UPDATES

വിദേശം

പാക്കിസ്ഥാന്‍ മത യുദ്ധത്തിലേക്കൊ?

Avatar

പമേല കോണ്‍സ്റ്റബിള്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഈ തെരുവുകള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് കരിഞ്ഞ തുണിയുടെ, പ്ലാസ്റ്റിക്കിന്റെ, ഗന്ധവും തകര്‍ന്ന വീടുകളുടെ നിശബ്ദ തേങ്ങലുകളും ആണ്. എട്ടു മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലഹളയുടെ ബാക്കിപത്രങ്ങള്‍ ആണിവ. ഒന്നും ഇവിടെ നിന്നും നീക്കം ചെയ്യപ്പെട്ടില്ല. ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടില്‍ കരിഞ്ഞ പക്ഷിക്കൂട് ഇപ്പൊഴും തൂങ്ങിക്കിടക്കുന്നു. മറ്റൊരിടത്ത് കരിപിടിച്ച് തുറന്നു കിടക്കുന്ന ഒരു ബൈബിളും. ലാഹോറിനടുത്തുള്ള ഗോജ്ര ജില്ലയിലെ ക്രിസ്ത്യന്‍ മത നേതാക്കള്‍ എല്ലാം അതുപോലെ സൂക്ഷിച്ചിരിക്കുകയാണ്. അവര്‍ പീഡിപ്പിക്കപ്പെട്ടതിന്റെ സ്മാരകമായി. 

ഇവിടെ കാലങ്ങളായി ക്രിസ്ത്യാനികളും മുസ്ലീങ്ങളും, വ്യത്യസ്ത തെരുവുകളില്‍ ആണെങ്കില്‍ കൂടി ഒരുമയോടെ കഴിഞ്ഞിരുന്നു. എന്നാല്‍ ഒരു ക്രിസ്ത്യന്‍ വിവാഹ ചടങ്ങിനിടെ പള്ളിയില്‍ ആരോ ഖുറാന്‍ കീറിയെറിഞ്ഞു എന്ന കിംവദന്തി പരന്നതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. എല്ലാം തച്ചുടക്കും എന്ന് ആക്രോശിച്ചുകൊണ്ട് മുസ്ലിങ്ങള്‍ തെരുവിലിറങ്ങി. പിറ്റേന്ന് നേരം പുലരുമ്പോഴേക്കും തെരുവുകള്‍ നാമവശേഷം ആയിരുന്നു. ഏഴു പേര്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടു.

ഈ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ചിലരുമായി ഞാന്‍ സംസാരിച്ചു. തങ്ങളുടെ നഷ്ടങ്ങളേയും ചതിക്കപ്പെട്ടതിനേയും കുറിച്ച് വേദനയോടെ അവര്‍ എന്നോട് പറഞ്ഞു. “ഇതുപോലെ കടുത്ത വെറുപ്പും വിദ്വേഷവും ആദ്യമായാണ്‌ ഞാന്‍ കാണുന്നത്.” ഒരു വൈദികന്‍റെ വാക്കുകള്‍ ആണിവ. “ഇപ്പോള്‍ അവര്‍ ഞങ്ങളെ അമേരിക്കയുടെ വാലാട്ടിപട്ടികള്‍ എന്നും, ഇസ്രയേല്‍  ഏജന്റുകള്‍, അവിശ്വാസികള്‍ എന്നെല്ലാം  മുദ്രകുത്തുന്നു. തീവ്രവാദികള്‍ ഇവിടെ വേരുറപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ അവര്‍ അതിശക്തര്‍ ആണെന്ന് തെളിയിക്കുകയും ചെയ്തിരിക്കുന്നു” 1947ല്‍ പാകിസ്ഥാന്‍ രൂപീകൃതമായത് മുതല്‍ മുസ്ലിം തെരുവില്‍ താമസിച്ചിരുന്ന ഒരു മത നേതാവ് ആശങ്കയോടെ പറഞ്ഞു.

2009-ലെ ആക്രമണത്തിനുശേഷം പ്രതികാരം എന്ന വാക്ക് അങ്ങനെ ഇവിടെ ഉയര്‍ന്നു കേള്‍ക്കാറില്ല. തങ്ങള്‍ക്കു നേരെ ഉയര്‍ന്ന ഓരോ അക്രമണത്തെയും മൂന്ന് മില്യണ്‍ വരുന്ന ക്രിസ്ത്യന്‍ ജനത ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിക്കുക എന്ന നയം പോലെ  സഹിക്കുകയാണ് ചെയ്തത്. അക്രമത്തില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന്‍  മതനേതാക്കളുടെ ആഹ്വാനം അനുസരിച്ച് വിശ്വാസം എന്ന ആയുധം മാത്രം കൈമുതലാക്കി അവര്‍ പാര്‍ശ്വവത്കൃത സമൂഹമായി നിലകൊണ്ടു.

പാകിസ്ഥാന്‍ താലിബാന്‍ ലാഹോറിലെ രണ്ടു പള്ളികള്‍ ആക്രമിക്കുകയും  14 വിശ്വാസികളെ  കൊല്ലുകയും, എഴുപതിലേറെ ആളുകളെ മുറിവേല്പ്പിക്കുകയും ചെയ്തതോടെ അതുവരെ അടക്കിനിര്‍ത്തിയ എല്ലാ വികാരങ്ങളും അണപൊട്ടി ഒഴുകി. മാര്‍ച്ച്‌ 15നു നാലായിരത്തോളം വരുന്ന ക്രിസ്ത്യന്‍ മതവിശ്വാസികള്‍ തെരുവിലിറങ്ങുകയും, കുറ്റക്കാരെന്നു സംശയിക്കുന്നവരെ പൊതുജനമധ്യത്തില്‍ വിചാരണ നടത്തുകയും ചെയ്തു. ഒരു കവിളിലടിച്ചാല്‍ മറു കവിള്‍  കാണിച്ചു കൊടുത്തവര്‍, കണ്ണിനു പകരം കണ്ണ് എന്ന എന്ന നിലപാടിലേക്ക് മാറി. 

ഇത്തരത്തില്‍ വര്‍ഗീയ ധ്രുവീകരണവും മത വിദ്വേഷവും നിലനില്‍ക്കുന്ന 180 മില്യണ്‍ ആളുകളുടെ ഒരു രാജ്യമാണ് ഇന്ന് പാകിസ്താന്‍. അവിടെയുള്ള സുന്നി -ഷിയാ പ്രശ്നങ്ങള്‍ക്ക് ഒരു പാട് പഴക്കം ഉണ്ട്. ഇരുകൂട്ടരും അക്രമകാരികളായ സംഘത്തിന്റെയും എപ്പോള്‍ വേണമെങ്കിലും വാളെടുക്കാന്‍ തയ്യാറായ “വിശ്വാസികളുടെയും” സഹായത്തോടെ  ആണ് “പ്രവര്‍ത്തിക്കുന്നത്”. ഈ യുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ കൂടി ചേര്‍ന്നാല്‍ മതവൈരത്തിനെതിരെ പാകിസ്ഥാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളെയും അതില്ലാതാക്കും.

യു എസ് കമ്മീഷന്റെ അന്തര്‍ദേശീയ മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന വിഭാഗത്തിലെ പ്രമുഖയായ കത്രീന ലന്റോസ് സ്വെറ്റ് പ്രശ്നബാധിത പ്രദേശത്തെ ക്രിസ്ത്യന്‍ സംഘങ്ങളെ സന്ദര്‍ശിക്കുകയുണ്ടായി. സര്‍ക്കാര്‍ തങ്ങള്‍ക്കു ആവശ്യമായ സംരക്ഷണം നല്‍കാത്തതില്‍ അവര്‍ അത്യന്തം അമര്‍ഷത്തിലും സങ്കടത്തിലും ആയിരുന്നു. ആഭ്യന്തര ഇസ്ളാമിക ഭീകരവാദത്തെ ഇല്ലാതാക്കും എന്ന് സര്‍ക്കാര്‍ അടുത്തകാലത്ത്‌ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇത് നടപ്പിലാകും എന്നതില്‍ ഇന്നവര്‍ക്ക് സംശയം ഉണ്ട്. പോലിസ് നിഷ്ക്രിയരാണെന്നും അവര്‍ക്ക് ഇത്തരം അക്രമങ്ങളില്‍ പങ്കുണ്ടെന്നും അവര്‍ പറഞ്ഞതായി സ്വെറ്റ് പറഞ്ഞു.

ക്രിസ്ത്യാനികളുടെ ഈ രോഷം കൊള്ളലില്‍ അല്പം പോലും ആശ്ചര്യപ്പെടാനില്ല. കാരണം അവര്‍ വര്‍ഗീയ ആക്രമണങ്ങളുടെ ഇരകളാവാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയി. ചിലത് ആകസ്മികം ആണ്. എന്നാല്‍ മറ്റുചിലത് ഇവരെ ഭയത്തിന്റെ കീഴില്‍ നിര്‍ത്താന്‍  ലാഹോറില്‍ നടത്തിയ പോലെ ആസൂത്രിതവും. ഇസ്ലാമിനെ സംരക്ഷിക്കുക എന്ന പേരില്‍ ഇത്തരം ആക്രമണങ്ങളെ ന്യായീകരിക്കുന്ന പാകിസ്ഥാനി മുസ്ലിങ്ങളുടെ ചിന്താരീതിയാണ് ഇതില്‍ ഭയപ്പെടുത്തുന്ന കാര്യം.

ഗോജ്രയിലെ ആക്രമണത്തിന് രണ്ടുവര്‍ഷത്തിനുശേഷം, കൃഷിഭൂമിയെ ചൊല്ലി നടന്ന ഒരു തര്‍ക്കത്തിനൊടുവില്‍ ഒരു ക്രിസ്ത്യന്‍ കര്‍ഷക സ്ത്രീയെ ജയിലിലടക്കുകയും, പിന്നീടു മരണശിക്ഷ നല്‍കുകയും ചെയ്തു. ഈ സ്ത്രീയെ അനുകൂലിച്ചു സംസാരിച്ച പഞ്ചാബ്‌ ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ  സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ വെടിവച്ചു കൊന്നു. ഈ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുറ്റം അഭിമാനത്തോടെ ഏറ്റെടുക്കുകയും, മുസ്ലീം സംഘടനകള്‍ ഇദ്ദേഹത്തെ ഒരു വീരനായകനെ പോലെ വരവേല്ക്കുകയും ചെയ്തു. ഇദേഹത്തിന്റെ വീടാകട്ടെ, അഭ്യുദയ കാംക്ഷികളെ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണ്. 2013ല്‍ ഇന്നുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും ക്രൂരമായ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണത്തിനു ലോകം സാക്ഷിയായി. പെഷവാറിലെ ഒരു പള്ളി ചാവേര്‍ ആക്രമണത്തില്‍ തകര്‍ന്നു വീണു. ജിഹാദിന്റെ പേരില്‍ വര്‍ഗീയ വിദ്വേഷത്തിനു കൂടുതല്‍ ശക്തി പകരാനാണ് ഇസ്ലാമിക സംഘങ്ങള്‍ ശ്രമിച്ചത്.

ക്രിസ്ത്യന്‍ ജനത പാകിസ്ഥാനും പൊതു ജനങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ വിലയിരുത്തുമ്പോള്‍ അവര്‍ക്ക് നേരെയുള്ള ഈ കടന്നാക്രമണം ഒരു തരത്തിലും അംഗീകരിക്കാന്‍ ആവുന്നതല്ല. 1600ന്‍റെ തുടക്കകാലത്താണ് റോമന്‍ കാത്തലിക്ക് മിഷനറിമാര്‍ യൂറോപ്പില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എത്തിയത്. 1877ല്‍ ലാഹോറില്‍ ഒരു ആംഗ്ലിക്കന്‍ പള്ളിയും സ്ഥാപിച്ചു. ഈ സമയം പാകിസ്ഥാന്‍ ബ്രിട്ടീഷ് ഭരണത്തിനു കീഴിലുള്ള ഇന്ത്യയുടെ ഭാഗം തന്നെ ആയിരുന്നു. ഈ രണ്ടു വിഭാഗങ്ങളും ഈ പ്രവിശ്യയില്‍ നിരവധി വിദ്യാലയങ്ങളും കോളേജുകളും നിര്‍മിച്ചു. ലാസല്ലേ, സേക്രഡ് ഹാര്‍ട്ട് ഹൈ സ്കൂളുകള്‍, ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവ ഇവയില്‍ പേരുകേട്ടവയാണ്. ഈ വിദ്യാലയങ്ങളിലാണ്‌ മുസ്ലിം മതത്തിലെ പല പ്രശ്തരും, ജഡ്ജിമാര്‍, രാഷ്ട്രീയക്കാര്‍, പട്ടാളക്കാര്‍ എന്നിവരെല്ലാം വിദ്യാഭ്യാസം നേടിയത്.

1947ല്‍ ഇന്ത്യ-പാക്‌ വിഭജനം നടന്നപ്പോഴും, പിന്നീട് പാക്‌ ഒരു മുസ്ലിം രാജ്യം എന്ന നിലയില്‍ വളര്‍ന്നപ്പോഴും ഇവിടെ സമാധാനം നിലനിന്നിരുന്നു. എല്ലാ മതസ്ഥരെയും ഒരുപോലെ കാണുന്ന; ജനാധിപത്യത്തില്‍ വിശ്വസിച്ചിരുന്ന ഭരാണിധികാരികളും മതനേതാക്കളും ആണ് ഇതിനു കാരണമായത്‌. 1980- 90 കാലത്ത് അഫ്ഗാനും സോവിയറ്റ് യൂണിയനും തമ്മില്‍ നടന്ന യുദ്ധത്തിന്റെ തുടര്‍ച്ചയെന്നോണം ആണ് ഇസ്ലാം- ക്രിസ്ത്യന്‍ ബന്ധം വഷളായത്. അതായത് മത ഭ്രാന്തനായ പട്ടാളക്കാരന്‍ ജന: മുഹമ്മദ്‌ സിയ ഉള്‍-ഹഖിന്റെ ഭരണവും, സുന്നി മതപഠനം മധേഷ്യയില്‍ നിര്‍ബന്ധിതം ആക്കിയതും മൂലം ഉണ്ടായ മാറ്റങ്ങളും ആണ് പാക്കിസ്ഥാനില്‍ നിലനിന്നിരുന്ന മതസഹിഷ്ണുത ഇല്ലാതാക്കിയത്.

9/11 നു ശേഷം സ്ഥിതി കൂടുതല്‍ മോശമായി. ഇസ്ലാം മതത്തെ ഇല്ലാതാക്കാന്‍ വിദേശ ശക്തികള്‍ നടത്തിയ ഗൂഡാലോചനയുടെ ബാക്കിയാണ് 9/11 എന്നവര്‍ വിശ്വസിച്ചു. ആറുമാസത്തിനു ശേഷം ഞായറാഴ്ച നടക്കുന്ന പ്രാര്‍ത്ഥനയ്ക്കിടെ ഇസ്ലാമാബാദിലെ ഇന്റര്‍നാഷനല്‍ ചര്‍ച്ച്   തോക്കുധാരികള്‍ ആക്രമിച്ചു. ഇതില്‍ 5 പേര്‍ മരിക്കുകയും 45 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

യാഥാസ്ഥിതിക സുന്നി വാദികളുടെ രാഷ്ട്രീയവും മതപരവുമായ വളര്‍ച്ച പാക്‌- ക്രിസ്ത്യന്‍ സമൂഹത്തെ സാമൂഹികമായും രാഷ്ട്രീയമായും പാര്‍ശ്വവത്കൃതര്‍ ആക്കി മാറ്റി. സമൂഹത്തില്‍ മദ്യപാനം പ്രചരിപ്പിക്കുന്നു, വിദേശ പണം സ്വീകരിച്ച് ഇസ്ലാമിനെ തകര്‍ക്കാന്‍ ഒരുങ്ങുന്നു എന്നീ ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉന്നയിച്ചു തുടങ്ങി. അന്ന് താഴ്ന്ന ജാതിക്കാര്‍ എന്ന് കണക്കാക്കിയിരുന്ന പല ദരിദ്ര ഹിന്ദുക്കളും ക്രിസ്ത്യന്‍ മതം സ്വീകരിച്ചു. ഇവര്‍ വളരെ മലിനമായ ചുറ്റുപാടില്‍, കോളനികളില്‍ ആക്രി പെറുക്കിയും, മറ്റു ചെറു ജോലികള്‍ ചെയ്തുമാണ് കഴിഞ്ഞുപോന്നിരുന്നത്.

പാകിസ്ഥാനില്‍ വര്‍ദ്ധിച്ചു വരുന്ന ഇസ്ലാംവത്കരണത്തിന്റെ ഭാഗമായി നിലവില്‍ വന്ന ദൈവനിന്ദ നിയമം പ്രധാനമായും ഉപയോഗിച്ചിരുന്നത് ക്രിസ്ത്യാനികള്‍ക്കും ന്യൂനപക്ഷ മുസ്ലിം സമുദായം ആയ അഹമ്മദികള്‍ക്കും (ഇവര്‍ നിയമത്തിനു കീഴില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല) എതിരെ ആയിരുന്നു. ഈ നിയമപ്രകാരം ഇസ്ലാം മതത്തിനെതിരെയോ, പ്രവാചകനെതിരെയോ ഖുറാനെതിരെയോ എന്തെങ്കിലും “പ്രകോപനപരമായി” പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുകയോ, മുസ്ലിം മതവികാരം വ്രണപ്പെടുകയോ ചെയ്താല്‍ അവരെ വധശിക്ഷക്ക് വിധിക്കാം.

ക്രിസ്ത്യാനികള്‍ക്കെതിരെ നിലനില്‍ക്കുന്ന പല മുന്‍വിധികളും ഈ നിയമം അവര്‍ക്കെതിരെ നടപ്പാക്കുന്നതില്‍ സഹായകമാണ്. പലപ്പോഴും സ്വകാര്യ ലാഭത്തിനുവേണ്ടി പോലും ഇവരെ ഇരയാക്കാറുണ്ട്. ഈ നിയമം പരിഷ്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എവിടെയും എത്താതെ നില്‍ക്കുന്നു. ഇതുപോലെയുള്ള വിവാദ  വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും പാക്‌ ഭരണാധികാരികള്‍ തയ്യാറല്ല. പാക്‌ ഭീകരവാദവും  തീവ്രഇസ്ലാം മതവാദവും അവസാനിപ്പിക്കും എന്ന വാഗ്ദാനം നല്‍കുമെങ്കിലും ഇക്കാര്യത്തിലും അവരുടെ നിലപാടുകള്‍ ഇങ്ങനെ അയഞ്ഞതു തന്നെ ആണ്.

അധികൃതരുടെ ഇത്തരം നിലപാടുകളും, സാമൂഹ്യമായ ഇടപെടലും, നിരന്തരമായ ആക്രമണങ്ങളും ക്രിസ്ത്യന്‍ സമുദായത്തില്‍ ഒരു വിള്ളലിന് വഴിവച്ചു. ഒരു കൂട്ടം വിശ്വാസികള്‍ തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ പ്രാര്‍ത്ഥനയുടെയും സമാധാനത്തിന്റെയും പാത സ്വീകരിക്കാന്‍ മതപുരോഹിതര്‍ ആവിശ്യപ്പെടുന്നു.

ഇപ്പോള്‍ പാകിസ്ഥാന്റെ മനസ്സില്‍ ഒരു ചോദ്യം പുകയുന്നുണ്ട്. ഈ പ്രശ്ങ്ങള്‍ക്ക് ശേഷം ക്രിസ്ത്യന്‍ സമൂഹം പണ്ടുണ്ടായിരുന്ന പോലെ എല്ലാ അതിക്രമങ്ങളും സഹിക്കുന്ന ഒരു സമൂഹമായിനിലനില്‍ക്കുമോ? അതോ സഹിക്കാവുന്നതിന്റെ എല്ലാ പരിധികളും ലംഘിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞു ഇസ്ലാമിക വാദികളുമായി പോരാടാനും രക്തം ചൊറിയാനും തയ്യാറാകുമോ? 

“അതിക്രമങ്ങളുടെ പട്ടികയിലെ ഒരു സംഭവം മാത്രമാണ് ഈ ചാവേര്‍ ആക്രമണങ്ങള്‍” എന്ന് പാകിസ്ഥാനിലെ പ്രശസ്ത പത്രമായ ഡോണ്‍ മുഖപ്രസംഗത്തില്‍ പറയുന്നു. ക്രിസ്ത്യാനികള്‍ തെരുവില്‍ നടത്തിയ പ്രകടനം അവരുടെ സഹനത്തിന്റെ അനന്തരഫലം മാത്രമാണ്. രാജ്യത്തിലെ ന്യൂനപക്ഷങ്ങള്‍ എത്രമാത്രം അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്നുവെന്നും അവ പൊട്ടിത്തെറിച്ചാല്‍ അതെത്ര വലുതായിരിക്കും എന്നതിന്റെയും ഒരു ചെറിയ ഉദാഹരണം. 

(വാഷിംഗ്‌ടണ്‍പോസ്റ്റിന്റെ  മുന്‍ സൌത്ത് ഏഷ്യ ബ്യൂറോ ചീഫും സ്റ്റാഫ്‌ റിപ്പോര്‍ട്ടറും ആയ കൊന്‍സ്ടബില്‍ 1998 മുതല്‍ പാകിസ്താനിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ചെയ്യുന്നു. പ്ലേയിംഗ് വിത്ത്‌ ഫയര്‍ : പാകിസ്ഥാന്‍ അറ്റ്‌ വാര്‍ വിത്ത്‌ ഇറ്റ്‌സെല്‍ഫ് എന്ന പുസ്തകം രചിച്ചിട്ടുണ്ട്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍