UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒറ്റപ്പെടുന്നു; തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ അനുവദിക്കൂ: സ്വന്തം സൈന്യത്തോട് പാക് സര്‍ക്കാര്‍

Avatar

അഴിമുഖം പ്രതിനിധി

തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരേ നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പാക്കിസ്ഥാന്‍ ഒറ്റപ്പെടുമെന്നും പാക് സര്‍ക്കാര്‍ സൈന്യത്തോട് വ്യക്തമാക്കി. ഉറി ആക്രമണത്തിനു ശേഷം ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ഫലം കണ്ടു തുടങ്ങി എന്നതിന്റെ സൂചന കൂടിയാണ് പുതിയ സംഭവവികാസങ്ങള്‍. പാക് പത്രമായ ഡോണ്‍ ആണ് തങ്ങളുടെ എക്‌സ്‌ക്ലൂസീവ് വാര്‍ത്തയായി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐയുടെ ഡി.ജി ജനറല്‍ റിസ്വാന്‍ അഖ്തര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് നാസര്‍ ജാന്‍ജുവ, വിവിധ പ്രവിശ്യകളുടെ മുഖ്യമന്ത്രിമാര്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്. പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷെരീഫും ഐ.എസ്.ഐ തലവനും തമ്മില്‍ യോഗത്തില്‍ വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗത്തില്‍ പാക്കിസ്ഥാന്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിദേശകാര്യ സെക്രട്ടറി ഐജാസ് ചൗധരി അവതരിപ്പിച്ചു.

നിലവിലെ സംഭവവികാസങ്ങളുടെ ബാക്കിയെന്നോണം പാക്കിസ്ഥാന്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുകയാണെന്നും ഈ രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും ചൗധരി വ്യക്തമാക്കി. തണുത്ത പ്രതികരണമാണ് പാക്കിസ്ഥാന് മിക്ക വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പായ ഹഖാനി നെറ്റ്‌വര്‍ക്കിനെതിരെ നടപടി എടുക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇന്ത്യയാകട്ടെ, പത്താന്‍കോട്ട് ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജെയ്ഷ് ഇ മുഹമ്മദിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൗധരി അറിയിച്ചു.

അതിനൊപ്പം, പാക്കിസ്ഥാന്റെ അടുത്ത മിത്രമായി കരുതപ്പെടുന്ന ചൈനയുടെ ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ടെന്ന് ചൗധരി അറിയിച്ചത് യോഗത്തില്‍ അമ്പരപ്പുണ്ടാക്കിയെന്നും ഡോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിസ്ഥാനെ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും എന്നാല്‍ ഇത് ഈ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നുമാണ് ചൈന വ്യക്തമാക്കിയിട്ടുള്ളത്. ജെയ്ഷ് തലവന്‍ മസൂദ് അസ്ഹറിനെ യു.എന്‍ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കുന്നത് തടയുന്നതിനുള്ള സാങ്കേതിക എതിര്‍പ്പ് തുടര്‍ന്നുകൊണ്ട് പാക്കിസ്ഥാനെ സഹായിക്കാമെങ്കിലും ഇത് തുടരുന്നതിന്റെ സാംഗത്യം ചൈന ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ടെന്ന് ചൗധരി വ്യക്തമാക്കിയത് യോഗത്തില്‍ ഞെട്ടലുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

പാക്കിസ്ഥാന്‍ ഈ രീതിയില്‍ ഒറ്റപ്പെടുന്നത് തടയാന്‍ എന്തു ചെയ്യണമെന്ന് ഐ.എസ്.ഐ തലവന്റെ ചോദ്യത്തിന് ചൗധരി നല്‍കിയ മറുപടി അസാധാരണമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഇവയാണ്. 1. ജെയ്ഷ് ഇ മുഹമ്മദിനും തലവന്‍ മസൂദ് അസ്ഹറിനുമെതിരെ നടപടി സ്വീകരിക്കുക, 2.ലഷ്‌കര്‍ ഇ തോയ്ബയ്ക്കും തലവന്‍ ഹഫീസ് സെയ്ദിനുമെതിരെ നപടി സ്വീകരിക്കുക, 3. ഹഖാനി നെറ്റ്‌വര്‍ക്കിനെതിരെ നടപടി സ്വീകരിക്കുക. സര്‍ക്കാരിന് ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാമെന്ന് ഐ.എസ്.ഐ തലവന്‍ പറഞ്ഞതോടെ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷെരീഫ് രംഗത്തു വരികയായിരുന്നു. പാക്കിസ്ഥാനിലെ സര്‍ക്കാര്‍ ഏതെങ്കിലും വ്യക്തികള്‍ക്കെതിരെയോ ഗ്രൂപ്പിനെതിരെയോ നടപടി സ്വീകരിച്ചാല്‍ അവരെ മോചിപ്പിക്കാന്‍ സൈന്യവും ഇന്റലിജന്‍സും ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സൈന്യ-ഇന്റലിജന്‍സ് നേതൃത്വത്തിന്റെ നടപടിക്കെതിരേ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നേരിട്ടുള്ള ഒരു കുറ്റപ്പെടുത്തല്‍ അസാധാരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് നവാസ് ഷെരീഫ് തന്നെ ഇടപെട്ടാണ് രംഗം ശാന്തമാക്കിയതെന്നും പാക്കിസ്ഥാന്‍ ഇപ്പോള്‍ നേരിടുന്ന ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ സൈന്യത്തിന്റെ സഹായം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു.

തുടര്‍ന്ന് രണ്ടു കാര്യങ്ങള്‍ നടപ്പിലാക്കാന്‍ യോഗത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1. ഭീകരവാദികള്‍ക്കും ഭീകര ഗ്രൂപ്പുകള്‍ക്കുമെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ സൈന്യം അക്കാര്യത്തില്‍ ഇടപെടില്ല എന്നുറപ്പാക്കണം. ഇതിന്റെ ഭാഗമായി ഐ.എസ്.ഐ തലവനും സുരക്ഷാ ഉപദേഷ്ടാവും നാല് പ്രവിശ്യകളും സന്ദര്‍ശിച്ച് പ്രവിശ്യാ അപ്പക്‌സ് കമ്മിറ്റികളെയും ഐ.എസ്.ഐയുടെ മേഖലാ കമാന്‍ഡര്‍മാരേയും ഇക്കാര്യം അറിയിക്കണം. ഇതിന്റെ ഭാഗമായി ജന. അഖ്തര്‍ ഉടന്‍ ലഹോര്‍ സന്ദര്‍ശിക്കും. 2. പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നവാസ് ഷെരീഫ് നിര്‍ദേശം നല്‍കി. അതിനൊപ്പം, റാവല്‍പ്പിണ്ടി ഭീകരവിരുദ്ധ കോടതിയില്‍ നടക്കുന്ന മുംബൈ ആക്രമണത്തെക്കുറിച്ചുള്ള വിചാരണ വീണ്ടും തുടങ്ങാനും നിര്‍ദേശിച്ചു.

എന്നാല്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന് ആരെയങ്കിലും അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നോ ഭീകര ക്യാമ്പുകള്‍ തകര്‍ക്കാന്‍ കഴിയുമെന്നോ എല്ലാവരും കരുതുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രകാലവും കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നതാണ് ഇപ്പോള്‍ കേള്‍ക്കുന്നത്, അത് നടപ്പായാല്‍ മതിയായിരുന്നു എന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. അടുത്ത നവംബര്‍ വരെ കാത്തിരിക്കൂ. അതിനുമുമ്പ് കാര്യങ്ങള്‍ക്ക് ഒരു തീരുമാനമാകുമെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായും ഡോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍