UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെയ്ഡ് ന്യൂസ്: കുന്നത്തുനാട് നല്‍കുന്ന സൂചനകള്‍ കേരളത്തിന്റെ മാറുന്ന മുഖമാണ്

Avatar

റോണ്‍ ബാസ്റ്റ്യന്‍

”അഴിമതി നടത്തുന്ന രാഷ്ട്രീയക്കാരെയും ബിസിനസുകാരെയും ജയിലിലടയ്ക്കാം, ജഡ്ജിമാരെ ഇംപീച്ച് ചെയ്യാം, ഉദ്യോഗസ്ഥരെ അഴിമതി നിരോധന നിയമ പ്രകാരം വിചാരണ ചെയ്യാം. പക്ഷേ, പണം വാങ്ങി വാര്‍ത്ത കൊടുക്കുന്ന എഡിറ്ററെയും റിപ്പോര്‍ട്ടറെയും എന്തു ചെയ്യും? നമ്മുടെ തൊഴില്‍ മേഖലകള്‍ക്കുള്ളില്‍ ഉരുണ്ടുകൂടുന്ന കൊടുങ്കാറ്റിന് നേരെ കണ്ണടച്ചുകൊണ്ട് ജനാധിപത്യത്തിന്റെ മറ്റ് തൂണുകള്‍ക്കെതിരെ നടപടി ആവശ്യപ്പെടാന്‍ നമുക്കെന്ത് ധാര്‍മ്മിക അവകാശമാണുള്ളത്?”

2009-ലെ മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം അന്നത്തെ മുഖ്യമന്ത്രി അശോക് ചവാന് നേരെ ഉയര്‍ന്ന ‘പെയ്ഡ് ന്യൂസ്’ ആരോപണം രാജ്യം ചര്‍ച്ച ചെയ്തപ്പോള്‍, രാജ്ദീപ് സര്‍ദേശായി താനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ച സ്വയംവിമര്‍ശനമാണിത്. 2014-ല്‍ ഡല്‍ഹി ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ ചവാനെ കുറ്റവിമുക്തനാക്കി. പക്ഷേ, വാര്‍ത്തകളെ വിലയ്‌ക്കെടുക്കാനുള്ള ശ്രമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും തുടരുന്നുണ്ട്. പ്രതികൂലമായ വാര്‍ത്ത നല്‍കാതിരിക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ ഒളിക്യാമറയില്‍ കുടുങ്ങിയ കാഴ്ചയും നാം കണ്ടു. പെയ്ഡ് ന്യൂസിനെക്കുറിച്ച് പഠിക്കാന്‍ 2010-ല്‍ പ്രസ് കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പറയുന്നത്, മാധ്യമങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള കേരളത്തിലും തമിഴ്‌നാട്ടിലും ഈ പ്രവണത കുറവാണെന്നാണ്. ഈ ഗുഡ് സര്‍ട്ടിഫിക്കറ്റിന് അപവാദം സൃഷ്ടിച്ചുകൊണ്ടാണ് കുന്നത്തുനാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ ഭാര്യ കൂടിയായ മാധ്യമപ്രവര്‍ത്തകയുടെ ശബ്ദരേഖ പുറത്തുവന്നത്. കിറ്റക്‌സിന്റെ ട്വന്റി- 20 കമ്പനി ഭരണം നടക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് കുന്നത്തുനാട്ടിലാണ്. കേരള രാഷ്ട്രീയത്തില്‍ അത്ര പരിചിതമല്ലാത്ത പലതിന്റെയും പരീക്ഷണകേന്ദ്രമായി ഈ പ്രദേശം മാറുന്നത് യാദൃശ്ചികമായിരിക്കാം. പക്ഷേ, ഒന്നുണ്ട്, രാജ്ദീപിന്റെ ചോദ്യം കേരളത്തിലും പ്രസക്തമാകുന്നു. 

പെയ്ഡ് ന്യൂസിന്റെ നിര്‍വചനത്തെ സംബന്ധിച്ച് ചില മേഖലകളിലെങ്കിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ‘വാര്‍ത്ത എന്ന വ്യാജേന പ്രസിദ്ധീകരിക്കുന്ന പരസ്യം’, എന്നാവും ഏറ്റവും ലളിതമായ വ്യാഖ്യാനം. പരസ്യത്തിന്റെ രാഷ്ട്രീയ പാര്‍ട്ടികളോ കച്ചവടസ്ഥാപനങ്ങളോ തങ്ങളുടെ പരസ്യത്തിനായി ഒരു മാധ്യമത്തിന്റെ നിശ്ചിതമായ ഇടം/സമയം വിലകൊടുത്ത് വാങ്ങുന്നതിനെ അടച്ചെതിര്‍ക്കാനാവില്ല. പക്ഷേ, അത് പരസ്യമാണെന്ന് വെളിപ്പെടുത്താതിരിക്കുന്നിടത്താണ് പ്രശ്‌നം. ഒരു ദൈനംദിന വിഷയത്തിനപ്പുറം തെരഞ്ഞെടുപ്പ് പ്രതിഭാസമായി പെയ്ഡ് ന്യൂസ് ചര്‍ച്ച ചെയ്യപ്പെടുന്നതിന്റെ കാരണവുമിതാണ്. തെരഞ്ഞെടുപ്പ് കാലത്ത് തീരുമാനമെടുക്കാനുള്ള ജനത്തിന്റെ ശേഷിയില്‍ വെള്ളം ചേര്‍ക്കാനും വോട്ടിന്റെ മൂല്യത്തെ ചോര്‍ത്തിക്കളയാനുമുള്ള ശ്രമത്തില്‍ മാധ്യമപ്രവര്‍ത്തകരിലൊരാളെങ്കിലും കണ്ണിചേര്‍ക്കപ്പെടുകയാണെങ്കില്‍ അത് ഗുരുതരമാണ്. പത്രപ്രവര്‍ത്തനത്തിലെ അധാര്‍മ്മികതയ്ക്കപ്പുറത്ത് ജനാധിപത്യത്തിന്റെ തന്നെ അടിത്തട്ടിളക്കുന്ന പ്രവര്‍ത്തിയായി അത് മാറും. ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരുടെയോ സ്ഥാനങ്ങളുടെയോ അപഥസഞ്ചാരത്തിനപ്പുറത്ത് ഈ പ്രതിഭാസം വ്യാപകമാകുന്നുണ്ടെങ്കില്‍ അതിന് മാധ്യമങ്ങളുടെ കോര്‍പ്പറേറ്റ്‌വത്കരണവുമായി അഭേദ്യമായ ബന്ധമുണ്ടാകും.

എഡിറ്റര്‍മാരെ അപ്രസക്തരാക്കി മാനേജര്‍മാര്‍ വാഴുന്നിടങ്ങളില്‍ പണത്തിനാണ് വാര്‍ത്തയേക്കാള്‍ മൂല്യം. പെയ്ഡ് ന്യൂസ് കര്‍ശനശിക്ഷ ലഭിക്കുന്ന കുറ്റമാക്കാനും അതിന്റെ ഭാഗമാകുന്ന മാധ്യമങ്ങളുടെ പ്രസിദ്ധീകരണം ഒരു നിശ്ചിത കാലയളവിലേക്ക് നിരോധിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പക്ഷേ, എലിയെ കാണിച്ച് ഇല്ലം ചുടാനുള്ള പണിയാകും സര്‍ക്കാരിന്റെ കയ്യിലിരിക്കുന്നതെന്ന് സംശയിച്ചാല്‍ തെറ്റു പറയാനാവില്ല. പ്രസ് കൗണ്‍സിലിനും തെരഞ്ഞെടുപ്പ് കമ്മീഷനും കുറേക്കൂടി സര്‍ഗ്ഗാത്മകമായി ഇടപെടാന്‍ കഴിഞ്ഞേക്കും. ആധികാരികത നിലനിര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വയംവിമര്‍ശനത്തിനും നവീകരണത്തിനും വിധേയരാകേണ്ടി വരും. അതിനെല്ലാമപ്പുറം, മുഖ്യധാരാ മാധ്യമങ്ങളെയടക്കം ട്രോള്‍ ചെയ്യുന്ന സോഷ്യല്‍ മീഡിയാക്കാലത്ത് ജനത്തിന്റെ ജാഗ്രതയോളം വരില്ല മറ്റൊന്നും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് റോണ്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍