UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇല്ലായ്മക്കാരന്റെ പ്രശ്നങ്ങള്‍ എനിക്കറിയാം; ആരോപണങ്ങള്‍ക്ക് ഹൈബി ഈഡന്‍ മറുപടി പറയുന്നു

Avatar

പച്ചാളം റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന് വേണ്ടി നടത്തിയ കുടിയൊഴിക്കലുമായി ബന്ധപ്പെട്ട് നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ഹൈബി ഈഡന്‍, കെ.വി തോമസ്; നിങ്ങളൊക്കെ ആരുടെ പ്രതിനിധികളാണ്?,  പച്ചാളത്തെ 92 വയസുള്ള കുഞ്ഞുകുഞ്ഞമ്മയ്ക്കും ശീമാട്ടിക്കും എന്തുകൊണ്ട് രണ്ട് നീതി? എന്നീ രണ്ട് റിപ്പോര്‍ട്ടുകള്‍  അഴിമുഖം  പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനങ്ങളില്‍ പറഞ്ഞ വസ്തുതകളുമായി ബന്ധപ്പെട്ടും തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും മറുപടി പറയുകയാണ് പച്ചാളം ഉള്‍പ്പെടുന്ന എറണാകുളം മണ്ഡലം എം എല്‍ എ ഹൈബി ഈഡന്‍. (തയ്യാറാക്കിയത്: രാകേഷ് നായര്‍)

പച്ചാളം മേല്‍പ്പാലത്തിനു വേണ്ടിയുള്ള സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് അഴിമുഖത്തില്‍ വന്ന ‘ഹൈബി ഈഡന്‍, കെ.വി തോമസ്; നിങ്ങളൊക്കെ ആരുടെ പ്രതിനിധികളാണ്?’ എന്ന ലേഖനം തികച്ചും വസ്തുതാവിരുദ്ധമാണ്. അതുതന്നെയാണ് ഈ മറുപടിക്ക് ആധാരം. ആ ലേഖനത്തിന് താഴെ തന്നെയുള്ള കമന്റുകളില്‍ പച്ചാളം നിവാസിയായ മനുവിന്റെയും മുഹമ്മദ് എസ്. നജീബിന്റെയും മറുപടി ലേഖകന്‍ കാണാന്‍ മറന്നു പോയ ആയിരക്കണക്കിന് ജനങ്ങളുടെ ശബ്ദമാണ്. ലേഖനത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ലെങ്കിലും പച്ചാളത്തെ മേല്‍പ്പാലവുമായി ബന്ധപ്പെട്ടുള്ള സമരങ്ങളുടെ പശ്ചാത്തലത്തില്‍ വസ്തുതാപരമായ മറുപടി ആ ലേഖനത്തിന് ആവശ്യമാണ് എന്ന് കരുതുന്നു.

പച്ചാളം മേല്‍പ്പാലത്തിന്റെ ആവശ്യകത ലേഖകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം നഗരത്തിന്റെ ഭാഗമായിരിക്കുമ്പോഴും കഴിഞ്ഞ മുപ്പതു വര്‍ഷമായി പതിനായിരക്കണക്കിനു യാത്രക്കാരുടെ മുന്നില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പോലും ഒരു മണിക്കൂറില്‍ പല തവണ വന്നടയുന്ന റയില്‍വേ ഗേറ്റ് ഒഴിവാക്കുക എന്നതാണ് ഇവിടെ ലക്ഷ്യം. ഈ ഗേറ്റില്‍ കുടുങ്ങി ജീവനും ജീവിതവും വരെ നഷ്ടപ്പെട്ട രോഗികള്‍; അപകടത്തില്‍പ്പെട്ടവര്‍ ഒട്ടനവധിയാണ്. ഈ ദുരിതത്തിനു പരിഹാരം കാണാന്‍ നടത്തിയിട്ടുള്ള സമരങ്ങളും നിരവധിയാണ്. കുഞ്ഞുന്നാള്‍ മുതല്‍ ഞാന്‍ അറിയുന്ന നാടാണ് പച്ചാളം. അത് കൊണ്ട് തന്നെ ഇവിടുത്തെ ജനങ്ങളുടെ വികാരം അളക്കാന്‍ എനിക്ക് വേറെ ഒരു ബാരോമീറ്റര്‍ ആവശ്യമില്ല. എം. എല്‍. എ ആയതിനു ശേഷവും ഈ ദുരിതത്തിന് പരിഹാരത്തിനായി എന്നെ സമീപിച്ചിട്ടുള്ളവര്‍ നിരവധിയാണ്. അതുകൊണ്ടാണ് പച്ചാളം റെയില്‍വേ മേല്‍പ്പാലം കൊച്ചി മെട്രോയുടെ മുന്നോരുക്കങ്ങളുടെ ഭാഗമാക്കി പണിയണമെന്ന ആവശ്യവുമായി ഞാന്‍ മുഖ്യമന്ത്രിയെ സമീപിച്ചത്.

എറണാകുളം നഗരം അതിവേഗം കുതിക്കുമ്പോള്‍ ഈ നഗരത്തിലെ ഒരു വിഭാഗം ജനങ്ങളുടെ പ്രതീക്ഷയ്ക്ക് മുന്നില്‍ ഒരു കീറാമുട്ടിയായി പച്ചാളത്തെ ഗതാഗതക്കുരുക്ക് ഉണ്ടാവരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രൊഫ: കെ. വി. തോമസ് എം.പി.യുടെയും, കൊച്ചി കോര്‍പ്പറേഷന്റെയും കൂടെ സഹായത്തോടെ, മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യത്തോടെ ഈ പദ്ധതി കൊച്ചി മെട്രോയുടെ ഭാഗമാക്കിയതും. എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വച്ചാണ് മുഖ്യമന്ത്രി ഈ മേല്‍പ്പാലം നിര്‍മ്മാണം ഏറ്റെടുക്കാന്‍ ഡല്‍ഹി മേട്രോയോട് ആവശ്യപ്പെട്ടത്. പച്ചാളം നിവാസികളുടെ ആഘോഷവും പ്രതീക്ഷയും വാനോളമെത്തിയ ദിവസമായിരുന്നു അത്. ബഹുമാന്യനായ ശ്രീ. ഇ. ശ്രീധരന്‍ ഈ സ്ഥലം സന്ദര്‍ശിക്കുകയും, മുഴുവന്‍ സ്ഥലവും ഏറ്റെടുത്തു നല്‍കിയാല്‍ ആറു മാസം കൊണ്ട് പാലം പൂര്‍ത്തിയാക്കാം എന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ഒരു സ്വപ്ന സാക്ഷാത്കാരം എന്നായിരുന്നു മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തത്.

പാലം പണി തുടങ്ങി വടുതല ഭാഗത്തേക്കുള്ള ഏഴു തൂണുകള്‍ പൂര്‍ത്തിയായപ്പോഴാണ് പാലത്തിനെതിരെ സമരവുമായി ബി. ജെ.പി., ആര്‍. എസ്. എസ്., വി. എച്ച്. പി. തുടങ്ങിയ സംഘടനകള്‍ രംഗത്തിറങ്ങുന്നത്. വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ അടിസ്ഥാനത്തില്‍ തുടങ്ങിയ ആ സമരത്തിന് പക്ഷെ വ്യക്തമായ മുദ്രാവാക്യമുണ്ടായിരുന്നില്ല. സമരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മുദ്രാവാക്യങ്ങളും പ്രശ്‌നങ്ങളും മാറികൊണ്ടിരുന്നു. ആദ്യം കാട്ടുങ്കല്‍ ദേവീ ക്ഷേത്രം പൊളിക്കേണ്ടിവരുമെന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച അവര്‍ പിന്നീട് ക്ഷേത്രത്തിന്റെ സ്ഥലം ഏറ്റെടുക്കുമെന്നും, ആല്‍മരം മുറിക്കേണ്ടി വരുമെന്നും ഭണ്ഡാരം പൊളിക്കേണ്ടി വരുമെന്നും, എതിര്‍വശത്തുള്ള സ്ഥലം എറ്റെടുക്കുമെന്നുമൊക്കെയാക്കി ഓരോ ഘട്ടത്തിലും വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ചു. ഓരോ തവണയും ഡി. എം. ആര്‍. സി. ഉദ്യോഗസ്ഥര്‍ പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തി ഇതെല്ലം പൊള്ളയാണെന്ന് സ്ഥാപിച്ചപ്പോള്‍ കുഞ്ഞന്‍ പാലം എന്ന് പ്രചരണം നടത്തി തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈ ലേഖനത്തിലും കുഞ്ഞന്‍ പാലത്തിനെ കുറിച്ചുള്ള നിഗമനങ്ങള്‍ ഉണ്ട്. ഏഴര മീറ്റര്‍ പാലത്തിലൂടെ രണ്ടു വരി വാഹനങ്ങള്‍ക്ക് കഷ്ടി കടന്നു പോവാന്‍ കഴിയുകയുള്ളൂ എന്ന് അനുമാനിക്കുന്ന ലേഖകന്‍ പൊന്നുരുന്നി, കുണ്ടന്നൂര്‍, സലിം രാജന്‍, പുല്ലേപ്പടി പാലങ്ങളുടെ വീതി കൂടെ ഒന്ന് അന്വേഷിക്കണമായിരുന്നു. എറണാകുളം സൗത്ത് മേല്‍പ്പാലം പോലും ഏഴര മീറ്ററാണ്. പുതുക്കി പണിയുന്നതിനു മുന്‍പ് എറണാകുളം നോര്‍ത്ത് പാലവും ഇതേ വീതിയായിരുന്നു എന്ന് കൂടെ നാം ചേര്‍ത്ത് വായിക്കണം.

മൂന്നു പതിറ്റാണ്ടുകള്‍ക്കു മേലെയായി ജനങ്ങള്‍ ഉന്നയിക്കുന്ന മേല്‍പ്പാലമെന്ന ആവശ്യം ഏറെ കടമ്പകള്‍ കടന്നാണ് ഇന്നത്തെ നിലയില്‍ എത്തിയിരിക്കുന്നത്. സ്ഥലമെടുപ്പ് ഉള്‍പ്പടെ 52.7 കോടി ചെലവ് കണക്കാക്കുന്ന ഈ പാലം പൂര്‍ത്തിയാക്കാന്‍ നാല്‍പത്തിയെട്ടു സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും കുറവ് സ്ഥലം ഏറ്റെടുക്കുന്ന ഈ രൂപരേഖ തയ്യാറാക്കിയത് ഇ. ശ്രീധരന്റെ കൂടെ നേതൃത്വത്തിലുള്ള ഡി. എം. ആര്‍. സി. ആണ്. 29 കടമുറികളും, രണ്ടു വീടുകള്‍ മുഴുവനായും, ഒന്‍പതു വീടുകള്‍ ഭാഗികമായുമാണ് ഈ പദ്ധതിക്ക് ഏറ്റെടുക്കുന്നത്. ഈ പദ്ധതി കൊച്ചി മെട്രോയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമാക്കി പ്രത്യേക നോട്ടിഫിക്കേഷന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. അതിനു ശേഷം സ്ഥലം ഏറ്റെടുക്കുന്നവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതിനായി പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം കൊച്ചി മെട്രോയുടെ നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കാന്‍ രണ്ടു മാസം മുന്‍പ് സര്‍ക്കാര്‍ വീണ്ടും ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു.

ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള ഏറ്റവും മികച്ച ഒരു പാക്കേജിനാണ് ജില്ലാ കളക്ടര്‍ അധ്യക്ഷനായിട്ടുള്ള സമിതി രൂപം നല്‍കിയത്. ഇതിനു മുന്‍പ് ഈ പ്രദേശത്ത് നടന്നിട്ടുള്ള തീറാധാരങ്ങളുടെ വിലയുടെ അടിസ്ഥാനത്തിലാണ് സെന്റിന് പതിനഞ്ചു ലക്ഷം രൂപ നിര്‍ണ്ണയിച്ചത്. വീട് പൂര്‍ണ്ണമായി നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ വീടിനു നല്‍കുന്ന അഞ്ചു ലക്ഷം രൂപ എന്നത് പത്തു ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നും ഞാന്‍ കളക്റ്ററോട് രേഖാമൂലം ആവശ്യപ്പെട്ടു. വാടകക്കാരെയും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച് അവര്‍ക്ക് കിറ്റ്‌കോ നടത്തിയ അസസ്‌മെന്റ് പ്രകാരം കടമുറികളുടെ ഇന്റീരിയര്‍ വര്‍ക്ക്, ഷിഫ്ടിംഗ് ചാര്‍ജ്ജ് ഉള്‍പ്പടെ 6.36 ലക്ഷം രൂപയുടെ പാക്കേജും പ്രഖ്യാപിച്ചു. ആദ്യം അന്‍പത്തി അയ്യായിരം രൂപയായിരുന്ന ഈ തുക, പിന്നീട് രണ്ടു ലക്ഷമാക്കുകയും കൊച്ചി മെട്രോയുടെ നഷ്ടപരിഹാര പാക്കേജില്‍ പെടുത്തി 6.36 ലക്ഷം ആക്കുകയും ചെയ്തത് ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ സര്‍ക്കാരില്‍ ചെലുത്തിയതിന്റെ ഫലമാണ്. കോര്‍പ്പറേഷന്‍ വടുതലയില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഒരു മുറിയും ഇവര്‍ക്ക് നല്‍കാന്‍ തീരുമാനമായി.

ഒരു സുപ്രഭാതത്തില്‍ നോട്ടീസ് നല്‍കി നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ പൊളിച്ചു നീക്കി എന്ന് പറയുന്ന ഇവരുമായി എട്ടു പ്രാവശ്യത്തോളമാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ വ്യക്തമായ അജണ്ടയുണ്ടായിരുന്ന സമരനേതാക്കളുടെ വലയില്‍ പെട്ടുപോയ ഇവര്‍ ഇതെല്ലാം തള്ളുകയായിരുന്നു. ഈ പാക്കേജുകള്‍ ഒന്നും അംഗീകരിക്കാത്ത സമരനേതാക്കളുടെ പൊള്ളത്തരം മനസ്സിലാവുന്നത് ഒന്‍പതു ഏക്കര്‍ സ്ഥലമെടുപ്പും നൂറോളം കുടുംബങ്ങളെ ബാധിക്കുന്നതുമായ ഗോശ്രീ മാമംഗലം പാലത്തിന്റെ ആവശ്യം ഉന്നയിക്കുന്നതിലാണ്. കൊച്ചി മെട്രോയുടെ ഭാഗമാല്ലാത്തതിനാല്‍ ഇത്തരത്തിലുള്ള പ്രത്യേക ആനുകൂല്യങ്ങളും അതില്‍ ലഭിക്കില്ല എന്ന് കൂടെ ഓര്‍ക്കണം.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ വെള്ളം ചേര്‍ത്ത് ജനങ്ങളുടെ അവകാശത്തെ ധ്വംസിക്കുന്നവര്‍ക്ക് പച്ചാളത്ത് മറിച്ചൊരു ശബ്ദം വരുന്നതിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഈ ചതിയില്‍ വീഴാത്ത പതിനഞ്ചോളം പേര്‍ ഈ നാടിന്റെ നന്മയ്ക്ക് വേണ്ടി ഒരു എതിര്‍പ്പും കൂടാതെ സ്ഥലം വിട്ടു തരികയും, അവര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ എണ്‍പതു ശതമാനം പണം കൈപ്പറ്റുകയും ചെയ്തു. അവര്‍ കൈപ്പറ്റിയ തുകയുടെ വിവരം ഇവിടെ ചേര്‍ത്തിട്ടുണ്ട്. കുപ്രചരണങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ടു സമരരംഗത്തുള്ള മറ്റുള്ളവരും ഈ പാക്കേജ് അംഗീകരിച്ചു പണം കൈപ്പറ്റാന്‍ മുന്നോട്ടു വരണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.

ഗോശ്രീ മാമംഗലം പദ്ധതി നടപ്പിലാക്കേണ്ടത് തന്നെയാണ്. പച്ചാളം മേല്‍പ്പാലം വരുന്നത് ഈ പദ്ധതിയെ ഒരു തരത്തിലും ബാധിക്കുകയുമില്ല. ഇതിനുള്ള ഫണ്ട് കണ്ടെത്തുകയെന്നതാണ് ഇതില്‍ ഏറ്റവും വലിയ തടസ്സം. ഇന്ന് ഈ സമരനേതാക്കള്‍ പ്രതിനിധാനം ചെയ്യുന്ന ബി. ജെ. പി. നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചാല്‍ നടപ്പാക്കേണ്ട പദ്ധതിയാണ് ഇത്. കേന്ദ്ര സര്‍ക്കാരിന്റെ നഗരവികസന പദ്ധതിയുടെ റീഹാബിലിറ്റേഷന്‍ പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കി സ്ഥലമെടുപ്പ് നടത്തി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സമരത്തിന് നേതൃത്വം നല്‍കുന്ന ബി. ജെ. പി. ശ്രമിക്കണം. ഇതിനു വേണ്ടി നാളിതു വരെ സ്വന്തം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് കൂടെ ബി. ജെ. പി. ജനങ്ങളോട് വ്യക്തമാക്കണം. ജനറം പദ്ധതിയില്‍ പെടുത്തി ചെയ്യാന്‍ നഗരസഭയും ഒരുക്കമാണ്. എന്നാല്‍ പതിറ്റാണ്ടുകളായി യാഥാര്‍ത്ഥ്യമാവാത്ത ഈ പദ്ധതിക്കായി പകുതി പൂര്‍ത്തിയായ പച്ചാളം പാലം കൂടി പണി നിര്‍ത്തണമെന്ന് പറയുന്നതിലെ യുക്തിബോധം മനസ്സിലാവുന്നില്ല. ഗോശ്രീ മാമംഗലം പദ്ധതിക്കായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം. ഇതിനായി ആരുടെ സ്ഥലമേറ്റെടുക്കുന്നതിനും ഒരു ബുദ്ധിമുട്ടുമില്ല. നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നവരെ ഏതെങ്കിലും ഒരു മതത്തിന്റെ ലേബല്‍ നല്‍കുന്നത് ദുഷ്ടലാക്കോട് കൂടിയാണ്.

എല്ലാ ആരോപണങ്ങളും ജനങ്ങള്‍ തള്ളി പാലം പണിക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളും ആക്ഷേപങ്ങളുമായി സമരാനുകൂലികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. എന്നെ മനഃപൂര്‍വ്വം തേജോവധം ചെയ്യാന്‍വരെ ചിലര്‍ ശ്രമിക്കുന്നു. അവര്‍ പതിറ്റാണ്ടുകളായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങേണ്ടി വരുന്നത് ഒട്ടും സന്തോഷകരമല്ല എന്നെനിക്കറിയാം. അവര്‍ക്ക് വേണ്ടി ജനപ്രതിനിധി എന്ന നിലയില്‍ ചെയ്യാവുന്നത് അര്‍ഹമായ നഷ്ടപരിഹാരത്തിനുള്ള സാധ്യത ഉണ്ടാക്കുകയെന്നത് മാത്രമാണ്. കേരളത്തിലെവിടെയും ഇത്തരം സാഹചര്യങ്ങളില്‍ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയിട്ടുണ്ട്.

തൊണ്ണൂറു വയസ്സുള്ള അമ്മയുടെ കുടുംബത്തിന് ഈ പണിയുടെ സമയത്തുണ്ടാവുന്ന ശബ്ദമലിനീകരണവും മറ്റു ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് മറ്റൊരു വീട് വാടകയ്ക്ക് എടുത്തു കൊടുക്കുവാനുള്ള സൗകര്യം ഉണ്ടാക്കിയതും അതുകൊണ്ടാണ്. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ മൂലമ്പിള്ളി സമരത്തില്‍ ഇരകളുടെ ഭാഗത്ത് നിന്ന് പ്രവര്‍ത്തിച്ച ഒരു എളിയ പ്രവര്‍ത്തകനായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ എന്റെ നിയോജകമണ്ഡലത്തില്‍ ഒരു മൂലമ്പിള്ളി സൃഷ്ടിക്കാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല. എന്നാല്‍ സ്ഥാപിത താല്‍പ്പര്യക്കാരുടെ രാഷ്ട്രീയത്തിനു വഴങ്ങി ഒരു ജനതയുടെ ചിരകാല സ്വപ്നം തച്ചുടയ്ക്കാന്‍ ഞാന്‍ തയ്യാറല്ല. ലേഖകന് ഇത്തരം ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഇതിന്റെ മറുഭാഗം കൂടെ പ്രതിപാദിക്കേണ്ട ബാധ്യതയുണ്ടായിരുന്നു. ജനപക്ഷത്ത് നിന്ന് കൊണ്ടുള്ള വികസനത്തിനാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഒരു പാവപ്പെട്ടവന്റെയും ജീവിതം തകര്‍ത്തു കൊണ്ട് വികസനം നടപ്പാക്കാന്‍ ഞാനില്ല.

രണ്ടു തവണ എം. എല്‍.എയും രണ്ടു തവണ എം. പിയുമായിരുന്ന ആളാണ് എന്റെ പിതാവ് ജോര്‍ജ്ജ് ഈഡന്‍. രോഗബാധിതനായി എന്റെ പിതാവ് മരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്ന എനിക്കും എന്റെ സഹോദരിക്കും മുന്നില്‍ ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും പിതാവ് വായ്പ്പയെടുത്ത വലിയൊരു തുകയുടെ ബാധ്യതയായിരുന്നു ഉണ്ടായിരുന്നത്. കേരള നിയമസഭയുടെ നിര്‍ദ്ദേശമനുസരിച്ച് ആ ബാധ്യത ഒഴിവാക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ താമസിക്കാന്‍ ഒരു വീട് പോലുമില്ലാത്ത അവസ്ഥ എന്റെ കുടുംബത്തിനുണ്ടാവുമായിരുന്നു. അതുകൊണ്ട് തന്നെ ഇല്ലായ്മക്കാരന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവനാണ് എന്നൊന്നും ഒരിക്കലും ധരിക്കരുത്. പച്ചാളം മേല്‍പ്പാലവുമായി ബന്ധപ്പെട്ട ഏതു പൊതു സംവാദത്തിനും ഞാന്‍ ഇപ്പോഴും തയ്യാറാണ്. ഇതിന്റെ സുതാര്യത നിലനിര്‍ത്തുന്നതിന് ഏതു രേഖകളും പൊതുജനസമക്ഷം സമര്‍പ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇനിയെങ്കിലും വസ്തുതാവിരുദ്ധമായ ആക്ഷേപങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍