UPDATES

വിദേശം

പാക്-ചൈന ആണവ ബന്ധം; ചില അമേരിക്കന്‍ സംശയങ്ങള്‍

Avatar

ഇലി ലെയ്ക്
(ബ്ലൂംബര്‍ഗ് വ്യൂ)

മാര്‍ച്ച് മാസം പാക്കിസ്ഥാന്‍ സംഘടിപ്പിച്ച  വാര്‍ഷിക സൈനിക ദിന പരേഡില്‍ തങ്ങളുടെ പുതിയ മധ്യദൂര ആണവ മിസൈലുകള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. എന്നാല്‍ വാഷിംഗ്ടണില്‍ ഇത് ആരും കാര്യമായി എടുത്തില്ലെങ്കിലും ഒരു രാഷ്ട്രീയ വിശകലന വിദഗ്ധന്‍ ഇത് സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു.

പാക്കിസ്ഥാന്റെ ഷഹീന്‍ 3 മിസൈലുകളുടെ ചിത്രങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയും പഠിക്കുകയും ചെയ്ത ഇന്റര്‍നാഷണല്‍ അസസ്‌മെന്റ് ആന്റ് സ്ട്രാറ്റജി സെന്ററിലെ ചൈനീസ് സൈനിക സാങ്കേതിക വിദ്യാ വിദഗ്ധന്‍ റിചാര്‍ഡ് ഫിഷര്‍ ഒരു ആശങ്കാജനകമായ തീര്‍പ്പിലാണ് എത്തിച്ചേര്‍ന്നത്. ഈ പാക്കിസ്ഥാനി മൊബൈല്‍ റോക്കറ്റ് തൊടുത്തു വിടുന്ന ട്രാന്‍സ്‌പോര്‍ട്ട് ഇറക്ടര്‍ ലോഞ്ചര്‍ അഥവാ ടിഎല്‍ഇയും 2011-ല്‍ ഉത്തര കൊറിയയ്ക്കു ചൈന നല്‍കിയതും സമാന രൂപകല്‍പ്പനയാണ് എന്നായിരുന്നു കണ്ടെത്തല്‍.

ചൈനീസ്, ഉത്തര കൊറിയന്‍, പാക്കിസ്ഥാനി ടിഇഎല്ലുകളുടെ ആകൃതിയിലും ഷാസിയിലും (chassis) യന്ത്രഭാഗങ്ങളിലെ സംവിധാനങ്ങളിലും ഫിഷര്‍ സമാനതകള്‍ കണ്ടെത്തി.

പെന്റഗണും വിദേശകാര്യ വകുപ്പും ദേശീയ രഹസ്യാന്വേഷണ മേധാവിയും ഫിഷറിന്റെ കണ്ടെത്തല്‍ പരിശോധിക്കണമെന്ന് യുഎസ് കോണ്‍ഗ്രസിലെ രണ്ടു മുന്‍നിര റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍. അലബാമയില്‍ നിന്നുള്ള പ്രതിനിധിയും ഭീകരവാദം സംബന്ധിച്ച ഹൗസ് ആംഡ് സര്‍വീസസ് ഉപസമിതി ചെയര്‍മാനുമായ മൈക് റോജേഴ്‌സില്‍ നിന്നും ടെക്‌സിസില്‍ നിന്നുള്ള പ്രതിനിധിയും ഹൗസ് ഫോറിന്‍ അഫയേഴ്‌സിന്റെ കീഴിലുള്ള ആയുധനിര്‍വ്യാപന, വ്യാപര ഉപസമിതി അധ്യക്ഷനുമായ ടെഡ് പോയില്‍ നിന്നും എനിക്ക് അവര്‍ നല്‍കിയ കത്തിന്റെ ഒരു പകര്‍പ്പ് കിട്ടി.

രണ്ടും പേരും ആശങ്കാകുലരാണ്. പതിറ്റാണ്ടുകളായി ചൈനയും പാക്കിസ്ഥാനും സൈനിക സാങ്കേതിക വിദ്യയില്‍ സഹകരിക്കുമ്പോഴും, 2013-ല്‍ കറാച്ചിയില്‍ ആണവ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുമെന്ന് ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോഴുമെല്ലാം പാക്കിസ്ഥാന്റെ ആണവായുധ പദ്ധതികള്‍ക്കുള്ള ചൈനയുടെ സഹായത്തിന്റെ വ്യാപ്തി എല്ലായ്‌പ്പോഴും രഹസ്യമായി തന്നെ തുടര്‍ന്നു. പാക്കിസ്ഥാന്റെ ആണവായുധ പദ്ധതികള്‍ക്ക് ചൈനയാണ് സഹായം നല്‍കിയതെന്ന് 1980-കളില്‍ തന്നെ യുഎസ് സര്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അക്കാലത്തു തന്നെ യുഎസ് പ്രസിഡന്റുമാര്‍ ചൈന ആണവ വ്യാപന രാജ്യമല്ലെന്ന് പരസ്യമായി സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടിണ്ട്.

ഫിഷറിന്റെ കണ്ടെത്തല്‍ സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ അത് പാക്കിസ്ഥാന്റെ ആണവായുധ പദ്ധതികള്‍ക്ക് ചൈന സഹായം ചെയ്തിട്ടുണ്ടെന്നതിനും ഇന്നും ഇത് തുടരുന്നുണ്ടെന്നതിനുമുള്ള തെളിവായിരിക്കും.

‘പാക്കിസ്ഥാന്‍ പ്രദര്‍ശിപ്പിച്ച ടിഇഎല്‍ ചൈനയില്‍ നിന്നും വാങ്ങിയതാണെന്നതില്‍ ഞങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്,’ യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയിംസ് ക്ലാപര്‍ എന്നിവര്‍ക്ക് എഴുതിയ കത്തില്‍ പോയും റോജേഴ്‌സും പറയുന്നു. ‘ഇതുപോലുള്ള ആധുനികവും സുപ്രധാനവുമായ ഉപകരണത്തിന്റെ കൈമാറ്റത്തിന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ നിന്നല്ലെങ്കില്‍ ചൈനീസ് സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ നിന്ന് അനുമതി ആവശ്യമാണ്. പാക്കിസ്ഥാന്റെയും ചൈനയുടെയും സര്‍ക്കാരുകള്‍ക്കിടയിലുള്ള ഇത്തരം സഹകരണം യുഎസിനും സഖ്യ കക്ഷികള്‍ക്കും ഒരു ദേശീയ സുരക്ഷാ ഭീഷണിയാകാം’ എന്നും കത്തില്‍ പറയുന്നു.

ഇതുസംബന്ധിച്ചു പ്രതികരിക്കാന്‍ നാഷണല്‍ ഇന്റലിജന്‍സ് മേധാവിയുടെ വക്താവ് തയാറായിട്ടില്ല.

തന്റെ ഗവേഷണം സ്ഥിരീകരിച്ചതാണെന്നും ചൈനക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎന്നില്‍ ആവശ്യമുന്നയിക്കാനുള്ള അവസരം ഇതൊരുക്കുമെന്നും നിലവിലുള്ള ഉപരോധങ്ങളെ ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നും ഫിഷര്‍ പോയ്ക്കും റോജേഴ്‌സിനും എഴുതിയ കത്തില്‍ പറയുന്നുണ്ട്.  ചൈന ഇത്തരം ഉപകരണമോ അല്ലെങ്കില്‍ ഈ സാങ്കേതിക വിദ്യയുടെ മാതൃകയോ കയറ്റുമതി ചെയ്യുകയാണെങ്കില്‍ അത് ഉത്തര കൊറിയയിലെത്താമെന്നും അവിടെ നിന്ന് പിന്നീട് ഇറാനിലും എത്താനിടയുണ്ടെന്നും ഫിഷര്‍ ചൂണ്ടിക്കാട്ടുന്നു.

തന്റെ പ്രസിഡന്റ് പദവിയുടെ അവസാന നാളുകളില്‍ ഇത്തരത്തിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായിരിക്കും ബരാക് ഒബാമയുടെ ശ്രമം. എല്ലാത്തിലുമുപരി, പസഫിക് സമുദ്രത്തിലെ അമേരിക്കയുടെ പ്രതിരോധനിരയില്‍ വീണ്ടും ശ്രദ്ധ പതിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളുണ്ടെങ്കിലും സൗത്ത് ചൈനാ കടലില്‍ തങ്ങള്‍ നിര്‍മ്മിച്ച ദ്വീപുകളെ സൈനികവല്‍ക്കരിക്കാനുള്ള നീക്കങ്ങളുമായി ചൈന ഏറെ മുന്നോട്ടു പോയിട്ടുണ്ട്. എന്നാല്‍ മറ്റു ലോക രാഷ്ട്രങ്ങള്‍ക്ക് ഇത്ര കാലം കാത്തിരിക്കാനായെന്നു വരില്ല. പുതിയ പാക്കിസ്ഥാനി മിസൈലുകള്‍ക്ക് 1,700 മൈല്‍ ദൂരപരിധിയുണ്ട്. ഇന്ത്യയിലെവിടേക്കും ഇതെത്തിക്കാനാകും. ഈ ആയുധങ്ങള്‍ക്കാവശ്യമായ സാങ്കേതികവിദ്യ നല്‍കി ചൈന പാക്കിസ്ഥാനെ സഹായിച്ചിട്ടുണ്ടെങ്കില്‍ ഇതുയര്‍ത്തുന്ന ചോദ്യം ചൈന സഹായിക്കാന്‍ തയ്യാറുള്ള മറ്റു ആണവ പദ്ധതികള്‍ ഏതെല്ലാമായിരിക്കും എന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍