UPDATES

വിദേശം

കടല്‍ ഒരു കരയെ തിന്നുന്ന വിധം

Avatar

ബെന്‍ ഗ്വാരിനോ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കടല്‍ നിരപ്പുയര്‍ന്നതോടെ അവര്‍ക്ക് അവിടം വിടേണ്ടി വന്നു.

“കടല്‍ കരയിലേയ്ക്ക് ഉയരാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് കുന്നിന്മുകളിലേക്ക് മാറി അവിടെ, കടലില്‍ നിന്നകലെ, ഗ്രാമം വീണ്ടും നിര്‍മ്മിക്കേണ്ടി വന്നു,” പൌരാറ്റാ ഗോത്ര നേതാക്കളിലൊരാളായ സിരിലോ സുറ്റാരോടി (94) ഒരുകൂട്ടം ഓസ്ട്രേലിയന്‍ പരിസ്ഥിതി ശാസ്ത്രജ്ഞരോട് പറഞ്ഞു. വടക്കുകിഴക്കന്‍ ഓസ്ട്രേലിയയിലെ, അഗ്നിപര്‍വ്വതങ്ങളും പവിഴപ്പുറ്റുകളും നിറഞ്ഞ സോളമന്‍ ദ്വീപുകളിലാണ് ഇതുണ്ടായത്. അവിടത്തെ കടല്‍ ആ തീരത്തെയും, ഒരുകൂട്ടം ഗവേഷകരുടെ അഭിപ്രായത്തില്‍ കരയെ തന്നെയും, വിഴുങ്ങുകയാണ്,

എന്‍വയോണ്‍മെന്‍റല്‍ റിസര്‍ച്ച് ലെറ്റേഴ്സ് (Environmental Research Letters) ജേര്‍ണലില്‍ കടല്‍ നിരപ്പിലെ ഈ വര്‍ധനവിന് കാരണമായി ഗവേഷകര്‍ പറയുന്നതു മനുഷ്യര്‍ മൂലം ഉണ്ടായ കാലാവസ്ഥ വ്യതിയാനമാണ്. സോളമന്‍ ദ്വീപുകളുടെ തീരങ്ങള്‍ കടലെടുത്തു പോകുന്നതിനെ പറ്റി  ആഗോള താപനത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്ന ആദ്യത്തെ പഠനമാണ് ഇതെന്ന് അവര്‍ പറയുന്നു.

സുറ്റാരോടിയെ പോലെയുള്ള നൂറുകണക്കിനാളുകള്‍ താമസിക്കുന്ന തീരദേശ ഗ്രാമങ്ങള്‍- അവരുടെ കുടുംബ വേരുകള്‍ക്ക് ഒരു നൂറ്റാണ്ടോളം പഴക്കം കാണും- ഉയര്‍ന്ന സ്ഥലങ്ങള്‍ നോക്കി ചെറിയ കൂട്ടങ്ങളായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ പഠനം പുറത്തു വന്നിരിക്കുന്നത്. നുവാടാമ്പു ദ്വീപിലെ 11 വീടുകള്‍ കടലെടുത്തു. “12 വീടുകള്‍ ശേഷിക്കുന്നുണ്ട്,” പഠനം നടത്തിയവരിലൊരാളും ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ സിവില്‍ എഞ്ചിനീയറുമായ സൈമണ്‍ ആല്‍ബര്‍ട് വാഷിംഗ്ടന്‍ പോസ്റ്റിനയച്ച ഈ-മെയിലില്‍ പറഞ്ഞു. “അവിടെ നിന്നു ഒഴിഞ്ഞുപോയ കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് അടുത്തുള്ള വലിയ ദ്വീപായ ചോയിസിയൂളിലാണ്. ഒരിക്കല്‍ ഒരു സമൂഹമായി ജീവിച്ച ഇവര്‍ ഇന്ന് അഞ്ചു ചെറിയ കൂട്ടങ്ങളാണ്.”

സിഡ്നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നതനുസരിച്ച് കാലാവസ്ഥാ വ്യതിയാനം മൂലം ജനങ്ങള്‍ ഒഴിഞ്ഞുപോയ ഭൂമിയിലെ ആദ്യത്തെ തലസ്ഥാന നഗരമായേക്കാം സോളമന്‍ ദ്വീപുകളുടെ വടക്കുപടിഞ്ഞാറുള്ള ടാരോ ഐലണ്ട്. ജനസാന്ദ്രതയുള്ള പവിഴ ദ്വീപാണിത്. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായ ബാന്‍-കി-മൂണ്‍ സോളമന്‍ ദ്വീപുകളും അതിനടുത്തുള്ള കിരിബാതിയും സന്ദര്‍ശിച്ചപ്പോള്‍ മുഴുവന്‍ ജനക്കൂട്ടവും പട്ടണം വിടാനൊരുങ്ങുന്ന കാഴ്ചയാണ് കണ്ടത്. (2014ലെ അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ പറയുന്നതനുസരിച്ച് അദ്ദേഹം താമസിച്ച ഹോട്ടല്‍ മുറി ജീവന്‍രക്ഷാ സംവിധാനങ്ങളോടു കൂടിയതായിരുന്നു.)

ആറു പ്രധാന ദ്വീപുകളും ആയിരത്തോളം അല്ലാത്ത ഭാഗങ്ങളും ഉള്‍പ്പെട്ട സോളമന്‍ ദ്വീപുകള്‍ പസിഫിക് ദ്വീപസമൂഹങ്ങളിലെ ഏറ്റവും ആള്‍പ്പാര്‍പ്പ് കുറഞ്ഞ രാജ്യമാണ്. 10,000 സ്ക്വയര്‍ മൈല്‍ വിസ്തീര്‍ണ്ണത്തിനുള്ളില്‍ അഞ്ചു ലക്ഷത്തോളം മാത്രം. എന്നിട്ടു പോലും സുരക്ഷിതമായ താമസസ്ഥലം കണ്ടെത്തുക എന്നത് സോളമന്‍ ദ്വീപില്‍ പലര്‍ക്കും ഇന്നൊരു വെല്ലുവിളിയാണ്.

“വലിയ അഗ്നിപര്‍വ്വതങ്ങള്‍ നിറഞ്ഞ ഭാഗത്തേയ്ക്ക് ആള്‍ക്കാര്‍ക്ക് മാറാവുന്നതാണ്. എന്നാല്‍ അതും ടെന്‍ഷനുള്ള കാര്യമാണ്. അവിടത്തെ ഭൂമിയുടെ മുക്കാല്‍ഭാഗവും നിയന്ത്രിക്കുന്നത് പരമ്പരാഗത ഉടമകളാണ്. അതുകൊണ്ട് ഒരു ഗ്രൂപ്പിലെ ആള്‍ക്കാരെ മറ്റുള്ളവരുടെ ഭൂമിയിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത് വംശീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നു,” ആല്‍ബര്‍ട്ട് എഴുതുന്നു. നുവാടാമ്പുവിലെ പലര്‍ക്കും അവിടെ നിന്നു പോകണമെന്നുണ്ട്, എന്നാല്‍ അതിനുള്ള മാര്‍ഗ്ഗമില്ല.

മുന്‍പുള്ള പഠനങ്ങള്‍ കാണിക്കുന്നത് കടല്‍ നിരപ്പ് ഉയരുന്നതു തീരപ്രദേശങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും പവിഴ ദ്വീപുകളെയോ മറ്റ് ദ്വീപുകളെയോ തല്‍ക്കാലം ബാധിക്കുന്നില്ല എന്നാണ്. 2014ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ചലിക്കുന്ന പവിഴ ദ്വീപുകള്‍ സ്ഥിരമായി ഒഴുക്കിലാണ്. അവയ്ക്കു മണല്‍ നിറഞ്ഞ ഉപരിതലം വെള്ളത്തില്‍ പൊന്തിച്ചു നിര്‍ത്താനാകും. ആല്‍ബര്‍ട്ടും സഹപ്രവര്‍ത്തകരും മുങ്ങിപ്പോയ 11 ദ്വീപുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതില്‍ അഞ്ചെണ്ണം പൂര്‍ണ്ണമായും മുങ്ങി; ആറെണ്ണത്തില്‍ വളരെ ഉയര്‍ന്ന തോതില്‍ മണ്ണൊലിപ്പ് ഉണ്ടായിട്ടുണ്ട്.

ദ്വീപുകളുടെ നാശത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ പോലും മറികടക്കുന്ന ഘടകങ്ങള്‍ ഉണ്ടാകാം: പ്ലെയ്റ്റ് ടെക്ടോണിക്സ് (plate tectonics), ചുഴലിക്കാറ്റ് (hurricanes), തിരമാലകള്‍, മനുഷ്യ നിര്‍മ്മിതങ്ങളായ കടല്‍ ഭിത്തികള്‍ തുടങ്ങിയയാണ് ആല്‍ബര്‍ട്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടില്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലങ്ങള്‍ക്കാണ് ഊന്നല്‍ കൊടുക്കുന്നത്. ആല്‍ബര്‍ട്ട് പറയുന്നത് “സോളമന്‍ ദ്വീപുകളില്‍ ഞങ്ങള്‍ നടത്തിയ  പഠനത്തിന്‍റെ പ്രത്യേകത ഇവ മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളാണ് എന്നതാണ്,” നുവാടാമ്പു ഒഴികെ. (അവിടെ ഇപ്പോള്‍ താമസിക്കുന്നവര്‍ വീടുണ്ടാക്കുന്നത് കൈ കൊണ്ട് കല്ലുകള്‍ പെറുക്കി വച്ച് ചുവരുകള്‍ കെട്ടിയാണ്. മണ്ണൊലിപ്പ് അതുമൂലം കുറയുമെന്ന് കരുതാന്‍ വയ്യ.)

മാത്രമല്ല, ഈ പഠനപ്രകാരം കടല്‍നിരപ്പില്‍ ഉണ്ടായ വര്‍ദ്ധനവ് ഒരു ഇഞ്ചിന്‍റെ നാലിലൊന്നു മുതല്‍ അഞ്ചില്‍ രണ്ടു വരെയാണ്- ആഗോള ശരാശരിയുടെ മൂന്നിരട്ടി. ധ്രുവ പ്രദേശത്തെ ഗ്ലേസിയറുകള്‍ ഉരുകുന്നത് മൂലം എത്തുന്ന അധികജലം വര്‍ഷംതോറും ജലനിരപ്പില്‍ ഉണ്ടാക്കുന്ന വര്‍ദ്ധനവ് മിക്കസ്ഥലങ്ങളിലും ഒരു ഇഞ്ചിന്‍റെ വളരെ ചെറിയൊരംശം മാത്രമാണ്. എന്നാല്‍ ഗ്രീന്‍ലാന്‍ഡിലെയും അന്‍റാര്‍ട്ടിക്കയിലെയും മഞ്ഞുപാളികള്‍ ഉരുകി സമുദ്രത്തിലെത്തിയാല്‍ 2100ഓടെ കടല്‍ നിരപ്പ് 49 അടി വരെ ഉയരാം.

സോളമന്‍ ദ്വീപുകളുടെ പുരാതനമായുള്ള തെളിവുകളും ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ 33 പവിഴ ദ്വീപുകളുടെ ഒരു കൂട്ടത്തിന് 1947 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഉണ്ടായ മാറ്റങ്ങള്‍ രേഖപ്പെടുത്തി. തിരമാലകളുടെ ശക്തി കൂടുതലുള്ള വടക്കുഭാഗത്ത് ദ്വീപുകള്‍ കടലെടുക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. ആ ഭാഗത്തെ ദ്വീപുകളുടെ ഘടന വെറും തരിശ് മണ്ണു മാത്രമല്ല.

മുങ്ങിപ്പോയ അഞ്ചു ദ്വീപുകളിലും ഒരുകാലത്ത് സസ്യങ്ങള്‍ വളര്‍ന്നിരുന്നു. ചില ഭാഗങ്ങളില്‍ അവ 300 വര്‍ഷങ്ങള്‍ക്ക് മുന്‍പു മുതല്‍ നിലനിന്നിരുന്നു. “ആ ദ്വീപുകള്‍ ഉഷ്ണമേഖലാ വനങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നവയായിരുന്നു. പനകള്‍, sheoak (Casuarinaceae), കണ്ടല്‍ വൃക്ഷങ്ങള്‍, pandanus തുടങ്ങിയവ,” ആല്‍ബര്‍ട്ട് എഴുതുന്നു. കടലെടുത്തു പോകാത്തതായി ആകെ അവശേഷിക്കുന്നത് പച്ചപ്പില്ലാത്ത മരക്കുറ്റികള്‍ മാത്രമാണ്. അസ്ഥികൂടത്തിലെ വിരലുകള്‍ എന്ന പോലെ സ്വര്‍ഗത്തിലേയ്ക്ക് ചൂണ്ടുന്ന അവശിഷ്ടങ്ങള്‍.

കാലാവസ്ഥാ വ്യതിയാനം മൂലം സോളമന്‍ ദ്വീപുകളില്‍ കനത്ത വെള്ളപ്പൊക്കങ്ങളുണ്ടായി. 2014 ഏപ്രിലില്‍ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ 31 പേര്‍ മരിച്ചതായി കണ്ടെത്തി. ശക്തമായ മഴയില്‍ കരയിടിഞ്ഞു മരിച്ചത് 21 പേരാണ്. ശേഷമുണ്ടായ പകര്‍ച്ചവ്യാധികള്‍ മൂലമാണ് 10 കുട്ടികള്‍ മരിച്ചത്.

നശിപ്പിക്കാന്‍ മുതിര്‍ന്നു നില്‍ക്കുന്ന കടലിനെ അഭിമുഖീകരിക്കുന്ന വേറെയും പസിഫിക് ദ്വീപു രാഷ്ട്രങ്ങളുണ്ട്. ഒരിക്കല്‍ അമേരിക്ക ആണവായുധ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള മാര്‍ഷല്‍ ദ്വീപുകളില്‍ ശക്തമായ തിരമാലകള്‍ മൂലം കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കാലാവസ്ഥാ മാറ്റങ്ങള്‍ കൊണ്ട് ഉണ്ടായ ദുരന്തത്തില്‍ പലായനം ചെയ്യേണ്ടി വന്നിട്ടുള്ള ആദ്യത്തെ ജനത 2014ലെ ടുവാളു ദ്വീപ് അഭയാര്‍ത്ഥികളായിരിക്കും. മയാമി ബീച്ചുകളില്‍ ഇപ്പോള്‍ സ്ഥിരമായി വെള്ളപ്പൊക്കം ഉണ്ടാകുന്നു. ഇത്തരം തീരദേശ നഗരങ്ങളും അപകട ഭീഷണിയിലാണ്. ഭൂമിയുടെ താപനില 7 ഡിഗ്രി ഫാരന്‍ഹീറ്റ് ഉയര്‍ന്നാല്‍ 76 കോടി ജനങ്ങളുടെ വീടുകള്‍ കടലെടുത്തു പോകും.

സോളമന്‍ ദ്വീപുകളില്‍ സമുദ്രനിരപ്പിനു കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ഉണ്ടായ വര്‍ദ്ധനവ് വളരെ വലുതായിരുന്നു, അത് തുടരണമെന്നില്ല. “കാര്യങ്ങളില്‍ കുറഞ്ഞ സമയം കൊണ്ട് സ്ഥിരത ഉണ്ടാകാം,” ആല്‍ബര്‍ട്ട് പറഞ്ഞു. ഇപ്പോളത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാലും ഭാവിയെ കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നവയാണ്. “ഇപ്പോള്‍ നമ്മള്‍ സോളമന്‍ ദ്വീപുകളില്‍ കണ്ട വര്‍ദ്ധനവ് ഈ നൂറ്റാണ്ടിന്‍റെ അടുത്ത പകുതിയില്‍ ലോകമെങ്ങും ഉണ്ടാകും.”

മുങ്ങിപ്പോയ ഈ ദ്വീപുകള്‍ വരാനിരിക്കുന്നതിന്‍റെ സൂചനയാണെന്ന് അദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍