UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പദ്മ പുരസ്‌കാരം; മുരളി മനോഹര്‍ ജോഷിയെ പിന്നീട് തിരുകിക്കയറ്റിയതെന്ന് റിപ്പോര്‍ട്ട്

ശരദ് പാവാറിന്റെയും പേര് വന്നതും അവസാന നിമിഷം; ധോണിയേയും തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈനേയും തഴയുകയായിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി, തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന്‍, വിവാദ ആധ്യാത്മിക നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് എന്നിവരെ ഈ വര്‍ഷത്തെ പദ്മ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തിരുന്നെങ്കിലും സര്‍ക്കാര്‍ ഈ പേരുകള്‍ വെട്ടുകയായിരുന്നുവെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം രാജ്യത്തെ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പദ്മ വിഭൂഷണന്‍ നേടിയ ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവരുടെ പേരുകള്‍ പദ്മ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശങ്ങളില്‍ ആദ്യം ഉണ്ടായിരുന്നില്ലെന്നും പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നു തന്നെ തങ്ങള്‍ക്കു വിവരം കിട്ടിയതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പവാറിനെയും ജോഷിയേയും പൊതുകാര്യപ്രവര്‍ത്തകര്‍ എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് ഇരുവര്‍ക്കും പുരസ്‌കാരം നല്‍കുന്നത്. സര്‍ക്കാരിന്റെ വിവേചനാധികരം വഴിയാണു ജോഷിക്കും പവാറിനും പുരസ്‌കാരം നല്‍കിയിരിക്കുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരെയും ആരാണു നാമനിര്‍ദേശം ചെയ്തിരിക്കുന്നതെന്നും പറയുന്നില്ല.

 

ധോണിക്കും സാക്കിര്‍ ഹുസൈനും പുറമെ മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമി, ബിജു ജനതാദള്‍ എം പി ബൈജയന്ത് പാണ്ട സംഗീത സംവിധായകന്‍ അനു മാലിക്ക് എന്നിവരുടെ നാമനിര്‍ദേശവും സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം നാമനിര്‍ദേശം എന്തുകൊണ്ട് നിരാകരിച്ചു എന്നതിനു കാരണങ്ങളൊന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

ഈവര്‍ഷം 89 പേര്‍ക്കാണു പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഏഴുപേര്‍ക്ക് പദ്മ വിഭൂഷണും ഏഴുപേര്‍ക്ക് പദ്മഭൂഷണും 75 പേര്‍ക്ക് പദ്മശ്രീയും ലഭിച്ചു.

ദേര സച്ച സൗദ നേതാവു കൂടിയായ റാം റഹീം സിംഗിനാണു ഏറ്റവും കൂടുതല്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ചത്. 1986 ലെ വിമാനറാഞ്ചലില്‍ രക്തസാക്ഷിയായ നീരജ ഭാനോട്ടിന്റെ പേരും പദ്മ പുരസ്‌കാരത്തിനു നിര്‍ദേശിക്കപ്പെട്ടിരുന്നു. ചണ്ഡിഗഡില്‍ നിന്നുള്ള ബിജെപി എംപി കിറോണ്‍ ഖേര്‍ ആണു നീരജയുടെ പേരു നിര്‍ദേശിച്ചത്.

കാബിനറ്റ് സെക്രട്ടറി, രാഷട്രപതിയുടെ സെക്രട്ടറി, പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ചലച്ചിത്രതാരം വഹീദ റഹ്മാന്‍, മാധ്യമപ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവുമായ ഡോ. ഹരിവംശ്, രാഷ്ട്രീയവിശകലന വിദഗ്ദനായ എസ് ഗുരുമൂര്‍ത്തി, ബാഡ്മിന്റന്‍ കോച്ച് പുല്ലേല ഗോപിചന്ദ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണു നാമനിര്‍ദേശ പട്ടിക പരിശോധിച്ച് അന്തിമ ലിസ്റ്റ് ഉണ്ടാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍