UPDATES

ചാരപ്രവര്‍ത്തനം: പിടിയിലായ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന് വ്യാജ ആധാര്‍ കാര്‍ഡ്

അഴിമുഖം പ്രതിനിധി

ചാരപ്രവര്‍ത്തനത്തിന് പിടിയിലായ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തറിന്റെ പക്കല്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍ കണ്ടെടുത്തു. പാക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടിയാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. അക്തറിനൊപ്പം രാജസ്ഥാന്‍കാരായ മൗലാന റമസാന്‍, സുഭാഷ് ജംഗീര്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു ഇവരെ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. രാജസ്ഥാന്‍കാരെ അക്തറുമായി ബന്ധപ്പെടുത്തിയ പാസ്‌പോര്‍ട്ട് ഏജന്റ് ഷോയബിനെ ഇന്നലെ വൈകുന്നേരം ജോധ്പുരില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചോദ്യം ചെയ്യലിനു ശേഷം അക്തറിനെ പാക് ഹൈക്കമ്മീഷനു കൈമാറി. ഇയാളോടു 48 മണിക്കൂറിനകം രാജ്യം വിട്ടുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചാരപ്പണിയുടെ പശ്ചാത്തലത്തില്‍ അക്തറിനെ അനഭിമതനായി പ്രഖ്യാപിച്ചു. ഇയാളും കുടുംബവും 48 മണിക്കൂറിനകം രാജ്യം വിടണമെന്നു പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബസിത്തിനെ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വ്യക്തമാക്കി. 1997ല്‍ പാക് സൈന്യത്തിലെ 40 ബലൂച് റെജിമെന്റില്‍ ചേര്‍ന്ന അക്തര്‍ 2013-ലാണ് ഐഎസ്ഐയിലേക്കു നിയോഗിക്കപ്പെട്ടതും ഇന്ത്യയിലെ ഹൈക്കമ്മീഷനില്‍ നിയമിക്കപ്പെട്ടതുമെന്നാണ് വിവരം.

അക്തറും രാജസ്ഥാന്‍കാരും ഒന്നരവര്‍ഷമായി ഇടപാടുകള്‍ നടത്തിയിരുന്നു. ആറുമാസമായി ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലുമായിരുന്നു. നയതന്ത്ര പ്രതിനിധികളുടെ ഗണത്തില്‍ പെടാത്ത അക്തറിന് നയതന്ത്ര പാസ്പോര്‍ട്ടും ഇല്ല. എങ്കിലും നയതന്ത്ര പരിരക്ഷയുള്ളതിനാലാണ് ചോദ്യം ചെയ്യലിനുശേഷം ഇയാളെ ഹൈക്കമ്മിഷനു കൈമാറിയത്.

രാജസ്ഥാനിലെയും ഗുജറാത്തിലെയും ബിഎസ്എഫിനെ സംബന്ധിച്ചതുള്‍പ്പെടെയുള്ള പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട രേഖകള്‍ അക്തറില്‍നിന്നു പിടിച്ചെടുത്തുവെന്നാണ് ഡല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണര്‍ (ക്രൈം) രവീന്ദ്ര യാദവ് പറഞ്ഞത്.

കൂടാതെ പിടിക്കപ്പെട്ടപ്പോള്‍ അക്തറിന്റെ പക്കല്‍ മെഹ്മൂദ് രാജ്പുത് എന്ന പേരില്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നുവെന്നും താന്‍ ഇന്ത്യക്കാരനാണെന്ന് ഇയാള്‍ അവകാശപ്പെട്ടെന്നും മെവിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. വിശദമായ ചോദ്യംചെയ്യലില്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനാണെന്നു അക്തര്‍ സമ്മതിച്ചു.

അതെസമയം പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥാനപതിയായ സുര്‍ജിത് സിങിനോട് 48 മണിക്കൂറിനകം രാജ്യം വിടണമെന്നും പാക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹൈക്കമ്മീഷണറായ ഗൗതം ബംബേവാലയെ വിളിച്ചുവരുത്തിയാണ് പാക്കിസ്ഥാന്‍ വിവരം ധരിപ്പിച്ചത്. ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ലെന്നാണ് അറിവ്.

ഇന്ത്യയുടെ ആരോപണം തെറ്റാണെന്നും ഉദ്യോഗസ്ഥനെ പിടികൂടിയതില്‍ നയതന്ത്രപരമായ മര്യാദകള്‍ പാലിച്ചില്ലെന്നും പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തി. പാക്ക് ഹൈക്കമ്മിഷനു പ്രവര്‍ത്തിക്കാനുള്ള നയതന്ത്ര ഇടം പരിമിതപ്പെടുത്താനും കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണു നടപടിയെന്നും പാക്ക് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. എന്നാല്‍ ഇന്ത്യന്‍ പ്രതിനിധികള്‍ പറയുന്നത് നയതന്ത്ര പരിരക്ഷ സംബന്ധിച്ച വിയന്ന ധാരണയ്ക്കു വിരുദ്ധമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍