം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുമ്പോള്‍ അവര്‍ക്കും ഗതാഗതയോഗ്യമാകേണ്ട ഒരേയൊരു വഴി ഈ കുഞ്ഞിക്കൂനന്‍ പാലമല്ല. കളമശ്ശേരി മുതല്‍ വൈപ്പിന്‍ വരെയും കൊടുങ്ങല്ലൂര്‍ മുതല്‍ തേവര വരെയുള്ള ജനങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ഒരേയൊരു പാലമാണിത്.

എറണാകുളം എം പിയായ പ്രൊഫ. കെ വി തോമസ് തന്നെ പറയുന്നത്, ‘ഇതൊരു ഇലക്ഷന്‍ പാല’മാണെന്നാണ്. ലോകസഭ ഇലക്ഷന് മുമ്പ് നിഷേധവോട്ടിന്റെ പേരില്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കി പണിയുന്ന പാലമാണെന്നും, അല്ലായിരുന്നുവെങ്കില്‍ നല്ലൊരു പാലം പണിയാമായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഇതിനായി ഭാരതത്തിലെ പ്രമുഖ നഗര വികസന ആസൂത്രകനായ ഡോ.ഈ ശ്രീധരന്റെ പേര് കോണ്‍ഗ്രസുകാര്‍ ദുരുപയോഗപ്പെടുത്തി.

പാലം നിര്‍മാണം തുടങ്ങിയപ്പോള്‍ യഥാര്‍ത്ഥ ആര്‍ ഒ ബി യുടെ കൈവരിയെന്നു വിശ്വസിപ്പിച്ച് സ്‌കെച്ചോ പ്ലാനോ ഇല്ലാതെ തുടങ്ങിയ ഈ മേല്‍പ്പാലം പണിയാന്‍ എംഎല്‍എ കാണിച്ച ആവേശം ഈ നാടിന്റെ വികസന സ്വപ്‌നത്തെയാണ് തകര്‍ത്തത്. ഈ കുഞ്ഞന്‍ പാലം വരരുതെന്ന് തന്നെയുള്ള വ്യക്തമായ അജണ്ടയോടു കൂടി തന്നെയാണ് ബിജെപി, സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഈ സമരം ഏറ്റെടുത്തത്. താങ്കള്‍ പ്രതിനിധാനം ചെയ്യന്ന കത്തോലിക്ക സഭയുടെ മതസ്ഥാപനത്തിന്റെ മുന്നിലൂടെ ഒരു പാലം വരാന്‍ സമ്മതിക്കാത്ത സഭയുടെ അതേ വികാരം തന്നെയാണ് ഒരു ക്ഷേത്രത്തിന്റെ മുന്നിലേയ്ക്ക് പാലം വരുമ്പോള്‍ ഉണ്ടാകുന്നതും. ആചാര സ്വാതന്ത്ര്യത്തിനു മേല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒരു മതവിഭാഗത്തിനുമേല്‍ മാത്രം അടിച്ചേല്‍പ്പിക്കരുത്.

ക്ഷേത്രാചാരങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നതരത്തില്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്ന പാലം ക്ഷേത്രവിശ്വാസികളെ കള്ളക്കേസില്‍ കുടുക്കി പണിയുന്നതല്ലേ. പ്രദേശത്തെ ക്രൈസ്തവ മത വിശ്വാസികളും ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറായതിനല്ലേ എംഎല്‍എ 164 ഓളം സമരപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയത്. ജീവിതത്തില്‍ ഒരു തവണപോലും പൊലീസ് സ്റ്റേഷനില്‍ കയറാത്തവരെവരെ 107 ാം വകുപ്പ് ചുമത്തി അകത്താക്കി. ഇങ്ങനെ പൊലീസിനെയും നിയമങ്ങളെയും ദുരുപയോഗം ചെയ്ത് കോണ്‍ഗ്രസ് ഗൂണ്ടകളുടെ സഹായത്തോടെ പാലം പണിയാന്‍ ആര്‍ക്കാണ് കഴിയാത്തത്.

52.59 കോടി രൂപയുടെ റിവൈസ്ഡ് ഗവണ്‍മെന്റ് ഓര്‍ഡറില്‍ ഒരു സെന്റിന് 35 ലക്ഷം രൂപ വീതം നല്‍കണമെന്ന് ഉള്‍പ്പെടുത്തി പാസ്സാക്കിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ സെന്റിന് 15 ലക്ഷം രൂപ വീതം നല്‍കുമ്പോള്‍ ബാക്കി 20 ലക്ഷം രൂപ എംഎല്‍എയും പിന്നെ ആരൊക്കെ ചേര്‍ന്നാണ് പങ്കിട്ടെടുത്തതെന്ന് വ്യക്തമാക്കണം.

26 ഓളം കുടുംബങ്ങളെ ഒഴിവാക്കാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ എജിയുടെ നിയമോപദേശം തേടി വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 ന് 48 മണിക്കൂറിനുള്ളില്‍ ഒഴിയണമെന്ന നോട്ടീസും നല്‍കി, കളക്ടറെ കാണാന്‍ പോയ വീട്ടുടമകളെ കരുതല്‍ തടങ്കലില്‍ വച്ചിട്ട് തിങ്കളാഴ്ച്ച വെളുപ്പിന് ഇരുട്ടിന്റെ മറവില്‍ പൊലീസിനെ ഉപയോഗിച്ച് കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത ഓപ്പറേഷന്‍ ഫ്യൂച്ചര്‍ എന്ന കിരാത താണ്ഡവം നടത്തിയ ഒരാള്‍ ആയിപ്പോയല്ലോ താങ്കളെന്നോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. വലിയ വായില്‍ പാവങ്ങളുടെ സംരക്ഷണമേറ്റെടുത്ത് പ്രസംഗം നടത്തിയ താങ്കള്‍ക്ക് താഴെ പറയുന്ന ചില ചോദ്യങ്ങള്‍ക്കു കൂടി മറുടി പറഞ്ഞാല്‍ ഉചിതമായിരിക്കും.

1) 33 വര്‍ഷമായി മരവിപ്പിച്ചിട്ടിരിക്കുന്ന ചാത്യാത്ത്-പൊറ്റക്കുഴി റോഡിന്റെ ഇരുവശത്തും സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനമായിട്ടും എന്തുകൊണ്ട് അത് പരിഗണിക്കാതെ ചാത്യാത്ത് പള്ളിയെ ഒഴിവാക്കി ഒരു പുതിയപാലം നിര്‍മ്മിക്കുന്നതെന്തിന് ?

2) യഥാര്‍ത്ഥത്തില്‍ വരേണ്ടിയിരുന്ന മേല്‍പ്പാലം നിര്‍മിക്കാന്‍ പണമില്ലെന്നു പറയുമ്പോള്‍ എതാണ്ട് 110 കോടി മാത്രം ചെലവ് വരുന്ന ഗോശ്രീ-പൊറ്റക്കുഴി മേല്‍പാലവും റോഡും പണിയാന്‍ 50 ശതമാനവും ബാക്കി 50 ശതമാനം റെയില്‍വേ, കൊച്ചിന്‍ പോര്‍ട്ട്, ജിഡ എന്നിവര്‍ പങ്കുവയ്ക്കുമെന്ന ധാരണ കൊച്ചിന്‍ കോര്‍പ്പറേഷന്റെ മിനിട്‌സിലുണ്ടല്ലോ. അത് പ്രയോജനപ്പെടുത്തി പാലം നിര്‍മ്മിക്കാതിരുന്നത് എന്തുകൊണ്ട്?

3) പൊറ്റക്കുഴി-മാമംഗലം ഭാഗത്ത് റോഡ് കടന്നു പോകുന്നതിനായി ഭൂമിയേറ്റെടുക്കാന്‍ 1500 കോടി വേണമെന്ന് താങ്കള്‍ പറയുന്നത് ഏതു കണക്കനുസരിച്ചാണ് ?

4)കുടിയൊഴിപ്പിക്കപ്പെട്ട 90 വയസ്സുള്ള വൃദ്ധയ്ക്ക് താങ്കള്‍ എവിടെയാണ് വീട് വാടകയ്ക്ക് എടുത്തു കൊടുത്തത്?

5)പാവങ്ങളുടെ വീട് ഇടിച്ച് തകര്‍ത്തിട്ട് എന്തുകൊണ്ട് ഇവിടെ വന്ന് അവരെ സമാശ്വസിപ്പിച്ചില്ല?

6)വികസനത്തിനുവേണ്ടി പള്ളികളില്‍ പോയി തിരുമേനിമാരോടാണോ സംസാരിക്കേണ്ടത്? കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണോ വികസനം കൊണ്ടുവരേണ്ടത്? വോട്ടിനു വേണ്ടി ഇത്തരം വികസനങ്ങള്‍ നടത്തണോ?

7)എംഎല്‍എ എന്ന നിലയില്‍ താങ്കള്‍ ആരെയാണ് ഭയക്കുന്നത്? താങ്കളുടെ പിതാവ് ആയിരുന്നു ഈ സ്ഥാനത്തെങ്കില്‍ പച്ചാളത്ത് ഇത്തരമൊരു ആക്രമണം നടക്കുമായിരുന്നോ?

8)വീഡിയോയിലൂടെ താങ്കള്‍ പച്ചാളത്തെ സമരസമിതി പ്രവര്‍ത്തകരുടെ വീട് തകര്‍ക്കുന്നത് കണ്ടുകൊണ്ട് വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്തില്ലേ? പാവങ്ങളോട് താങ്കള്‍ക്ക് എന്ത് മനുഷ്യത്വമുണ്ടെന്നാണ് പറയുന്നത്?

9) താങ്കളുടെ നിര്‍ദേശ പ്രകാരം പള്ളി വികാരിപോലും കുടിയൊഴിപ്പിക്കപ്പെട്ട ക്രൈസ്തവരെ തിരിഞ്ഞുനോക്കിയില്ല എന്ന ആക്ഷേപത്തിന് എന്ത് മറുപടിയാണുള്ളത്?

10) പള്ളിയിലെ തിരുമേനിയോട്, ഞാനിവിടെ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു കുടിയൊഴിപ്പിക്കല്‍ നടക്കില്ലായിരുന്നുവെന്ന് തോമസ് മാഷ് പറഞ്ഞതിനെ കുറിച്ച് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു?

11) കഴിഞ്ഞ ഡിസംബര്‍ അവസാനം മേയറുടെ ചേമ്പറില്‍ നടന്ന പച്ചാളം ആക്ഷന്‍ കൗണ്‍സില്‍ ആര്‍ ബി ഒയുടെ മീറ്റിംഗില്‍ പാലം ഏതു ദിശയില്‍ വേണമെന്ന് എനിക്ക് പേഴ്‌സണല്‍ അജണ്ടയുണ്ടെന്ന് പറഞ്ഞ് താങ്കള്‍ ഇറങ്ങിപ്പോയത് ഓര്‍മ്മയുണ്ടോ? ഞങ്ങള്‍ നാട്ടുകാര്‍ അത് മറന്നിട്ടില്ല.

12) കുടിയൊഴിപ്പിക്കപ്പെടുന്നവരെ പച്ചാളത്തെ സിഡ്‌കോ ഭൂമിയിലെ 8 സെന്ററില്‍ പുനരധിവസിപ്പിക്കുമെന്ന് താങ്കള്‍ പറഞ്ഞിരുന്നുവല്ലോ. അതെന്തായി?

13) മാധ്യമങ്ങളെപോലും പച്ചാളത്തെ കുടിയൊഴിപ്പിക്കല്‍ വാര്‍ത്ത കൊടുക്കുന്നതില്‍ നിന്ന് താങ്കള്‍ വിലക്കിയെന്ന് ആരോപിച്ചാല്‍ താങ്കള്‍ക്ക് എന്ത് മറുപടി പറയാന്‍ കഴിയും?

ഒരു ജനപ്രതിനിധിയെന്ന നിലയില്‍ തികഞ്ഞ പരാജയമാണെന്നറിഞ്ഞിട്ടും താങ്കളെ സഹിക്കുന്ന ജനങ്ങളെ അളക്കാന്‍ താങ്കള്‍ക്ക് ഒരു ബാരോമീറ്ററും ആവശ്യമുണ്ടാവുകയില്ല. ആ ബാരോമീറ്റര്‍ ബഡ്ജറ്റ് അവതരണ ദിവസം നിയമസഭയില്‍ ഞങ്ങള്‍ കണ്ടു. പാവങ്ങളെ കുടിയൊഴിപ്പിച്ച ദിവസം വടുതലയിലും പച്ചാളത്തും ലഡുവിതരണം നടത്തിയ താങ്കള്‍ തന്നെയല്ലേ നിയമസഭയിലും ലഡു വിതരണം നടത്തിയത്. ജനങ്ങളെ മനസ്സിലാക്കാതെ സ്വന്തം അജണ്ട മാത്രം നടപ്പിലാക്കാന്‍ നടക്കുന്ന താങ്കള്‍ക്ക് എങ്ങനെയാണ് പാവങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ കഴിയുന്നത്? താങ്കള്‍ അങ്ങനെയൊക്കെ പറയുമ്പോള്‍ ഞങ്ങള്‍ക്ക് പുച്ഛം തോന്നുകയാണ്.

*Views are Personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍