UPDATES

നോട്ട് നിരോധനം; ഇന്ത്യ-പാക് നയതന്ത്രബന്ധത്തേയും ബാധിക്കുമോ?

അഴിമുഖം പ്രതിനിധി

നോട്ട് നിരോധനം പല വിധത്തിലാണ് ജനങ്ങളെ ചുറ്റിക്കുന്നത്. ഇന്ത്യയിലെ സാധാരണക്കാര്‍ മാത്രമാണ് സര്‍ക്കാര്‍ തീരുമാനം മൂലം ഊരാക്കുടിക്കിലായിരിക്കുന്നതെന്ന് വിചാരിക്കുന്നെങ്കില്‍ തെറ്റി. പാകിസ്ഥാന്‍ ഹൈക്കമ്മീഷനും നോട്ട് നിരോധനം മൂലം വെട്ടിലായിരിക്കുകയാണെന്നു പുതിയ റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ഹൈകമ്മിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നിക്ഷേപിക്കുന്ന ബാങ്കിന്റെ നയങ്ങള്‍ക്കെതിരെ വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതി കാത്തിരിക്കുകയാണ്.

പാകിസ്ഥാന്‍ മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഡോളറായാണ് ശമ്പളം നല്‍കുന്നത്. ഇത് പിന്‍വലിക്കാന്‍ ചെന്നപ്പോള്‍ ബാങ്ക് പുതിയ ചില നിബന്ധനകള്‍ മുന്നോട്ട് വച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ശമ്പളം പിന്‍വലിക്കാന്‍ തയ്യാറാവുന്നില്ല. തങ്ങളുടെ ചിലവുകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന പ്രത്യേക ഫോമുകള്‍ പൂരിപ്പിച്ച് നല്‍കണമെന്നും കിട്ടുന്ന ഡോളറുകള്‍ അതേ ബാങ്കില്‍ തന്നെ മാറി വാങ്ങുമെന്ന് ഉറപ്പ് നല്‍കണമെന്നുമുള്ള നിബന്ധനകള്‍ ബാങ്ക് അധികൃതര്‍ മുന്നോട്ട് വച്ചതായാണ് ആരോപണം. ബാങ്ക് പറയുന്ന നിരക്കിനെക്കാള്‍ വളരെ കുറവാണ് യഥാര്‍ത്ഥ എക്‌സ്‌ച്ചേഞ്ച് നിരക്ക് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

കൂടുതല്‍ കളിച്ചാല്‍ ഇസ്ലാമബാദിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും സമാനനടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. മറ്റൊരു വിദേശകാര്യാലയത്തിനും ഇത്തരം ഒരു നിബന്ധന വച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പാകിസ്ഥാന്‍ മിഷനെ ഒറ്റപ്പെടുത്താനുള്ള പ്രത്യേക നീക്കമൊന്നുമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

ഇപ്പോള്‍ തന്നെ അത്യധികം വഷളായിരിക്കുന്ന അതിര്‍ത്തിയിലെ പോര് കൂടുതല്‍ വഷളാക്കാന്‍ ഈ സംഭവങ്ങള്‍ വഴിവെക്കുമോ എന്ന ആശങ്കയിലാണ് നിരീക്ഷകര്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍