UPDATES

വിദേശം

എന്തുകൊണ്ടാണ് പാക് താലിബാന്‍ കുട്ടികളെ വേട്ടയാടുന്നത്?-ഇഷാന്‍ തരൂര്‍ എഴുതുന്നു

Avatar

ഇഷാന്‍ തരൂര്‍

പാകിസ്ഥാനിലെ പെഷവാറില്‍ സൈനിക സ്‌കൂളില്‍ നടന്ന പൈശാചികമായ ആക്രണത്തില്‍, 132 പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ 141 പേര്‍ കൊല്ലപ്പെട്ടു. ആറ് താലിബാന്‍ ഭീകരവാദികള്‍ ചേര്‍ന്ന് നടത്തിയ ആക്രമണം, പാകിസ്ഥാനിലെ ഏറ്റവും വലിയ ഒറ്റ ആക്രമണമാണെന്ന് മാത്രമല്ല ലോക ചരിത്രത്തില്‍ സ്‌കൂളുകള്‍ക്ക് നേരെ നടന്ന ഏറ്റവും നിഷ്ഠൂരമായ ആക്രമണം കൂടിയാണ്. കലാപങ്ങള്‍ നിത്യസംഭവമായ പാകിസ്ഥാനില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത വിധം ഭീകരമായിരുന്ന ആ ആക്രമണം.

അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രമേഖലകളിലെ തീവ്രവാദികളുടെ സ്വാധീന മേഖലകളില്‍ പാക് സൈന്യം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നടപടികള്‍ക്കുള്ള തിരിച്ചടിയാണ് ഈ കൂട്ടക്കുരുതി എന്ന് വിശേഷിപ്പിച്ചുകൊണ്ട് പാകിസ്ഥാന്‍ താലിബാന്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. പാകിസ്ഥാന്‍ താലിബാനെ സംബന്ധിച്ചിടത്തോളം എളുപ്പം ഭേദിക്കാവുന്ന ‘മൃദു ലക്ഷ്യങ്ങള്‍’ ആണ് സ്‌കൂളുകള്‍. 2009ന് ശേഷം ഈ സംഘം ആയിരത്തിലേറെ സ്‌കൂളുകളില്‍ ആക്രമണങ്ങള്‍ നടത്തിയതായി ചില കണക്കുകള്‍ സൂചിപ്പിക്കുന്നു.

പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള നിരവധി സ്‌കൂളുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ നിരീക്ഷണത്തിലുള്ള സ്ഥലങ്ങളില്‍, സ്ത്രീ വിദ്യാഭ്യാസം നിരുത്സാപ്പെടുത്താന്‍ തീവ്രവാദികള്‍ ശ്രദ്ധിക്കാറുണ്ട്. ഇതിനെ നേരിട്ടെതിര്‍ത്ത നോബല്‍ സമ്മാന ജേതാവ് മലാല യുസഫ്‌സായും കൂട്ടുകാരം 2012 ലെ താലിബാന്‍ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

വിദ്യാഭ്യാസം പാകിസ്ഥാനിലെ എണ്ണമറ്റ വിദ്യാര്‍ത്ഥികളുടെ സുരക്ഷ വെല്ലുവിളിയായി മാറ്റിയ പാകിസ്ഥാന്‍ താലിബാന്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്. പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ താലിബാന്‍ നിരോധിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്കിടയില്‍ പോളിയോ രോഗം മടങ്ങിയെത്തിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒസാമ ബിന്‍ ലാദനെ കണ്ടെത്തുന്നതിനുള്ള അതിന്റെ അന്വേഷണത്തിനിടയില്‍ സിഐഎ വാക്‌സിനേഷന്‍ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ കടന്നുകയറാന്‍ ശ്രമിച്ചതാണ് നിരോധനം ഏര്‍പ്പെടുത്താനുള്ള ഭാഗീക കാരണം.

പാകിസ്ഥാന്റെ അസ്വസ്ഥമായ അതിര്‍ത്തി പ്രദേശങ്ങളിലെ തീവ്രവാദ വിഭാഗങ്ങളുടെ ഒരു അയഞ്ഞ മുന്നണിയായാണ് 2007ല്‍ പാകിസ്ഥാനി താലിബാന്‍ രൂപം കൊണ്ടത്. പാകിസ്ഥാനി പൗരന്മാരെയും ഭരണസംവിധാനങ്ങളെയും ലക്ഷ്യം വയ്ക്കുകയും രാജ്യത്ത് ശരീഅത്ത് നിയമം നടപ്പില്‍ വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു തദ്ദേശീയ പ്രസ്ഥാനമായിരുന്നു അത്. എന്നാല്‍ ഈ സംഘത്തെ കീഴടക്കുന്നത് അമ്പരിപ്പിക്കുന്ന തരത്തില്‍ ബുദ്ധിമുട്ടേറിയ ഒന്നാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു.

എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള കാരണങ്ങള്‍ ഇതാ:
സങ്കീര്‍ണമായ ഭൂരാഷ്ട്രീയം. ഒരു സങ്കീര്‍ണമായ ഭൂരാഷ്ട്രീയ ഭൂമികയിലാണ് പാകിസ്ഥാനി താലിബാന്റെ സായുധ കലാപം അരങ്ങേറുന്നത്. പാകിസ്ഥാന്‍ സൈന്യവും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ഇപ്പോഴും ബന്ധം പുലര്‍ത്തുന്നതും അതിന്റെ നേതൃത്വത്തിന് പാകിസ്ഥാന്‍ അതിര്‍ത്തിയിലെമ്പാടും ഇപ്പോഴും അഭയകേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതുമായ സംഘടനയായ അഫ്ഗാന്‍ താലിബാന്റെ ഗോത്ര നേതാവായ മൊഹമ്മദ് ഒമറിന്റെ വിധേയരാണ് പാകിസ്ഥാനി താലിബാന്റെ യുദ്ധപ്രഭുക്കള്‍.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങള്‍ പൊതുവില്‍ തഴഞ്ഞിരിക്കുന്ന പഷ്തൂണ്‍ പ്രദേശങ്ങളില്‍ നിന്നാണ് ഈ സംഘത്തിന് വലിയ തോതില്‍ പിന്തുണ ലഭിക്കുന്നത്. താലിബാന്‍ പ്രസ്ഥാനത്തെ നിര്‍ണയിക്കുന്ന യഥാസ്ഥിതിക മതഭ്രാന്ത് വളര്‍ത്തിയെടുക്കാന്‍ മദ്രസകള്‍ സഹായിച്ചു. ഈ മദ്രസകളില്‍ ഭൂരിപക്ഷവും സൗദി അറേബ്യയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ സ്ഥാപിക്കപ്പെട്ടതാണ്.

എന്നാല്‍ അഫ്ഗാന്‍ താലിബാനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ സഹായിച്ച, യുഎസ് പിന്തുണയോടെയുള്ള 2001ലെ അഫ്ഗാന്‍ യുദ്ധത്തിന് ശേഷം, പിന്‍വലിയാനും ഒളിപ്പോര്‍ തന്ത്രങ്ങള്‍ നടപ്പിലാക്കാനും തീവ്രവാദികള്‍ നിര്‍ബന്ധിതരായി. അധികാരത്തിലേക്കുള്ള അവരുടെ വഴികള്‍ അടഞ്ഞിട്ടുണ്ടെങ്കിലും സായുധ കലാപ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഭീകരാക്രമണങ്ങള്‍, ചാവേര്‍ ബോംബുകള്‍, ഇപ്പോഴത്തെ സ്‌കൂള്‍ കൂട്ടക്കുരുതി പോലെയുള്ള അസ്ഥിരപ്പെടുത്തുന്ന ആക്രമണങ്ങള്‍ എന്നിവയാണ് ഇരുരാജ്യങ്ങളിലെയും താലിബാന്റെ മുഖമുദ്ര.

‘ സൈന്യത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ ആക്രമിക്കാനാവില്ലെന്ന് തീവ്രവാദികള്‍ക്കറിയാം. അതിനുള്ള ശേഷി അവര്‍ക്കില്ല. അതുകൊണ്ട് തന്നെ അവര്‍ ‘മൃദു ലക്ഷ്യങ്ങള്‍’ തിരഞ്ഞെടുക്കുന്നു,’ പാകിസ്ഥാന്‍ താലിബാനെ കുറിച്ച് പാകിസ്ഥാനി സുരക്ഷ നിരീക്ഷകനായ തലത് മസൂദ്, ഏജന്‍സെ ഫ്രാന്‍സ്-പ്രസെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പാകിസ്ഥാനിലെ ഒമറിന്റെയും അനുയായികളുടെയും സാന്നിധ്യം തുടരുന്നതോര്‍ത്ത് കാബൂള്‍ പുകയുമ്പോള്‍, പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് അഫ്ഗാന്‍ അഭയം നല്‍കുന്നതായുള്ള വാര്‍ത്തകളിലേക്ക് പാകിസ്ഥാന്‍ വിരല്‍ ചൂണ്ടുന്നു. അഫ്ഗാനിസ്ഥാനിലെ യുഎസ് കസ്റ്റഡിയിലുണ്ടായിരുന്ന മുതര്‍ന്ന പാകിസ്ഥാനി താലിബാന്‍ നേതാവിനെ പാകിസ്ഥാന്‍ അധികൃതര്‍ക്ക് കൈമാറിയത്, കാബൂളും ഇസ്ലാമബാദും തമ്മിലുള്ള ഭാവി സഹകരണത്തി‌ന് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാഷ്ട്രീയ ചാഞ്ചാട്ടങ്ങളും പ്രീണനങ്ങളും: താലിബാന്‍ ഭീഷണിയെ പൂര്‍ണമായി ഇല്ലാതാക്കുന്നതില്‍ കഴിഞ്ഞ കാലങ്ങളില്‍ പാകിസ്ഥാന്‍ രാഷ്ട്രീയക്കാര്‍ വിമുഖരായിരുന്നു. 2013ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം, പാകിസ്ഥാന്‍ താലിബാനുമായി സമാധാന ഉടമ്പടി ഉണ്ടാക്കുന്നതിനായി പ്രധാനമന്ത്രി നവാസ് ഷെറീഫും മറ്റ് പ്രധാന രാഷ്ട്രീയ നേതാക്കളും മാസങ്ങള്‍ ചിലവാക്കി. തീവ്രവാദികള്‍ക്കെതിരായ യുഎസ് വ്യോമാക്രമണങ്ങള്‍ പോലും നിറുത്തിവയ്ക്കുകയുണ്ടായി. യുഎസ് ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന്‍ സൈന്യത്തിന്റെയും സര്‍ക്കാരിന്റെ രഹസ്യ പിന്തുണ ഉണ്ടായിരുന്നെങ്കിലും, പൊതു വേദികളില്‍ മിക്ക രാഷ്ട്രീയക്കാരും ഇക്കാര്യം നിഷേധിച്ചു.

പാകിസ്ഥാന്‍ താലിബാന്‍ കലാപവും ഭീകരപ്രവര്‍ത്തനങ്ങളും തുടര്‍ന്നതിന്റെ കൂടി ഭാഗമായി നിര്‍ദ്ദിഷ്ട സംഭാഷണങ്ങള്‍ ഫലപ്രാപ്തിയിലെത്തിയില്ല. എന്നിട്ട് ഇപ്പോള്‍ അതിന്റെ കലുഷിത ചരിത്രത്തിലെ മറ്റൊരു കറുത്ത അദ്ധ്യായത്തിന് മുന്നില്‍ ആ ദേശം വിലപിക്കുകയും പ്രതികരിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു. താലിബാനെയും അതിനെ വളരാന്‍ അനുവദിക്കുന്ന രാഷ്ട്രീയ ശക്തികളെയും നിലയ്ക്കു നിറുത്തുന്നതിന് എന്താണ് ചെയ്യാന്‍ സാധിക്കുക എന്നതിനെ കുറിച്ച് കൂടുതല്‍ സ്ഥായിയായ ഒരു അഭിപ്രായഐക്യം ഉരുത്തിരിഞ്ഞ് വരാന്‍ ഈ സംഭവം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുക മാത്രമാണ് ഇപ്പോള്‍ കരണയീമായിട്ടുള്ളത്. ഭീകരര്‍ക്കെതിരായ സൈനീക നടപടികള്‍ ഊര്‍ജ്ജിതപ്പെടാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്.

ഗൂഢാലോചന കിംവദന്തികളും നിഷേധങ്ങളും: അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നും വ്യതിചലിക്കാനും വിദേശ ശക്തികളുടെ പങ്കിനെ കുറിച്ചുള്ള വഞ്ചന സിദ്ധാന്തങ്ങള്‍ പടച്ചുണ്ടാക്കുകയും ചെയ്യുന്ന പാകിസ്ഥാന്‍ ബുദ്ധിജീവികളുടെയും മധ്യവര്‍ഗ്ഗക്കാരുടെയും സമീപനം ഏതായാലും ഗുണം ചെയ്യില്ല. സ്‌കൂള്‍ കശാപ്പിന്റെ പേരില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോഴും ഈ ക്ഷീണിതമായ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യയുടെ അഫ്ഗാനിസ്ഥാന്റെ രഹസ്യന്വേഷണ ഏജന്‍സികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഉല്‍പ്പന്നമാണ് ആക്രമണമെന്നായിരുന്നു ഒരു പാകിസ്ഥാനി നിരീക്ഷകന്റെ വിലയിരുത്തല്‍.

ഹൈന്ദവ ഭൂരിപക്ഷമുള്ള രാജ്യത്തോട് യാതൊരു പ്രേമവുമില്ലാത്ത സംഘടനയായ പാകിസ്ഥാനി താലിബാനെ പ്രേരിപ്പിക്കുന്ന തരത്തില്‍ ഇന്ത്യന്‍ സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചതിന് യാതൊരു തെളിവുമില്ല. പക്ഷെ ഈ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ വ്യാപനം ഇപ്പോള്‍ പാകിസ്ഥാനില്‍ സര്‍വസാധാരണമാണ്. പാകിസ്ഥാന്‍ മാത്രം ഉത്തരവാദിയായ പ്രാദേശീക ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും സഹിക്കുന്നതിന്റെയും ചരിത്രത്തെ നേരിടുന്നതിന് ഈ സിദ്ധാന്തങ്ങള്‍ വലിയ തടസം സൃഷ്ടിക്കുന്നു എന്നതാണ് സമകാലീന യാഥാര്‍ത്ഥ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍