UPDATES

മേല്‍പ്പാലത്തിനായി പച്ചാളത്ത് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി; പ്രദേശത്ത് ഹര്‍ത്താല്‍

അഴിമുഖം പ്രതിനിധി

പ്രതിഷേധങ്ങള്‍ക്കിടെ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണത്തിനായി എറണാകുളം പച്ചാളത്ത് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി. രാവിലെ വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു പൊളിച്ചുനീക്കല്‍. മതിയായ നഷ്ടപരിഹാരം നല്‍കാതെ സ്ഥലം ഒഴിയില്ലെന്നു പറഞ്ഞവരുടേതുള്‍പ്പടെ 22 കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം ഇന്ന് രാവിലെ പൊളിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നടപടിയില്‍ പ്രതിഷേധിച്ചു ചിറ്റൂര്‍ മുതല്‍ കച്ചേരിപ്പടി വരെ ഹര്‍ത്താല്‍ ആചരിക്കുകയാണ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ വാഹന ഗതാഗതം തടസ്സപ്പെടുത്തിയിട്ടില്ല.

അനധികൃതമായാണ് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയതെന്നു ജനകീയ സമരസമിതി ആരോപിച്ചു. ആയിരത്തോളം പോലീസുകാരെ അണിനിരത്തിയാണു പൊളിച്ചുനീക്കല്‍ നടത്തിയത്. ഒഴിഞ്ഞു പോകാന്‍ നല്‍കിയ നോട്ടീസിനെതിരെ സമിതി നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് രാവിലെ പൊളിച്ചു നീക്കല്‍ നടന്നത്. പുനരധിവാസ പാക്കേജ് സംബന്ധിച്ച് കളക്ടറും ജനപ്രതിനിധികളും സ്ഥലമുടമകളുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സ്ഥലവില, പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വ്യക്തമായ ഉറപ്പു നല്‍കാത്തതിനാല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

48 മണിക്കൂറിനുള്ളില്‍ കെട്ടിടങ്ങള്‍ ഒഴിഞ്ഞു കൊടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഒഴിപ്പിക്കലിനെതിരേ പ്രക്ഷോഭം നടത്തുന്ന പച്ചാളം ആര്‍ഒബി ജനകീയ സമര സമിതിയുടെ 26 നേതാക്കളെ പോലീസ് നേരത്തെ കരുതല്‍ തടങ്കലിലെടുത്തിരുന്നു. സംഭവസ്ഥലത്തു നിന്നു സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരേയും അറസ്റ്റു ചെയ്തു നീക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍