UPDATES

വിദേശം

തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ ഇനിയെങ്കിലും പാകിസ്ഥാന്‍ തയ്യാറാകുമോ?

Avatar

ടിം ക്രെയ്ഗ്/ പമേല കോണ്‍സ്റ്റബിള്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പെഷവാറിലെ ആര്‍മി ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം 141ലധികം ജീവനുകളെ കൂട്ടക്കുരുതി ചെയ്ത സംഭവം, വര്‍ഷങ്ങളോളം അനിശ്ചിതമായിരുന്ന നയങ്ങള്‍ക്കു ശേഷം രാജ്യത്ത് വളര്‍ന്നു പന്തലിച്ച ഇസ്ലാമിക ഭീകരവാദികളെ അമര്‍ച്ച ചെയ്യാന്‍ പട്ടാളം നടത്തിയ ശ്രമത്തിന്റെ പകരം വീട്ടലായിരുന്നു.

പെഷവാറിലെ പട്ടാള മേഖലയില്‍ കുട്ടികളെ ലക്ഷ്യം വെച്ചു നടന്ന ഈ ആക്രമണം ലോകത്തിന്റെ വെറുപ്പ് ഏറ്റുവാങ്ങി, കൂടാതെ മതത്തിന്റെ പേരില്‍ നടക്കുന്ന ക്രൂരതകളെ പൊതുവെ കണ്ടില്ലെന്നു നടിക്കുന്ന മതനേതാക്കളും ചെറുത്തു നില്‍ക്കാറുള്ള രാഷ്ട്രീയക്കാരും പൊതു പ്രവര്‍ത്തകരും ഈ സംഭവത്തെ ഞെട്ടലോടെയാണ് കണ്ടത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാക്കളും ആക്രമണത്തെ വെറുപ്പോടുകൂടിയാണ് വീക്ഷിച്ചത്.

കലാപകാരികള്‍ പള്ളികള്‍ക്കും, ഹോട്ടലുകള്‍ക്കും, മാര്‍ക്കറ്റുകള്‍ക്കും, പട്ടാള ക്യാമ്പുകള്‍ക്കുമെതിരെ വര്‍ഷങ്ങളോളം നടത്തിക്കൊണ്ടിരുന്ന ചാവേര്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ കൈവിട്ടുപോയിരിക്കുന്നു. ഈ അവസ്ഥയില്‍ ഇതിനെതിരെ ഉയര്‍ന്നു വരുന്ന പൊതുജനരോഷം കണ്ടില്ലെന്നു നടിക്കാന്‍ ഭരണാധികാരികള്‍ക്കാവില്ല, താലിബാനെതിരെ കടുത്ത തീരുമാനങ്ങളെടുക്കാന്‍ രാജ്യം നിര്‍ബന്ധിതമായിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ആദരണീയവും രാജ്യത്തെ ഏറ്റവും ശക്തവുമായ പട്ടാളത്തിനെതിരെ നടന്ന ആക്രമണത്തില്‍ ഏറ്റവും നികൃഷ്ടമായതാണ് ഈ കൂട്ടകുരുതി. 2009 ഡിസംബറില്‍ റാവല്‍പിണ്ടിയിലെ പട്ടാള ആസ്ഥാനത്തില്‍ ഇരച്ചു കയറിയ അക്രമികള്‍ പള്ളിയില്‍ നിസ്‌ക്കരിച്ചുകൊണ്ടിരുന്ന 30 പേരെ കൊലപ്പെടുത്തിയതാണ് ഈ കുരുതിയുമായ് ചേര്‍ത്തുവെക്കാന്‍ സാധിക്കുന്ന മറ്റൊന്ന്.

രാജ്യത്ത് സമീപകാലത്ത് നടന്ന ആക്രമണങ്ങളില്‍ ഉയര്‍ന്ന മരണസംഖ്യ രേഖപ്പെടുത്തിയ സംഭവങ്ങളിലൊന്നു കൂടിയാണിത്, വര്‍ഷങ്ങളോളം നീണ്ട രാജ്യഭ്രഷ്ടിനു ശേഷം 2007 ല്‍ രാജ്യത്ത് തിരിച്ചെത്തിയ മുന്‍ പ്രധാന മന്ത്രി ബേനസീര്‍ ഭൂട്ടോയെ വരവേല്‍ക്കാന്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തിലെ 150 പേരുടെ മരണത്തനിടയാക്കിയ ചാവേര്‍ ആക്രമണമാണ് മറ്റൊന്ന്. ഈ സംഭവത്തിനു ശേഷം ബേനസീര്‍ കൊല ചെയ്യപ്പെടുകയായിരുന്നു.

2009 ലെ ആക്രമണം പട്ടാള ഉദ്യോഗസ്ഥരുടെ വീര്യം ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റുള്ള സേനാ വിഭാഗങ്ങളും രാജ്യത്തിനകത്തുള്ള ഇസ്ലാമിക തീവ്രവാദികളെ ഇല്ലായ്മ ചെയ്യുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചില്ല. പടിഞ്ഞാറന്‍ രാജ്യങ്ങളുമായ് ചേര്‍ന്ന് തീവ്രവാദം തുടച്ചു നീക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇരട്ടത്താപ്പു നയമാണെന്ന വാദവും ഇതിനൊപ്പം ശക്തമാണ്.

ഇന്ത്യക്കെതിരെയുള്ള യുദ്ധങ്ങളില്‍ പാക്കിസ്ഥാന്റെ ഉറ്റചങ്ങാതികളായ് പ്രവര്‍ത്തിച്ച ചരിത്രമുണ്ട് ഈ തീവ്രവാദ സംഘങ്ങള്‍ക്ക് എന്നതാണ് മൗനത്തിനുള്ള മുഖ്യകാരണം. അതുകൊണ്ട് തന്നെ രാജ്യത്ത് നടന്നിട്ടുള്ള തീവ്രവാദ ആക്രമണങ്ങള്‍ അജ്ഞാതരായ വിദേശികളുടെ വിളയാട്ടമായാണ് പൊതു ജനങ്ങളുടെ മുന്നിലെത്തിയത്.

പട്ടാളത്തിന്റെ സുരക്ഷാ, വിദേശ നയങ്ങള്‍ക്കെതിരെ പാകിസ്ഥാനിലെ ജനനേതാക്കള്‍ ശബ്ദമുയര്‍ത്താറുണ്ടെങ്കിലും വോട്ട് ബാങ്കിലെ ചോര്‍ച്ച ഭയന്ന് ഭൂരിപക്ഷമായ മുസ്ലീങ്ങകള്‍ക്കെതിരേയും അവരുടെ വിളയാട്ടുകള്‍ക്കെതിരേയും വിരലുയര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും നേതാക്കള്‍ തയ്യാറാവാറില്ല.

‘ഇതൊരു ദേശീയ വിപത്തായ് കണക്കാക്കപ്പെടുമെങ്കിലും തീവ്രവാദത്തെ തുടച്ചു മാറ്റുന്നത്തിനുള്ള കാരണമായ് പ്രവര്‍ത്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല, പല രാഷ്ട്രീയമത നേതാക്കളും അക്രമികളുടെ രക്ഷരാണ്. നല്‍കി വരുന്ന സഹായങ്ങള്‍ താല്‍ക്കാലികമായ് നില്‍ക്കുമെങ്കിലും കുറച്ചു കഴിഞ്ഞാല്‍ അവരുടെ തനിനിറം വീണ്ടും കാണിക്കും’- നിയമസഭാംഗം അഫ്താബ് ആഹ്മെദ് ഖാന്‍ ഷേര്‍പോ പറഞ്ഞു.

ജനഹിതത്തിനെതിരെ സൂക്ഷമമായ നിലപാടുകള്‍ എടുത്തുകൊണ്ടിരുന്ന സൈന്യം ഈ സംഭവത്തിനു ശേഷം പതഞ്ഞു പൊങ്ങിയ ജനരോഷത്തിനെ അനുകൂല രീതിയിലാണ് സമീപിച്ചിട്ടുള്ളത്. ഹരിത വര്‍ണ്ണത്തിലുള്ള സ്‌കൂള്‍ യൂനിഫോമില്‍ രക്തം കട്ടപിടിച്ചു നില്‍ക്കുന്നതും കുഞ്ഞു ശവപ്പെട്ടികള്‍ പെഷവാറിലെ ആശുപത്രി വരാന്തക്കു മുന്നില്‍ നിരത്തി നിര്‍ത്തിയിരിക്കുന്നതും വാര്‍ത്താ ചാനലുകളില്‍ കണ്ട ജനം വിറങ്ങലിച്ചു നില്‍ക്കുകയാണ്.

വാര്‍ത്തയറിഞ്ഞയുടനെ പെഷവാറിലേക്ക് കുതിച്ചെത്തിയ പ്രധാനമന്ത്രി നവാസ് ഷരീഫ് സംഭവത്തെ തീവ്രവാദികളുടെ ഭീരുത്വമായ് കണക്കാക്കുകയും രാജ്യത്തു നിന്നും ഭീകരവാദം തുടച്ചു മാറ്റാന്‍ സൈനത്തെ വിനിയോഗിക്കുമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഭീകരവാദമെന്ന മഹാവ്യാധിയെ ഇല്ലായ്മ ചെയ്യാന്‍ രാജ്യം ഒറ്റക്കെട്ടായ് നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

നോബല്‍ സമ്മാന ജേതാവും താലിബാന്റെ ആക്രമണത്തിനു ഇരയുമായ മലാല യൂസഫ്‌സായ് ഈ വാര്‍ത്ത തകര്‍ന്ന ഹൃദയത്തോടെയാണ് ശ്രവിച്ചത്, ‘നിഷ്ഠുരവും ഭീരുത്വവുമായ ഈ ആക്രമണത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ വിങ്ങുന്ന മനസ്സുമായാണ് നേരിട്ടതെങ്കിലും തളരാന്‍ ഞങ്ങള്‍ തയ്യാറല്ല’ , മലാല പറഞ്ഞു.

മലാലയുടെ ആക്ഷേപം മുംബൈ ആക്രമണത്തിനു പഴി ചാരപ്പെട്ട ജമാഅത് ഉദ് ദവ ഇസ്ലാമിസ്റ്റ് സംഘടനയുടെ നേതാവായ ഹാഫിസ് മുഹമ്മദ് സഈദിന്റെ വാക്കുകളിലും കാണാന്‍ സാധിക്കും, ‘ഇസ്ലാമിന്റെ ശത്രുക്കളാണ് ഈ ക്രൂര കൃത്യം നടത്തിയത്, ജിഹാദിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന കിരാതന്മാരാണവര്‍’.

പാകിസ്ഥാനിലെ സംഘവുമായ് മതപരമായ സമീപനങ്ങളില്‍ സാമ്യമുണ്ടെങ്കിലും വിഭിന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന അഫ്ഗാനിസ്ഥാനിലെ താലിബാനും ഈ സംഭവത്തെ കുറ്റപ്പെടുത്തി. ‘കുട്ടികളേയും സ്ത്രീകളെയും കരുതിക്കൂട്ടി കൊലപ്പെടുത്തുന്നത് ഇസ്ലാമിനെതിരാണ്, എല്ലാ ഇസ്ലാമിക പാര്‍ട്ടികളും സര്‍ക്കാരും ഈ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്’, താലിബാന്‍ വക്താവായ സാബിദുല്ല മുജാഹിദ് പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത പാക്കിസ്ഥാന്‍ താലിബാന്‍ കഴിഞ്ഞ ജൂണില്‍ പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ വസീറിസ്ഥാനിലെ ഗോത്ര മേഖലയില്‍ പട്ടാളം നടത്തിയ ആക്രമണത്തിനു പക വീട്ടലായാണ് ഈ സംഭവത്തെ ന്യായീകരിച്ചത്. മാസങ്ങളോളമായ് ഇവര്‍ പകരം വീട്ടുമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

‘ഈ ആക്രമണം വടക്കന്‍ വസീറിസ്ഥാനിലെ പട്ടാള നീക്കത്തില്‍ ഞങ്ങളെ അടിച്ചമര്‍ത്തിയെന്നു കരുതിയവര്‍ക്കുള്ള സമ്മാനമാണ്, ഞങ്ങളുടെ കഴിവിനെ കുറച്ചു കാണുകയാണ് ശത്രുക്കള്‍. പ്രബലമായ ആക്രമണങ്ങള്‍ നടത്താനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്, ഇന്നത്തെ സംഭവം വെറുമൊരു ‘Trailer’ മാത്രമാണ്’, പാകിസ്ഥാനി താലിബാന്റെ വക്താവായ മുഹമ്മദ് ഖോരസനി പറഞ്ഞു.

മൂന്നു ചാവേര്‍ പോരാളികളുള്‍പ്പെടെ 6 ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നാണ് സംഘം പ്രസ്താവനയില്‍ പറഞ്ഞിട്ടുള്ളത്. പക്ഷെ 9 മണിക്കൂര്‍ നീണ്ടു നിന്ന വെടി വെപ്പില്‍ മൊത്തം 7 അക്രമികള്‍ കൊല്ലപ്പെട്ടുവെന്നാണ് പാകിസ്ഥാനി പോലീസ് പുറത്തുവിട്ട പ്രസ്താവനയിലുള്ളത്.

‘പരമാവധി നാശം വരുത്താന്‍ കരുതിക്കൂട്ടി വന്നവരായിരുന്നു അക്രമികള്‍, ആരേയും ബന്ദികളാക്കാന്‍ ശ്രമിക്കാതെ വെടിയുതിര്‍ക്കുകയായിരുന്നു. യുദ്ധത്തിന്റെ പ്രതീതിയിലാണ്ട ക്ലാസ് മുറികളില്‍ നൂറുകണക്കിന് പേര്‍ പരുക്കേറ്റു വീണുകിടപ്പുണ്ടായിരുന്നു.’ സൈനിക വക്താവായ മേജര്‍ ജനറല്‍ സിം ബജ്വ പറഞ്ഞു.

 

പൊതു ജനത്തിനു വേണ്ടി തുറന്നിട്ടുണ്ടെങ്കിലും സൈന്യത്തിന്റെ കീഴിലായിരുന്നു സ്‌കൂള്‍. മിക്ക വിദ്യാര്‍ഥികളും പെഷവാറിലെ പട്ടാള ഉദ്യോഗസ്ഥരുടെ മക്കളുമായിരുന്നു.

‘സ്‌കൂളിന്റെ പിന്‍വാതിലിലൂടെ അകത്തു കടന്ന അക്രമികള്‍ വിവേചനമില്ലാതെ വെടിവെക്കുകയായിരുന്നു. അവരുടെ ആദ്യത്തെ ഇരകളായത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രഥമ ശുശ്രൂഷ സ്വീകരിച്ചുകൊണ്ടിരുന്ന കുട്ടികളായിരുന്നു’. ഖൈബര്‍ പഷ്തൂണ്‍ പ്രവിശ്യയുടെ മുഖ്യ മന്ത്രിയായ പര്‍വേസ് ഖട്ടക് പറഞ്ഞു.

‘ഹാളില്‍ നിന്നും ബഹളം കേട്ടപ്പോള്‍ ഞാന്‍ 30 വിദ്യാര്‍ഥികളുടേയും 4 അധ്യാപകര്‍മാരുടേയും കൂടെ ഒരു മുറിയിലായിരുന്നു, അക്രമികളില്‍ ചിലര്‍ അറബി സംസാരിച്ചുവന്നു തോന്നുന്നു. പുറത്തു പോയ ഞങ്ങളുടെ ടീച്ചര്‍ പിന്നെ തിരിച്ചു വന്നില്ല’. 16 കാരനായ മുഹമ്മദ് ഹാരിസിന്റെ ശബ്ദത്തില്‍ ഇപ്പോഴും വിറങ്ങലുണ്ട്.

കാണാതെ പോയ കുട്ടികളുടെ വിവരം തിരക്കി ബന്ധുക്കള്‍ സ്‌കൂളിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചെങ്കിലും സൈനികരവരെ തടഞ്ഞു നിര്‍ത്തി. ചില ബന്ധുകള്‍ കലങ്ങിയ കണ്ണുകളോടെയും ഇടറിയ ശബ്ദത്താലും നിലവിളിച്ചു.

ഇരുട്ട് പരന്നു തുടങ്ങി, സ്‌കൂളിലെ ഓരോ മുറികളിലും തിരച്ചില്‍ നടത്തുന്നവരുടെ ഫ്‌ളാഷ് ലൈറ്റുകള്‍ സ്‌കൂള്‍ കെട്ടിടത്തിനു പുറത്ത് മൂടല്‍ മഞ്ഞില്‍ കാത്തിരിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതീക്ഷയുടെ മിന്നാമിനുങ്ങു വെട്ടം പോലെ തോന്നി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍