UPDATES

പാകിസ്താന്‍ നരകമല്ല; രമ്യക്കെതിരെ രാജ്യദ്രോഹത്തിനു പരാതി

അഴിമുഖം പ്രതിനിധി

ചലച്ചിത്ര നടിയും രാഷ്ട്രീയപ്രവര്‍ത്തകയും മുന്‍ ലോക്‌സഭ എം പി യുമായിരുന്ന രമ്യ(ദിവ്യ സ്പന്ദന)ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനു പരാതി. പാകിസ്താന്‍ നരകമല്ലെന്ന രമ്യയുടെ പ്രസ്താവനയാണ് രാജ്യദ്രോഹക്കുറ്റമായി കണ്ട് അഭിഭാഷകനായ വിത്തല്‍ ഗൗഡ മടക്കേരി കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതി ശനിയാഴ്ച കോടതി വാദത്തിന് എടുക്കും.

പാകിസ്താനിലേക്കു പോകുന്നത് നരകത്തിലേക്കു പോകുന്നതിനു തുല്യമാണെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ അഭിപ്രായത്തിനുള്ള മറുപടിയെന്നോണമാണ് രമ്യ, പാകിസ്താന്‍ നരകല്ലെന്നും അവിടെയുള്ള ജനങ്ങള്‍ നമ്മെപോലുള്ളവരാണെന്നും പറഞ്ഞത്. പാകിസ്താനില്‍ നടന്ന സാര്‍ക് സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയശേഷമായിരുന്നു രമ്യയുടെ അഭിപ്രായം. തന്നോട് അവിടുത്തെ ജനങ്ങള്‍ വളരെ മാന്യമായാണ് പെരുമാറിയതെന്നും രമ്യ ചൂണ്ടിക്കാട്ടി.

എന്നാല്‍ രമ്യയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് കര്‍ണാടകയില്‍ ഉയര്‍ന്നത്. രമ്യയുടെ പ്രസ്താവന തന്നെ ഞെട്ടിച്ചു കളഞ്ഞെന്നാണ് പരാതി നല്‍കിയ അഭിഭാഷകന്‍ പറയുന്നത്. ദേശദ്രോഹപരമായ വാക്കുകളാണ് അവരുടെ ഭാഗത്തു നിന്നുണ്ടായതെന്നും വിത്തല്‍ ഗൗഡ ആരോപിക്കുന്നു.

സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ വന്ന ജഗ്ഗീഷും രമ്യയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചു. എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ജഗ്ഗീഷ് രൂക്ഷമായ ആക്ഷേപങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ രമ്യയ്‌ക്കെതിരെ നടത്തിയത്. പാകിസ്താനെ പ്രശംസിക്കുന്നവര്‍ക്ക് ആ രാജ്യത്തെക്കുറിച്ച് കാര്യമായ വിവരമോ അവിടുത്തെ കാര്യങ്ങളെക്കുറിച്ചുള്ള അനുഭവമോ ഇല്ല. അവര്‍ ചിലപ്പോള്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തന്നെ പാകിസ്താന് കൊടുത്തുകളയും. ഇത്തരക്കാര്‍ക്ക് ബില്‍ ക്ലിന്റനോടൊപ്പം നിന്നു ഫോട്ടോയെടുക്കാനും സാഹചര്യം കിട്ടിയെന്നിരിക്കും; ജിഗ്ഗീഷ് പറയുന്നു. രാജ്യദ്രോഹം പറയുന്ന ഇത്തരം കീടങ്ങളെ വിഷം തളിച്ചു കൊന്നുകളയണമെന്നും ജഗ്ഗീഷ് പരിഹസിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍