UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതിയ​ വിപ്ലവങ്ങൾക്ക് സാനിട്ടറി പാഡിലെ ചുവരെഴുത്തുകൾ​

Avatar

അഴിമുഖം പ്രതിനിധി

സദാചാര പൊലീസിങ്ങിനെതിരായും മെച്ചപ്പെട്ട ലിംഗ- അവബോധം സൃഷ്ടിക്കാനുമായി നടത്തിയ കിസ് ഓഫ് ലവ് പ്രതിഷേധം കാലക്രമേണ കൊച്ചിയിൽ നിന്ന് കൊൽക്കത്ത വരെ സഞ്ചരിച്ചു. ലിംഗ- സമത്വത്തിന് വേണ്ടിയുള്ള ഭാവനാപരമായ പ്രതിഷേധത്തിന്റെ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു അടയാളമായ, ബലാത്സംഗത്തിനും ലിംഗപരമായ വിവേചനത്തിനും എതിരെയുള്ള ‘സാനിറ്ററി പാഡ്’ പ്രചാരണം, ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ തൊട്ട് കൊൽക്കത്തയിലെ ജാദവ്പൂർ സർവ്വകലാശാല വരെയും ഇങ്ങ് കൊച്ചിയില്‍ മഹാരാജാസ് കോളേജ് വരെയും പടർന്നിരിക്കുകയാണ്.

പ്രതിഷേധ സന്ദേശങ്ങളടങ്ങിയ സാനിറ്ററി പാഡുകൾജാമിയ ക്യാമ്പസിൽ എല്ലായിടത്തും എല്ലാവർക്കും കാണാവുന്ന തരത്തിലും പ്രദർശിപ്പിച്ചതിന് നാല് വിദ്യാർഥികളോട് വിശദീകരണം ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്കു ശേഷം ജാദവ്പൂരിലും സമാനമായ തരത്തിൽ പ്രതിഷേധ സന്ദേശങ്ങളുമായി സാനിറ്ററി പാഡുകൾ പ്രത്യക്ഷപ്പെട്ടു.

”ഇരയെ കുറ്റപ്പെടുത്തുക എന്നത് ലിംഗ- അതിക്രമമാണ്”, ”ഇരയെ പേര് നൽകി കളിയാക്കുന്നതും ലൈംഗിക അതിക്രമം തന്നെ”, തുടങ്ങിയവയാണ് പാഡുകളില്‍ രേഖപ്പെടുത്തപ്പെട്ട സന്ദേശങ്ങൾ.

കമ്പാരറ്റീവ് സാഹിത്യത്തിൽ മൂന്നാം വർഷ വിദ്യാർഥിയായ റുബൈയത് ജി ബി ബിശ്വാസ് ദി ഇന്‍ഡ്യന്‍ എക്സ്പ്രെസ്സിനോട് ഇങ്ങനെ പറഞ്ഞു: ”ഇത് സംവേദനക്ഷമമായ ഒരു പ്രതിഷേധമാണ്. ആർത്തവത്തെക്കുറിച്ചും സ്വയംഭോഗത്തെക്കുറിച്ചുമുള്ള ചർച്ചകൾ പോലും ഭ്രഷ്ടായി കരുതുന്നവർ ഇത് വളരെ സ്വാഭാവികമായ കാര്യങ്ങളാണെന്ന് മനസിലാക്കണം. ആക്രമണത്തിന് ഇരയായവരെ പഴിക്കുന്ന സംസ്കാരത്തിനെതിരെ പ്രതിഷേധിക്കാൻ കൂടിയാണ് സന്ദേശങ്ങളടങ്ങിയ സാനിറ്ററി പാഡുകൾ പ്രദർശിപ്പിച്ചിരിക്കുന്നത് .”

”അടുത്തിടെ ക്യാമ്പസിനകത്തുവെച്ച് ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടതായി ആരോപണമുണ്ടായിരുന്നു, മെനഞ്ഞെടുത്ത കഥയാണ് അതെന്ന് പറഞ്ഞ് പെൺകുട്ടിയെ മോശമായി ചിത്രീകരിക്കുകയാണ് പിന്നീട് നടന്നത്. എന്തെന്നാൽ അവൾക്ക് ഭൂരിപക്ഷം വിദ്യാർഥികളുടെയും പിന്തുണ കിട്ടിയിരുന്നില്ല” മറ്റൊരു വിദ്യാർഥി പറയുന്നു.

സ്വതന്ത്ര ചിന്തയുടെയും പുരോഗമന വാദത്തിന്റെയും പ്രബല കേന്ദ്രമെന്ന് അറിയപ്പെടുന്ന, ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നാണ് ജാദവ്പൂർ സർവ്വകലാശാല. ‘കോലാഹലമുണ്ടാകട്ടെ'(ലെറ്റ് ദേർ ബി നോയ്സ്) എന്ന പേരിൽ ഒരു വിദ്യാർഥിനി അക്രമിക്കപ്പെട്ടതിനെതിരായ പ്രതിഷേധ പരിപാടികൾ സർവ്വകലാശാലയെ പിടിച്ചു കുലുക്കിയിട്ടുണ്ടായിരുന്നു.

2014 സെപ്തംബറിൽ തുടങ്ങിയ പ്രതിഷേധ സമരം, മറ്റ് ഇന്ത്യൻ നഗരങ്ങളിലും ഐക്യദാർഢ്യ മുന്നേറ്റങ്ങൾക്ക് ഉത്തേജകമായി. ഒടുവിൽ 2015 ജനുവരിയിൽ വൈസ് ചാൻസിലർ അഭിജിത്ത് ചക്രബർത്തി രാജിവെക്കുന്നത് വരെ കാര്യങ്ങളെത്തി.

സാനിറ്ററി പാഡ് പ്രതിഷേധം നയിക്കുന്ന രണ്ടാം വർഷ തത്ത്വശാസ്ത്ര വിദ്യാർഥിനിയായ അരുമിത മിത്ര പറഞ്ഞത്, അസാധാരണമായ രീതിയിൽ പ്രതികരിക്കാൻ തീരുമാനിച്ചത് കൂട്ട ബലാത്സംഗത്തിനോ പീഡനത്തിനോ ഇരയാകുന്നത് സ്ത്രീകളുടെ തെറ്റല്ലെന്ന് ബോധ്യപ്പെടുത്താനാണ് എന്നാണ്.

”ആർത്തവം എന്നത് പുരോഗമനവാദികളായവർക്കിടയിൽ പോലും ഭ്രഷ്ട് കൽപ്പിക്കപ്പെട്ട വിഷയമാണ്. കിസ് ഓഫ് ലവ് പ്രതിഷേധത്തിന് ശേഷം ജാദവ്പൂർ സർവ്വകലാശാലയിലെ വിദ്യാർഥികൾ പ്രതിഷേധിക്കാൻ പുതിയ രീതി കണ്ടെത്തുകയായിരുന്നു. ബോധവത്കരണമുണ്ടാക്കി പഴയ തരത്തിലുള്ള ചിന്തകളെ നമ്മൾ മാറ്റിയെടുക്കേണ്ടതായുണ്ട് ,” മിത്ര പറഞ്ഞു.

മാർച്ച് 12നാണ് ലിംഗവിവേചനത്തിനെതിരെയുള്ള സന്ദേശങ്ങളുമായി സാനിറ്ററി പാഡുകൾ ജാമിയയിലെ ക്യാമ്പസിൽ പ്രത്യക്ഷപ്പെട്ടത്. അവിടുത്തെ അധ്യാപകരും വിദ്യാർഥികളും ഇതിനെ അരോചകമായിട്ടാണ് കണ്ടതെങ്കിലും മറ്റ് സർവ്വകലാശാലകളിലെ വിദ്യാർഥി കൂട്ടങ്ങളിൽ നിന്ന് അതിന് പിന്തുണ ലഭിച്ചു.

എലോൺ കാസ്ത്രാഷിയ എന്ന ജർമ്മൻ വനിത അന്താരാഷ്ട്ര വനിതാ ദിനത്തിൽ തന്റെ നഗരമായ കാൾസ്രൂഹിലെ പൊതുഇടങ്ങളിൽ ബലാത്സംഗത്തിനെതിരെയും ലിംഗവിവേചനത്തിനെതിരെയും സന്ദേശങ്ങൾ എഴുതിയ സാനിറ്ററി പാഡുകൾ പ്രദർശിപ്പിച്ച്, ‘ലിംഗവിവേചനത്തിനെതിരായി പാഡുകൾ’ എന്ന സമര രീതിക്ക് തുടക്കം കുറിച്ചിരുന്നു.

#PadsAgainstSexism എന്ന ഹാഷ് ടാഗിൽ പടർന്ന പ്രചാരണത്തിനായി തന്നെ പ്രേരിപ്പിച്ചത് ഒരു ട്വീറ്റാണെന്ന് കാസ്ത്രാഷിയ പറഞ്ഞു. ”പുരുഷന്മാർക്ക് ആർത്തവത്തോടെന്ന പോലെ തന്നെ ബലാത്സംഗത്തിനോടും വിദ്വേഷമുണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചു നോക്കൂ” എന്നതായിരുന്നു ആ ട്വീറ്റ്.

കാസ്ത്രാഷിയ തങ്ങളെ അഭിനന്ദിച്ചിട്ടുണ്ടാകുമെന്ന് ജാമിയയിലെ സമരസംഘാടകർ അവകാശപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍