UPDATES

ട്രെന്‍ഡിങ്ങ്

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടന്നത് വന്‍ സ്വര്‍ണക്കടത്ത്; നഷ്ടപ്പെട്ടത് 186 കോടിയുടെ സ്വര്‍ണം

ക്ഷേത്രഭൂമിയും കൈയേറിയെടുത്തിരിക്കുന്നു

തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിലെ സമ്പത്തില്‍ വന്‍ ക്രമക്കേടു നടന്നതായി അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം. ക്ഷേത്രത്തില്‍ നിന്നും 776 കിലോ സ്വര്‍ണം കാണാതായെന്നും അമിക്കസ് ക്യൂറി സുപ്രിം കോടതിയില്‍ ബോധിപ്പിച്ചു. സിബിഐ ഡയറക്ടര്‍ അധ്യക്ഷനായുള്ള പ്രത്യേക സംഘത്തെക്കൊണ്ട് ഈ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിപ്പിക്കണമെന്നും ഗോപാല്‍ സുബ്രഹ്മണ്യം കോടതിയോട് ആവശ്യപ്പെട്ടു. അതുപോലെ ക്ഷേത്രത്തിന്റെ സ്ഥലം അന്യാധീനപ്പെട്ടുപോയതിനെ കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. എന്നാല്‍ ഈ കാര്യങ്ങള്‍ പിന്നീട് പരിശോധിക്കാമെന്നാണു സുപ്രിം കോടതി വ്യക്തമാക്കിയത്.

ഇന്നലെ സുപ്രീം കോടതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. അമിക്കസ് ക്യൂറിയും സുപ്രീം കോടതി നിയോഗിച്ച സെപ്ഷ്യല്‍ ഓഡിറ്റര്‍ വിനോദ് റായിയുടെയും കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാനകാര്യങ്ങള്‍ ഇവയാണ്;

ഏകദേശം 186 കോടി രൂപ വിലവരുന്ന 776 കിലോ തൂക്കമുള്ള 769 സ്വര്‍ണക്കുടങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും കാണാതായിട്ടുണ്ട്. 887 കിലോ സ്വര്‍ണം ഉരുക്കിയപ്പോള്‍ 624 കിലോ മാത്രമാണ് കിട്ടിയത്. 263 കിലോ നഷ്ടമായിരിക്കുന്നു. ഒരുകാലത്തും ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണക്കെടുത്തിട്ടില്ല. ഇക്കാര്യം ഇന്റേണല്‍ ഓഡിറ്റര്‍ തന്നെ സമ്മതിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ സൂക്ഷിച്ചിട്ടില്ല. 2001-02 മുതല്‍ 2008-09 വരെയുള്ള ആദായ നികുതി റിട്ടേണ്‍ നല്‍കിയിട്ടില്ല. ക്ഷേത്രത്തിലെ ചെലവുകള്‍ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ഇല്ല. സ്ഥാവര വസ്തുക്കളുടെ തോതുമില്ല. ക്ഷേത്രത്തിന്റെ ശ്രീകാര്യം ഓഫിസില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണലോക്കറ്റുകളുടെ കണക്ക് സൂക്ഷിച്ചിട്ടില്ല. ക്ഷേത്രത്തിന്റെതായി രേഖകളിലുള്ളത് 5.72 ഏക്കര്‍ സ്ഥലമാണ്. എന്നാല്‍ കൈവശമുള്ളത് അതിലും കുറവ് സ്ഥലമാണ്. പാഞ്ചജന്യം കല്യാണ മണ്ഡപത്തിനായി വകയിരുത്തിയത് 1.82 ഏക്കറാണ്. കൈവശമുള്ളത് 0.62 ഏക്കറും.

അതേസമയം ബി നിലവറ തുറന്നു പരിശോധിക്കാമെന്ന അഭിപ്രായം സുപ്രീം കോടതി നിരാകരിച്ചു. ബി നിലവറ തുറക്കുന്നത് തത്കാലം പരിഗണനയില്‍ ഇല്ലെന്നാണു സുപ്രീം കോടതി അവര്‍ത്തിച്ചത്. പത്മതീര്‍ത്ഥം, മിത്രാനന്ദകുളം, ക്ഷേത്രം ശ്രീകോവില്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള വിദഗ്ദ സംഘത്തിന്റെ പട്ടിക തയ്യാറാക്കാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കുളങ്ങള്‍ പരമ്പരാഗത രീതികള്‍ കണക്കിലെടുത്തുവേണം നവീകരിക്കാനെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ നീന്തല്‍കുളങ്ങള്‍പോലെയാകരുതെന്നും കോടതി ഓര്‍മപ്പെടുത്തി.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ എന്‍ സതീഷിനെ മാറ്റണമെന്ന് രാജകുടുംബവും ക്ഷേത്രം ട്രസ്റ്റും കോടതിയോട് ആവശ്യപ്പെട്ടെങ്കിലും ഈ കാര്യത്തില്‍ ഒന്നും പറയാന്‍ കോടതി തയ്യാറായില്ല. ക്ഷേത്രത്തിനായി രാജകുടുംബം ചെയ്ത സേവനങ്ങളുടെ ചരിത്രം അവരുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ അമിക്കസ് ക്യൂറി ഇതിനു മറുപടിയായി പറഞ്ഞത് കാലം മാറിയെന്നും ക്ഷേത്രത്തെ സ്വകാര്യസ്വത്തായി കാണാന്‍ ആവില്ലെന്നുമായിരുന്നു. കോടതി കരുതുന്നതുപോലെയല്ല, അധികാരത്തിനുള്ള പോരാണ് നടക്കുന്നതെന്നും കാര്യങ്ങള്‍ സങ്കീര്‍ണമാണന്നും അദ്ദേഹം വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍