UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത് ട്രാഫിക് വാര്‍ഡന്‍ പദ്മിനിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുമ്പോള്‍

Avatar

അഥീന

“ഇതിലെന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല. കേസ് ഞാന്‍ ഇതുവരെ ഒത്തുതീര്‍പ്പാക്കിയിട്ടില്ല. പക്ഷെ ഏത് കോടതിയിലാണ് എന്താണ് അവസ്ഥയെന്ന് എനിക്ക് അറിയില്ല.” അമ്പരപ്പോടെയാണ് പദ്മിനി ചോദ്യത്തിന് മറുപടി പറഞ്ഞത്.

ഒറ്റയ്ക്ക് ജോലി ചെയ്ത് ജീവിക്കുന്ന പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച സാധാരണക്കാരിയായ ഒരു ദളിത് സ്ത്രീയെ ഏറ്റെടുക്കാനോ, അവര്‍ക്ക് നീതി ലഭ്യമാക്കാനോ സ്ഥലത്തെ പ്രധാന രാഷ്ട്രീയ നേതൃത്വങ്ങളൊന്നും ഇപ്പോഴില്ല. 2013 നവംബര്‍ രണ്ടിന് നടന്ന കൈയ്യേറ്റവുമായി ബന്ധപ്പെട്ട കേസ് രണ്ട് വര്‍ഷമാകാറായിട്ടും കോടതിയില്‍ എത്തിയിട്ടില്ലെന്ന് പദ്മിനി പറയുന്നു. പ്രതിയുടെ സഹോദരന്‍ പിതാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതിന് കഴിഞ്ഞ മാസം അറസ്റ്റിലായപ്പോഴാണ് പദ്മിനിയുടെ കേസ് മിന്നായം പോലെ തെളിഞ്ഞുവന്നത്. പക്ഷെ പ്രതി വിനോഷ് വിദേശത്താണ് എന്ന ഒറ്റവരിയില്‍ മുഖ്യധാര മാധ്യമങ്ങളും അതിനു നേരെ കണ്ണടച്ചു. ഭീഷണിക്കും, സമ്മര്‍ദ്ദങ്ങള്‍ക്കും, പ്രതിസന്ധികള്‍ക്കുമിടയില്‍ തൊഴില്‍ ദാതാവായ സ്ഥാപനത്തോടും പ്രതിയുടെ ചങ്ങാതിമാരായ പോലീസുകാരോടും പൊരുതി ജീവിക്കുകയാണ് താനെന്ന് പദ്മിനി പറയുന്നു. അപ്പോള്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ബി. സന്ധ്യ ഐ.പി.എസിനും, പദ്മിനിയുടെ അഭിഭാഷകന്‍ അഡ്വ. മനു റോയ്ക്കും എതിരായി പോലും ചോദ്യങ്ങളുയരുന്നു.

സംഭവത്തെ ക്കുറിച്ച് പദ്മിനി വിവരിക്കുന്നത് ഇങ്ങനെ; 
02/11/2013 രാവിലെ 7.30 ഓടുകൂടി ഞാന്‍  ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനില്‍ എത്തി. ഒപ്പിട്ട ശേഷം കലൂര്‍ കത്രിക്കടവ് റോഡിലുള്ള സെന്‍റ്. ഫ്രാന്‍സിസ് കപ്പേള യൂ ടേണില്‍ എത്തി (8.30) ഡ്യൂട്ടി തുടങ്ങി. ഏകദേശം 10.30 ഓടുകൂടി കെ.എല്‍.07 ബിവി 4856 എന്ന നമ്പര്‍ വണ്ടി കത്രിക്കടവ് ഭാഗത്തില്‍ നിന്നും അതിവേഗത്തില്‍ വന്ന് യൂടേണ്‍ എടുത്ത് ഇന്‍ഡിക്കേറ്റര്‍ പോലും ഇടാതെ ബായ്ക്കിലോട്ട് വരുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ദീപാവലി ആയതിനാല്‍ വണ്ടികള്‍ വളരെക്കുറവായിരുന്നു. കലൂര്‍ ഭാഗത്തും നിന്നും വന്ന ഒന്ന് രണ്ട് ബൈക്കുകള്‍ ഞാന്‍ സ്ലോ ഡൌണ്‍ കൊടുത്ത് സ്റ്റോപ്പ് ചെയ്തു. ബൈക്കില്‍ വന്ന ചേട്ടന്മാര്‍ എന്നോട് പറഞ്ഞു മേഡം നിങ്ങള്‍ ഇത്ര സ്പീഡില്‍ ഒരു മുന്നറിയിപ്പും ഇല്ലാതെ വരുന്ന ഈ കാറിന്റെ നമ്പര്‍ എഴുതിക്കൊടുക്കുകയാണ് വേണ്ടതെന്ന്. കാറ് പുറകോട്ട് വന്ന സ്പീഡില്‍ തന്നെ എന്റെ ഇടതുഭാഗത്ത് കൂടി ഉള്ള റോഡിലേയ്ക്ക് കയറിപ്പോയി. ഏകദേശം പതിനൊന്നു  മണിയോടുകൂടി ഈ വണ്ടി പോയ ഭാഗത്തു നിന്ന് തന്നെ ചീറിപ്പാഞ്ഞ് വന്ന് എന്റെ പിറകില്‍ ചവിട്ടി നിര്‍ത്തുകയും ഡോര്‍ തുറന്ന് ചാടി ഇറങ്ങി എന്റെ മാറത്തടിക്കുകയും നീ എവിടെ നോക്കി നില്‍ക്കുകയാണെടീ, എന്റെ വണ്ടി ഇടിച്ചത് കണ്ടില്ലേടീ എന്ന് ആക്രോശിക്കുകയും ചെയ്തു. (ഡി.സി.സി. മെമ്പര്‍ എന്നോ മറ്റോ പറഞ്ഞായിരുന്നു ആക്രമണം) നിന്നെ ഇവിടെ നിര്‍ത്തില്ലെടീ പുലച്ചി എന്ന് അയാള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്റെ മാറത്തടിച്ച് ഉടുപ്പ് വലിച്ച് പറിച്ചപ്പോള്‍ എന്റെ യൂണിഫോമിന്റെ ബട്ടണ്‍ പൊട്ടുകയും നെയിംബോര്‍ഡ് പറിഞ്ഞ് പോകുകയും ചെയ്തു. ഉടന്‍ തന്നെ ഞാന്‍ 100 ല്‍ വിളിച്ചു സംഭവം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

പദ്മിനീ, നീ കോടതിയില്‍ ജയിച്ചു കാണിക്കണം;ബി സന്ധ്യ ഐ പി എസ് 
കേസില്‍ ആദ്യം മുതല്‍ക്ക് തന്നെ പദ്മിനിക്കെതിരായി പോലീസിന്റെ നീക്കങ്ങള്‍ സജീവമായിരുന്നു. ബി. സന്ധ്യ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാട് പോലീസ് ഉദ്യോഗസ്ഥര്‍ എടുത്തപ്പോള്‍ വികാരധീനയായി ബി. സന്ധ്യ തന്നോട് പറഞ്ഞ വാക്യം പദ്മിനി ഓര്‍മ്മിച്ചെടുക്കുന്നുണ്ട്. ‘പദ്മിനീ, നീ കോടതിയില്‍ ജയിച്ചു കാണിക്കണം. ഇവര്‍ക്കെല്ലാമുള്ള മറുപടി കോടതിയില്‍ നിന്ന് വാങ്ങി നല്‍കണം’. ആ വാക്യം പദ്മിനി മറന്നില്ല. അവര്‍ ഇന്നും ആ കേസിന് പുറകില്‍ ഉറച്ചുനില്‍ക്കുന്നു. പക്ഷെ കേസ് എവിടെയാണെന്ന ചോദ്യത്തിന്റെ ഉത്തരം അവര്‍ക്കറിയില്ല. കൊച്ചിയിലെ പ്രമുഖരും, രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രതിയുടെ കുടുംബക്കാര്‍ കേസ് അട്ടിമറിച്ചോയെന്ന സംശയം പദ്മിനിക്കുണ്ട്.

കലൂര്‍ കതൃക്കടവ് റോഡില്‍ ഡ്യൂട്ടിയിലായിരുന്ന പദ്മിനിയെ വിനോഷ് ആക്രമിച്ചുവെന്ന പരാതി ഉണ്ടാവുന്ന ദിവസം വരെ മരട് ഐ.എന്‍.ടി.യു.സി ജംഗ്ഷനിലെ ഒരു വാടകവീട്ടിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. വളരെ നിസ്സാരമായ കേസ് ചുമത്തി ആദ്യം മുതല്‍ക്കേ പ്രതിയെ സഹായിച്ചുവെന്ന് ആരോപണം നേരിട്ട പോലീസുകാര്‍ നില്‍ക്കേ തന്നെ, അവരുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ട്രാഫിക് വാര്‍ഡനെ തന്റെ വാസസ്ഥലം നഷ്ടമായി. ഉടനടി വീട് മാറണമെന്ന വീട്ടുടമയുടെ നിര്‍ദ്ദേശ പ്രകാരം കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ മറ്റൊരു വീട്ടിലേക്ക് താമസം മാറി. ‘ചോര്‍ന്നൊലിക്കുന്ന വീടായിരുന്നു. പെട്ടെന്ന് മാറേണ്ടി വന്നതിനാലാണ് അങ്ങോട്ട് പോയത്. പക്ഷെ രാത്രിയിലൊക്കെ ആരൊക്കെയോ വന്ന് വാതിലില്‍ മുട്ടും. ഭയന്നാണ് കഴിഞ്ഞത്. ഇവിടെ നിന്ന് പിന്നീട് കൂനംതൈയിലേക്ക് താമസം മാറി. ആദ്യദിവസങ്ങളില്‍ പ്രശ്‌നമൊന്നും ഉണ്ടായില്ല. പക്ഷെ പിന്നെ പിന്നെ പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചു. രാത്രിയായാല്‍ വാതിലില്‍ മുട്ടും, വഴിയില്‍ നിന്ന് ചീത്ത വിളിയുമെല്ലാമായപ്പോ വീടൊഴിയാന്‍ ഉടമ പറഞ്ഞു.’

പിന്നീടങ്ങോട്ട് ഇതു തന്നെ ആവര്‍ത്തിച്ചു. ഒന്നും രണ്ടുമല്ല, പതിനഞ്ച് വീടുകള്‍ പിന്നെയും മാറി. താമസം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ നിന്ന് മാറാന്‍ പറയും. അധികം സാധനങ്ങള്‍ ഒന്നുമില്ലാത്തതിനാലും, ഒറ്റയ്ക്കായതിനാലും താമസം മാറി മാറി വന്നു. ഇതിനിടയിലാണ് ബി. സന്ധ്യയുടെ  നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ നടപടികള്‍ നടന്നത്. പോലീസുകാരെയും, പ്രതിയെയും, വാദിയെയും മാറി മാറി ചോദ്യം ചെയ്തു. ഒടുവില്‍ കേസ് കൂടുതല്‍ ദുര്‍ബലമാകുന്നുവെന്ന് കണ്ടപ്പോള്‍ പരാതിക്കാരിയോട് കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ പറഞ്ഞു. അങ്ങനെയാണ്, രവിപുരത്തെ ജില്ലാ കോടതിയില്‍ പദ്മിനി എത്തുന്നതും രഹസ്യമൊഴി നല്‍കുന്നതും. ശേഷം പിന്നീട് തന്റെ പരാതി എന്തായെന്നറിയാന്‍ പദ്മിനി പല വഴികള്‍ കയറിയിറങ്ങി.

ഞാന്‍ ഒത്തുതീര്‍പ്പിന് നില്‍ക്കാതെ എങ്ങനെ കേസ് തീരും?
‘പരാതി വലിയ വാര്‍ത്തയായ സമയത്ത് വക്കീലിനെ കാണാന്‍ എല്ലാവരും എന്നോട് പറഞ്ഞിരുന്നു. എനിക്ക് ആരെയും അറിയില്ലായിരുന്നു. ഈ സമയത്താണ് അഡ്വ. മനു റോയ് എന്റെ കൂടെ ജോലി ചെയ്യുന്ന മറ്റ് വാര്‍ഡന്മാരോട് അന്വേഷിച്ച് എന്റെ നമ്പര്‍ കണ്ടെത്തി എന്നെ വിളിക്കുന്നത്. കെ.എം റോയ് സാറിന്റെ മകനാണ്, നല്ല വക്കീലാണ് എന്ന് പോലീസുകാരില്‍ വിനോഷിന്റെ ആള്‍ക്കാര്‍ അല്ലാത്തവര്‍ പറഞ്ഞു തന്നു. അങ്ങിനെ കേസിന്റെ വക്കാലത്ത് മനു സാര്‍ ഏറ്റെടുത്തു. പക്ഷെ രഹസ്യമൊഴി കഴിഞ്ഞ് പിന്നീടൊന്നും അറിയാതായപ്പോള്‍ ഒന്നു രണ്ടു വട്ടം ഞാന്‍ വക്കീലിനെ ബന്ധപ്പെട്ടിരുന്നു. അപ്പോ ചിലപ്പോ വക്കീല്‍ പറയും ഞാന്‍ ഡ്രൈവ് ചെയ്യുകയാണ് പദ്മിനീ തിരിച്ച് വിളിക്കാംന്ന്. വിളിക്കൂല. പിന്നെം ശ്രമിച്ചാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഫോണ്‍ എടുത്തത്. എന്റെ കേസെന്തായി സാറേ, അതില്‍ പിന്നെ ഒന്നും ആയില്ലല്ലോന്ന് ഞാന്‍ ചോദിചപ്പോ, എന്നോട് പറഞ്ഞത്, അതൊക്കെ ആയി വരാന്‍ കുറച്ച് സമയമെടുക്കും പദ്മിനീ. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ നമുക്ക് വിവരം ലഭിക്കും. പദ്മിനി പേടിക്കണ്ട എന്നൊക്കെയാണ്.’

‘പിന്നെയും കുറേ ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാതിരുന്നപ്പോ, അഞ്ചാറ് മാസം മുന്‍പ് ഞാന്‍ ഒന്നൂടെ വക്കീലിനെ വിളിച്ചാര്ന്നു. അപ്പോള്‍ പറഞ്ഞത്, കോടതീല്‍ന്ന് അറിയിപ്പൊന്നും വന്നിട്ടില്ല. അറിയിപ്പ് വന്നാല്‍ പദ്മിനിയെ അറിയിക്കും എന്നൊക്കെ പറഞ്ഞു. എനിക്കിതൊന്നും അറിയില്ലല്ലോ. അതിന്റിടയിലാണ് മോള്‍ക്ക് കല്യാണാലോചന വന്നത്. അവളെ ബന്ധുക്കളുടെ വീട്ടിലെല്ലാമാക്കിയാണ് നോക്കിയത്. പ്രശ്‌നത്തിന്റെ എല്ലാം ഇടയില്‍ അവളുടെ കല്യാണം വേഗം നടത്തി. ആ തിരക്കില്‍ എനിക്ക് കേസിന്റെ കാര്യം ചോദിക്കാനും പറ്റിയില്ല. ജൂലായ് 19 നായിരുന്നു അവളുടെ കല്യാണം. ആ തിരക്കിനിടയിലാണ് വിനോഷിന്റെ അനിയന്‍ അച്ഛനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തൂന്ന് വാര്‍ത്ത കണ്ടത്. വിനോഷ് വിദേശത്ത് പോയീന്നും വാര്‍ത്തേല് കണ്ടു. ഞാന്‍ വിചാരിച്ച് ഇതെങ്ങനെ പോവാന്‍ പറ്റുംന്ന്. അപ്പോ എല്ലാരും പറഞ്ഞു കേസ് തീര്‍ന്നാലെ പോകാന്‍ പറ്റൂ. കേസ് തീര്‍ന്നിട്ടുണ്ടാവുംന്ന്’


‘ഞാന്‍ കേസ് ഒത്തുതീര്‍പ്പിനൊന്നും നിന്നിട്ടില്ല. അങ്ങനെയാണെങ്കില്‍ ഇപ്പഴും അവര് എന്തിനാ എന്നെ ദ്രോഹിക്കുന്നത്. എന്നെ ജോലീന്ന് പിരിച്ചുവിടാന്‍ നോക്കി. താമസ സ്ഥലം മാറ്റി. ജോലി ചെയ്യുന്ന സ്ഥലത്ത്ന്ന് എന്നെ ആക്രമിച്ചു. എല്ലാം ചെയ്തില്ലേ. ഞാന്‍ വീണ്ടും വക്കീലിനെ വിളിച്ചു ചോദിച്ചപ്പോ വക്കീലും എന്നോട് പറഞ്ഞത് അത് തന്നെ. അതെങ്ങിനെയാ പദ്മിനീ കേസ് പദ്മിനി അറിയാതെ ഒത്തുതീര്‍ക്കുക എന്ന്? ഞാനും കരുതി അത് ശരിയാണല്ലോയെന്ന്. കല്യാണത്തിന്റെ തിരക്കൊക്കെ ഉള്ളപ്പോ തന്നെ ഒരു ദിവസം ഞാന്‍ അവധിയെടുത്ത് രവിപുരത്തെ കോടതീല് പോയി. എന്റെ കേസ് എന്തായി എന്ന് അറിയാന്‍. അവിടെ അന്വേഷിച്ചപ്പോ ഈ വര്‍ഷം ഫെബ്രുവരി 21 ന് കേസ് എറണാകുളം സി.ജെ.എം കോടതീലേക്ക് മാറ്റീന്ന് പറഞ്ഞു. അന്നും ഞാന്‍ വക്കീലിനെ വിളിച്ചിരുന്നു. അപ്പോ ഡ്രൈവിംഗിലാ പിന്നെ വിളിക്കാന്ന് പറഞ്ഞു. എന്നിട്ട് ഞാന്‍ കലൂരിലെ സി.ജെ.എം കോടതീല്‍ പോയി അന്വേഷിച്ചു. പക്ഷെ അവിടെ അങ്ങനെ ഒരു കേസേ ഇല്ലാന്ന് പറഞ്ഞു.’– പദ്മിനി പറഞ്ഞു നിര്‍ത്തി.

പ്രതിയുടെ പേരില്‍ ചുമത്തിയിട്ടുള്ളത് ദുര്‍ബലമായ കുറ്റങ്ങള്‍
വളരെ ദുര്‍ബലമായ കുറ്റങ്ങള്‍ മാത്രമാണ് പ്രതിയുടെ പേരില്‍ ചുമത്തിയിട്ടുള്ളതെന്നാണ് പദ്മിനിയുടെ അഭിഭാഷകനായ അഡ്വ. മനു റോയ് പറഞ്ഞത്. ‘പ്രതി വിദേശത്താണെന്ന് പത്രത്തില്‍ വായിച്ച അറിവ് മാത്രമേ ഉള്ളൂ. പ്രത്യേക അന്വേഷണ സംഘം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമേ കോടതി നടപടികള്‍ ആരംഭിക്കൂ. നിലവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഒരു വിവരവും കോടതിയില്‍ നിന്ന് ലഭിച്ചിട്ടില്ല. അതേസമയം പ്രതി വിദേശത്താണെങ്കില്‍ അത് വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്.’ അഡ്വ. മനു റോയ് ചൂണ്ടിക്കാട്ടി.

കേസിന്റെ ആദ്യ ഘട്ടം മുതല്‍ പ്രതിയെ സഹായിക്കാന്‍ ശ്രമിച്ച പോലീസ്, പ്രതിക്ക് വിദേശത്തേക്ക് കടക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുത്തതാവാമെന്ന സംശയവും പദ്മിനിക്കുണ്ട്. എന്നാല്‍ ഒന്നര വര്‍ഷമായും കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതിരിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമാണെന്ന് പദ്മിനി ഉറപ്പിച്ച് പറയുന്നു. ആദ്യം പദ്മിനിയ്ക്ക് പിന്തുണയുമായി വന്ന സി.പി.എമ്മും, പിന്നീടെത്തിയ ബി.ജെ.പി യും ആം ആദ്മി പാര്‍ടിയിലേക്ക് പദ്മിനി നീങ്ങിയതോടെ പ്രതിഷേധത്തിന്റെ സ്വരം ഒന്നു മയപ്പെടുത്തി, പിന്നീട് അത് തീര്‍ത്തും ഇല്ലാതായി. ഇപ്പോള്‍ പദ്മിനിയെന്ന ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സ്ത്രീ തന്റെ 1289 നമ്പര്‍ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പിടിച്ച് അന്ധാളിപ്പോടെയാണ് ഇരിക്കുന്നത്. എടാ പോടാ വിളിക്കാന്‍ പാടില്ലാത്ത പോലീസില്‍ നിന്ന് ഇപ്പോഴും അവര്‍ നീതി പ്രതീക്ഷിക്കുന്നു.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് അഥീന)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍