UPDATES

സിനിമ

മരണങ്ങളുടെ കയ്യൊപ്പു പതിഞ്ഞ എട്ടാം പേജ്

ഷെഫീദ് ഷെരീഫ്

അഭിനേതാവായോ അണിയറപ്രവര്‍ത്തകനായോ അല്ലാതെ മലയാള സിനിമയില്‍ സ്വന്തം ബ്രാന്‍ഡ് നിര്‍മിച്ച ആസ്വാദകനാണ് തന്‍സീര്‍ അഥവ സിനിമ പാരഡൈസോ തന്‍സീര്‍. ബീമാപള്ളിയിലെ ഒരു സിനിമ സി ഡി വില്‍പ്പന കടയിലെ ജോലിക്കാരനായി നിന്നു തുടങ്ങിയ സിനിമ ജീവിതം കമല്‍, അനില്‍ രാധാകൃഷ്ണ മേനോന്‍ എന്നിവരുടെ സംവിധാന സഹായി എന്ന നിലയില്‍ എത്തിനില്‍ക്കുന്നു. മലയാള സിനിമയിലെ പല പ്രതാപികളും വിദേശ സിനിമകള്‍ കാണാന്‍ തന്‍സീറിന്റെ സഹായം തേടാറുണ്ട്. അങ്ങനെയൊക്കെയുള്ളൊരാള്‍ ഒരു ചെറു ചിത്രമെടുത്താലും അതിന്‍മേല്‍ പ്രേക്ഷകന് പ്രതീക്ഷയേറെയുണ്ടാവും. അതു മനസിലാക്കി തന്നെയാണ് തന്‍സീര്‍ തന്റെ ആദ്യ ഹ്രസ്വ ചിത്രമായ ‘എട്ടാം പേജ്’ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പതിവു ഹ്രസ്വചിത്ര നിര്‍മിതിയുടെ സകല സീമകളും ലംഘിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലൊരു ചിത്രം. ആഖ്യാന കൗശലത്തിലും, കഥാമികവിലും, സംവിധാന സാമര്‍ത്ഥ്യത്തിലും അമ്പരപ്പിക്കുന്ന ചെറു ചിത്രം.

‘എട്ടാം പേജ്’ കേവലമൊരു പത്രപ്രവര്‍ത്തകന്റെ അരസിക ജീവിതമല്ല. മറിച്ചു സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും സമകാലിക സംഭവവികാസങ്ങളും യുക്തിപൂര്‍വമായി അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഒരു പത്ര സ്ഥാപനത്തിലെ മരണ പേജ് കൈകാര്യം ചെയ്യുകയാണു ജിത്തുവെന്ന പത്രപ്രവര്‍ത്തകന്‍. ന്യുസ് എഡിറ്ററുടെ ആജ്ഞ ധിക്കരിക്കാന്‍ കഴിയാതെയും വന്നുപെട്ട സാഹചര്യത്തെ മാറ്റാനും കഴിയാതെ അയാള്‍ മരണവാര്‍ത്തയുടെ എട്ടാം പേജില്‍ തന്റെ ജീവിതം തളച്ചിടേണ്ടി വരുന്നു. മരണത്തിന്റെ വാര്‍ത്തയെഴുത്തില്‍ സ്വയം നഷ്ടപ്പെട്ടു പോകുന്ന അയാള്‍ എട്ടാം പേജ് ചെയ്യുന്ന മറ്റൊരു മാധ്യമ പ്രവര്‍ത്തകനു മുന്നില്‍ തന്റെ മരണത്തെക്കുറിച്ച് വിവരിക്കേണ്ടി വരുന്നു. മരണമെഴുത്തു സര്‍ഗാത്മകമാക്കണം എന്ന ന്യുസ് എഡിറ്ററുടെ ആഹ്വാനത്തിനു പകരം സ്വന്തം മരണം കൊണ്ടു ജീവിതം സര്‍ഗവിസ്മയമാക്കുകയാണ് അയാള്‍. ഒരു ശരാശരി പത്രപ്രവര്‍ത്തകന്റെ ആദ്യകാല നിസ്സഹായതയും ഒരുപാടു പേരുടെ മരണത്തിന്റെ യാഥാര്‍ത്ഥ്യം അറിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ പോയതുമായ പത്രപ്രവര്‍ത്തകന്റെ നിരാശ നിറഞ്ഞ അവസ്ഥയുമാണ് ‘എട്ടാം പേജ്’. കൂടാതെ തൊഴിലില്ലായ്മയും, കര്‍ഷക ആത്മഹത്യയും, സ്ത്രീപീഡനവും എല്ലാം യാന്ത്രികമാക്കുന്ന പണത്തിന്റെ ലോകവും തുടങ്ങി പല കാര്യങ്ങള്‍ പതിനാലു മിനിട്ടിലൂടെ പറഞ്ഞവതരിപ്പിക്കുന്നുണ്ട് തന്‍സീര്‍ ചിത്രം. 

മലയാളത്തില്‍ പുറത്തിറങ്ങുന്ന ഹ്രസ്വ ചിത്രങ്ങളുടെ യാതൊരു സ്വഭാവവും ‘എട്ടാം പേജിനില്ല’, മറ്റൊരു തരത്തില്‍ അധികമാരും ചര്‍ച്ച ചെയ്യാത്ത ഒരു തൊഴിലിടത്തിലെ മാനുഷികമായ അവസ്ഥയെ ഗൗരവത്തോടെ സമീപിച്ചു സിനിമയാക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ സഞ്ചാര പഥങ്ങളില്‍ കാലിടറാതെ ചെറുത്തു നില്‍ക്കാനുള്ള ശേഷി ഷംസുദീന്‍ കുട്ടോത്തിന്റെ തിരക്കഥയ്ക്കുണ്ട്. അഭിനേതാക്കളുടെ കാര്യത്തില്‍ ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. പത്രപ്രവര്‍ത്തകനെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ട് വൈകാരിക പ്രകടനങ്ങളിലൂടെ ആസ്വാദകനെ എട്ടാം പേജിലേക്കു കൂടുതല്‍ അടുപ്പിക്കുന്നു. പ്രൊഫസര്‍ അലിയാര്‍, സേതുലക്ഷ്മി, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരും എട്ടാം പേജിനെ ബലപ്പെടുത്തുന്നു. ചിത്രത്തിന്റെ് സാങ്കേതിക വശങ്ങളെല്ലാം കൃത്യമായി ഉപയോഗിക്കുന്നിടത്തും സംവിധായകന്‍ വിജയിക്കുമ്പോള്‍ എട്ടാം പേജ് ആസ്വാദനത്തിന്റെ പുതിയൊരനുഭവമാകുകയാണ്.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍