UPDATES

ബീഹാറിലെ സമ്പൂര്‍ണ്ണ മദ്യ നിരോധനം പട്ന ഹൈക്കോടതി റദ്ദാക്കി

അഴിമുഖം പ്രതിനിധി 

ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ മദ്യ നിരോധനം പട്ന ഹൈക്കോടതി റദ്ദാക്കി. മദ്യ നിരോധന നയം പൂര്‍ണ്ണമായും പരാജയമാണ് എന്നും നിയമ വിരുദ്ധമാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റെ തീരുമാനം പൗരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നും ഇഷ്ടമുള്ളതെന്തും കുടിക്കാനും കഴിക്കാനുമുള്ള സ്വാതന്ത്ര്യത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി ഒരു വിമുക്ത ഭടന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ബീഹാര്‍ ഹൈക്കോടതിയുടെ ഈ തീരുമാനം. ബീഹാര്‍ ഹോട്ടല്‍ മുതലാളിമാരും, ബാര്‍ മുതലാളിമാരുടെ സംഘടനകളും മദ്യം നിരോധനം പിന്‍വലിക്കണം എന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയിരുന്നു.

നിതീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു സമ്പൂര്‍ണ്ണ  മദ്യം നിരോധനം. 2015 നവംബര്‍ 26ന് ബീഹാറില്‍ സംമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കും എന്ന് പ്രഖ്യാപിക്കുകയും 2016  ഏപ്രില്‍ ഒന്ന് മുതല്‍ നിയമം നിലവില്‍ വരുത്തുകയും ചെയ്തു. എന്നാല്‍ മദ്യ നിരോധനം നടപ്പിലാക്കിയ ശേഷം ബീഹാറില്‍ കള്ളവാറ്റ് സുലഭാമാകുകയും മദ്യദുരന്തങ്ങള്‍ ഉണ്ടായി മരണങ്ങള്‍ ഏറുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയ കോടതി ഫലവത്തായ മറ്റൊരു വഴി കണ്ടെത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇതിനെ തുടര്‍ന്ന് നിതീഷ് കുമാര്‍ ഗവണ്മെന്റ് കൂടുതല്‍ ശക്തവും വ്യകതവുമായ മറ്റൊരു നിയമം ഒക്ടോബറില്‍ പാസാക്കും എന്നാണ് കരുതുന്നത് എന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മദ്യ നിരോധന നിയമം സര്‍ക്കാര്‍ പാസാക്കിയതിനെ എതിര്‍ത്ത് പ്രതിപക്ഷമായ ബിജെപി സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയും ഇതിനെ  “കറുത്ത” നിയമം എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.  

ആരെങ്കിലും മദ്യം ഉണ്ടാക്കുകയോ, വില്‍പ്പന നടത്തുകയോ, സൂക്ഷിക്കുകയോ ചെയ്താല്‍ ആ കുടുംബത്തിലെ എല്ലാ മുതിര്‍ന്ന അംഗങ്ങളെയും അറസ്റ്റ് ചെയ്യും എന്നായിരുന്നു നിയമത്തിലെ പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.

കുറ്റം ചെയ്യാത്തവരെ അപമാനിക്കരുത് എന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു എങ്കിലും അതൊന്നും പാലിക്കപ്പെട്ടിരുന്നില്ല.

ഇതെല്ലാം സമാധാനാന്തരീക്ഷം തകര്‍ക്കും എന്ന് നിരീക്ഷിച്ച ഹൈക്കോടതി മദ്യ ഉപഭോഗം കുറയ്ക്കാനുള്ള പോംവഴി കണ്ടെത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍