UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൈനികന്‌റെ മൃതദേഹം വികൃതമാക്കിയതില്‍ പാക് സൈന്യത്തിന് നേരിട്ട് പങ്ക്

Avatar

അഴിമുഖം പ്രതിനിധി

നവംബര്‍ 22-ന് ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം സൈനികന്‌റെ മൃതദേഹം വികൃതമാക്കിയതില്‍ പാക് സൈന്യത്തിന് നേരിട്ടു പങ്കുണ്ടെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. കുപ്വാരയിലെ മാച്ചില്‍ സെക്ടറിലായിരുന്നു സംഭവം. ഉധംപൂര്‍ ആസ്ഥാനമാക്കിയുള്ള നോര്‍തേണ്‍ കമാന്‌റില്‍ നിന്നുള്ള ആര്‍മി ഉദ്യോഗസ്ഥനാണ് പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. “നവംബര്‍ 22-ന് നടന്ന ആക്രമണത്തില്‍ ഒരു സൈനികന്റെ മൃതദേഹം വികൃതമാക്കിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ വ്യക്തമായത് പാക് സൈന്യത്തിന് ഇതില്‍ നേരിട്ടു പങ്കുണ്ടെന്നാണ്”- പ്രസ്താവനയില്‍ പറയുന്നു. ഭീകരരാണ് ഇതിന് പിന്നില്‍ എന്നായിരുന്നു നേരത്തെ സൈന്യം ആരോപിച്ചിരുന്നത്. പുതിയ കണ്ടെത്തല്‍ അതിര്‍ത്തി മേഖലയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കാനും സാധ്യതയുണ്ട്. 

 

കരസനേയുടെ പട്രോളിംഗ് സംഘത്തെ ആക്രമിച്ച് ഭീകരര്‍ മൂന്ന് സൈനികരെ കൊലപ്പെടുത്തിയതായും ഇതില്‍ ഒരാളുടെ മൃതദേഹം വികൃതമാക്കിയതായും സൈന്യം നേരത്തെ അറിയിച്ചിരുന്നു. ആക്രമണം നടന്ന സ്ഥലത്തു നിന്നു കണ്ടെത്തിയ ഭക്ഷണ സാധനങ്ങള്‍, മറ്റ് വസ്തുക്കള്‍ മുതലായവയില്‍ പാക് സൈന്യം ഉപയോഗിക്കുന്നതും അവരുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്നതുമാണ്. അവിടെ നിന്ന് കണ്ടെത്തിയ രാത്രി കാഴ്ചാ ഉപകരണങ്ങളില്‍ “ഗവണ്‍മെന്‍റ് പ്രോപ്പര്‍ട്ടി’ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് അമേരിക്കയില്‍ നിര്‍മ്മിച്ചതും പാക് സൈന്യം ഉപയോഗിക്കുന്നതുമാണെന്ന് സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

 

ഒരു മാസത്തിനകം ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയ നടപടി ഉണ്ടായിരിക്കുന്നത്. ഈ ഭീരുത്വം നിറഞ്ഞ നടപടിക്കുള്ള തിരിച്ചടി ശക്തമായിരിക്കുമെന്നും സംഭവത്തിന് ശേഷം സൈന്യം വ്യക്തമാക്കിയിരുന്നു. 

 

സൈനികരെ കൊലപ്പെടുത്തിയതിനും മൃതദേഹം വികൃതമാക്കിയതിനും മറുപടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ 12 പേര്‍ കൊല്ലപ്പെട്ടതായാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്. മൂന്ന് പാക് സൈനികരും ഒമ്പത് സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. പാക് അധീന കാശ്മീരിലെ ധുനിയല്‍ സെക്ടറില്‍ നീലംവാലി റോഡില്‍ ബസിന് നേര്‍ക്കു നടന്ന ആക്രമണത്തിലാണ് ഒമ്പത് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍