UPDATES

ന്യൂനപക്ഷ പീഡനം: ഇമ്രാന്‍ഖാന്റെ പാര്‍ട്ടി നേതാവ് അഭയം തേടി ഇന്ത്യയില്‍

ഇമ്രാന്‍ഖാന്‍ പ്രതിക്ഷകള്‍ നശിപ്പിച്ചു

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടി തെഹ്രീക്ക് ഇ ഇന്‍സാഫിന്റെ മുന്‍ എംഎല്‍എ അഭയം തേടി ഇന്ത്യയെ സമീപിക്കുന്നു. രാജ്യത്തെ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് നടപടി.
ഖൈബര്‍ പക്തൂന്‍ഖവ പ്രവിശ്യയിലെ ബാരിക്കോട്ട മണ്ഡലത്തിലെ ജനപ്രതിനിധിയായ ബാല്‍ദേവ് കുമാറാണ് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടുന്നത്.

മൂന്ന് മാസത്തെ വിസയില്‍ ഇപ്പോള്‍ ഇന്ത്യയിലാണ് ബാല്‍ദേവ് കുമാര്‍. അദ്ദേഹം ഇന്ത്യയിലെത്തുന്നതിന് മുമ്പ് ഭാര്യയേയും മക്കളെയും ഇന്ത്യയിലേക്ക് അയച്ചിരുന്നു. കുടുംബത്തെ പാകിസ്താനില്‍നിന്ന് മാറ്റിയത് മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഭീഷണയുടെ പാശ്ചാത്തലത്തിലാണെന്ന് അദ്ദേഹം ആജ് തക് ചാനലിനോട് പറഞ്ഞു. ഇനി തനിക്കും കുടുംബത്തിനും പാകിസ്താനിലേക്ക് പോകേണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അഭയത്തിനായി ഇന്ത്യയെ ഔദ്യോഗികമായി സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനിലെ മതന്യൂനപക്ഷങ്ങള്‍ അടക്കമുള്ള വിഭാഗങ്ങള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു ഇമ്രാന്‍ഖാന്‍ അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടായിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷയും ഇപ്പോള്‍ അവസാനിച്ചിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണ സംവിധാനങ്ങളും മറ്റ് വിഭാഗങ്ങളും മത ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. പുതിയ പാകിസ്താന്‍ സൃഷ്ടിക്കുമെന്ന് ഇമ്രാന്റെ വാഗ്ദാനം നടപ്പില്ലാക്കപ്പെട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മതന്യൂനപക്ഷങ്ങള്‍ക്ക് പാകിസ്താന്‍ ഒരു സംരക്ഷണവും നല്‍കുന്നില്ല. സിഖ് മത പുരോഹിതന്റെ മകളെ തട്ടികൊണ്ടുപോയി നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തിയത് ഈയടുത്താണ്. മത പുരോഹിതന്മാര്‍ക്കും രക്ഷയില്ലെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥയെന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കപ്പെട്ടതോടെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി. സോറന്‍ സിംങ് എന്ന പാകിസ്താനിലെ ജനപ്രതിനിധിയുടെ കൊലപാതക കേസിലെ പ്രതിയായിരുന്നു ബല്‍ദേവ് കുമാര്‍. 2016 ലാണ് സോറന്‍ സിംങ് കൊല്ലപ്പെടുന്നത്. പാകിസ്താനിലെ നിയമ പ്രകാരം ഒരു ജനപ്രതിനിധി മരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം നേടിയ ആള്‍ ജനപ്രതിനിധിയായി മാറും. ഇങ്ങനെ സ്ഥാനം കിട്ടുന്നതിന് സോറന്‍സിംങിനെ ബല്‍ദേവ് കുമാര്‍ കൊലപ്പെടുത്തിയെന്നതാണ് കേസ്. എന്നാല്‍ ഈ ആരോപണം ബല്‍ദേവ് കുമാര്‍ നിഷേധിക്കുകയാണ്. 2018 ല്‍ ഇയാളെ കോടതി വെറുതെ വിടുകയും ചെയ്തു. പഞ്ചാബിലെ ലുധിയാനയിലാണ് കഴിയുന്നത്.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള വിഭാഗകാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്ന വിധത്തില്‍ ഇന്ത്യന്‍ പൗരത്വ നിയമം ഭേദഗതി ചെയ്യാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അതുകൊണ്ട് തന്നെ ബല്‍ദേവിന്റെ അപേക്ഷ ഇന്ത്യ അംഗീകരിക്കാനാണ് സാധ്യത.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍