UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്തോ-പാക്‌ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച മാറ്റിവച്ചു

അഴിമുഖം പ്രതിനിധി

ഇന്ത്യയുടേയും പാകിസ്താന്റേയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ നാളെ നടക്കേണ്ടിയിരുന്ന ചര്‍ച്ച മാറ്റിവച്ചു. പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ചര്‍ച്ച മാറ്റി വയക്കാന്‍ തീരുമാനിച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ചര്‍ച്ച മാറ്റി വയ്ക്കുന്നതിനെ പാകിസ്താനും അനുകൂലിച്ചു.

ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ തലവന്‍ മൗലാനാ മസൂദ് അസ്ഹറിനെ പാകിസ്താന്‍ അറസ്റ്റു ചെയ്തുവെന്ന് ഇന്നലെ വാര്‍ത്ത വന്നിരുന്നുവെങ്കിലും അറസ്റ്റിനെ കുറിച്ച് അറിയില്ലെന്നാണ് ഇന്ന് പാക് വിദേശകാര്യ വക്താവ് പറഞ്ഞത്.

അസറിനേയും കൂട്ടരേയും രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തുവെന്ന് ഇന്നലെ വൈകുന്നേരമാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അസറിനെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് ഇന്നലെ രാത്രി തന്നെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കിയിരുന്നു.

ഏഴ് സൈനികരുടെ മരണത്തിനും 22 പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ പത്താന്‍കോട്ട് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയവര്‍ക്ക് എതിരെ പാകിസ്താന്‍ നടപടിയെടുത്താലേ സമാധാന ചര്‍ച്ചകള്‍ നടക്കുകയുള്ളൂവെന്ന് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വേഗത്തില്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിനെ കഴിഞ്ഞ ആഴ്ച ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. അന്വേഷണത്തിന് വേണ്ട സഹായങ്ങള്‍ ഷെറീഫ് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ജെയ്‌ഷെ-ഇ-മുഹമ്മദുമായി ബന്ധപ്പെട്ട അനവധി പേരെ അറസ്റ്റു ചെയ്തുവെന്നും സംഘടനയുടെ ഓഫീസുകള്‍ സീല്‍ വച്ചുവെന്നും ഇന്നലെ പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ഇന്ന് പാക് സര്‍ക്കാരിന്റേതായി വന്ന പ്രസ്താവനയില്‍ ഈ വിവരത്തോട് കൂടുതലായൊന്നും ചേര്‍ത്തിരുന്നില്ല.

ഇന്ത്യ നല്‍കിയ ചില തെളിവുകളെ ഇന്നലെ പാക് സര്‍ക്കാര്‍ നിരസിച്ചിരുന്നു. ഇന്ത്യ നല്‍കിയ തെളിവുകളില്‍ ഉള്‍പ്പെടുന്ന ഫോണ്‍ നമ്പരുകള്‍ പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്തവയല്ലെന്ന് ഇസ്ലാമാബാദ് ഇന്ത്യയെ അറിയിച്ചിരുന്നു. കൂടാതെ അന്വേഷണത്തിനായി ഇന്ത്യയിലേക്ക് പാക് സംഘത്തെ അയക്കുമെന്നും അറിയിച്ചിരുന്നു.

1994-ല്‍ നരസിംഹ റാവുവിന്റെ നേതൃത്വത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചിരുന്നപ്പോള്‍ കശ്മീരില്‍ വച്ച് അസര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ 1999-ല്‍ വാജ് പേയിയുടെ നേതൃത്വത്തിലെ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഇയാളെ വിട്ടയച്ചു. അഫ്ഗാനിസ്ഥാനിലെ കണ്ഡഹാറിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തട്ടിക്കൊണ്ടു പോയി 155 യാത്രക്കാരെ തടവുകാരാക്കി വിലപേശിയാണ് ഭീകരര്‍ അസറിനെ മോചിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍