UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ…!

Avatar

ഷെഹ്സാദ് ഘിയാ

പാകിസ്ഥാനെതിരെ ഇന്ത്യ യുദ്ധഭീഷണി മുഴക്കുന്നു. പക്ഷെ, ഒരിക്കലും ഒരു യുദ്ധത്തിലും പാകിസ്ഥാനെ തോല്‍പിക്കാന്‍ ഇന്ത്യയ്ക്കാവില്ല. ഒരു പാകിസ്ഥാനിയും യുദ്ധത്തെ പേടിക്കുന്നില്ല: യുദ്ധം ആവശ്യപ്പെട്ടുകൊണ്ട് ഓണ്‍ലൈന്‍ സ്റ്റാറ്റസിടാന്‍ തക്കവണ്ണം ധൈര്യശാലികളാണ് എല്ലാവരും. അതില്‍ പങ്കെടുക്കേണ്ടി വരാതിരിക്കുന്നിടത്തോളം കാലം ഏത് യുദ്ധത്തെയും ഞാന്‍ പിന്തുണയ്ക്കും.

പാകിസ്ഥാന്റെ ദേശീയ പതാക കവര്‍ ചിത്രമായി അപ്ലോഡ് ചെയ്യുന്നത് എനിക്ക് സന്തോഷം തരുമ്പോള്‍, ആയിരക്കണക്കിന് ആളുകള്‍ക്ക് മരിക്കാന്‍ സാധിക്കുന്ന ഒരു സാമൂഹിക സാഹചര്യം സൃഷ്ടിക്കാന്‍ സഹായിക്കുന്നതിനെ കുറിച്ച് ഞാന്‍ എന്തിന് വേവലാതിപ്പെടണം? എന്റെ കാറിന്റെ കണ്ണാടികളില്‍ പച്ചയും വെള്ളയും നിറമടിച്ച് യാത്ര ചെയ്ത് അപകടത്തില്‍ പെട്ടാല്‍ പോലും എനിക്ക് ഖേദമുണ്ടാകില്ല.

പല കാരണങ്ങളാല്‍ ഞാനും ഒരു പട്ടാളക്കാരനാണ്. ഒരു പതിറ്റാണ്ടോളമായി ഫേസ്ബുക്കില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യയ്‌ക്കെതിരെ ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ഇന്ത്യ’യെ ‘എന്‍ഡ് യാ’ (അവസാനമായി) എന്ന് വിശേഷിപ്പിക്കുന്നതില്‍ ഞാന്‍ എപ്പോഴും അഭിമാനം കൊണ്ടിരുന്നു. ഓരോ ക്രിക്കറ്റ് മത്സരത്തിലും ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഞാന്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു: ‘ഇന്‍ ദിയാ? ഇല്ല, ഔട്ട് ദിയാ’ (ഇന്‍ നല്‍കിയോ? ഇല്ല, ഔട്ട് നല്‍കി).

ഇത്രയും രസകരമായ ഗൂഢാര്‍ത്ഥങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ജനങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്തെ തോല്‍പ്പിക്കാന്‍ സ്മിത പാട്ടീല്‍ ദേശീയ അവാര്‍ഡ് കത്രീന കൈഫിന് നല്‍കിയ ഒരു രാജ്യത്തിന് കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഇന്ത്യയ്‌ക്കെതിരായ ഏത് യുദ്ധവും പാകിസ്ഥാന്‍ ജയിക്കും. ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, അമേരിക്കന്‍ ആഭ്യന്തരയുദ്ധം; ഇന്ത്യയ്‌ക്കെതിരായ ഒരു യുദ്ധത്തിലും ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. യഥാര്‍ത്ഥത്തില്‍, ഒരു യുദ്ധത്തിലെ പാകിസ്ഥാന്റെ ഏറ്റവും മോശം പ്രകടനം ബിലാല്‍ ലഷാരിയുടെ വാറിലായിരുന്നു.

അവിടെയും ഞങ്ങള്‍ ഇന്ത്യയെ തോല്‍പ്പിച്ചു. ബോര്‍ഡര്‍ എന്ന സിനിമ കാണുകയും, ഇതിലും മോശമായ ഒരു പ്രചാരണ ചിത്രം നിര്‍മ്മിക്കാന്‍ സാധ്യമല്ല എന്ന് വിശ്വസിക്കുകയും ചെയ്യുന്നവര്‍, പാകിസ്ഥാന്റെ ശക്തി കുറച്ചുകാണുകയാണ് ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ചാര സംഘടന ഞങ്ങള്‍ക്കുണ്ടായതിന് ഒരു കാരണമുണ്ട്. പാകിസ്ഥാനിലെ ഓരോ കുട്ടിയേയും ചാരദൗത്യങ്ങള്‍ പരിശീലിപ്പിക്കുന്നു. കറാച്ചിയിലെ വീട്ടില്‍ നിന്നും അവളുടെ അമ്മയുടെ ശ്രദ്ധയില്‍ പെടാതെ ഒരു പെണ്‍കുട്ടിയെ പൊക്കുക എന്നുപറയുന്നത് ഒരു ജയിംസ് ബോണ്ട് ദൗത്യത്തില്‍ നിന്നും ഒട്ടും കുറഞ്ഞ ഒന്നല്ല. നിങ്ങള്‍ ഒരു ഡ്രൈവറായി വേഷം മാറുകയും, വീടിന്റെ മട്ടുപ്പാവില്‍ നിന്നും അവളുടെ അമ്മയ്ക്ക് കണ്ടുപിടിക്കാന്‍ സാധിക്കാത്ത രീതിയില്‍ വാഹനം തന്ത്രപരമായി നിറുത്തിയിടുകയും പെട്ടെന്ന് ആരെങ്കിലും കടന്നുവരിയാണെങ്കില്‍ ‘ദൈവത്തിനാണെ അവളെന്റെ പെങ്ങളാണെ,’ എന്ന് അലമുറയിടുകയും ചെയ്യണം.

‘RAW is WAR’ എന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഹീനപ്രവര്‍ത്തികളെ കുറിച്ച് ഡബ്ലിയു ഡബ്ലിയു ഇ (WWE) വളരെ കാലമായി ഞങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും, ഞങ്ങള്‍ അത് ശ്രദ്ധിച്ചിരുന്നില്ല. അമാന്‍ അമ്മാവന്റെ മകള്‍ ആഷ ഞങ്ങളെ അന്ധരാക്കുകയും സംജോത എക്പ്രസ് ഞങ്ങളെ തകര്‍ത്തുകളയുകയും ചെയ്തിരുന്നു.

മെഹന്തികള്‍ക്കും ഡോല്‍ക്കികള്‍ക്കും വളരെക്കാലമായി ഞങ്ങള്‍ ഇന്ത്യന്‍ താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്നു; ഷാറൂഖ് ഖാന്റെ മുടിവെട്ട് പകര്‍ത്താന്‍ വളരെക്കാലമായി ഞങ്ങള്‍ ബാര്‍ബര്‍മാരോട് ആവശ്യപ്പെടുന്നു; സല്‍മാന്‍ ഖാന്റെ പരസ്യം വരുന്ന ബനിയന്‍ ധരിച്ച് കുടവയറ് മറയ്ക്കാന്‍ വളരെക്കാലമായി ഞങ്ങള്‍ ശ്രമിക്കുന്നു.

സംഭവിച്ചതൊക്കെ സംഭവിച്ചുവെന്നും ഇന്ത്യയുമായി ഒരു പൂര്‍ണയുദ്ധത്തില്‍ പങ്കെടുക്കേണ്ടിയിരിക്കുന്നുവെന്നും ഉറക്കെ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓരോ പാകിസ്ഥാനിയും 60 ഇന്ത്യക്കാര്‍ക്ക് സമമാണ്, കാരണം 2+2= 22 ആണ്. ക്രിക്കറ്റ് മൈതാനത്ത് ഞങ്ങള്‍ ഇന്ത്യയെ തോല്‍പ്പിക്കും. അതിര്‍ത്തിയില്‍ ഞങ്ങള്‍ ഇന്ത്യയെ തോല്‍പ്പിക്കും. ഞങ്ങള്‍ ചൊവ്വയില്‍ പോയി അവരുടെ അവരുടെ ഉപഗ്രഹത്തെ അവിടെവെച്ച് തോല്‍പ്പിക്കും. കറാച്ചിയുടെ ഏറ്റവും ആഡംബരപ്രദേശങ്ങളില്‍ പോലും വെള്ളം കിട്ടിയില്ലെങ്കില്‍ എന്ത്? വിശ്വാസം ശാസ്ത്രത്തിനേക്കാള്‍ വലുതായതിനാല്‍, വിജയിക്കുമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. വെള്ളത്താല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഉപഗ്രഹം വികസിപ്പിക്കാനന്‍ ആഗാ വഖാര്‍ക്ക് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ഒരു തീറ്റമത്സരത്തില്‍ നരേന്ദ്ര മോദിയെ തോല്‍പ്പിക്കാന്‍ നവാസ് ഷെരീഫിന് സാധിക്കും. ‘ഒരിക്കലും വിരമിക്കാതിരിക്കല്‍’ മത്സരത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനെ തോല്‍പ്പിക്കാന്‍ ഷാഹിദ് അഫ്രീദിക്ക് സാധിക്കും. ‘ഇനിയും സിനിമകളില്‍ ഇരുപതുകാരനായി അഭിനയിക്കും’ മത്സരത്തില്‍ ഷാരൂഖ് ഖാനെ തോല്‍പ്പിക്കാന്‍ ഹുമയൂണ്‍ സയീദിന് സാധിക്കും.

ഓട്ടോ ട്യൂണിംഗ് മത്സരത്തില്‍ അതീഫ് അസ്ലാം തീര്‍ച്ചയായും ഹിമേഷ് രെഷാമിയെ തോല്‍പ്പിക്കും. ബ്രിട്ടീഷ് ഉച്ചാരണ വികലാനുകരണ മത്സരത്തില്‍ കത്രീന കൈഫിനെ ബിലാല്‍ ഖാന്‍ തോല്‍പ്പിക്കും. ‘എന്നെ വിശ്വസിക്കൂ, ഇനിയും നമ്മള്‍ ജയിക്കും,’ എന്ന വ്യാമോഹത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഇമ്രാന്‍ ഖാന്‍ തോല്‍പ്പിക്കും.

ഒരു ആക്രോശമത്സരത്തില്‍ അര്‍ണാബ് ഗോസ്വാമിയെ മുബാഷര്‍ ലുക്മാന്‍ തോല്‍പ്പിക്കും. പൊതുവേദിയില്‍ സ്വര്‍ണം ധരിക്കുന്നതില്‍ ബാപ്പി ലാഹിരിയെ തോല്‍പ്പിക്കാന്‍ ഏതൊരു മേമനും സാധിക്കും. യുദ്ധവെറിയുടെ കാര്യത്തില്‍ സുബ്രഹ്മണ്യം സ്വാമിയെ തോല്‍പ്പിക്കാന്‍ ഹംസ അലി അബ്ബാസിക്ക് സാധിക്കും. ഓരോ ഭിത്തികളും പൊതുശൗചാലയങ്ങളായി ഉപയോഗിക്കുന്ന പാകിസ്ഥാന്‍ സ്വച്ഛഭാരത പ്രസ്ഥാനത്തെ പരാജയപ്പെടുത്തും.

ഞങ്ങളാണ് ലോകജനതയ്ക്ക് പ്രിയങ്കരര്‍. ഇന്ത്യയെക്കാള്‍ പുതുതും മെച്ചപ്പെട്ടതുമായ പാകിസ്ഥാന്‍. സ്‌കൂളുകളും ആശുപത്രികളും പണിയാന്‍ കാശില്ലെങ്കില്‍ പോലും ആറ് താജ്മഹലുകള്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ഇന്ത്യയെക്കാള്‍ മെച്ചപ്പെടാന്‍ അതാണ് വഴിയെങ്കില്‍, അത് മനസ്സിലാക്കാന്‍ ആരോഗ്യസുരക്ഷയുടെ അപര്യാപ്തത കൊണ്ട് മരിക്കുന്നവര്‍ക്ക് സാധിക്കും.

മറ്റൊരു യുദ്ധത്തിനായി ഇന്ത്യ ഞങ്ങളെ വെല്ലുവിളിക്കരുത്. ഞങ്ങളെ തോല്‍പ്പിക്കാന്‍ ഒരു രീതിയിലും അവര്‍ക്ക് സാധിക്കില്ല. മറ്റ് രാജ്യങ്ങളിലേക്കുള്ള വിസയ്ക്കായുള്ള അപേക്ഷകള്‍ ഇവിടെ കുന്നുകൂടുന്നുണ്ടാവാം. എന്നാല്‍, ഒരു സുരക്ഷിത അഭയകേന്ദ്രമായ ഓസ്‌ട്രേലിയയില്‍ എത്തുന്നതിനായി ഇന്ത്യയുടെ മുകളിലൂടെ പറക്കാന്‍ ഒരോ പാകിസ്ഥാനിയും തയ്യാറാണ്.

പടിഞ്ഞാറില്‍ നിന്നും ഞങ്ങളെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയ്ക്കാവില്ല. യഥാര്‍ത്ഥത്തില്‍ ഞങ്ങളാണ് പടിഞ്ഞാറ്. ഇന്ത്യയെക്കാള്‍ പടിഞ്ഞാറുമായി കൂടുതല്‍ അടുത്തു സ്ഥിതിചെയ്യുന്നത് പാകിസ്ഥാനാണെന്ന് ലോകത്തിലെ ഏതൊരു ഭൂശാസ്ത്രജ്ഞനും നിങ്ങളോട് പറയും.

(ദി എക്സ്പ്രസ്സ് ട്രിബ്യൂണ്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ഭാവനയുടെയും ആക്ഷേപഹാസ്യത്തിന്റെയും സങ്കലനമാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍