രാകേഷ് നായര്‍
കരയാതിരിക്കാന്‍ ശ്രമിച്ചു നോക്കി, പക്ഷെ എലിസബത്ത് എന്ന എഴുപത് വയസുകാരിക്ക് അതിനു കഴിഞ്ഞില്ല. ചങ്കുപൊട്ടി നില്ക്കുമ്പോള് വാക്കുകള്‍ എങ്ങനെ കണ്ണീരണിയാതെ പുറത്തുവരും. ഇരുമ്പ് തുമ്പിക്കൈ പിഴുതിട്ട മേല്‍ക്കുരയില്‍ നിന്ന് ശേഷിച്ച പലക കഷ്ണങ്ങള്‍ താഴെയ്ക്ക് എടുത്തുമാറ്റുന്ന മകന് സേവ്യറെ സഹായിക്കുകയായിരുന്നു അവര്‍. ആറു ജീവനുകള്‍ ഉണ്ടിവിടെ. ഈ കടകൊണ്ടാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. അതാണവര്‍ ഇല്ലാതാക്കിയത്… വാക്കുകള്‍ മുറിഞ്ഞ് പിന്നെയേതോ ഓര്‍മ്മകളുടെ തണലിലേക്ക് ആ വൃദ്ധ സ്വയം പിന്‍വാങ്ങി.
കൊച്ചിയിലെ പച്ചാളത്ത് വികസനത്തിന്റെ ഇരകളായി ജീവിതത്തിന്റെ മേല്‍ക്കുര തകര്‍ന്നുപോയവര്‍ എലിസബത്തിനെ കൂടാതെ വേറെയുമുണ്ട്. ഒരു റെയില്‍വേ മേല്‍പ്പാലത്തിന് വേണ്ടി ഭരണകൂടത്തിന്റെ ‘ആവേശ’മാണ് ഒരു പുലരി വെളുത്തുവന്നപ്പോള്‍ ഈ മനുഷ്യരെ ഒന്നുമല്ലാത്തവരാക്കി മാറ്റിയത്.
7-3-2015, വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രദേശവാസികള്‍ക്ക് കളക്ടറുടെ നോട്ടീസ് കിട്ടുന്നത്. മാമംഗലം-ഗോശ്രീ റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന പച്ചാളം റെയില്‍വേ മേല്‍പ്പാലത്തിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഭൂമി 48 മണിക്കൂറുകള്‍ക്കുള്ളില്‍ ഒഴിഞ്ഞുതരണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. നിയമാനുസൃത നോട്ടീസ് നല്‍കിയിട്ടും പലവട്ടം വാക്കാലും നേരിലും ആവശ്യപ്പെട്ടിട്ടും ഭൂമിയൊഴിഞ്ഞുതരാത്തവര്ക്കുള്ള അവസാന താക്കീതു കൂടിയായിരുന്നു അത്!
“അവര്‍ പറയുന്നത് പച്ചക്കള്ളമാണ്. ഇതുവരെ ഒരു നോട്ടീസും ഞങ്ങള്‍ക്ക് ആരും തന്നിട്ടില്ല. അങ്ങെയുണ്ടെങ്കില്, നോട്ടീസ് ഒപ്പിട്ടുവാങ്ങിയതിന്റെ തെളിവുകളുണ്ടാവില്ലേ?”- ഷീബ ചോദിക്കുന്നു. “ആദ്യമായിട്ടാണ് ഇങ്ങനെയൊരു നോട്ടീസ് കിട്ടുന്നത് തന്നെ, അതും എല്ലാം തീരുമാനിച്ചുറപ്പിച്ചശേഷം. ഞങ്ങള്‍ക്കൊന്നിനും സമയം ഉണ്ടായിരുന്നില്ല. എല്ലാം കൈവിട്ടുപോകുമ്പോഴും ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനും കഴിഞ്ഞില്ല.”
ഷീബയെപോലെ, അവിടെയുള്ള പലരോടും സംസാരിച്ചപ്പോള്‍ അവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് മുന്‍കൂട്ടി നിശ്ചയിച്ചൊരു വേട്ടയാടലിന്റെ കഥയായിരുന്നു. തങ്ങളുടെ രക്ഷകരായി കണ്ടിരുന്നവര്‍ തന്നെ ശത്രുവായി വന്ന് വെല്ലുവിളിക്കുകയായിരുന്നു അവരെ. എലിസബത്തിന്റെ മകന് സേവ്യര്‍ അതു തുറന്നു പറയുന്നുണ്ട്- “ഞാനൊരു കോണ്‍ഗ്രസുകാരനാണ്. ഇന്നുവരെ ആ പാര്‍ട്ടിക്കേ വോട്ട് ചെയ്തിട്ടുമുള്ളൂ. പക്ഷെ, ഞങ്ങള്കൂടി വോട്ട് ചെയ്ത് ജയിപ്പിച്ചുവിട്ടൊരു എംഎല്‍എ ഞങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. ഞങ്ങളുടെ കണ്ണീരും കഷ്ടപ്പാടും കാണാന്‍ അയാള്‍ തയ്യാറായില്ല. എന്തിന്, ഞങ്ങളോടൊന്ന് സംസാരിക്കാന്‍പോലും കൂട്ടാക്കിയില്ല. ഒഴിഞ്ഞില്ലെങ്കില്‍ ഒഴിപ്പിക്കാന്‍ അറിയാമെന്ന ഭീഷണിയാണ് അയാളില്‍ നിന്നുണ്ടായത്. ആ പെരുമാറ്റമാണ് ഇവിടെയുള്ളവരെ കൂടുതല്‍ ഞെട്ടിച്ചത്. ഏതാനും ചിലര്‍ക്കുവേണ്ടിയാണ് അവരിവിടെയീ ആക്രമണം നടത്തിയത്.”
സേവ്യര്‍ ഒരു ഫ്രൂട്ട്സ് കട നടത്തിവരികയായിരുന്നു. ഈ കടയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് പ്രായമായ മാതാപിതാക്കളുള്‍പ്പെടെ ആറംഗങ്ങള്‍ കഴിഞ്ഞുകൂടിയിരുന്നത്. ഇപ്പോള്‍ ആ കടമുറിയില്ല. അതവര് പൊളിച്ചിരിക്കുന്നു. “ഈ കടയിലുണ്ടായിരുന്ന സാധനങ്ങള്‍ മാറ്റാനുള്ള സാവകാശമെങ്കിലും അവര്‍ക്ക് തരാമായിരുന്നു. അമ്പതിനായിരത്തോളം രൂപയുടെ നഷ്ടമാണ് എനിക്കുണ്ടായത്. നേരത്തെ തന്നെ അവര്‍ കറണ്ട് കട്ട് ചെയിതുന്നതിനാല് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന പാല് പാക്കറ്റുകള്‍ മുഴുവന്‍ ചീത്തയായി. ആപ്പിളും മുന്തിരയുമൊക്കെയായി പലതും ചതഞ്ഞരഞ്ഞുപോയി. എന്തായിരുന്നു അവര്‍ക്ക് ഞങ്ങളോടെന്തോ വിരോധമുള്ളതുപോലെയാണ് ഇതൊക്കെ കാണുമ്പോള്‍ തോന്നുന്നത്‘”.
അട്ടിമറിക്കപ്പെട്ട കരുണാകരന് ഫോര്‍മുല
കുറച്ചു പുറകിലോട്ടൊന്നു പോയിട്ടുവരാം. പൊതുപ്രവര്ത്തകന് ഫെലിക്സ് ജെ പുല്ലൂടന്റെ വാക്കുകളിലൂടെ- 1995, മുഖ്യമന്ത്രി കെ കരുണാകരന്റെ പ്രത്യേക താല്പര്യപ്രകാരം കൊച്ചിയില്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിക്കുന്നു. ഒരാന്താരാഷ്ട്ര സ്റ്റേഡിയം എന്ന ആശയത്തെ കൊച്ചി നിവാസികള്‍ സ്വാഗതം ചെയ്തെങ്കിലും അവര്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇതിനെതിരെ ഉന്നയിച്ചു. നഗരത്തിലേക്കുള്ള മുഖ്യറോഡായ ബാനര്‍ജി റോഡിനോട് ചേര്‍ന്നു സ്ഥാപിക്കപ്പെടുന്ന സ്റ്റേഡിയത്തില്‍ ഏതെങ്കിലും അന്താരാഷ്ട്ര മത്സരം നടക്കുകയാണെങ്കില്‍ ഉണ്ടാകാനിടയുള്ള ഗതാഗതക്കുരുക്കായിരുന്നു നാട്ടുകാരുടെ പ്രധാനപ്രശ്നം. അതിനാല്‍ സ്റ്റേഡിയം മറ്റൊരിടത്ത് സ്ഥാപിക്കുന്നതായിരിക്കും ഉചിതമെന്ന് അഭിപ്രായം ഉണ്ടായി. വലിയൊരു പ്രക്ഷോഭത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് മനസ്സിലാക്കിയ ലീഡര്‍ ഒരു ഒത്തുതീര്‍പ്പു ഫോമുല തയ്യാറാക്കി. റോഡ് വികസനത്തിന്റെ പേരില്‍ ജിസിഡിഎ (ഗ്രേറ്റര്‍ കൊച്ചിന് ഡവലപ്മെന്റ് അഥോറിറ്റി) മരവിച്ചിട്ടിരിക്കുന്ന മാമംഗലം-പച്ചാളം റോഡ് പ്രാവര്‍ത്തികമാക്കാമെന്നും സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് തന്നെ റോഡിന്റെയും അതിലടങ്ങുന്ന റെയില്‍വേ മേല്‍പ്പാലത്തിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കാമെന്നുമായിരുന്നു കരുണാരന് അവതരിപ്പിച്ച ആ ഫോര്‍മുല. പറഞ്ഞതുപോലെ റോഡ് നിര്‍മാണത്തിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. കെ കരുണാകരന് എന്ന ഭരണാധികാരിയുടെ തീരുമാനം നടപ്പാകും എന്നു തന്നെ ജനങ്ങള്‍ വിശ്വസിച്ചു. എന്നാല്‍ ചില ബാഹ്യശക്തികളുടെ ഇടപെടല്‍ എല്ലാം അവതാളത്തിലാക്കി. തുടങ്ങിയിടത്തു തന്നെ ആ പദ്ധതി മുടങ്ങി. 1996-ല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും മാമംഗലം-പച്ചാളം റോഡും മേല്‍പ്പാലവും എങ്ങുമെത്തിയില്ല. പച്ചാളത്തെ റയില്‍വേ ഗേറ്റുകളില്‍ കുടുങ്ങി പച്ചാളം, വടുതല, ചിറ്റൂര്‍ നിവാസികളുടെ ദിവസങ്ങളുടെ നല്ലൊരുഭാഗവും നഷ്ടപ്പെട്ടു. ഇതിനെതിരെ പല പ്രക്ഷോഭങ്ങളും ഉണ്ടായി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ അതവരുടെ തെരഞ്ഞെടുപ്പു വിഷയമാക്കി വോട്ട് തേടിയതല്ലാതെ, ആരും ആര്‍ക്കും വേണ്ടി ഒന്നും ചെയ്തില്ല.
ഫണ്ട് ഇല്ലാത്തതാണ് പ്രശ്നമെന്നായിരുന്നു അധികാരികളുടെ പല്ലവി. ഒടുവില്‍ പ്രൊഫ. മേഴ്സി വില്യംസ് മേയര്‍ ആയിരുന്ന കാലത്ത് കിറ്റ്കോയെ ഇക്കാര്യത്തില്‍ കോര്പ്പറേഷന് ഇടപെടുത്തി. കാര്യക്ഷമമായി തന്നെ ഇടപെട്ട കിറ്റ്കോ പച്ചാളത്തെ ഗതാഗത കരുക്കിന് പരിഹാരമാര്‍ഗം നിര്‍ദശിച്ചു. 130 കോടി ചെലവില്‍ ഒരു റെയില്‍വേ മേല്‍പ്പാലം. 700 മീറ്റര്‍ നീളവും 22 മീറ്റര്‍ വീതിയുമുള്ള നാലുവരിമേല്പ്പാലമാണ് അവര്‍ വിഭാവനം ചെയ്തത്. ചാത്യാത്ത് പള്ളിക്ക് സമീപത്തു നിന്ന് ആരംഭിച്ച് പച്ചാളം പൊതുശ്മാശനത്തിന് സമീപത്ത് അവസാനിക്കുന്നതായിരുന്നു കിറ്റ്കോയുടെ പാലം. എന്നാല്‍ പദ്ധതി നടപ്പാക്കാനുള്ള ഫണ്ട് അപ്പോഴും തടസ്സമായി നിന്നു. ഭരണം മാറിവന്നു. മേഴ്സി വില്യംസിനു പകരം ടോണി ചമ്മിണി മേയറായി. സമരങ്ങള്‍ നീണ്ടപ്പോള്‍ മേയര്‍ മുന്നോട്ടുവച്ച നിര്‍ദേശം, 22 മീറ്റര്‍ പാലം എന്നത് അപ്രായോഗികമാണെന്നും 18 മീറ്റര്‍ പാലം നിര്‍മിക്കുന്നതിന് കോര്പ്പറേഷന് തയ്യാറാണെന്നായിരുന്നു. തങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ നിന്ന് മോചനം മാത്രം ആഗ്രഹിച്ച ജനങ്ങള്‍ ഈ ആവശ്യം അംഗീകരിച്ചു. ജനറം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മിക്കുമെന്നായിരുന്നു അറിയിച്ചത്. ജനറം പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പദ്ധതി തുകയുടെ 80 ശതമാനം ലഭിക്കും. 20 ശതമാനം മാത്രം കോര്പ്പറേഷന് ചെലവാക്കിയാല്‍ മതി. ഇതേ കാലഘട്ടത്തില്‍ തന്നെ മറ്റൊരു നിര്‍ദ്ദേശവും ഗോശ്രീ-മാമംഗലം റോഡിനും പാലത്തിനുമായി ഉയര്‍ന്നുവന്നിരുന്നു. പച്ചാളത്ത് നിര്‍മ്മിക്കപ്പെടേണ്ട പാലത്തിന്റെ എസ്റ്റിമേറ്റ് തുകയുടെ പകുതി റെയില്‍വേയും 36.5 ശതമാനം ജിഡയും (ഗോശ്രീ വികസന അഥോറിറ്റി) ബാക്കി 13.5 ശതമാനം കൊച്ചി പോര്‍ട്ട് ട്രസ്റ്റും ചേര്‍ന്ന് ചെലവഴിക്കാമെന്നായിരുന്നു. പ്രസ്തുത നിര്‍ദേശം. തുടര്‍ന്ന് മാമംഗലത്തേക്ക് 22 മീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നതിനായി എത്ര തുക ചെലവഴിക്കപ്പെടേണ്ടതുണ്ടെന്നതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കൊച്ചിന് കോര്‍പ്പറേഷനോട് ജിഡ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും പാലം നിര്‍മാണം അട്ടിമറിക്കപ്പെട്ടു! ജനങ്ങളുടെ ഒരു സ്വപ്നം ആരെല്ലാമോ ചേര്‍ന്ന് അവസാന നിമിഷം തല്ലിക്കെടുത്തുകയായിരുന്നു.
‘വളഞ്ഞു മൂക്കില്‍ പിടിച്ചൊരു’ പാലം നിര്‍മാണം
പച്ചാളത്ത് ഇപ്പോള്‍ നിര്‍മ്മിക്കുന്ന റയില്‍വേ മേല്‍പ്പാലം കാണുന്നവരുടെയെല്ലാം മനസ്സില്‍ ആദ്യമെത്തുന്നൊരു ചൊല്ല് ഇതായിരിക്കും. മേല്‍പ്പാലത്തിനായി മൂന്നുപതിറ്റാണ്ടുകളായി മരവിപ്പിച്ചിട്ടിരിക്കുന്ന ഭൂമി ഇവിടെയുണ്ട്. അതുതന്നെ ഇവിടുത്തെ ജനങ്ങളോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. ഭൂമി മരവിപ്പിച്ചിരിക്കുന്നത് കാരണം പച്ചാളം-മാമംഗലം റോഡിന്റെ ഇരുവശത്തുമുള്ളവര്‍ക്ക് ഒരു തുണ്ടുഭൂമിപോലും വില്ക്കാന് പറ്റില്ല. പെണ്മക്കളുടെ കല്യാണാവശ്യത്തിനു പണം കണ്ടെത്താന്‍പോലും കുറച്ചു ഭൂമി വില്ക്കാന് കഴിയാതെ കണ്ണീരു കുടിച്ചവര്‍ ഈക്കൂട്ടത്തിലുണ്ട്. പാലം വരുന്നുമില്ല, ഭൂമിയില്‍ തൊടാന്‍ അവകാശവുമില്ല എന്ന അവസ്ഥയില്‍ നാട്ടുകാര്‍ കഴിയുമ്പോഴാണ് പുതിയ ‘പദ്ധതി’ നടപ്പിലാകുന്നത്.
കിഴക്കു-പടിഞ്ഞാറ് ദിശയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന പാലമാണ് ഇപ്പോള്‍ തെക്കു-വടക്കായി പണിതു തുടങ്ങിയിരിക്കുന്നത്. ഇതാണ് നേരത്തെ പറഞ്ഞ വളഞ്ഞു മൂക്കുപിടിക്കല്‍. ഇതൊരു അബദ്ധമായി കാണാന്‍ പറ്റില്ല. മറിച്ച് വ്യക്തമായ അട്ടിമറി തന്നെയാണ്. മുന്‍ തീരുമാനപ്രകാരം പാലം വന്നാല്‍ ഒരു റെയില്‍വേ കോണ്ട്രാക്ടര്ക്കും പിന്നെ ഒരു മതവിഭാഗത്തിന്റെ സ്ഥലങ്ങളും നഷ്ടമാകുമെന്നതിനാലാണ് ഈ വളഞ്ഞു മൂക്കില്‍ പിടിക്കല്‍.
“തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടികള്‍ ഒഴുക്കുന്ന ഈ റെയില്‍വേ കോണ്‍ട്രാക്ടറുടെ വീടും (ഇയാള്‍ ഒരു എം എല്‍ എയുടെ അടുത്ത ബന്ധുവുമാണ്.) പള്ളി വക സ്ഥലങ്ങളും നഷ്ടപ്പെടുമെന്നുള്ളതിനാലാണ് നിലവിലുള്ള പദ്ധതി നിര്‍ദേശം അട്ടിമറിച്ച് ഇപ്പോള്‍ കാണുന്നതരത്തില്‍ അശാസ്ത്രീയമായ രീതിയില്‍ പാലം നിര്‍മ്മിക്കുന്നത്. മുന്‍ നിശ്ചയിച്ച പ്രകാരമാണ് പാലം വന്നിരുന്നതെങ്കില്‍, അപ്രോച്ച് റോഡ് നിര്‍മാണത്തിനുമായി ആകെ നഷ്ടപ്പെടുക 44 വീടുകളും 17 കടകളും മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിര്‍മിക്കുന്ന ഈ കുഞ്ഞന്‍ പാലത്തിനായി മാത്രം 120-140 വീടുകള്‍ നഷ്ടമാകും. ഇതില്‍ നിന്നു തന്നെ ഇവിടെ നടക്കുന്ന കൊള്ള മനസ്സിലാക്കണം. പണം തരുന്നവനെയും പള്ളിയെയും രക്ഷിക്കാന്‍ വേണ്ടിയാണ് ഈ കള്ളക്കളികള്‍. വര്‍ഷങ്ങളായി കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുകയും വോട്ട് ചെയ്യുകയും ചെയ്യുന്ന പാവങ്ങളാണ് ഞങ്ങള്‍. എന്നിട്ടും ആ പാര്‍ട്ടിയുടെ എംപിക്കും എംഎല്‍എയ്ക്കും മേയര്‍ക്കും ഞങ്ങളുടെ കണ്ണീരു കാണാന്‍ കഴിയാതെ പോയതെന്താണ്?”-നാട്ടുകാരിലൊരാള്‍ ചോദിക്കുന്നു.
ഈ പാലം മൂലം ഇനിയും നിരവധി കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നതും ഭീതിയുണ്ടാക്കുന്ന സത്യമാണ്. യാതൊരു തടസ്സവുമില്ലാതെ നേരെ കിഴക്കു-പടിഞ്ഞാറായി നടപ്പാക്കേണ്ടിയിരുന്ന പലമാണ് ഇപ്പോള്‍ പാമ്പിഴയുന്നതുപോലെ പച്ചാളത്തെ എല്ലാ ഒറ്റവരിപ്പാതകളിലൂടെയും കറങ്ങി പച്ചാളം ശ്മശാനത്തിന് അടുത്ത് തന്നെ എത്തുന്ന തരത്തില്‍ നിര്‍മ്മിക്കുന്നത്. ഈ പാലം പച്ചാളം ജംഗ്ഷനില്‍ നിന്നാരംഭിച്ച് ലെവല്‍ ക്രോസ്സിനു മുകളിലൂടെ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന്റെ മുന്നിലെത്തി അവസാനിക്കുകയാണ്. അവിടെ നിന്ന് നിര്‍ദ്ദിഷ്ട റോഡിലേക്ക് (പച്ചാളം ശ്മശനത്തിന് സമീപത്തേക്ക്) എത്തണമെങ്കില്‍ ഇരട്ടക്കുളങ്ങര റോഡ് (3.5 മീറ്റര്‍ വീതി), എസ് ആര് എം റോഡ് (4 മീറ്റര്‍ വീതി), ഉദയന്‍ റോഡ് (5.5 മീറ്റര്‍ വീതി), പി ജെ ആന്റണി റോഡ് (5 മീറ്റര്‍ വീതി) എന്നിവയിലൂടെ വേണം കടന്നു പോകാന്‍. എന്നാല്‍ നേരത്തെ കിറ്റ്കോ നിര്‍ദേശിച്ചതും ജനറം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്പ്പറേഷന് പാസ്സാക്കിയതുമായ പാലം ചാത്യാത്ത് നിന്ന് നേരെ പച്ചാളം ശ്മശാനത്തിനു സമീപം എത്തുന്നതായിരുന്നു. അങ്ങെയൊരു പാലമാണ് നാലഞ്ചുവട്ടം തലചുറ്റി മൂക്കില്‍ തൊടുന്നതുപോലെ കെട്ടിയുണ്ടാക്കുന്നത്.
നിലവില്‍ നിര്‍മ്മിക്കുന്ന പാലം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനെ കുറിച്ച് ഇവിടുത്തുകാര്‍ പറയുന്നത് കേള്‍ക്കുക- ഏഴര മീറ്ററില്‍ പൂര്‍ത്തിയാകുന്ന ഈ പാലത്തില്‍ രണ്ടുവരി വാഹനങ്ങള്‍ക്ക് കഷ്ടി കടന്നുപോകാനാകും. ഈ പാലത്തില്‍ നിന്നും വാഹനങ്ങള്‍ ഇറങ്ങി വരുന്നതാകട്ടെ 3.5 വീതി മാത്രമുള്ള, ഒരു വാഹനത്തിന് കഷ്ടിച്ചു കടന്നുപോകാന്‍ കഴിയുന്നതും ഗതാഗത കുരുക്കുള്ള അഞ്ച് ജംഗ്ഷനുകള്‍ കൂടിയ ഏതാണ്ട് 900 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലേക്കാണ്. തത്ഫലമായി ഈ പാലം പൂര്‍ത്തിയാകുന്നതോടെ പച്ചാളം മുതല്‍ വടുതല, ചിറ്റൂര്‍ ഇളമക്കര പ്രദേശങ്ങള്‍ മുഴുവന്‍ വാഹനക്കുരുക്കില്‍ അകപ്പെട്ട് പൂര്‍ണമായി നിശ്ചലമാകും.
എംഎല്‍എയ്ക്കു നേരെ നീളുന്ന ചോദ്യങ്ങള്‍
ഏറണാകുളത്തിന്റെ പ്രിയപ്പെട്ട എംഎല്‍എ എന്ന പേര് പേറിനടക്കുന്ന ഹൈബി ഈഡനെതിരെയാണ് പച്ചാളം നിവാസികളുടെ മുഴുവന്‍ രോഷവും. മാസങ്ങള്‍ക്ക് മുമ്പ് പച്ചാളം കുഞ്ഞന്‍ പാലത്തിനെതിരെ സമരം ശക്തമായ സാഹചര്യത്തില്‍ എംഎല്‍എ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള് വ്യക്തമാക്കുന്നതാണെന്ന് പച്ചാളം ജനകീയ സമിതി നേതാക്കള്‍ പറയുന്നു. മൂന്നര കിലോമീറ്റര്‍ നീളമുള്ള ഗോശ്രീ-മാമംഗലം നാലുവരി റോഡും അതിലെ 18 മീറ്റര്‍ മേല്‍പ്പാലവും കേവലം 300 കോടിയില്‍ താഴെയുള്ള തുകയില്‍ തീര്‍ക്കാമെന്നിരിക്കെ റോഡ് കടന്നുപോകുന്ന പൊറ്റക്കുഴി-മാമംഗലം ഭാഗത്ത് (1.5 കി ലോമീറ്റര്‍ ദൂരത്തില്‍) ഭൂമിയേറ്റെടുക്കാന്‍ 1500 കോടി വേണമെന്നാണ് എംഎല്‍എ പറഞ്ഞത്. അത്രയും തുക മുടക്കാനില്ലാത്തതുകൊണ്ട് റോഡും പാലവും തല്ക്കാലം നടക്കില്ലെന്നായിരുന്നു അദ്ദഹം പറഞ്ഞിരുന്നതും. യഥാര്‍ത്ഥവസ്തുത മറച്ചുവച്ച് എന്തിനായിരുന്നു എംഎല്‍എ നാടകം കളിച്ചതെന്നും ജനകീയസമിതി ചോദിക്കുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പാണ് മുടങ്ങി കിടന്ന പാലത്തിന് വീണ്ടും ജീവശ്വാസം നല്‍കിയത്. പക്ഷെ ജനങ്ങളുടെ താല്പര്യമനുസരിച്ചല്ലായിരുന്നുവെന്ന് മാത്രം. ഇക്കഴിഞ്ഞതിനു മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ചു ജയിക്കുകയായിരുന്നു കെ വി തോമസ്. ഇത്തവണ അതാവര്‍ത്തിക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പാച്ചളത്ത് മേല്‍പ്പാലം വരണമെന്ന ജനങ്ങളുടെ ആവശ്യം നടപ്പാക്കിയില്ലെങ്കില്‍ വോട്ട് പോകും, പക്ഷെ നിലവിലുണ്ടായിരുന്ന പ്ലാനില്‍ പാലം പണിതാല്‍ തോമസ് മാഷിന് മറ്റു ചിലരെ പിണക്കേണ്ടി വരും; അതൊരിക്കലും നടക്കരുത്. അങ്ങനെയാണ് ഇപ്പോള്‍ പണിയുന്ന തരത്തില്‍ ഒരുപാലത്തിന്റെ നിര്‍ദേശം ഉണ്ടാക്കുന്നത്. ഇതിനായി മെട്രോ റെയിലിന്റെ ചുമതല വഹിക്കുന്ന ഈ ശ്രീധരനെ സമീപിക്കുന്നത്. കെഎംആര്‍എല്ലിന്റെ പദ്ധതിയില്‍പ്പെടുത്തി ഈ പാലം നിര്‍മാണം ഏറ്റെടുക്കുന്നതും അങ്ങനെയാണ് (നിലവില്‍ അപ്രോച്ച് റോഡ് ഉള്ളതിനാല്‍ ആ ചെലവ് കുറയുമെന്നൊക്കെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ശ്രീധരനെ ഇതില്‍ പെടുത്തിയെന്നും ആക്ഷേപമുണ്ട്). തെരഞ്ഞെടുപ്പ് വേളയില്‍ മാത്രമാണ് തോമസ് മാഷ് ഈ പാലത്തെ കുറിച്ച് ചിന്തിച്ചുള്ളൂ, ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് എന്തെങ്കിലും വിവരമുണ്ടോയെന്നും അറിയില്ല. എല്ലാം നടക്കുന്നത് എംഎല്‍എയുടെ നേതൃത്വത്തില്‍. കൃത്യമായൊരു പൊളിറ്റിക്കല്‍ അജണ്ട തന്നെയാണ് വികസനത്തിന്റെ പേരില്‍ ഇവിടെ നടക്കുന്നത്– ജനകീയ സമിതി പറയുന്നു.
എംഎല്‍എ തങ്ങള്‍ക്കെതിരെ പകപോക്കുന്ന തരത്തിലാണ് പെരുമാറുന്നതെന്നാണ് പലരും പറയുന്നത്. ഞാന്‍ ഹൈബി ഈഡനാണെങ്കില് നിങ്ങളെയെല്ലാം ഒഴിപ്പിച്ചിരിക്കുമെന്ന് എംഎല്‍എ വെല്ലുവിളിച്ചതായാണ് പൊളിച്ചിട്ടിരിക്കുന്ന തന്റെ കടയ്ക്കുള്ളിലെ അവശേഷിക്കുന്ന സാധനങ്ങള്‍ നീക്കുന്നതിനിടയില്‍ ഒരു പ്രദേശവാസി ഇടറിയശബ്ദത്തോടെ പറഞ്ഞത്.
“ഞങ്ങളയാളെ ഒരുപാട് ഇഷ്ട്പ്പെട്ടിരുന്നു. പലതും പറയണമെന്നുണ്ട്. പക്ഷെ എന്തെങ്കിലും നഷ്ടപരിഹാരം കിട്ടുമെന്നു പറയുന്നതുകൂടി ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിയുന്നതുകൊണ്ട് ഒന്നും പറയുന്നില്ല. എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുകയാ…പാപം ചെയ്യുന്നവര്‍ക്ക് ശിക്ഷ കര്‍ത്താവ് കൊടുത്തോളും. അയാള്‍ തെരഞ്ഞെടുപ്പില്‍ നില്ക്കാന് തുടങ്ങിയപ്പോള്‍ മുതല്‍ ഞങ്ങളുടെയെല്ലാം വോട്ട് ഈ എംഎല്‍എയ്ക്ക് തന്നെയാ. എന്നിട്ടും ഇങ്ങനെയൊരു അവസ്ഥ ഞങ്ങള്‍ക്ക് വന്നിട്ട് ഒരക്ഷരം പറഞ്ഞോ ? ഞങ്ങള്‍ക്ക് പറയാനുള്ളത് കേട്ടോ? അയാള്‍ക്ക് ആരെയൊക്കെയോ സംരക്ഷിക്കണം, വോട്ട് കിട്ടണം, പണം കിട്ടണം”– രോഷത്തോടെ ഒരാള്‍ പറഞ്ഞു.
“പതിനഞ്ച് ലക്ഷം രൂപ ഞങ്ങള്‍ക്ക് നഷ്ടപരിഹാരം തരാമെന്നാണ് അവര്‍ പറയുന്നത്. കോടതിയും അതാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായത് സെന്റിന് 35 ലക്ഷം വീതം നല്‍കണമെന്നാണ്. അപ്പോള്‍ ബാക്കി 20 ലക്ഷം എവിടെപ്പോയി. 42 സെന്റോളം ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇത്രയും ഭൂമിക്ക് ഒരു സെന്റില്‍ നിന്ന് 20 ലക്ഷം വീതം ആരാണ് കൈക്കലാക്കുന്നത്?” ലൂസി പോള്‍ എന്ന റിട്ടയേര്‍ഡ് അധ്യാപിക ചോദിക്കുന്നു.
ഞങ്ങള്‍ വികസന വിരോധികളല്ല, പക്ഷേ മനുഷ്യരാണ്
“കോണ്‍ഗ്രസും യൂത്തുകോണ്‍ഗ്രസുകാരും ഞങ്ങളെ വികസന വിരോധികളെന്നാണ് വിളിക്കുന്നത്. ഇവിടെയാരും വികസനത്തിന് എതിരല്ല, ഭൂമി വിട്ടുകൊടുക്കാനും എല്ലാവരും തയ്യാറാണ്. പക്ഷെ ഞങ്ങളോട് ചില മര്യാദകള്‍ അവര്‍ കാണിക്കണ്ടേ? കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് തരുന്നത്. അതും ആദ്യമായി. അവര്‍ പറയുന്നതുപോലെ പലവട്ടമൊന്നും ഞങ്ങള്‍ക്കാരും നോട്ടീസ് തന്നിട്ടൊന്നുമില്ല. 48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുകൊടുക്കണമെന്നാണ് പറഞ്ഞത്. ഈ ചുരുങ്ങിയ സമത്ത് ഞങ്ങള്‍ എന്ത് ചെയ്യാനാണ്. കോടതിയില്‍ കേസ് കൊടുത്തിരുന്നു. ഏതെങ്കിലും കാരണവശാല്‍ ഞങ്ങള്‍ക്ക് അനുകൂലമായ സ്റ്റേ കിട്ടുമെന്ന് ഭയന്നാണ് അവര്‍ വെള്ളിയാഴ്ച നോട്ടീസ് തന്നത്. ശനിയും ഞായറും കോടതി അവധിയാണ്. വെള്ളിയാഴ്ച വൈകുന്നേരം കോടതി പിരിയുന്നതിന് തൊട്ട് മുമ്പ് ഞങ്ങള്‍ ജഡ്ജിയെ കണ്ടു. തിങ്കളാഴ്ച്ച പത്തരയോടെ ആദ്യകേസായി പരിഗണിക്കാമെന്ന് ജഡ്ജി ഉറപ്പു നല്കി. പിന്നീട് ഞങ്ങളെ സഹായിക്കാനുള്ളത് കളക്ടറാണ്. കോടതി കേസ് പരിഗണിക്കുന്നതുവരെയെങ്കിലും ഞങ്ങള്‍ക്ക് സമയം തരണം. പക്ഷെ ബഹുമാനപ്പെട്ട കളക്ടര്‍ ഫോണ്‍ എടുക്കാന്‍പോലും തയ്യാറായില്ല (ഇതിനിടയില്‍ മുഖ്യമന്ത്രിയുമായി ജനകീയ സമിതി ചെയര്മാന് ജോസി മാത്യു ബന്ധപ്പെട്ടു. വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഒന്നു നടന്നില്ലെന്നുമാത്രം) അതോടെ ഞങ്ങള്‍ കളക്ടറുടെ വീട്ടിലെത്തി. വൈകുന്നേരം വരുമ്പോള്‍ സംസാരിക്കാന്‍ അദ്ദേഹം ദയ കാണിക്കുമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. പക്ഷെ വന്നത് പൊലീസായിരുന്നു. കളക്ടറുടെ വീട് ഉപരോധിച്ചുവെന്ന് പറഞ്ഞ് തൊണ്ണൂറ്റിരണ്ടു വയസുള്ളവരെ തൊട്ട് അറസ്റ്റ് ചെയ്തു. പിറ്റേ ദിവസം രാവിലെ തന്നെ അവര്‍ ഞങ്ങളുടെ ജീവിതത്തിനു മേല്‍ ബുള്‍ഡോസര്‍ കയറ്റിയിരുന്നു”– ഷീബ പറഞ്ഞു.
“ശരിക്കും ഇവിടെ നടന്നത് ഒരു പൊലീസ് സുനാമി ആയിരുന്നു. പത്തായിരത്തി അഞ്ഞൂറോളം പൊലീസുകാരും തോക്കും പിടിച്ച് വേറെ കുറേപ്പേരും വളഞ്ഞ് നിന്നാണ് ഞങ്ങളുടെ കടകളും വീടുമെല്ലാം പൊളിച്ചത്”, ചെറിയൊരു കൂമ്പാരമായി മാറിയ തന്റെ അപ്ഹോള്‍സ്റ്ററി കടയുടെ അവശിഷ്ടങ്ങള്‍ക്കു മുന്നില്‍ നിന്നുകൊണ്ട്, ഗ്രേഷ്യസ് പറഞ്ഞു. “അവര്‍ പൊളിച്ചിട്ടത് ഞങ്ങളുടെ ജീവിതമാണ്. എവിടെപ്പോയാണ് ഇനി ഞങ്ങള്‍ ജീവിക്കുക. ഇനിയൊരു കടമുറി കിട്ടണമെങ്കില്‍ പകിടിയായി തന്നെ ലക്ഷങ്ങള്‍ കൊടുക്കണം, വാടക വേറെ. നഷ്ടപരിഹാരം ഉടനെ നല്‍കണമെന്നാണ് കോടതി പറഞ്ഞത്. അതും കിട്ടിയില്ല. ഇതിലും നല്ലത് ഞങ്ങളെ കൊല്ലുന്നതായിരുന്നു” ഗ്രേഷ്യസിന് സങ്കടവും ദേഷ്യവും അടക്കാനാകുന്നില്ല.
“ഒരുതരത്തില്‍ അവര്‍ ഇവിടെയുള്ളവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത് നന്നായി. ഇല്ലെങ്കില്‍ പലരും ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുമായിരുന്നു“-കൃഷ്ണകുമാര്‍ എന്ന പ്രദേശവാസി പറയുന്നു. “യഥാര്‍ത്ഥത്തില്‍ ഇവിടെ പൊളിക്കാന്‍ എത്തിയവര്‍ക്ക് പ്രത്യേക താല്പര്യമുണ്ടായിരുന്നു. അവര്‍ നേരത്തെ തന്നെ ടാര്‍ഗറ്റ് ചെയ്തിരുന്നവരുടെ സ്ഥലങ്ങളിലാണ് ആദ്യം ജെസിബി ഉരുണ്ടതും. കോടതി സ്റ്റേ ഉത്തരവ് നല്കിയാലും തങ്ങള്‍ നോട്ടമിട്ടവര്‍ക്ക് നഷ്ടം വരുത്തണമെന്ന് ഉറപ്പിച്ചപോലെ”– കൃഷ്ണകുമാര്‍ പറയുന്നു.
കൃഷ്ണകുമാറിനോട് യോജിക്കുന്ന അനുഭവമായിരുന്നു ലൂസി പോളിന് പറയാനുണ്ടായിരുന്നു. റിട്ടയര്‍ ചെയ്തപ്പോള്‍ കിട്ടിയ തുകകൊണ്ടാണ് ലൂസിയും ഭര്‍ത്താവും ചേര്‍ന്ന് ക്രൈസ്റ്റ് ഹോള്‍ എന്ന പേരില്‍ ചെറിയൊരു കണ്വെന്ഷന് സെന്റര്‍ തങ്ങളുടെ വീടിനോട് ചേര്‍ന്ന് നിര്‍മിച്ചത്. ദിവസം 3000 രൂപ വടകയ്ക്ക് കൊടുക്കുന്ന ഈ ഹോളില്‍ നിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഇവരുടെ പ്രധാന ആശ്രയവും. പച്ചാളം വികസന സമിതിയുടെ മീറ്റിങ്ങുകള്‍ക്ക് ഈ ഹാള്‍ ഇവര്‍ സൗജന്യമായാണ് വിട്ടുനല്‍കിയിരുന്നത്. മാത്രമല്ല, പ്രതിഷേധങ്ങളിലും മറ്റും ഇരുവരും പങ്കാളികളാവുകയും ചെയ്തിരുന്നു. ഇതവരെ പലരുടെയും നോട്ടപുള്ളികളാക്കാന് കാരണമായി. “ആദ്യം അവര്‍ പൊളിച്ചതും ക്രൈസ്റ്റ് ഹാളാണ്. മാത്രമല്ല, അളന്നു തിട്ടപ്പെടുത്തിയതിനും പിന്നിലായി നില്ക്കുന്ന ഞങ്ങളുടെ വീടിന്റെ ഫ്രണ്ട് പോര്‍ഷന്‍ വരെ അവര്‍ ജെസിബി കൊണ്ട് തട്ടിപ്പൊട്ടിച്ചു. അവിടെ കൂടിയിരുന്ന ചിലരുടെ എതിര്‍പ്പുകളാണ് കൂടുതല്‍ നാശംവരുത്താതെ കഴിക്കാന്‍ ഇടയായത്”, ലൂസി പോള്‍ പറയുന്നു.
പച്ചാളത്തെ റെയില്‍വേ മേല്‍പ്പാലം സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങളാണ് ഈ ജനങ്ങളുടെ കണ്ണീരും രോദനങ്ങളും. തങ്ങള്‍ ഇനി എങ്ങനെ ജീവിക്കുമെന്നാണവര്‍ ചോദിക്കുന്നത്. പത്തമ്പത് വര്‍ഷങ്ങളായി ഇവിടെയാണവര്‍ ജീവിക്കുന്നത്. പെട്ടെന്നൊരു ദിവസം അവിടെ നിന്ന് ഇറങ്ങേണ്ടി വരുമ്പോള്‍, ജീവത മാര്‍ഗം തകര്‍ന്നുവീഴുമ്പോള്‍ പകച്ചു നില്ക്കാനെ സാധിക്കുന്നുള്ളൂ.
“ഇനിയധികമൊന്നും ആയുസില്ലെന്നറിയാം. അതുവരെ ദിവസോം പള്ളിയില്പോണം, ഈ വീട്ടില്‍ കഴിയണം, ഇവിടെ കിടന്ന് ചാകണം, അതേയുള്ളൂ ആഗ്രഹം, തമ്പുരാന് അതിനുള്ള അവസരം തരണേന്ന പ്രാര്‍ത്ഥന. പക്ഷെ അവര്‍ അതിനും സമ്മതിക്കില്ലെന്നു തോന്നുന്നു. എങ്ങാണ്ടൊക്കെ ആള്‍ക്കാരെ ഇപ്പോള്‍ കഴുത്തറുത്ത് കൊല്ലുന്നുണ്ടെന്ന് കേള്‍ക്കുന്നു. അതിലും വലിയ ക്രൂരതയാണ് ഇവര്‍ ഞങ്ങളോട് ചെയ്യുന്നത്. കൊന്നാല്‍ അതോടെ തീരും, കൊല്ലാക്കൊലയാണ് സഹിക്കാന്‍ പറ്റാത്തത്”– എലിസബത്ത് എന്ന വൃദ്ധയുടെ സങ്കടം പറച്ചിലിനെ വീണ്ടും മുറിച്ചുകൊണ്ട് ഒരു ട്രെയിന്‍ ചൂളം മുഴക്കിക്കൊണ്ട് കടന്നുപോയി…
ജനാധിപത്യവ്യവസ്ഥയില്‍ ഭരണകൂടത്തിന് തങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ‘വികസനം’ നല്ലൊരു ആയുധമാണ് എന്നു തന്നെയാണ് പച്ചാളത്തെ കുടിയൊഴിപ്പിക്കലും തെളിയിക്കുന്നത്.
പച്ചാളത്തെ 92 വയസുള്ള കുഞ്ഞുകുഞ്ഞമ്മയ്ക്കും ശീമാട്ടിക്കും എന്തുകൊണ്ട് രണ്ട് നീതി?
(അഴിമുഖം സ്റ്റാഫ് റൈറ്റര്‍ ആണ് ലേഖകന്‍)